This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗ്രാനുലൈറ്റ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗ്രാനുലൈറ്റ്
Granulite
ഒരു രൂപാന്തരശിലയും ശിലാവര്‍ഗീകരണത്തിലെ ഒരു സുപ്രധാന വിഭാഗവും. ഏകദേശം സമാനവലുപ്പമുള്ള ധാതുകണികകള്‍ പരസ്പരം കെട്ടുപിണഞ്ഞു കാണുന്ന ഈ ശിലയിലടങ്ങിയിരിക്കുന്ന പ്രധാന ധാതുക്കള്‍ ഫെല്‍സ്പാറുകള്‍, പൈറോക്സിനുകള്‍, ഗാര്‍ണറ്റ്, ക്വാര്‍ട്സ് എന്നിവയാണ്. അപൂര്‍വമായി സിലിമനൈറ്റ്, കയനൈറ്റ്, ഗ്രീന്‍ സ്പീനല്‍ എന്നീ ധാതുക്കളും നേരിയ തോതില്‍ കാണാറുണ്ട്.
സാധാരണ ഇരുണ്ട നിറത്തിലും മറ്റു ചിലപ്പോള്‍ നിറമില്ലാതെയും കാണുന്ന ഗ്രാനുലൈറ്റ് ശിലയ്ക്ക് മധ്യമമോ ഉയര്‍ന്നതോ ആയ ആപേക്ഷികസാന്ദ്രതയാണുള്ളത്.
ക്വാര്‍ട്സോ-ഫെല്‍സ്പാതിക് ശിലകള്‍ അന്തര്‍ഭൗമാഗ്നി ജന്യ രൂപാന്തരണത്തിനു (plutonics metamorphism) വിധേയമാകുന്നതിന്റെ ഫലമായി ഈ ശില രൂപം കൊള്ളുന്നതായാണ് പൊതുവായ ധാരണ. ഈ ശിലയുടെ രാസഘടന ഗ്രാനൈറ്റിന്റെ ഘടനയോടോ, ഫെല്‍സ്പാര്‍ അടങ്ങിയ മണല്‍ക്കല്ലിന്റെ ഘടനയോടോ സാമ്യമുള്ളതാണ്.
ഗ്രാനൈറ്റുകള്‍ മറ്റു രൂപാന്തരശിലകളായ ഷിസ്റ്റുകളെയും നൈസുകളെയുംപോലെ എപ്പോഴും സ്പഷ്ടമായ ഘടന കാണിക്കുന്നവയല്ല. എന്നാല്‍ ഈ ശിലയുടെ വിശദമായ പഠനം അതിലടങ്ങിയിരിക്കുന്ന ധാതുക്കള്‍ക്ക് വ്യക്തമായ ഒരു ക്രമീകരണശൈലി ഉള്ളതായി കാണിക്കുന്നു.
ഗ്രാനുലൈറ്റുകള്‍ പല ബൃഹത്തായ പുരാതന ശിലാന്യാസങ്ങളുടെയും അടിത്തട്ടില്‍ കാണപ്പെടുന്നവയാണ്. പശ്ചിമാഫ്രിക്ക, സ്കാന്‍ഡിനേവിയ, കാനഡ, അന്റാര്‍ട്ടിക്ക എന്നിവിടങ്ങളിലും ഇന്ത്യയുടെ ഉപദ്വീപ്-മേഖലയിലും (peninsular region) ഈ ശില കാണുന്നു.
ഗ്രാനുലൈറ്റിന് ഉത്തമോദാഹരണം സാക്സണിയിലെ പ്രശസ്തമായ ഗ്രാനുലൈറ്റ് മേഖലയാണ്. 50 കി.മീ. നീളത്തിലും 17.5 കി.മീ. വീതിയിലുമായി ഇവിടെ വ്യാപിച്ചു കാണുന്ന ഗ്രാനുലൈറ്റ് ശില ഇളം നിറത്തിലുള്ളയിനമാണ്. ഫെല്‍സ്പാറിന്റെയും ക്വാര്‍ട്സിന്റെയും വന്‍ ക്രിസ്റ്റലുകളടങ്ങിയ ഈ ശിലയില്‍ പൈറോക്സിനും ഗാര്‍ണറ്റും ധാരാളമായി കാണുന്നു. ഇവിടെ കാണുന്ന ശിലകള്‍ പ്രധാനമായും ക്വാര്‍ട്സ് കണികകളുടെ ദീര്‍ഘീകരണംമൂലം ഗ്രാനുലോസ് നൈസിന്റെ ഘടന കാണിക്കുന്നവയാണ്. ഗ്രാനുലൈറ്റിനു പുറമേ ഇവിടെ പൈറോക്സിന്‍ ഗ്രാനുലൈറ്റ്, ബയോറ്റൈറ്റ് നൈസ്, കോര്‍ഡിയറൈറ്റ് നൈസ്, ഗാര്‍ണെറ്റ് ശില, ആംഫിബൊളൈറ്റ് എന്നിവയും കാണപ്പെടുന്നു.
ശിലാവര്‍ഗീകരണത്തില്‍ വരുന്ന ഒരു സുപ്രധാന വിഭാഗമാണ് ഗ്രാനുലൈറ്റ് വിഭാഗം. അത്യുന്നതോഷ്മാവിലും മര്‍ദത്തിലും മേഖലാരൂപാന്തരണം (regional metamorphism) നടക്കുമ്പോള്‍ രൂപം കൊള്ളുന്ന ശിലകളെയെല്ലാം ഈ വിഭാഗത്തില്‍പ്പെടുത്തുന്നു. ഹോണ്‍ബ്ളെന്‍ഡ്, പൈറോക്സിന്‍, ബയോറ്റൈറ്റ്, ഗാര്‍ണറ്റ്, കാല്‍സ്യം പ്ലാജിയോക്ലേസ്, ക്വാര്‍ട്സ്, ഒലീവിന്‍ തുടങ്ങിയ ധാതുക്കള്‍ ഈ വിഭാഗത്തിലെ ശിലകളില്‍ മുഖ്യമായവയാണ്. കുറഞ്ഞ തോതിലുള്ള ജലാംശമാണ് ഈ വിഭാഗത്തില്‍പ്പെടുന്നവയുടെ തനതായ ഗുണവിശേഷം.
(ജെ.കെ. അനിത)