This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗ്രന്ഥശാലാ പ്രസ്ഥാനം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗ്രന്ഥശാലാ പ്രസ്ഥാനം
സമൂഹം അതിന്റെ പുരോഗതിക്കായി പല പ്രസ്ഥാനങ്ങളും സംഘടിതശ്രമങ്ങളില്‍ക്കൂടി ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുണ്ട്. ഗ്രന്ഥശാലാരംഗത്തും അപ്രകാരമുള്ള ശ്രമങ്ങള്‍, ഔദ്യോഗിക തലത്തിലും അനൗദ്യോഗിക തലത്തിലും എന്നും ഉണ്ടായിട്ടുണ്ട്. ഈദൃശ്യശ്രമങ്ങളെയും തത്ഫലമായി നിലവില്‍ വന്നിട്ടുള്ള ഗ്രന്ഥശാലാ സംവിധാനത്തെയുമാണ് ഗ്രന്ഥശാലാ പ്രസ്ഥാനം എന്ന പദംകൊണ്ട് ഈ ലേഖനത്തില്‍ അര്‍ഥമാക്കുന്നത്.
ഇന്ത്യയില്‍. പുരാതന കാലം മുതല്‍ക്കേ ഇന്ത്യയില്‍ ഗ്രന്ഥശാലകളുണ്ടായിരുന്നെങ്കിലും ജനങ്ങള്‍ക്കു പൊതുവേ ഉപകരിക്കണമെന്ന ലക്ഷ്യത്തോടുകൂടി ഒരു പൊതുഗ്രന്ഥശാലാ പ്രസ്ഥാനത്തിനുള്ള ശ്രമമുണ്ടായത് 20-ാം ശ.-ത്തിന്റെ ആരംഭത്തിലാണ്. ഇതു ബറോഡസംസ്ഥാനത്തായിരുന്നു. അവിടത്തെ ഭരണാധികാരിയായിരുന്ന മഹാരാജ സയാജി റാവു ഗേയ്ക്ക്വാഡ് തന്റെ വിദേശ പര്യടനത്തിനിടയില്‍ വിദ്യാഭ്യാസ പുരോഗതിക്ക് ഗ്രന്ഥശാലകള്‍ നല്കുന്ന ശക്തമായ സേവനം പ്രത്യേകം ശ്രദ്ധിക്കുകയും ഒരു പബ്ലിക് ലൈബ്രറി ശൃംഖല ബറോഡയില്‍ സൃഷ്ടിക്കുന്നതിനുമുന്‍കൈയെടുക്കുകയും ചെയ്തു. അതിന്റെ മേല്‍നോട്ടം വഹിക്കുന്നതിന് അമേരിക്കയില്‍ നിന്ന് ഡബ്ള്യൂ. എ. ബോര്‍ഡന്‍ (W.A Borden) എന്ന ലൈബ്രറി വിദഗ്ധനെ ബറോഡയില്‍ കൊണ്ടുവന്നു. ബോര്‍ഡന്‍ രൂപീകരിച്ച ഗ്രന്ഥശാലാ പ്രസ്ഥാനം ഒരു സ്റ്റേറ്റ് ഗ്രന്ഥശാലയും അനേകം ശാഖാഗ്രന്ഥശാലകളും സഞ്ചരിക്കുന്ന ഗ്രന്ഥശാലകളും ഉള്‍ക്കൊണ്ടിരുന്നു. എടുത്തുപറയേണ്ട ഒരു കാര്യം ഈ ഗ്രന്ഥശാലകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള വിഭാഗങ്ങളും നിരക്ഷരര്‍ക്കായി ദൃശ്യശ്രാവ്യ മാധ്യമങ്ങളുമുണ്ടായിരുന്നുവെന്നതാണ്. 1941-ല്‍ സ്റ്റേറ്റ് ലൈബ്രറി കൂടാതെ 4 ഡിസ്ട്രിക്ട് ലൈബ്രറികളും 42 ടൗണ്‍ ലൈബ്രറികളും 1351 ഗ്രാമീണ ലൈബ്രറികളും 300 സഞ്ചരിക്കുന്ന ലൈബ്രറികളുമുള്ള ഒരു ശക്തമായ ഗ്രന്ഥശാലാപ്രസ്ഥാനമായി ഇതു വികസിച്ചിരുന്നു. ഗ്രന്ഥശാലകളുടെ കാര്യക്ഷമമായ നടത്തിപ്പിന് പ്രവര്‍ത്തകര്‍ക്കു പരിശീലനം നല്കുന്നതിനുവേണ്ടി 1912 മുതല്‍ ബോര്‍ഡന്‍ ഹ്രസ്വകാല കോഴ്സുകള്‍ നടത്തിയിരുന്നു. ഇന്ത്യയില്‍ ഗ്രന്ഥശാലാ വിദ്യാഭ്യാസത്തിന്റെ തുടക്കം ഇതായിരുന്നുവെന്നു പറയാം.
പിന്നീട് ബറോഡ പഴയ ബോംബെ സംസ്ഥാനത്തില്‍ ലയിപ്പിച്ചപ്പോള്‍ ഇന്ത്യയില്‍ ആദ്യത്തെ ഈ ലൈബ്രറി പ്രസ്ഥാനം, ഭരണതലത്തില്‍ നിന്നുണ്ടായ അവഗണനമൂലം ക്ഷയിക്കുവാന്‍ തുടങ്ങി. എന്നാല്‍ അനേകം വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രചോദനം നല്കിയ ഒരു സംരംഭമായിരുന്നു ബറോഡയില്‍ ഗ്രന്ഥശാലാ പ്രസ്ഥാനം.
ദേശീയ പ്രസ്ഥാനത്തില്‍ ഗ്രന്ഥശാലകള്‍ക്ക് വഹിക്കാവുന്ന പങ്കിനെപ്പറ്റി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് ആരംഭം മുതല്‍തന്നെ ബോധ്യമുണ്ടായിരുന്നു. അതിനാല്‍ കോണ്‍ഗ്രസ്സിന്റെ വാര്‍ഷിക സമ്മേളനങ്ങളില്‍ ഗ്രന്ഥശാലാപ്രസ്ഥാനത്തിനു പരിഗണന ലഭിച്ചിരുന്നു. 1924-ലെ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ ഭാഗമായി ദേശബന്ധു ചിത്തരഞ്ജന്‍ദാസിന്റെ അധ്യക്ഷതയില്‍ ഒരു അഖിലേന്ത്യാ ലൈബ്രറി സമ്മേളനം നടത്തുകയുണ്ടായി. എല്ലാ സംസ്ഥാനങ്ങളിലും ഗ്രന്ഥശാലാപ്രസ്ഥാനം ശക്തിപ്പെടുത്തണമെന്നും ആയതിലേക്കായി ഗ്രന്ഥശാലാസംഘടനകള്‍ ഓരോ സംസ്ഥാനത്തും സ്ഥാപിക്കണമെന്നുമുള്ള പ്രമേയം ഈ സമ്മേളനം പാസാക്കി. തത്ഫലമായി സംസ്ഥാലതലത്തില്‍ അന്നുവരെയുണ്ടായിരുന്ന സംഘടനകള്‍ ശക്തിപ്പെടുകയും പുതിയ സംഘടനകള്‍ രൂപം കൊള്ളുകയും ചെയ്തു. ആന്ധ്രപ്രദേശ്, പ. ബംഗാള്‍, മഹാരാഷ്ട്ര, ഗുജറാത്ത് മുതലായ സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ നേതാക്കന്മാരുടെ പ്രോത്സാഹനത്തില്‍ ശക്തമായ സംഘടനകള്‍ പ്രവര്‍ത്തിച്ചിരുന്നു.
ഇന്ത്യയില്‍ ആദ്യത്തെ അഖിലേന്ത്യാ ലൈബ്രറി സമ്മേളനമെന്നു വിശേഷിപ്പിക്കാവുന്ന യോഗം നടന്നത് 1918-ല്‍ ലാഹോറില്‍ വച്ചാണ്. ഇന്ത്യാ ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ കമ്മീഷണറായിരുന്നു ഇതിന്റെ അധ്യക്ഷന്‍ എന്ന വസ്തുതയില്‍ നിന്ന് ഔദ്യോഗിക തലത്തിലുള്ള ഒരു സമ്മേളനമായിരുന്നു ഇതെന്നു വിചാരിക്കാം. രാജ്യത്തിന്റെ നാനാഭാഗത്തുമുള്ള ഗ്രന്ഥശാലകള്‍ തമ്മിലുള്ള സഹകരണത്തിന്റെ ആവശ്യകതയെപ്പറ്റിയും ആയതിലേക്ക് ഒരു ദേശീയ ലൈബ്രറി ഡയറക്ടറി നിര്‍മിക്കുന്നതിനെപ്പറ്റിയും ഒരു പ്രമേയം ഈ സമ്മേളനത്തില്‍ പാസാക്കിയെന്നത് എടുത്തുപറയേണ്ട കാര്യമാണ്.
ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് ഗ്രന്ഥശാലകള്‍ സംസ്ഥാനങ്ങളുടെ ചുമതലയില്‍പ്പെട്ട വിഷയമായതിനാല്‍ ദേശീയതലത്തില്‍ അവയുടെ വളര്‍ച്ചയ്ക്ക് കാര്യമായ ശ്രമങ്ങളുണ്ടായിട്ടില്ല. എങ്കിലും കേന്ദ്രസര്‍ക്കാര്‍ ചില നിയമങ്ങള്‍ പാസാക്കുകയും നടപടികളെടുക്കുകയും ചെയ്തിട്ടുണ്ട്.
1867-ലെ പ്രസ് ആന്‍ഡ് രജിസ്റ്റ്രേഷന്‍ ഒഫ് ബുക്സ് ആക്റ്റ് (Press and Registration of Books Act) അനുസരിച്ച് എല്ലാ പ്രസിദ്ധീകരണങ്ങളുടെയും ഏതാനും കോപ്പികള്‍ ഗവണ്‍മെന്റിലേക്കു കൊടുക്കേണ്ടതു നിര്‍ബന്ധമാക്കി. 1948-ല്‍ കൊല്‍ക്കത്തയിലെ ഇംപീരിയല്‍ ലൈബ്രറിയെ നാഷണല്‍ ലൈബ്രറി എന്നു നാമകരണം ചെയ്തുകൊണ്ടുള്ള നാഷണല്‍ ലൈബ്രറി ആക്റ്റ് നിലവില്‍വന്നു. മറ്റൊരു പ്രധാന നിയമം 1954-ല്‍ പാസാക്കിയ ഡലിവറി ഒഫ് ബുക്സ് (പബ്ലിക്) ലൈബ്രറീസ് ആക്റ്റ് ആണ്. വര്‍ത്തമാനപത്രങ്ങളെയും ഇതിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനായി ഈ നിയമം 1956-ല്‍ ഭേദഗതി ചെയ്തു. ഈ നിയമമനുസരിച്ച് എല്ലാ പ്രസാധകരും അവരുടെ പ്രസിദ്ധീകരണങ്ങളുടെ ഓരോ പ്രതി കൊല്‍ക്കത്തയിലെ നാഷണല്‍ ലൈബ്രറി, ചെന്നൈയിലെ കോണിമാറാ പബ്ലിക് ലൈബ്രറി, ബോംബെയിലെ സെന്‍ട്രല്‍ ലൈബ്രറി, ഡല്‍ഹി പബ്ലിക് ലൈബ്രറി എന്നിവയ്ക്കയച്ചു കൊടുക്കുവാന്‍ നിര്‍ബന്ധിതരാണ്.
യുണെസ്കോയുടെയും ഇന്ത്യാ ഗവണ്‍മെന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ 1951-ല്‍ ഡല്‍ഹി പബ്ലിക് ലൈബ്രറി സ്ഥാപിച്ചത് ഇന്ത്യയിലെ ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഒരു പ്രധാന സംഭവമായിരുന്നു. ഏഷ്യയിലെ മറ്റു രാജ്യങ്ങള്‍ക്ക് അനുകരണീയമായ ഒരു മാതൃകാ ലൈബ്രറി എന്ന ആശയം വച്ചുകൊണ്ടാണ് ഈ ലൈബ്രറി സ്ഥാപിച്ചത്. ഒരു കേന്ദ്ര ഗ്രന്ഥശാലയും പല ശാഖകളും സഞ്ചരിക്കുന്ന ഗ്രന്ഥശാലകളുമുള്ള ഒരു വലിയ ലൈബ്രറീവ്യൂഹമായി സ്ഥാപകരുടെ കാഴ്ചപ്പാടനുസരിച്ചുതന്നെ അത് ഇന്നു പ്രവര്‍ത്തിക്കുന്നു. പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന ഇന്ത്യയിലെ ഏക പബ്ലിക് ലൈബ്രറിയെന്ന ബഹുമതി ഇതിനുണ്ട്.
1957-ല്‍ ഇന്ത്യാഗവണ്‍മെന്റ് ഒരു പബ്ലിക് ലൈബ്രറി ഉപദേശകസമിതിയെ നിയമിച്ചു. കെ.പി. സിന്‍ഹയായിരുന്നു ഇതിന്റെ അധ്യക്ഷന്‍. ഇന്ത്യയിലെ പബ്ലിക് ലൈബ്രറി സംവിധാനം എപ്രകാരമായിരിക്കണമെന്നുള്ള ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായാണ് സമിതി രൂപീകരിച്ചത്. ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ സ്ഥിതി ഇന്ത്യയില്‍ മോശമാണെന്നു ചൂണ്ടിക്കാട്ടിയതോടൊപ്പം ഓരോ സംസ്ഥാനത്തും നിയമാടിസ്ഥാനത്തില്‍ പബ്ലിക് ലൈബ്രറി ശൃംഖലകള്‍ സ്ഥാപിക്കുന്നതിന്റെ ആവശ്യകത ഈ കമ്മിറ്റി അതിന്റെ ശിപാര്‍ശകളില്‍ ഊന്നിപ്പറഞ്ഞു. എന്നാല്‍ ഒരു മോഡല്‍ പബ്ലിക് ലൈബ്രറി ബില്ലിന്റെ നക്കല്‍ ഉണ്ടാക്കുന്നതിന് ഒരു കമ്മിറ്റിയെ നിയമിച്ചുവെന്നല്ലാതെ മറ്റു തുടര്‍നടപടികളൊന്നും ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുമുണ്ടായില്ല.
കേന്ദ്രഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും ഗ്രന്ഥശാലാപ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനുണ്ടായ ഏറ്റവും പ്രധാന നടപടി 1972-ല്‍ രാജാറാം മോഹന്‍ റോയ് ലൈബ്രറി ഫൌണ്ടേഷന്‍ സ്ഥാപിച്ചതായിരുന്നു. റാംമോഹന്‍ റോയിയുടെ 200-ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ഫൌണ്ടേഷന്റെ സ്ഥാപനം. ഇതിന്റെ പ്രഖ്യാപിത ഉദ്ദേശ്യം സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമായി സഹകരിച്ച് ഇന്ത്യ ഒട്ടാകെ പബ്ലിക് ലൈബ്രറി സേവനം വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയെന്നതാണ്. ഈ ലക്ഷ്യപ്രാപ്തിക്കുവേണ്ടി ഫൌണ്ടേഷന്‍ ചെയ്യേണ്ട കാര്യങ്ങള്‍ അതിന്റെ മെമ്മോറാണ്ടം ഒഫ് അസോസിയേഷനില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. 9 പ്രധാന പദ്ധതികളാണ് ഇപ്പോള്‍ ഫൌണ്ടേഷന്റെ കര്‍മപരിപാടിയിലുള്ളത്.
1.ഗ്രന്ഥശേഖരം വര്‍ധിപ്പിക്കുന്നതിനായി ഗ്രന്ഥശാലകള്‍ക്ക് ധനസഹായം നല്കുക.
2.ഗ്രാമീണ തലത്തില്‍ പുസ്തക നിക്ഷേപ കേന്ദ്രങ്ങളും സഞ്ചരിക്കുന്ന ഗ്രന്ഥശാലകളും വികസിപ്പിക്കുന്നതിനു സഹായിക്കുക.
3.ഇപ്പോള്‍ കിട്ടാനില്ലാത്ത അപൂര്‍വഗ്രന്ഥങ്ങളും ആനുകാലികപ്രസിദ്ധീകരണങ്ങളും കൈയെഴുത്ത് ഗ്രന്ഥങ്ങളും ബൈന്‍ഡു ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനും സഹായം നല്കുക.
4.ലൈബ്രറി ശില്പശാലകള്‍, സെമിനാറുകള്‍, പുസ്തക പ്രദര്‍ശനങ്ങള്‍ മുതലായവ നടത്തുന്നതിനു സഹായം നല്കുക.
5.പുസ്തക സംഭരണത്തിനുവേണ്ട സ്ഥലസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനു സഹായിക്കുക.
6.വിദ്യാഭ്യാസാവശ്യങ്ങള്‍ക്കുവേണ്ടി ടി.വി., വി.സി.ആര്‍. മുതലായ നൂതന മാധ്യമങ്ങള്‍ വാങ്ങുന്നതിനു ഗ്രന്ഥശാലകളെ സഹായിക്കുക.
7.കുട്ടികളുടെ ഗ്രന്ഥശാലകളും പൊതുഗ്രന്ഥശാലകളില്‍ കുട്ടികള്‍ക്കു വേണ്ടിയുള്ള വിഭാഗങ്ങളും സൃഷ്ടിക്കുന്നതിനു സഹായിക്കുക.
8.ഗ്രന്ഥശാലാ കെട്ടിടനിര്‍മാണത്തിനുള്ള സഹായം നല്കുക.
9.ഗ്രന്ഥശാലാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുവേണ്ട ധനസഹായം നല്കുക.
ഈ ഉദ്ദേശ്യങ്ങളുടെ നടത്തിപ്പിനെല്ലാം തന്നെ ഫൌണ്ടേഷന്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. പബ്ലിക് ലൈബ്രറി വികസനത്തിനുവേണ്ടിയുള്ള കേന്ദ്രഗവണ്‍മെന്റിന്റെ എല്ലാ സഹായങ്ങളും സംസ്ഥാനങ്ങള്‍ക്കു ലഭിക്കുന്നത് ഫൌണ്ടേഷനില്‍ക്കൂടിയാണ്.
ഫൌണ്ടേഷന്റെ ശ്രമഫലമായി കേന്ദ്രഗവണ്‍മെന്റ് 1985-ല്‍ അന്നത്തെ ചെയര്‍മാനായിരുന്ന പ്രൊഫ. ഡി.പി. ചതോപാധ്യായയുടെ അധ്യക്ഷതയില്‍ ഒരു ദേശീയ ലൈബ്രറി നയം (National Policy on Library and Information Systems) രൂപപ്പെടുത്തുന്നതിന് ഒരു കമ്മിറ്റിയെ നിയമിച്ചു. ഈ കമ്മിറ്റി തത്പരരായ എല്ലാവരുമായും ആശയവിനിമയം ചെയ്തതിനുശേഷം ഒരു ദേശീയ നയത്തിനു രൂപം കൊടുക്കുകയും തത്സംബന്ധമായ റിപ്പോര്‍ട്ട് 1986 മേയില്‍ ഗവണ്‍മെന്റിനു സമര്‍പ്പിക്കുകയും ചെയ്തു.
പൊതുഗ്രന്ഥശാലകള്‍ക്കു പുറമേ മറ്റു ഗ്രന്ഥശാലകളുടെ സ്ഥാപനത്തിലും വികസനത്തിലും കേന്ദ്രഗവണ്‍മെന്റ് ശ്രദ്ധിച്ചുപോന്നിട്ടുണ്ട്. ഗവണ്‍മെന്റിന്റെ വിവിധവകുപ്പുകളില്‍ ആ വകുപ്പുകളുടെ പ്രവര്‍ത്തനത്തിനു പ്രസക്തമായ ഗ്രന്ഥശേഖരമുള്ള ഗ്രന്ഥശാലകളുണ്ട്. കൂടാതെ ശാസ്ത്ര-വ്യാവസായിക ഗവേഷണ കൗണ്‍സില്‍ (Council of Scienific and INdustrial Research), കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (Indian Council for Agricultural Research) മുതലായ ദേശീയ ഗവേഷണ കേന്ദ്രങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ഗവേഷണ ഗ്രന്ഥശാലകളുണ്ട്.
രാജ്യത്തെ എല്ലാ സര്‍വകലാശാലാ ഗ്രന്ഥശാലകള്‍ക്കും കോളജ് ഗ്രന്ഥശാലകള്‍ക്കും കേന്ദ്ര ഗവണ്‍മെന്റ്, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ വഴി ധനസഹായം നല്കുന്നുണ്ട്. ഈ ഗ്രന്ഥശാലകളുടെ വികസനത്തിനും കാര്യക്ഷമമായ പ്രവര്‍ത്തനത്തിനും ഇപ്രകാരമുള്ള ധനസഹായം വളരെ സഹായകമാണ്.
ഇന്നത്തെ വിജ്ഞാനവിസ്ഫോടന കാലഘട്ടത്തില്‍ ഡോക്യുമെന്റേഷന്‍ സര്‍വീസ് വളരെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ഈ കാര്യം കണക്കിലെടുത്ത് കേന്ദ്രഗവണ്‍മെന്റ് പല ഡോക്യുമെന്റേഷന്‍ സെന്ററുകളും സ്ഥാപിച്ചു നടത്തിപ്പോരുന്നുണ്ട്. ഇന്ത്യന്‍ നാഷണല്‍ സയന്റിഫിക് ഡോക്യുമെന്റേഷന്‍ സെന്റര്‍ (ഇന്‍സ്ഡോക്), നാഷണല്‍ സോഷ്യല്‍ സയന്‍സ് ഡോക്യുമെന്റേഷന്‍ സെന്റര്‍ (നാസ്ഡോക്), ഡിഫന്‍സ് സയന്‍സ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഡോക്യുമെന്റേഷന്‍ സെന്റര്‍ (ഡെസിഡോക്) എന്നിവയാണ് ഇവയില്‍ പ്രധാനപ്പെട്ടത്. വിജ്ഞാന വിതരണം ലക്ഷ്യമാക്കി സ്ഥാപിച്ചിട്ടുള്ള മറ്റൊരു സംഘടനയാണ് നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി (നിസാറ്റ്). ഈ ഉദ്ദേശ്യം തന്നെ ലക്ഷ്യമാക്കി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ ചില ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. ശാസ്ത്ര വിഷയങ്ങള്‍ക്കായി ബാംഗ്ളൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സിലും വിദ്യാഭ്യാസം, ലൈബ്രറി സയന്‍സ്, സ്ത്രീകളെ സംബന്ധിച്ച പഠനങ്ങള്‍ എന്നിവയ്ക്കായി മുംബൈയിലെ എസ്.എന്‍.സി.ടി. യൂണിവേഴ്സിറ്റിയിലും സാമൂഹ്യ ശാസ്ത്രവിഷയങ്ങള്‍ക്കായി ബറോഡാ യൂണിവേഴ്സിറ്റിയിലുമാണ് ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
ഗ്രന്ഥങ്ങളുടെയും ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും വില ക്രമാതീതമായി വര്‍ധിക്കുന്നതുകൊണ്ട് സര്‍വകലാശാലാ ലൈബ്രറികള്‍ക്കും ഗവേഷണലൈബ്രറികള്‍ക്കും പുസ്തകങ്ങളുടെയും കാലിക പ്രസിദ്ധീകരണങ്ങളുടെയും സംഭരണത്തിനുള്ള കഴിവു തുലോം കുറഞ്ഞുകൊണ്ടിരിക്കുന്ന ഒരു ദുഃസ്ഥിതി ഇന്നുണ്ടായിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് അത്യാവശ്യം വേണ്ട പല ഗ്രന്ഥങ്ങളും വാങ്ങുവാന്‍ സാധിക്കാത്ത അവസ്ഥയിലാണ് എല്ലാ ഗ്രന്ഥശാലകളും. ഈ വിഷമഘട്ടം നേരിടുന്നതിന് ഓരോ ഗ്രന്ഥശാലയിലുമുള്ള ഗ്രന്ഥശേഖരം രാജ്യത്തുള്ള എല്ലാവര്‍ക്കും പ്രയോജനകരമാക്കുന്ന വിധത്തിലുള്ള ഒരു സംവിധാനം ഉണ്ടാകണം. അല്ലെങ്കില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ക്ഷീണം സംഭവിക്കും. ഈ വസ്തുത കണക്കിലെടുത്ത് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍, പ്രധാനപ്പെട്ട ഗ്രന്ഥശാലകളെ ഒരു ശൃംഖലയിലാക്കി അവയുടെ ഗ്രന്ഥശേഖരത്തിന്റെ ഉപയോഗം പങ്കിടുന്നതിനുള്ള ഒരു പദ്ധതിക്കു രൂപം കൊടുത്തിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ലൈബ്രറി നെറ്റ്വര്‍ക്ക് (INFLIBNET) എന്ന പേരിലാണതറിയപ്പെടുന്നത്. കംപ്യൂട്ടറിന്റെയും കമ്യുണിക്കേഷന്‍ ടെക്നോളജിയുടെയും സഹായത്തോടെ ആണ് ഇതു നടപ്പാക്കുന്നത്.
ഏതൊരു പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും അതുമായി ബന്ധപ്പെട്ട സംഘടനകള്‍ക്ക് ഒരു വലിയ പങ്കു വഹിക്കുവാനുണ്ട്. ഗ്രന്ഥശാലാ പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ദേശീയ തലത്തിലും പ്രാദേശിക തലത്തിലും പല സംഘടനകളുണ്ട്. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സംഘടനകള്‍ ഇവയാണ്. ഇന്ത്യന്‍ ലൈബ്രറി അസോസിയേഷന്‍ (ILA), ഇന്ത്യന്‍ അസോസിയേഷന്‍ ഒഫ് സ്പെഷ്യല്‍ ലൈബ്രറീസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്റേഴ്സ് (IASLIC), ഇന്ത്യന്‍ അസോസിയേഷന്‍ ഒഫ് അക്കാദമിക് ലൈബ്രറീസ് (INDAAL), ഇന്ത്യന്‍ അസോസിയേഷന്‍ ഒഫ് ടീച്ചേഴ്സ് ഒഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (IATLIS).
1933-ല്‍ കൊല്‍ക്കത്തയില്‍വച്ചു നടത്തിയ ഒന്നാമത്തെ അഖിലേന്ത്യാ ലൈബ്രറി കോണ്‍ഫറന്‍സിനോടനുബന്ധിച്ചാണ് ഇന്ത്യന്‍ ലൈബ്രറി അസോസിയേഷന്‍ സ്ഥാപിതമായത്. ഗ്രന്ഥശാലാ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിന് പല പരിപാടികള്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നതില്‍ സജീവമായി പ്രവര്‍ത്തിച്ചു പോരുന്ന ഇതിന്റെ ആസ്ഥാനം ഡല്‍ഹിയാണ്.
1955 മേയിലാണ് ഇന്ത്യന്‍ അസോസിയേഷന്‍ ഒഫ് സ്പെഷ്യല്‍ ലൈബ്രറീസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സേന്റേഴ്സ് സ്ഥാപിതമായത്; ആസ്ഥാനം കൊല്‍ക്കത്തയാണ്. സ്പെഷ്യല്‍ ഗ്രന്ഥശാലകളുടെ വികസനത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടു പ്രവര്‍ത്തിക്കുന്ന ഈ സംഘടന ഒന്നിടവിട്ട വര്‍ഷങ്ങളില്‍ അഖിലേന്ത്യാ കോണ്‍ഫറന്‍സും സെമിനാറും നടത്തുന്നു.
ഇന്ത്യന്‍ അസോസിയേഷന്‍ ഒഫ് അക്കാദമിക് ലൈബ്രറീസിന്റെ ആസ്ഥാനം ഡല്‍ഹിയാണ്. 1975-ലാണ് ഇതു രൂപം കൊണ്ടത്. അക്കാദമിക് ലൈബ്രറികളുടെ പ്രശ്നങ്ങള്‍ക്കും ലൈബ്രേറിയന്മാരുടെ സേവന വ്യവസ്ഥകള്‍ക്കും ഊന്നല്‍ കൊടുത്തുകൊണ്ടു പ്രവര്‍ത്തിക്കുന്നു.
1969-ല്‍ സ്ഥാപിതമായ ഇന്ത്യന്‍ അസോസിയേഷന്‍ ഒഫ് ടീച്ചേഴ്സ് ഒഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ഗ്രന്ഥശാലാ വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങളിലും അധ്യാപകരെ സംബന്ധിച്ച കാര്യങ്ങളിലും ശ്രദ്ധ ചെലുത്തി പ്രവര്‍ത്തിക്കുന്നു.
ദേശീയ തലത്തിലുള്ള ഗ്രന്ഥശാലാപ്രസ്ഥാനത്തെപ്പറ്റി പ്രതിപാദിക്കുമ്പോള്‍ ഡോ. എസ്. ആര്‍. രംഗനാഥ (1892-1972) നെപ്പറ്റി പരാമര്‍ശിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. അത്ര വൈപുല്യവും വൈവിധ്യമാര്‍ന്നതുമായിരുന്നു അദ്ദേഹത്തിന്റെ സംഭാവനകള്‍. 1924-ല്‍ മദ്രാസ് സര്‍വകലാശാലയുടെ ലൈബ്രേറിയനായി സേവനമാരംഭിച്ചതുമുതല്‍ മരണംവരെ അദ്ദേഹം ഗ്രന്ഥശാലാസംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു. അദ്ദേഹത്തിന്റെ ശ്രദ്ധ എത്താതിരുന്നതും കാതലായ സംഭാവനകള്‍ കൊണ്ടു പരിപുഷ്ടമാകാതിരുന്നതുമായ ഒരു മേഖലയും ഗ്രന്ഥാലയ ശാസ്ത്രത്തിലും ഗ്രന്ഥശാലാപ്രസ്ഥാനത്തിലും ഉണ്ടായിരുന്നില്ല. ഗ്രന്ഥശാലാ പ്രസ്ഥാനത്തിനുവേണ്ടി പൂര്‍ണമായി അര്‍പ്പിച്ച ഒരുജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഇന്ത്യയിലെ ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെയും ഗ്രന്ഥാലയ ശാസ്ത്രത്തിന്റെയും പിതാവെന്ന ബഹുമതി അദ്ദേഹത്തിനു നേടിക്കൊടുത്തത് ഈ അര്‍പ്പണ ജീവിതവും സംഭാവനകളുമായിരുന്നു.
മറ്റു സംസ്ഥാനങ്ങളില്‍. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഗ്രന്ഥശാലാപ്രസ്ഥാനത്തിനു പ്രോത്സാഹനം ലഭിച്ചിരുന്നു. ഗ്രന്ഥശാലകളുടെ പുരോഗതി ലക്ഷ്യംവച്ചുകൊണ്ട് 1808-ല്‍ ബോംബെ ഗവണ്‍മെന്റ് സാഹിത്യത്തിന്റെ പ്രോത്സാഹനത്തിനായി രൂപീകരിച്ച ഫണ്ടില്‍നിന്നുമുള്ള സഹായംകൊണ്ടു പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍ ഗ്രന്ഥശാലകള്‍ക്കു സൗജന്യമായി നല്കാമെന്നും ആയതിലേക്ക് ഗ്രന്ഥശാലകള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും വ്യവസ്ഥ ചെയ്തു. ഇന്ത്യയിലെ ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഒരു പ്രധാന സംഭവമായിരുന്നു ഇത്. മറ്റൊരു പ്രധാന സംഭവം എ.എ.എ. ഫൈസിയുടെ അധ്യക്ഷതയില്‍ ബോംബെ ഗവണ്‍മെന്റ് ഒരു കമ്മിറ്റിയെ നിയമിച്ചുവെന്നതാണ്. ഗ്രന്ഥശാലകളെ ഘട്ടങ്ങളായി വികസിപ്പിച്ചെടുക്കത്തക്ക വ്യാപകമായ പരിപാടിയുള്‍ക്കൊണ്ടുള്ള ഒരു റിപ്പോര്‍ട്ട് ഈ കമ്മിറ്റി തയ്യാറാക്കിയെങ്കിലും സാമ്പത്തിക പരാധീനതമൂലം അതു പ്രാവര്‍ത്തികമാക്കുവാന്‍ സാധിച്ചില്ല.
ഇന്ത്യയില്‍ ഇന്നുവരെ ഒന്‍പതു സംസ്ഥാനങ്ങള്‍ ഗ്രന്ഥശാലാ നിയമം പാസാക്കിയിട്ടുണ്ട്. തമിഴ്നാട് (1948), ആന്ധ്രപ്രദേശ് (1960), കര്‍ണാടക (1965), മഹാരാഷ്ട്ര (1967), പശ്ചിമബംഗാള്‍ (1979), മണിപ്പൂര്‍ (1988), ഹരിയാനാ, കേരളം (1989), മിസോറാം (1993) എന്നിവയാണ് അവ. മറ്റു പല സംസ്ഥാനങ്ങളിലും ഗ്രന്ഥശാലാ നിയമം സജീവ പരിഗണനയിലുണ്ട്. സമൂഹത്തിന്റെ നാനാവിധമായ പുരോഗതിക്ക് പബ്ലിക് ലൈബ്രറി പ്രസ്ഥാനത്തിന് വഹിക്കാവുന്ന പങ്ക് കണക്കിലെടുത്ത് അതു ശക്തമാക്കുന്നതിന് ഗ്രന്ഥശാലാനിയമം അത്യന്താപേക്ഷിതമാണെന്നു മനസ്സിലാക്കി എല്ലാ സംസ്ഥാനങ്ങളെയും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരേണ്ടതാവശ്യമാണ്.
വിവിധ സംസ്ഥാനങ്ങളില്‍ നിയമം വിവിധ തരത്തിലാണ്. തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ലൈബ്രറി സെസ് പിരിക്കുന്നതിനുള്ള വ്യവസ്ഥയുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ ഈ വ്യവസ്ഥയില്ല. ഗവണ്‍മെന്റില്‍ നിന്നും ആണ്ടുതോറും നല്കുന്ന ഗ്രാന്റിനെ മാത്രം ആശ്രയിച്ചാണ് ആ സംസ്ഥാനങ്ങളില്‍ ലൈബ്രറി പ്രവര്‍ത്തനം നടത്തേണ്ടത്. അതുപോലെ നിയമമനുസരിച്ച് രൂപീകരിക്കുന്ന സമിതികളുടെ ഘടനയിലും മറ്റു പല കാര്യങ്ങളിലും വൈവിധ്യമുണ്ട്. ഏതായാലും നിയമംവഴി ഓരോ സംസ്ഥാനത്തിനും ഗ്രന്ഥശാലകളുടെ വളര്‍ച്ചയ്ക്ക് ഒരു മാര്‍ഗരേഖ ലഭിക്കുന്നുവെന്നത് അഭികാമ്യമായ കാര്യമാണ്.
നിയമം പാസാക്കാത്ത സംസ്ഥാനങ്ങളിലും ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് പ്രോത്സാഹനം ലഭിക്കുന്നുണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി ഗ്രന്ഥശാലാ പ്രസ്ഥാനവും പല സംസ്ഥാനങ്ങളിലും ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. വിദ്യാഭ്യാസവും തന്മൂലം രാഷ്ട്രീയ ബോധവുമുള്ള ഒരു ജനതയ്ക്ക് സ്വാതന്ത്ര്യസമരത്തെ ശക്തിപ്പെടുത്തുവാന്‍ സാധിക്കുമെന്നും കെട്ടുറപ്പുളള ഒരു ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് ഈ കാര്യത്തില്‍ കാര്യമായ സംഭാവന നല്കാവുന്നതാണെന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മനസ്സിലാക്കുകയും 1924 മുതല്‍ ഗ്രന്ഥശാലാപ്രസ്ഥാനത്തിന് പ്രോത്സാഹനം നല്കിപ്പോരുകയും ചെയ്തു.
കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിലെ ഗ്രന്ഥശാലാപ്രസ്ഥാനം വികസിത രാജ്യങ്ങളിലേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ പിന്നോക്കാവസ്ഥയിലാണെന്നുള്ള കാര്യം വിസ്മരിച്ചുകൂടാ. ഈ സ്ഥിതി മാറ്റിയെടുക്കുന്നതിന് ഊര്‍ജസ്വലമായ സംഘടിത ശ്രമങ്ങള്‍ ആവശ്യമാണ്.
കേരളത്തില്‍. 19-ാം ശ.-ത്തിന്റെ ആദ്യഘട്ടം മുതല്‍ക്കേ തിരുവിതാംകൂറിലും കൊച്ചിയിലും ഗ്രന്ഥശാലകള്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയിരുന്നു. വിദ്യാഭ്യാസം പ്രചരിച്ചതിന്റെ ഫലമായിട്ടായിരുന്നു ഇത്. വിദ്യാഭ്യാസകാര്യത്തില്‍ തിരുവിതാംകൂറില്‍ 1817 മുതല്‍ക്കും കൊച്ചിയില്‍ 1818 മുതല്‍ക്കും ഗവണ്‍മെന്റു നേരിട്ടു നടപടികളെടുക്കുവാന്‍ തുടങ്ങി. ക്രിസ്ത്യന്‍ മിഷണറിമാരും വളരെ നേരത്തെ മുതല്‍തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിയിരുന്നു. ആദ്യത്തെ കോളജ് തിരുവിതാംകൂറില്‍ 1866-ലും കൊച്ചിയില്‍ 1875-ലും സ്ഥാപിതമായി. കോളജുകളിലെയും സ്കൂളുകളിലെയും ഗ്രന്ഥശാലകള്‍ ഉപയോഗിച്ചുള്ള ശീലം, പഠനം പൂര്‍ത്തിയാക്കിയശേഷം പബ്ലിക് ലൈബ്രറികള്‍ സ്ഥാപിക്കുവാനും വായന തുടര്‍ന്നു നടത്തുവാനും അഭ്യസ്തവിദ്യര്‍ക്ക് പ്രചോദനം നല്കി.
1917-18-ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഗ്രന്ഥശാലകള്‍ക്കു ഗ്രാന്റ് നല്കുന്നതിനുള്ള ചട്ടങ്ങളുണ്ടാക്കി. വിദ്യാഭ്യാസ വകുപ്പില്‍ നിന്നു ഗ്രാന്റ് ലഭിക്കുന്ന 37 ഗ്രന്ഥശാലകള്‍ അന്നുണ്ടായിരുന്നു. ഗ്രന്ഥശാലകള്‍ സൗജന്യമായി ഉപയോഗിക്കുന്നതിനുള്ള സൗകര്യം നല്കുകയെന്നത് ഗ്രാന്റു ലഭിക്കുന്നതിനുള്ള ഒരു വ്യവസ്ഥയായി നിഷ്കര്‍ഷിച്ചിരുന്നുവെന്നത് എടുത്തുപറയേണ്ട കാര്യമാണ്. പുസ്തകങ്ങള്‍ വാങ്ങുന്നതിനു മാത്രമല്ല, കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനും ഫര്‍ണിച്ചര്‍, മറ്റുപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനും ഗ്രാന്റു ലഭിച്ചിരുന്നു. ഈ ഗ്രന്ഥശാലകള്‍ക്കു സൗജന്യമായോ, കുറഞ്ഞ വിലയ്ക്കോ ഗവണ്‍മെന്റു പ്രസിദ്ധീകരണങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഏര്‍പ്പാടുമുണ്ടായിരുന്നു. 1932-ലെ വിദ്യാഭ്യാസ പരിഷ്കരണ കമ്മിറ്റി (Educational Reforms Committee) യുടെ ശിപാര്‍ശയനുസരിച്ച് വിദ്യാഭ്യാസ ഡയറക്ടര്‍ ഒരു കേന്ദ്രസര്‍ക്കുലേറ്റിങ് ഗ്രന്ഥശാലയും അനവധി ഗ്രാമീണ ഗ്രന്ഥശാലകളും സ്ഥാപിക്കുന്നതിനുള്ള ഒരു പദ്ധതി തയ്യാറാക്കി. ഈ പദ്ധതിപ്രകാരം 1935-ല്‍ ഗവണ്‍മെന്റ് പ്രൈമറി സ്കൂളുകളോടനുബന്ധിച്ച് 60 ഗ്രന്ഥശാലകള്‍ നടത്തുന്നതിനുള്ള അനുമതി നല്കി. ഏകദേശം 500 പുസ്തകങ്ങളും 42 ആനുകാലിക പ്രസിദ്ധീകരണങ്ങളും വര്‍ത്തമാനപത്രങ്ങളും വീതമുള്ള 78 ഗ്രന്ഥശാലകള്‍ തിരുവിതാംകൂറിലുണ്ടായിരുന്നു. 1949-ല്‍ ഇത് 354 ആയി ഉയര്‍ന്നു.
1926 മുതല്‍ കൊച്ചി സര്‍ക്കാര്‍ ഗ്രാമീണ ഗ്രന്ഥശാലകള്‍ സ്ഥാപിക്കുവാന്‍ തുടങ്ങി. പ്രധാനമായും ഇത് ഗവണ്‍മെന്റിന്റെ വയോജനവിദ്യാഭ്യാസ പരിപാടിയെ സഹായിക്കുന്നതിനായിരുന്നു. 1946-ല്‍ കൊച്ചിയില്‍ 246 ഗ്രന്ഥശാലകളുണ്ടായിരുന്നു. 1947-48-ല്‍ ലൈബ്രറി പ്രവര്‍ത്തനത്തിനു ഗവണ്‍മെന്റ് 50,000 രൂപ ചെലവാക്കിയിരുന്നു.
1956-ല്‍ കേരള സംസ്ഥാനം രൂപംകൊണ്ടപ്പോള്‍ മലബാര്‍ പ്രദേശത്ത് ഏകദേശം 500 ഗ്രന്ഥശാലകളുണ്ടായിരുന്നു. 1948-ലെ ചെന്നൈയിലെ പബ്ലിക് ലൈബ്രറി ആക്റ്റ് അനുസരിച്ച് മലബാറില്‍ ഒരു ലോക്കല്‍ ലൈബ്രറി അതോറിറ്റി സ്ഥാപിച്ചു. കാലിക്കറ്റ് മുനിസിപ്പല്‍ ലൈബ്രറിയെ ലോക്കല്‍ ലൈബ്രറി അതോറിറ്റിയുടെ കീഴിലുള്ള ഡിസ്ട്രിക്ട് സെന്‍ട്രല്‍ ലൈബ്രറിയായി രൂപാന്തരപ്പെടുത്തി. പിന്നീട് മലബാര്‍ പ്രദേശത്ത് കൂടുതല്‍ ജില്ലകള്‍ രൂപംകൊണ്ടപ്പോള്‍ ഓരോ ജില്ലയ്ക്കും ഒരു ലോക്കല്‍ ലൈബ്രറി അതോറിറ്റിയുണ്ടായി. ഓരോ അതോറിറ്റിക്കും ഒരു ഡിസ്ട്രിക്ട് സെന്‍ട്രല്‍ ലൈബ്രറിയുമുണ്ടായി.
കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനത്തിന് അനേകം ഗ്രന്ഥശാലാ സംഘടനകളുടെ സഹായവും പ്രോത്സാഹനവും ലഭിച്ചിട്ടുണ്ട്. 1847-ല്‍ തിരുവിതാംകൂറില്‍ രൂപംകൊണ്ട് പബ്ലിക് ലൈബ്രറി സൊസൈറ്റി ആയിരുന്നു തിരുവനന്തപുരം പബ്ലിക് ലൈബ്രറി സ്ഥാപിച്ചതിന്റെ പിന്നിലെ ശക്തി. 1898 മുതല്‍ ഈ ലൈബ്രറിയുടെ നടത്തിപ്പ് ഗവണ്‍മെന്റിന്റെ ചുമതലയിലായി.
1931-ല്‍ സമസ്ത കേരള പുസ്തകാലയ സമിതി തൃശൂരില്‍ സ്ഥാപിച്ചു. ഗ്രന്ഥവിചാരം എന്ന ഒരു ത്രൈമാസികത്തിന്റെ ആദ്യപ്രതി പ്രസിദ്ധീകരിച്ചതിനപ്പുറം ഈ സമിതിക്കു കാര്യമായൊന്നും ചെയ്യാനായില്ല.
1933-ല്‍ സ്ഥാപിതമായ ഓള്‍ കേരള ലൈബ്രറി അസോസിയേഷന്‍ ഏകദേശം മൂന്നുവര്‍ഷം നിലനിന്നിരുന്നു.
മലബാര്‍ വായനശാലാ സംഘം 1937-ല്‍ രൂപംകൊണ്ടു. 1943-ല്‍ 'കേരള ഗ്രന്ഥാലയ സംഘം' എന്ന പേരില്‍ ഇതു രജിസ്റ്റര്‍ ചെയ്തു. മലബാര്‍ പ്രദേശത്തു ഗ്രന്ഥശാലകള്‍ സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനും 1953 വരെ സജീവമായി പ്രവര്‍ത്തിച്ചു. ഈ സംഘത്തിന്റെ ക്ഷണമനുസരിച്ച് ഡോ. എസ്.ആര്‍. രംഗനാഥന്‍ 1945-ല്‍ മലബാര്‍ പ്രദേശത്ത് ഒരു പ്രസംഗപര്യടനം നടത്തി.
1945-ല്‍ തിരുവിതാംകൂറിലെ 47 ഗ്രന്ഥശാലകളിലെ പ്രവര്‍ത്തകര്‍ അമ്പലപ്പുഴ പി.കെ. മെമ്മോറിയലില്‍ സമ്മേളിച്ച് 'തിരുവിതാംകൂര്‍ ഗ്രന്ഥശാലാസംഘം' സ്ഥാപിച്ചു. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തില്‍ ഒരു വഴിത്തിരിവായി മാറിയ ഈ സംഭവത്തിന്റെ സൂത്രധാരന്‍ പി.എന്‍. പണിക്കര്‍ ആയിരുന്നു. 1945 മുതല്‍ 1977 വരെ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയായും ഇദ്ദേഹം പ്രവര്‍ത്തിക്കുകയുണ്ടായി. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ഇദ്ദേഹം വിലപ്പെട്ട സംഭാവനകള്‍ നല്കിയിട്ടുണ്ട്. കേരളമെമ്പാടും വായനശാലകള്‍ രൂപീകരിക്കുന്നതിനും വായനാശീലം പകര്‍ത്തുന്നതിനുമായി ജീവിതം ഉഴിഞ്ഞുവച്ച പി.എന്‍. പണിക്കര്‍ ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ പിതാവായാണ് അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ ജൂണ്‍ 19 മുതല്‍ 25 വരെ വായനാവാരമായി കേരളസര്‍ക്കാര്‍ ആഘോഷിച്ചുവരുന്നു. സ്ഥാപനകാലം മുതല്‍ അനുക്രമം വളര്‍ന്നുകൊണ്ടിരുന്ന ഗ്രന്ഥശാലാസംഘത്തെ നിയന്ത്രിച്ചിരുന്ന പ്രസിഡന്റുമാര്‍ താഴെപ്പറയുന്നവരാണ്.
1.കെ.എം. കേശവന്‍ - 1945
2.ഡോ. പാലമ്പടം തോമസ് - 1946
3.പറവൂര്‍ ടി.കെ. നാരായണപിള്ള - 1947-52
4.പനമ്പിള്ളി ഗോവിന്ദമേനോന്‍ - 1953-60
5.കെ.എ. ദാമോദരമേനോന്‍ - 1961-62
6.ആര്‍. ശങ്കര്‍ - 1963-64
7.പി.എസ്. ജോര്‍ജ് - 1965-70
8.പി.ടി. ഭാസ്കരപ്പണിക്കര്‍ - 1971-74
9.തായാട്ടു ശങ്കരന്‍ - 1975-77
കേരള സംസ്ഥാന രൂപീകരണത്തെത്തുടര്‍ന്ന് 'കേരള ഗ്രന്ഥശാലാ സംഘം' എന്ന പേരില്‍ പ്രവര്‍ത്തിച്ചുവന്ന ഈ സംഘടനയാണ് കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും നിര്‍ണായകമായ പങ്കുവഹിച്ചത്. സാധാരണ ഗ്രന്ഥശാലാ അസോസിയേഷനുകളില്‍ നിന്നു വളരെ വിഭിന്നമാണ് ഇതിന്റെ ഘടനയും പ്രവര്‍ത്തനരീതിയും. ഗ്രന്ഥശാലകളുടെ ഒരു ഫെഡറേഷന്‍ എന്ന് വിശേഷിപ്പിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതം. ഗ്രന്ഥശാലകള്‍ സ്ഥാപിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും, അവയുടെ പ്രവര്‍ത്തനത്തിനുള്ള നിയമാവലി രൂപപ്പെടുത്തുകയും, ഗ്രന്ഥശാലകളുടെ ഗ്രാന്റ് വിതരണത്തിന്റെ ചുമതല നിര്‍വഹിക്കുകയും ചെയ്യുന്ന കാര്യങ്ങളിലാണ് സംഘം ശ്രദ്ധ ചെലുത്തിയിരുന്നത്. സംഘത്തിന്റെ ആസ്ഥാനം തിരുവനന്തപുരമാണ്. സര്‍ക്കാരിന്റെ പൂര്‍ണ ചെലവിലുള്ള ഒരു സെക്രട്ടേറിയറ്റ് സംഘത്തിനുണ്ട്. ഏഴായിരത്തോളം ഗ്രന്ഥശാലകള്‍ സംഘത്തോടു അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.
സംഘത്തിന്റെ ഭരണഘടന ജനായത്ത സമ്പ്രദായത്തിലുള്ളതാണ്. സംസ്ഥാനതലത്തില്‍ ഒരു ഭരണസമിതിയും ജില്ലാതലത്തില്‍ ഡിസ്ട്രിക്ട് ലൈബ്രറി കമ്മിറ്റിയും താലൂക്ക് തലത്തില്‍ താലൂക്ക് ലൈബ്രറി യൂണിയനും ആണ് സംഘത്തിന്റെ നിര്‍വാഹകസമിതികള്‍. എല്ലാ സമിതികളും രൂപീകരിക്കുന്നത് തെരഞ്ഞെടുപ്പില്‍ക്കൂടിയാണ്. ഭരണസമിതിയില്‍ മാത്രം ചുരുക്കം അംഗങ്ങള്‍ നോമിനേറ്റ് ചെയ്യപ്പെട്ടവരാണ്.
1977 വരെയുള്ള സംഘത്തിന്റെ ഘടനയാണ് മേല്‍ വിവരിച്ചത്. സംഘത്തിന്റെ പ്രവര്‍ത്തന ഗതികളെ സംബന്ധിച്ചുള്ള അഭിപ്രായഭിന്നതകളുടെ ഫലമായി 1977-ല്‍ സംഘം ഗവണ്‍മെന്റ് ഏറ്റെടുക്കുകയും ഭരണസമിതിക്കു പകരം ഒരു കണ്‍ട്രോള്‍ ബോര്‍ഡിനെ നിയമിക്കുകയും ചെയ്തു. ബോര്‍ഡിലെ എല്ലാ അംഗങ്ങളും നാമനിര്‍ദേശം ചെയ്യപ്പെട്ടവരായിരുന്നു. വിദ്യാഭ്യാസ മന്ത്രി ബോര്‍ഡിന്റെ അധ്യക്ഷനും. പ്രധാന എക്സിക്യൂട്ടീവ് ആഫീസറായി ഒരു ഫുള്‍ടൈം മെമ്പറുമുണ്ടായിരുന്നു. ഗ്രന്ഥശാലാസംഘം നിര്‍വഹിച്ചിരുന്ന എല്ലാ ചുമതലകളും ബോര്‍ഡില്‍ നിക്ഷിപ്തമായിരുന്നു. ഗ്രന്ഥശാലാ സംഘത്തിന് ലൈബ്രറി പ്രവര്‍ത്തനത്തില്‍ പലരെയും തത്പരരാക്കാനും ഈ രംഗത്തേക്ക് സജീവപ്രവര്‍ത്തകരായി ആകര്‍ഷിക്കുവാനും കഴിഞ്ഞിട്ടുണ്ട്. പൊതുജനങ്ങളില്‍ ഗ്രന്ഥശാലകളുടെ പ്രാധാന്യത്തെപ്പറ്റിയുള്ള ബോധവും വായനാശീലം വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും സൃഷ്ടിക്കുവാന്‍ സംഘത്തിന്റെ പ്രവര്‍ത്തനംവഴി സാധിച്ചു. അനേകായിരം ഗ്രന്ഥശാലകളുടെയും വായന ശാലകളുടെയും സ്ഥാപനത്തിനുള്ള പ്രചോദനവും സംഘം നല്കിയതായിരുന്നു.
എങ്കിലും കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനത്തിനു പല ന്യൂനതകളുമുണ്ട്. എറ്റവും വലിയ പോരായ്മ അന്യോന്യം ബന്ധപ്പെട്ടു സംയോജിച്ചു പ്രവര്‍ത്തിക്കുന്ന ഒരു ലൈബ്രറി സിസ്റ്റം ഇല്ലായെന്നതാണ്. ഉപഭോക്താക്കളുടെ ബുദ്ധിപരവും തൊഴില്‍പരവുമായുള്ള വളര്‍ച്ചയ്ക്കുപകരിക്കുന്ന ഗ്രന്ഥങ്ങള്‍ കുറവാണ്. മറ്റൊരു ന്യൂനത ഗ്രന്ഥശേഖരം ശാസ്ത്രീയമായി സംവിധാനം ചെയ്യപ്പെട്ടിട്ടില്ലയെന്നതാണ്. ഗ്രന്ഥശാലകളുടെ കാര്യക്ഷമമായ നടത്തിപ്പിന് ശാസ്ത്രീയ സംവിധാനം അത്യന്താപേക്ഷിതമാണ്.
കേരളത്തിനാവശ്യം നല്ല ഗ്രന്ഥസമ്പത്തും ശാസ്ത്രീയ സംവിധാനവുമുള്ള കുറേ നല്ല ഗ്രന്ഥശാലകളാണ്. ഓരോ ഗ്രന്ഥശാലയിലുമുള്ള പുസ്തകങ്ങളുടെ പ്രയോജനം സംസ്ഥാനത്തെല്ലാവര്‍ക്കും ലഭ്യമാകുന്ന ഒരു സംവിധാനമുണ്ടായിരിക്കണം. സംസ്ഥാനതലം മുതല്‍ താലൂക്കുതലം വരെയെങ്കിലും നല്ല ഗ്രന്ഥശാലകള്‍ സ്ഥാപിച്ച് അവയെ ഒരു ശൃംഖലയാക്കി കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു സംയോജിത ലൈബ്രറി സിസ്റ്റമാണാവശ്യം.
സ്വാതന്ത്ര്യ ലബ്ധിക്കുമുന്‍പു മുതല്‍ തന്നെ തിരുവിതാംകൂറിലും കൊച്ചിയിലും ഗ്രന്ഥശാലാ നിയമം പാസാക്കുന്നതിനുള്ള ശ്രമങ്ങളുണ്ടായിരുന്നെങ്കിലും ഈ അടുത്തകാലത്തുമാത്രമാണ് കേരളത്തില്‍ നിയമമുണ്ടായത്. തിരുവിതാംകൂര്‍ സര്‍ക്കാരിന്റെയും കൊച്ചി സര്‍ക്കാരിന്റെയും അഭ്യര്‍ഥനയനുസരിച്ച് ഡോ. എസ്.ആര്‍. രംഗനാഥന്‍ 1946-ല്‍ ഒരു ലൈബ്രറി ബില്ലിനു രൂപം കൊടുത്തിരുന്നു. പിന്നീട് 1959-ല്‍ അന്നത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ക്ഷണമനുസരിച്ച് രംഗനാഥന്‍ തിരുവനന്തപുരത്തു വരികയും ഒരു ബില്‍ തയ്യാറാക്കുകയും ചെയ്തു. എന്നാല്‍ അതു നിയമസഭയില്‍ അവതരിപ്പിക്കുന്നതിനു മുന്‍പായി മന്ത്രിസഭ അധികാരത്തില്‍നിന്നും മാറ്റപ്പെട്ടു. പിന്നീടുണ്ടായ എല്ലാ മന്ത്രിസഭകളും തന്നെ ഗ്രന്ഥശാലാനിയമം പാസാക്കുന്നതിനു ശ്രമിച്ചുവെങ്കിലും അതു സാധ്യമായത് 1989-ല്‍ മാത്രമാണ്. ഈ നിയമത്തിന്റെ ശില്പി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ. ചന്ദ്രശേഖരനായിരുന്നു. കേരള പബ്ലിക് ലൈബ്രറീസ് (കേരള ഗ്രന്ഥശാലാസംഘം ആക്റ്റ്, 1989) എന്ന ശീര്‍ഷകത്തോടുകൂടിയാണ് ബില്‍ പാസാക്കിയത്. ബില്ലിലെ വ്യവസ്ഥയനുസരിച്ച് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ തെരഞ്ഞെടുപ്പ് 1994 മാര്‍ച്ച് 27-നു പൂര്‍ത്തിയായി. കടമ്മനിട്ട രാമകൃഷ്ണന്‍ പ്രസിഡന്റും മണലില്‍ ജി. നാരായണപിള്ള സെക്രട്ടറിയുമായി 1994 ഏ. 27-നു സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നിലവില്‍വന്നു. തുടര്‍ന്നും അഞ്ചു വര്‍ഷത്തിലൊരിക്കല്‍ മുടങ്ങാതെ തെരഞ്ഞെടുപ്പ് നടക്കുന്നു.
മൂന്നു പ്രധാന നിര്‍വാഹകസമിതികളാണ് ആക്റ്റില്‍ വിഭാവന ചെയ്തിരിക്കുന്നത്. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍, ഡിസ്ട്രിക്റ്റ് ലൈബ്രറി കൗണ്‍സിലുകള്‍, താലൂക്ക് ലൈബ്രറി യൂണിയനുകള്‍ എന്നിവയാണവ. എല്ലാ സമിതികളിലെയും മിക്കവാറും എല്ലാ അംഗങ്ങളും തിരഞ്ഞെടുപ്പില്‍ക്കൂടി വരുന്നവരാണ്. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെയും ഡിസ്ട്രിക്റ്റ് ലൈബ്രറി കൗണ്‍സിലുകളുടെയും താലൂക്ക് ലൈബ്രറി യൂണിയനുകളുടെയും പ്രസിഡന്റും സെക്രട്ടറിയും തിരഞ്ഞെടുക്കപ്പെട്ടവരാണ്. പൂര്‍ണമായ ജനായത്ത സമ്പ്രദായത്തിലുള്ള ഒരു സംവിധാനമാണിത്. ഈ കാര്യത്തില്‍ കേരളനിയമം മറ്റു സംസ്ഥാനങ്ങളിലെ നിയമങ്ങളില്‍ നിന്നും വിഭിന്നമാണ്. ഒരു സ്റ്റേറ്റ് ലൈബ്രറി വകുപ്പ് ഇല്ലായെന്നത് ആക്റ്റിന്റെ പ്രത്യേകതയാണ്. ധനാഗമമാര്‍ഗങ്ങള്‍ പ്രധാനമായും രണ്ടാണ്. വസ്തുനികുതിയുടെയോ കെട്ടിട നികുതിയുടെയോ അഞ്ചുശതമാനവും ഗ്രന്ഥശാലാസെസ്സായി പിരിച്ചുകിട്ടുന്ന തുകയും വിദ്യാഭ്യാസ ബജറ്റിന്റെ ഒരു ശതമാനത്തില്‍ക്കൂടാതെ ഗവണ്‍മെന്റ് നല്കുന്ന ഗ്രാന്റുമാണ് ലൈബ്രറി ഫണ്ടിന്റെ പ്രധാനഭാഗങ്ങള്‍.
പൊതുഗ്രന്ഥശാലകള്‍ കൂടാതെ കേരളത്തില്‍ മറ്റു ഗ്രന്ഥശാലകളുമുണ്ട്. ഇവയില്‍ പ്രധാനപ്പെട്ടവ സര്‍വകലാശാലാ ലൈബ്രറികള്‍, കോളജ് ലൈബ്രറികള്‍, ഗവേഷണ ലൈബ്രറികള്‍ എന്നിവയാണ്. താരതമ്യേന പൊതുഗ്രന്ഥശാലകളെക്കാളും കാര്യമായി പ്രവര്‍ത്തിക്കുന്നവയാണിവ.
വിദേശരാജ്യങ്ങളില്‍. പബ്ലിക് ലൈബ്രറികളുടെ വളര്‍ച്ചയ്ക്കും വികസനത്തിനുമായി ആദ്യം നിയമം പാസാക്കിയത് ബ്രിട്ടനിലായിരുന്നു. ഇത് 1850-ലായിരുന്നു. പബ്ലിക് ലൈബ്രറി ആക്റ്റ് ഫോര്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് (Public Library Act for England and Wastes) എന്ന ശീര്‍ഷകത്തിലാണ് പാര്‍ലമെന്റ് ലൈബ്രറി നിയമം പാസാക്കിയത്. ഇതിലെ പ്രധാന വ്യവസ്ഥ 10,000 ജനസംഖ്യയുള്ള ഒരു ടൗണിന് ലൈബ്രറികള്‍ സ്ഥാപിക്കാമെന്നും അതിലേക്കായി അര പെനിവീതം സെസ് പിരിക്കാമെന്നുമായിരുന്നു. 1855-ല്‍ നിയമം ഭേദഗതി ചെയ്ത് അര പെനി സെസ് എന്നുള്ളത് ഒരു പെനിയാക്കി ഉയര്‍ത്തി. ഈ നിയമത്തിന്റെ പരിധിയില്‍ കാര്യമായ ലൈബ്രറി പ്രവര്‍ത്തനം ദുസ്സാധ്യമായിരുന്നു. പ്രധാനകാരണം പണത്തിന്റെ പരിമിതി തന്നെ. 1919-ലെ പബ്ലിക് ലൈബ്രറി ആക്റ്റ് പെനി റേറ്റ് നിര്‍ത്തുകയും കൗണ്‍ടി കൗണ്‍സിലുകളെ ലൈബ്രറി അതോറിറ്റികളാക്കി ആവശ്യാനുസരണം പണം ചെലവാക്കി ലൈബ്രറി പ്രസ്ഥാനം വികസിപ്പിക്കുവാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. പബ്ലിക് ലൈബ്രറി വികസനത്തിനുവേണ്ടി പില്ക്കാലങ്ങളില്‍ നിയമിച്ച പല ലൈബ്രറി കമ്മിറ്റികളുടെയും പഠനസമിതികളുടെയും ശിപാര്‍ശകളുടെ ഫലമായി 1964-ല്‍ പബ്ലിക് ലൈബ്രറീസ് ആന്‍ഡ് മ്യൂസിയംസ് ആക്റ്റ് നിലവില്‍വന്നു. ഗ്രന്ഥശാലാ സര്‍വീസ് സംബന്ധിച്ച എല്ലാ ചുമതലകളും വിദ്യാഭ്യാസ ശാസ്ത്ര വിഭാഗത്തിന്റെ മന്ത്രിക്കു നല്കിയെന്നുള്ളതാണ് ഈ ആക്റ്റിന്റെ പ്രത്യേകത. ലോക്കല്‍ അതോറിറ്റികളില്‍ നിഷിപ്തമായ ഗ്രന്ഥശാലാസംബന്ധമായ ചുമതലകളുടെ നിര്‍വഹണത്തിന്റെ മേല്‍നോട്ടവും മന്ത്രിക്കു നല്കി. ഗ്രന്ഥശാലാ സര്‍വീസ് ഒരവശ്യസര്‍വീസായി അംഗീകരിക്കുന്ന രീതിയിലായിരുന്നു 1964-ലെ ആക്റ്റിന്റെ രൂപവും ഭാവവും. രാജ്യത്തൊട്ടാകെ ഏകീകൃത നിലവാരത്തിലുള്ള ഗ്രന്ഥശാലാസേവനം നല്കുന്ന കാര്യത്തില്‍ ഈ നിയമം ഊന്നല്‍ കൊടുത്തു.
1972-ലെ ബ്രിട്ടീഷ് ലൈബ്രറി ആക്റ്റ് ഗ്രന്ഥശാലാ പ്രസ്ഥാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതായിരുന്നു. ഈ ആക്റ്റനുസരിച്ച് ബ്രിട്ടീഷ് മ്യൂസിയം ലൈബ്രറിയും അതുപോലെ ദേശീയ പ്രാധാന്യമുള്ള മറ്റു ലൈബ്രറികളും സംയോജിപ്പിച്ച് ബ്രിട്ടീഷ് ലൈബ്രറിയെന്ന നാമധേയത്തില്‍ ബ്രിട്ടീഷ് ലൈബ്രറി ബോര്‍ഡ് എന്ന ഒറ്റ അതോറിറ്റിയുടെ കീഴിലാക്കി. പല സ്ഥലത്തായി ഇപ്പോള്‍ സ്ഥിതിചെയ്യുന്ന ബ്രിട്ടീഷ് ലൈബ്രറിയുടെ വിഭാഗങ്ങള്‍ ഒരു സ്ഥലത്തേക്കു മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ഗ്രന്ഥശാലകള്‍ തമ്മിലുള്ള സഹകരണത്തിന് വളരെ ശക്തമായ ഒരു സംവിധാനമാണ് ബ്രിട്ടനിലുള്ളത്. ഏതെങ്കിലും ഒരു ഗ്രന്ഥശാലയില്‍ അംഗമായി ചേരുന്ന ഒരാള്‍ക്ക് ആവശ്യമുള്ള പുസ്തകമോ മറ്റേതെങ്കിലും രേഖയോ രാജ്യത്തുള്ള ഏതു ഗ്രന്ഥശാലയില്‍ നിന്നും എളുപ്പം കിട്ടുവാന്‍ സാധിക്കുന്ന ഒരു സംവിധാനമാണ് ബ്രിട്ടനില്‍ ഉള്ളത്. ഈ രംഗത്ത് ബ്രിട്ടന്‍ മറ്റു രാജ്യങ്ങള്‍ക്ക് ഒരു മാതൃക തന്നെയാണെന്നു പറയാം.
ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും ഗ്രന്ഥശാലാസംഘടനകള്‍ക്കു നല്കാവുന്ന സേവനങ്ങള്‍ ശക്തമായി കാഴ്ചവയ്ക്കുന്ന സംഘടനകളാണ് ലൈബ്രറി അസോസിയേഷന്‍, അസോസിയേഷന്‍ ഒഫ് സ്പെഷ്യല്‍ ലൈബ്രറീസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ എന്നിവ. ഗ്രന്ഥശാലാവികസനപരമായ എല്ലാ സംരംഭങ്ങളിലും ലൈബ്രറി അസോസിയേഷനുകള്‍ ഉള്‍പ്പെട്ടിരുന്നു.
ബ്രിട്ടനിലെ ഗ്രന്ഥശാലാപ്രസ്ഥാനത്തെപ്പറ്റി പ്രതിപാദിക്കുമ്പോള്‍ ഈ രംഗത്ത് ബ്രിട്ടീഷ് കൗണ്‍സില്‍ നല്‍കുന്ന സേവനങ്ങള്‍ പരാമര്‍ശിക്കാതിരിക്കുവാന്‍ സാധ്യമല്ല. 68 രാജ്യങ്ങളിലായി 112 ലൈബ്രറികള്‍ ബ്രിട്ടീഷ് കൗണ്‍സില്‍ നടത്തുന്നുണ്ട്. ഈ രാജ്യങ്ങളിലെ ഗ്രന്ഥശാലയ്ക്കുള്ള മാതൃകയെന്ന രീതിയിലാണ് ഈ ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനം. ഇന്ത്യയില്‍ വളരെ വിലയേറിയ സേവനങ്ങള്‍ നല്കിക്കൊണ്ടിരിക്കുന്ന പല ഗ്രന്ഥശാലകളും ബ്രിട്ടീഷ് കൗണ്‍സില്‍ നടത്തുന്നുണ്ട്. ഗ്രന്ഥശാലകള്‍ നടത്തുന്നതു കൂടാതെ, ബ്രിട്ടനിലെ സര്‍വകലാശാലകളില്‍ നിന്ന് ലൈബ്രറി സയന്‍സില്‍ പരിശീലനം നേടുന്നതിനുള്ള സഹായവും ബ്രിട്ടീഷ് കൗണ്‍സില്‍ നല്കുന്നുണ്ട്.
ബ്രിട്ടനിലെ ലൈബ്രറി രംഗം വളരെ പ്രോത്സാഹജനകമായ ഒന്നാണ്. വിദ്യാഭ്യാസപരമായും സാമൂഹികമായും സാംസ്കാരികമായും ഗ്രന്ഥശാലകള്‍ക്കു നല്കാവുന്ന വിലയേറിയ സേവനങ്ങളെപ്പറ്റി സമൂഹത്തിനുള്ള വിശ്വാസം പ്രതിഫലിക്കുന്ന ഒരു ഗ്രന്ഥശാലാപ്രസ്ഥാനമാണ് ബ്രിട്ടനിലുള്ളത്.
ഏതാണ്ട് 200 വര്‍ഷത്തെ പഴക്കമുള്ള ശക്തമായ ഒരു ഗ്രന്ഥശാലാപ്രസ്ഥാനമാണ് യു.എസ്സിലുള്ളത്. ഇന്ത്യയിലെപ്പോലെ ഗ്രന്ഥശാലകള്‍ യു.എസ്സിലും ഒരു സംസ്ഥാന വിഷയമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് അവ നടത്തുന്നത്. സംസ്ഥാന ഗവണ്‍മെന്റ് നല്കുന്ന ധനസഹായത്തിനു പുറമേ 1950 മുതല്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെ ധനസഹായവും ഗ്രന്ഥശാലകള്‍ക്കു ലഭിക്കുന്നുണ്ട്. ന്യൂനപക്ഷങ്ങള്‍, ശാരീരികമായും മാനസികമായും പിന്നോക്കാവസ്ഥയിലുള്ളവര്‍ എന്നീ പ്രത്യേക വിഭാഗങ്ങള്‍ക്കു വേണ്ടിയുള്ള സേവനങ്ങള്‍ പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. വമ്പിച്ച ഗ്രന്ഥശേഖരമുള്ള അനവധി ഗ്രന്ഥശാലകള്‍ യു.എസ്സിലുണ്ട്. ഇതിന്റെ മുന്‍പന്തിയില്‍ നില്ക്കുന്നത് വാഷിങ്ടണിലെ ലൈബ്രറി ഒഫ് കോണ്‍ഗ്രസാണ്. യു.എസ്സിലെ സര്‍വകലാശാലാ ലൈബ്രറികള്‍ പ്രസിദ്ധമാണ്. ഹാര്‍വാര്‍ഡ് സര്‍വകലാശാലാ ലൈബ്രറിയാണ് ഈ ഇനത്തില്‍പ്പെട്ട ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറി എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.
യു.എസ്സില്‍ അനേകം, ഉദ്ദേശം പതിനായിരത്തിലേറെ, ഗവേഷണ ഗ്രന്ഥശാലകളുണ്ട്. ഗ്രന്ഥശേഖരത്തിന്റെ ഉപഭോഗം പങ്കുവയ്ക്കുന്നതിനുള്ള സംവിധാനം ഗവേഷണ ലൈബ്രറി രംഗത്ത് പ്രത്യേകമായുണ്ട്.
ശക്തമായ ഗ്രന്ഥശാലാസംഘടനകളുടെ സേവനം കൊണ്ടുള്ള പ്രയോജനം യു.എസ്സിലും പ്രകടമായി കാണാവുന്നതാണ്. ഏറ്റവും പ്രബലമായതും രാജ്യമൊട്ടാകെ പ്രവര്‍ത്തനം വ്യാപിച്ചിട്ടുള്ളതുമായ സംഘടന അമേരിക്കന്‍ ലൈബ്രറി അസോസിയേഷനാണ്. ഗ്രന്ഥശാലാസംബന്ധമായ എല്ലാ മേഖലകളിലും ഇത് സജീവമായി പ്രവര്‍ത്തിച്ചുപോരുന്നു.
നവീന ഗ്രന്ഥശാലാ വിദ്യാഭ്യാസത്തിന്റെ തുടക്കം യു.എസ്സിലായിരുന്നു. ഇതിനു നേതൃത്വം കൊടുത്തത് ലോക പ്രശസ്ത ലൈബ്രറേറിയനായിരുന്ന മെല്‍വിന്‍ ഡ്യൂയി ആണ്. 1876-ല്‍ കൊളംബിയാ യൂണിവേഴ്സിറ്റിയില്‍ തുടങ്ങിയ ലൈബ്രറി സയന്‍സ് കോഴ്സായിരുന്നു ഇന്നത്തെ ലൈബ്രറി വിദ്യാഭ്യാസത്തിന്റെ ആരംഭം.
ഗ്രന്ഥശാലകള്‍ സമൂഹത്തിനു പ്രയോജനപ്രദമായ വിധത്തില്‍ വികസിപ്പിച്ചെടുക്കുന്നതില്‍ മാത്രമല്ല യു.എസ്. ഊന്നല്‍ കൊടുത്തിട്ടുള്ളത്. വിജ്ഞാനത്തിന്റെ സംവിധാനവും അവ ഉപയോഗിക്കുന്നതിനുള്ള മാര്‍ഗങ്ങളും സംബന്ധിച്ച സാങ്കേതികമായിട്ടുള്ള പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതില്‍ മുന്‍കൈ എടുക്കുന്നതും, യു.എസാണ്. കംപ്യൂട്ടറിന്റെ സഹായത്തോടെ വിജ്ഞാനം ശേഖരിച്ച് ഡേറ്റാബേസുകള്‍ സ്ഥാപിച്ച്, ആ വിജ്ഞാനം വേണ്ടവര്‍ക്ക്, അവര്‍ എവിടെ ആയിരുന്നാലും, ടെലികമ്യൂണിക്കേഷന്റെ സഹായത്തോടെ എത്തിച്ചു കൊടുക്കുന്നതിനു മുന്‍കൈ എടുത്തു പ്രവര്‍ത്തിക്കുന്നുണ്ട്.
സമൂഹത്തിന്റെയും വ്യക്തികളുടെയും നാനാമുഖമായ വളര്‍ച്ച ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഗ്രന്ഥശാലാസംവിധാനമാണു സോവിയറ്റ് യൂണിയനിലുണ്ടായിരുന്നത്. ഒരു നാഷണല്‍ ലൈബ്രറി (ലെനിന്‍ സ്റ്റേറ്റ് ലൈബ്രറി), 15 സ്റ്റേറ്റ് ലൈബ്രറികള്‍, അനേകം സെന്‍ട്രല്‍ ലൈബ്രറികള്‍, മറ്റ് അനേകായിരം പബ്ലിക് ലൈബ്രറികള്‍ എന്നിവയുള്‍പ്പെട്ടതായിരുന്നു ഈ ഗ്രന്ഥശാലാസംവിധാനം. കൂടാതെ വിപുലമായ ഗ്രന്ഥശേഖരമുള്ളതും നന്നായി പ്രവര്‍ത്തിക്കുന്നതുമായ അക്കാദമിക് ലൈബ്രറി സിസ്റ്റവും ഗവേഷണ ലൈബ്രറി സിസ്റ്റവുമുണ്ടായിരുന്നു. സ്കൂള്‍ ഗ്രന്ഥശാലകളുടെ കാര്യത്തില്‍ സോവിയറ്റ് യൂണിയന്‍ വളരെ മുന്നിലാണ്. 1.5 ലക്ഷത്തില്‍പ്പരം സ്കൂള്‍ ലൈബ്രറികള്‍ 1978-ല്‍ ഉണ്ടായിരുന്നു. ഒരാള്‍ക്ക് ശ.ശ. 6.2 പുസ്തകങ്ങള്‍ ഉണ്ടായിരുന്നതായി കണക്കാക്കിയിട്ടുണ്ട്. സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിനുശേഷമുള്ള സ്ഥിതി വ്യക്തമല്ല. എങ്കിലും സോവിയറ്റ് യൂണിയനിലെ ഏറ്റവും വലിയ ഘടകമെന്ന നിലയില്‍ ഭൂരിഭാഗം ഗ്രന്ഥശാലകളും റഷ്യയിലായിരിക്കും.
അന്താരാഷ്ട്ര സംഘടനകള്‍. ആഗോളതലത്തില്‍ ഗ്രന്ഥശാലാപ്രസ്ഥാനം ശക്തിപ്പെടുത്തുന്നതില്‍ പല അന്താരാഷ്ട്ര സംഘടനകളും കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്.
ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഫോര്‍ ഡോക്യൂമെന്റേഷന്‍ അഥവാ ഫെഡറേഷന്‍ ഇന്റര്‍നാഷണല്‍ ഡി ഡോക്യുമെന്റേഷന്‍ (എഫ്.ഐ.ഡി.) 1895-ല്‍ സ്ഥാപിതമായി. ഇതിന്റെ രണ്ടു ഉദ്ദേശ്യങ്ങള്‍ ഒരു യൂണിവേഴ്സല്‍ ബിബ്ലിയോഗ്രാഫി നിര്‍മിക്കുകയെന്നതും അതിലേക്കായി ഡെസിമല്‍ ക്ലാസ്സിഫിക്കേഷന്‍ വികസിപ്പിച്ചെടുക്കുകയെന്നതുമായിരുന്നു. രണ്ടാമത്തെ ഉദ്ദേശ്യത്തിന്റെ സഫലീകരണമായാണ് യൂണിവേഴ്സല്‍ ഡെസിമല്‍ക്ലാസ്സിഫിക്കേഷന്‍ രൂപം കൊണ്ടത്.
1978-ല്‍ അഞ്ചിന പരിപാടിക്കു എഫ്.ഐ.ഡി. രൂപം കൊടുത്തു.
1.ഇന്‍ഫര്‍മേഷന്‍ സയന്‍സിന്റെ സൈദ്ധാന്തികവും ഭാഷാപരവുമായ അടിസ്ഥാനത്തെ സംബന്ധിച്ച പഠനം.
2.ഇന്‍ഫര്‍മേഷന്‍ സംവിധാനവും തത്സംബന്ധമായ സാങ്കേതിക തത്ത്വങ്ങളും.
3.ഇന്‍ഫര്‍മേഷന്‍ പ്രവര്‍ത്തകര്‍ക്കും ഉപഭോക്താക്കള്‍ക്കും വേണ്ടിയുള്ള വിദ്യാഭ്യാസവും പരിശീലനവും.
4.ഇന്‍ഫര്‍മേഷന്‍ സിസ്റ്റം രൂപീകരിക്കുന്നതും അതിന്റെ ഭരണനിര്‍വഹണവും.
5.ഉപഭോക്താക്കളുടെ ആവശ്യങ്ങളെയും സമീപനങ്ങളെയും സംബന്ധിച്ച പഠനം.
എഫ്.ഐ.ഡിയുടെ ഏറ്റവും മുകള്‍ത്തട്ടിലെ അതോറിറ്റി അതിന്റെ ജനറല്‍ അസംബ്ലിയാണ്.
ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഒഫ് ലൈബ്രറി അസോസിയേഷന്‍സ് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് (ഇഫ്ളാ) ആരംഭിച്ചത് 1927-ലാണ്. ഗ്രന്ഥശാലാരംഗത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര സംഘടനയാണിത്. ഇത് അന്താരാഷ്ട്ര ലൈബ്രറി പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ഉപാധിയായി പ്രവര്‍ത്തിക്കുന്നു. യുണെസ്കോയുടെ ഗ്രന്ഥശാല സംബന്ധിച്ച പല പരിപാടികളും നടപ്പിലാക്കുന്ന ഒരു ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നുണ്ട്. ലൈബ്രറി ഇന്‍ഫര്‍മേഷന്‍ സര്‍വീസ് വികസിപ്പിക്കുന്നതു സംബന്ധിച്ച പരിപാടികളില്‍ പങ്കെടുക്കുകയും യുനിസിസ്റ്റ് (UNISIST), നാറ്റിസ് (NATIS) എന്നിവയുടെ എല്ലാ പരിപാടികളിലും ഉള്‍പ്പെട്ടു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇതിന്റെ 58-ാമത്തെ കോണ്‍ഫറന്‍സ് 1992 ആഗ.-സെപ്. മാസത്തില്‍ ഡല്‍ഹിയില്‍ വച്ചു നടന്നു.
ആരംഭം മുതല്‍ യുണെസ്കോ ഗ്രന്ഥശാലാരംഗത്ത് സജീവമായിരുന്നു. പല രാജ്യങ്ങളിലും ഗ്രന്ഥശാലകളും ഡോക്യുമെന്റേഷന്‍ കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിനു മുന്‍കൈയെടുക്കുകയും ധനസഹായം നല്കുകയും ചെയ്തു. ഡല്‍ഹി പബ്ലിക് ലൈബ്രറിയും ഇന്‍സ്ഡോക്കും ഇതിനുദാഹരണങ്ങളാണ്. യുണിസിസ്റ്റ്, നാറ്റിസ് എന്നീ പരിപാടികള്‍ക്കു രൂപം കൊടുത്തത് യുണെസ്കോ ആയിരുന്നു. പബ്ലിക് ലൈബ്രറികളുടെ പ്രാധാന്യം കണക്കിലെടുത്ത് യുണെസ്കോ ഒരു പബ്ലിക് ലൈബ്രറി മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നോ: ഗ്രന്ഥശാല
(പ്രൊഫ. കെ.എ. ഐസക്; മാവേലിക്കര അച്യുതന്‍)