This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചന്ദേലന്മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചന്ദേലന്മാര്‍

ബുന്ദേല്‍ഖണ്ഡിലെ ഖജുരാഹോ കേന്ദ്രമാക്കി 9-ാം ശ. മുതല്‍ 14-ാം ശ. വരെ ഭരണം നടത്തിയിരുന്ന രാജവംശം. യമുനയ്ക്കും വിന്ധ്യയ്ക്കും മധ്യേ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് ബുന്ദേല്‍ഖണ്ഡ്. ചന്ദേലന്മാരുടെ ഉദ്ഭവത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലവിലുണ്ട്. രജപുത്ര വിഭാഗമാണ് ഇവരെന്ന് ഒരു വിഭാഗം ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. മറ്റൊരഭിപ്രായത്തില്‍ ചില ആദിവാസി ഗോത്രങ്ങള്‍ (ഗോണ്ടുകള്‍, ഭാറുകള്‍) തങ്ങള്‍ക്ക് സ്വന്തമായി രാജ്യവും ഭരണവും ലഭിച്ചപ്പോള്‍ രജപുത്രക്ഷത്രിയന്മാരായി എന്നും പറയപ്പെടുന്നു. ചേദിയിലെ കലചൂരികളുമായി ഇവര്‍ക്ക് വംശീയമായും രാഷ്ട്രീയമായും ബന്ധമുണ്ട്. 831-ല്‍ നന്നുകന്‍ ഖജുരാഹോ കേന്ദ്രമാക്കി ചന്ദേല രാജ്യവും, രാജവംശവും സ്ഥാപിച്ചു. വിന്‍സെന്റ് സ്മിത്തിന്റെ അഭിപ്രായത്തില്‍ ഇദ്ദേഹം ഭരിച്ചിരുന്ന കാലഘട്ടം 831 മുതല്‍ 850 വരെയാണ്. പ്രതിഹാര രാജാക്കന്മാരുടെ സാമന്തന്മാരാണ് ചന്ദേലന്മാര്‍. നന്നുകന്റെ പിന്‍ഗാമിയാണ് വിജയശക്തി (870-890). ഖജുരാഹോയിലെ ലിഖിതത്തില്‍ നിന്നും ഇദ്ദേഹം തെക്കേയറ്റംവരെ ജൈത്രയാത്ര നടത്തിയതായി കരുതപ്പെടുന്നു. ഇദ്ദേഹത്തിന്റെ പിന്‍ഗാമിയായ ജയശക്തി (ജെജാകന്‍)യുടെ ഭരണം മുതല്‍ ഈ രാജ്യം ജെജാകഭുക്തി എന്ന് അറിയപ്പെടാന്‍ തുടങ്ങി. ഇദ്ദേഹത്തിന്റെ പുത്രനും പിന്‍ഗാമിയുമാണ് ഹര്‍ഷന്‍ (910-930). ഇന്ദ്രന്‍ III എന്ന രാഷ്ട്രകൂട രാജാവില്‍നിന്ന് തന്റെ രാജ്യം തിരിച്ചുപിടിക്കുന്നതിന് പ്രതിഹാര രാജാവായ മഹിപാലന്‍ I-നെ സഹായിച്ചതായി ഖജുരാഹോ ലിഖിതം രേഖപ്പെടുത്തിയിട്ടുണ്ട്. ഹര്‍ഷപുത്രനായ യശോവര്‍മന്‍ (925-950) പ്രതിഹാരന്മാരില്‍ നിന്ന് കാലാഞ്ജരക്കോട്ട പിടിച്ചെടുത്തു. ഇദ്ദേഹത്തിന്റെ കാലത്ത് ചന്ദേലന്മാരുടെ അതിര്‍ത്തി വടക്ക് യമുനാനദി മുതല്‍ തെക്ക് ചേദി, മാള്‍വ വരെ വ്യാപിച്ചിരുന്നു. ഖജുരാഹോയിലെ ചതുര്‍ഭുജ ക്ഷേത്രം ഇദ്ദേഹത്തിന്റെ കാലത്ത് നിര്‍മിച്ചതാണ്.

ചന്ദേലന്മാരില്‍ പ്രമുഖന്‍ ധംഗനാണ് (954-1002). ഇദ്ദേഹത്തിന്റെ ബനാറസ് ലിഖിതത്തില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നു. 10-ാം ശ.-ത്തിന്റെ അവസാന ഘട്ടത്തില്‍ പ്രതിഹാര രാജാക്കന്മാരില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച ഇദ്ദേഹം യമുനയ്ക്കു വടക്കുള്ള പ്രദേശങ്ങള്‍ തന്റെ രാജ്യത്തോടു ചേര്‍ത്തു. ദക്ഷിണ കോസലം, ബംഗാള്‍, ആന്ധ്ര എന്നീ സ്ഥലങ്ങളിലെ രാജാക്കന്മാരെ ഇദ്ദേഹം തോല്പിച്ചു. സബുക്തജിനെതിരായി രൂപവത്കരിച്ച ഹിന്ദുസഖ്യത്തില്‍ ചേര്‍ന്ന ഇദ്ദേഹത്തെ സബുക്തജിന്‍ പരാജയപ്പെടുത്തി. ഇദ്ദേഹത്തിന്റെ സാമ്രാജ്യം യമുന മുതല്‍ ചേദിവരെയും ഗ്വാളിയര്‍ മുതല്‍ കാലാഞ്ജര വരെയും വ്യാപിച്ചു കിടന്നു. മഹാരാജാധിരാജന്‍, കാലാഞ്ജരാധിപന്‍ എന്നീ പേരുകള്‍ ഇദ്ദേഹം ഉപയോഗിച്ചു. ഖജുരാഹോയിലെ പല പ്രധാന ക്ഷേത്രങ്ങളും ധംഗന്റെ കാലത്ത് പണികഴിപ്പിച്ചവയാണ്. ന്യായസിദ്ധാന്തത്തിന്റെ വ്യാഖ്യാതാവായ പ്രഭാസനന്‍ ഇദ്ദേഹത്തിന്റെ പ്രധാനമന്ത്രിയാണ്. ധംഗന്റെ പിന്‍ഗാമിയാണ് ഗണ്ടന്‍ (1002-22). ഇദ്ദേഹത്തിനുശേഷം വന്ന വിദ്യാധരന്റെ (1025-30) കാലത്താണ് മുഹമ്മദ് ഗസ്നി കാലാഞ്ജരയെ പല പ്രാവശ്യം ആക്രമിച്ചത് (1019-22). ഇദ്ദേഹത്തിനുശേഷം വിജയപാലനും (1040-60) കീര്‍ത്തിവര്‍മനും (1060-1100) രാജാവായി. കീര്‍ത്തിവര്‍മന്‍, കലചൂരി രാജാവായ കര്‍ണനെ തോല്പിച്ചെങ്കിലും കര്‍ണന്റെ സാമന്തന്മാര്‍ കലചൂരി സാമ്രാജ്യം തിരിച്ചുപിടിച്ച് രാജാവിനെ ഏല്പിച്ചു. ദിയോഗറിലെ കീര്‍ത്തിഗിരി കോട്ടയും, മഹോബയിലെ ശിവക്ഷേത്രവും ഇദ്ദേഹം നിര്‍മിച്ചു. കീര്‍ത്തി വര്‍മന്‍ സ്വര്‍ണനാണയങ്ങള്‍ പുറപ്പെടുവിച്ചു. ഇദ്ദേഹത്തെത്തുടര്‍ന്ന് ജയവര്‍മന്‍ പൃഥ്വിവര്‍മന്‍, മദനവര്‍മന്‍ എന്നിവര്‍ രാജ്യം ഭരിച്ചു. 1165-1203 കാലഘട്ടത്തില്‍ ഭരിച്ച പരമാര്‍ദ്രി ദേവനെ പൃഥ്വിരാജചൌഹാന്‍ തോല്പിച്ചു (1182). 1202-ല്‍ കുത്ബുദീന്‍ കാലാഞ്ജര ആക്രമിച്ചു കീഴടക്കി. പരമാര്‍ദ്രി ചെറുത്തു നിന്നെങ്കിലും അവസാനം സമാധാന ഉടമ്പടിയുണ്ടാക്കാന്‍ നിര്‍ബന്ധിതനായി. ഇദ്ദേഹത്തിന്റെ പ്രധാനമന്ത്രി അജയദേവന്‍ രാജാവിനെ വധിച്ച് കുത്ബുദിനെതിരെ യുദ്ധം ചെയ്തു. എന്നാല്‍ കുത്ബുദീന്‍ മഹോബ കാലാഞ്ജര കോട്ടകള്‍ കൊള്ളയടിക്കുകയും തന്റെ സാമ്രാജ്യത്തോട് ചേര്‍ക്കുകയും ചെയ്തു. ഹസന്‍ ആര്‍ണലെയെ കാലാഞ്ജരയിലെ ഗവര്‍ണറായി നിയമിച്ചു. പിന്നീട് ചന്ദേല രാജ്യം ഭരിച്ച ത്രൈലോക്യവര്‍മന്‍ കാലാഞ്ജര തിരിച്ചുപിടിച്ചു. പിന്നീടുള്ള രാജാക്കന്മാരെക്കുറിച്ച് വിവരങ്ങളില്ല. എന്നാല്‍ 1310-ല്‍ അലാവുദീന്‍ ഖില്‍ജി ബുന്ദേല്‍ഖണ്ഡ് പിടിച്ചടക്കുന്നതുവരെ നാമമാത്രമായെങ്കിലും ഇവരുടെ ഭരണം തുടര്‍ന്നു. കിരാതസേനന്‍ എന്നൊരു ചന്ദേലരാജാവ് ഷെര്‍ഷയുടെ ഭരണത്തെ എതിര്‍ത്തു. അക്ബറുടെ സൈന്യത്തെ ദുര്‍ഗാവതി എന്ന റാണി എതിര്‍ത്തതായും മരണംവരെ ഇവര്‍ മുഗളന്മാര്‍ക്കെതിരെ പൊരുതിയതായും പരാമര്‍ശമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍