This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗോല്‍ക്കൊണ്ട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗോല്‍ക്കൊണ്ട

ആന്ധ്രപ്രദേശില്‍ നിലനിന്നിരുന്ന ഒരു പുരാതന നഗരം. ഇപ്പോള്‍ ഗോല്‍ക്കൊണ്ട എന്ന നഗരത്തിന്റെ സ്ഥാനത്ത് ഒരു കോട്ട മാത്രമാണുള്ളത്.

ഹൈദരാബാദിലെ ഗോല്‍ക്കൊണ്ട കോട്ട
കുത്തബ്സാഹി രാജാക്കന്മാരുടെ ശവകുടീരങ്ങളിലെ മിനാറുകളിലൊന്ന്

ആന്ധ്രപ്രദേശിന്റെ തലസ്ഥാനമായ ഹൈദരാബാദിന് 11 കി.മീ പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. മൂസി നദിക്കു വടക്കും തെക്കുമായി വ്യാപിച്ചു കിടക്കുന്ന ഹൈദരാബാദ് പ്രവിശ്യയിലെ വിശാലമായ ഒരു പ്രദേശമാണ് ഗോല്‍ക്കൊണ്ട.

15-ാം ശ.-ത്തിലും 16-ാം ശ.-ത്തിലും ശക്തമായ രാജഭരണത്തിന്‍ കീഴിലായിരുന്ന ഗോല്‍ക്കൊണ്ടനഗരത്തിന് വളരെ സുപ്രധാന സ്ഥാനമാണുണ്ടായിരുന്നത്. ഭാമിനി സാമ്രാജ്യത്തിലെ ഒരു ഭരണ പ്രദേശത്തിന്റെ പേരിനോട് ചേര്‍ന്ന് 'തിലാങ്ങ്' എന്ന പേരിലാണ് മുമ്പ് ഗോല്‍ക്കൊണ്ടനഗരം അറിയപ്പെട്ടിരുന്നത്. ഇവിടത്തെ ഭരണാധികാരിയായിരുന്ന ക്യൂലി സുല്‍ത്താന്‍ 1512-ല്‍ സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും 'ഷിയാ സാമ്രാജ്യം' എന്ന പേരില്‍ ഒരു സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു. 1687 വരെ ഷിയാ സാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്നു ഗോല്‍ക്കൊണ്ട.

ക്യൂലി സുല്‍ത്താന്റെ ഭരണകാലം യുദ്ധങ്ങള്‍ നിറഞ്ഞതായിരുന്നു. വിജയനഗര സാമ്രാജ്യവുമായി ശത്രുതയിലായിരുന്ന ഇദ്ദേഹം സാമ്രാജ്യ വികസനത്തിനായി വളരെയധികം പരിശ്രമിച്ചു. 1543-ല്‍ ഇദ്ദേഹത്തിന്റെ 98-ാം വയസ്സില്‍ ഭരണം കൈക്കലാക്കുന്നതിനായി പുത്രന്‍ ജംഷീദ് ഇദ്ദേഹത്തെ വധിച്ചു. ജംഷീദിന്റെ ഭരണകാലത്ത് ഒരു വിധത്തിലുള്ള സമാധാനവും രാജ്യത്ത് നിലനിന്നില്ല. പിതാവിന്റെ ഘാതകനെന്ന പേര് അദ്ദേഹത്തെ ഏറെ കുപ്രസിദ്ധനാക്കി. ജംഷീദിന്റെ ക്രൂരത നിറഞ്ഞ പെരുമാറ്റം താങ്ങാനാകാതെ സഹോദരനായ ഇബ്രാഹിം വിജയനഗരത്തില്‍ അഭയം തേടി. ജംഷീദിന്റെ കാലശേഷം അദ്ദേഹത്തിന്റെ പുത്രന്‍ ഭരണാധികാരിയായെങ്കിലും 1550-ല്‍ ഇബ്രാഹിം തിരികെവന്ന് ഭരണച്ചുമതല ഏറ്റെടുത്തു. 1550 മുതല്‍ 80 വരെയുള്ള ഇബ്രാഹിമിന്റെ ഭരണകാലം തിലാങ്ങിന്റെ ചരിത്രത്തിലെ ശ്രദ്ധേയമായ കാലഘട്ടമായിരുന്നു. സംസ്കാര സമ്പന്നനായ അദ്ദേഹം ഒരു ഭാഷാ പണ്ഡിതനുമായിരുന്നു. മതസഹിഷ്ണുതയും ഹിന്ദുക്കളോടും മുസ്ലിങ്ങളോടുമുള്ള സമാന സഹവര്‍ത്തിത്വവും അദ്ദേഹത്തെ വളരെ പ്രസിദ്ധനാക്കി. 'ഷാ' എന്ന സ്ഥാനപ്പേരു സ്വീകരിച്ച ആദ്യത്തെ ഭരണാധികാരിയായിരുന്നു ഇബ്രാഹിം. അദ്ദേഹത്തിന്റെ ഭരണത്തിന്റെ പ്രാരംഭകാലത്ത് വിജയനഗരവുമായി വളരെ അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. എന്നാല്‍ വിജയനഗര രാജാവായ രാമരായന്റെ പിന്നീടുള്ള പെരുമാറ്റത്തില്‍ കോപിഷ്ഠനായ ഇബ്രാഹിം ശത്രുപക്ഷത്തു ചേര്‍ന്നു.

1580-ല്‍ ഇബ്രാഹിമിന്റെ മരണശേഷം അദ്ദേഹത്തിന്റെ പുത്രനായ മുഹമ്മദ് ക്യൂലി ഭരണാധികാരിയായി. ഹൈദരാബാദ് നഗര സ്ഥാപകന്‍, ആദ്യത്തെ 'ദിവാനി'യുടെ രചയിതാവ് എന്നീ നിലകളില്‍ പ്രശസ്തനായ ഇദ്ദേഹം ഗോല്‍ക്കൊണ്ടയുടെ വികസനത്തില്‍ ശ്രദ്ധേയമായ പങ്കു വഹിച്ചിട്ടുണ്ട്. 1612-ല്‍ ഇദ്ദേഹത്തിന്റെ മരണശേഷം, അനന്തരവനായ മുഹമ്മദ് ഭരണാധികാരിയായി. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ഗോല്‍ക്കൊണ്ട സമാധാനം നിലനിന്നിരുന്ന ഒരു രാജ്യമായിരുന്നു. ഇദ്ദേഹത്തെത്തുടര്‍ന്ന് 12 വയസ്സുകാരനായ പുത്രന്‍ അബ്ദുള്ള രാജ്യാധികാരിയായി. അബ്ദുള്ളയ്ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ മാതാവായ ഹയത്ത് ബഖ്ഷാ ബീഗമാണ് ഭരണം നടത്തിയിരുന്നത്. പ്രായപൂര്‍ത്തിയായതോടെ സുഖലോലുപനും ദുര്‍ബലനുമായിത്തീര്‍ന്ന രാജാവിന് മുഗള്‍ രാജാക്കന്മാരെ ചെറുത്തു നില്‍ക്കാന്‍ ശക്തി നന്നേ കുറവായിരുന്നു. തന്മൂലം 1656-ല്‍ മുഗള്‍ രാജാവിന് ഹൈദരാബാദില്‍ തന്റെ ആസ്ഥാനം ഉറപ്പിക്കുന്നതിനു കഴിഞ്ഞു. 1672-ല്‍ അബ്ദുള്ളയുടെ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ ജാമാതാവ് അബുല്‍ ഹസ്സന്‍ ഭരണം ഏറ്റെടുത്തു. 1685-ല്‍ അറംഗസേബിന്റെ സൈന്യം ഗോല്‍ക്കൊണ്ടയില്‍ ആധിപത്യം ഉറപ്പിച്ചതിനെത്തുടര്‍ന്ന് രാജാവ് അബുല്‍ ഹസ്സന്‍ ഗോല്‍ക്കൊണ്ട കോട്ടയില്‍ അഭയം പ്രാപിച്ചു. 1687-ല്‍ മുഗള്‍ സൈന്യം ഗോല്‍ക്കൊണ്ട കോട്ട കയ്യടക്കുകയും രാജാവിനെ തടവുകാരനാക്കി ദൌലത്താബാദിലേക്കു കൊണ്ടുപോവുകയും ചെയ്തു. തുടര്‍ന്ന് അവസാനത്തെ ഭാമിനി ഭരണകേന്ദ്രമായ തിലാങ് മുഗള്‍ സാമ്രാജ്യത്തില്‍ ചേര്‍ക്കപ്പെട്ടു. തിലാങ് എന്ന പേര് അതോടെ അപ്രത്യക്ഷമായി. തുടര്‍ന്നുള്ള കാലഘട്ടത്തില്‍ ഗോല്‍ക്കൊണ്ട എന്ന പേരുമാത്രം അറിയപ്പെടാന്‍ തുടങ്ങി.

ഗോല്‍ക്കൊണ്ട നഗരം ഇപ്പോള്‍ നിലവിലില്ല. ഗോല്‍ക്കൊണ്ട എന്ന പേരില്‍ ഇപ്പോള്‍ അറിയപ്പെടുന്നത് ഗോല്‍ക്കൊണ്ട കോട്ടയാണ്. ഹൈദരാബാദ് നഗരത്തില്‍ നിന്ന് 8 കി.മീ. പടിഞ്ഞാറായി 17° 15' വടക്കും രേഖാ. 78° 32' കിഴക്കുമായി ഒരു കുന്നിന്‍ പ്രദേശത്താണ് കോട്ട സ്ഥിതിചെയ്യുന്നത്. ഗ്രാനൈറ്റ് ശിലയില്‍ത്തീര്‍ത്ത ഈ കോട്ടയുടെ ചുറ്റളവ് 5 കി. മീറ്ററാണ്. കൊത്തുകല്ലില്‍ തീര്‍ത്ത മതില്‍ക്കെട്ടിനുള്ളില്‍ കൊട്ടാരങ്ങളും പള്ളികളും കാണാം.

കുത്തബ് സാഹിയുടെ ശവകുടീരം കേടുപാടുകളൊന്നും കൂടാതെ ഇപ്പോഴും ഇവിടെ നിലനില്‍ക്കുന്നു. ഗോല്‍ക്കൊണ്ട കോട്ട ഇപ്പോള്‍ ആന്ധ്രപ്രദേശിലെ ഒരു ഖജനാവായും പ്രധാന തടവറയായുമാണ് ഉപയോഗിക്കുന്നത്. ഹൈദരാബാദ് നൈസാമിന്റെ കുടുംബാംഗങ്ങളെ ഈ കോട്ടയ്ക്കുള്ളിലാണ് തടവുകാരാക്കിയിരുന്നത്. അദ്ദേഹത്തിന്റെ ഭാര്യ, അമ്മ, ഇളയ രണ്ടു പുത്രന്മാര്‍ എന്നിവര്‍ ഇക്കൂട്ടത്തില്‍പ്പെടും. രാജ്യത്തെ പ്രമുഖര്‍ക്കും വന്‍കച്ചവടക്കാര്‍ക്കും ഈ കോട്ടയ്ക്കുള്ളില്‍ ഭവനങ്ങള്‍ നിര്‍മിക്കാന്‍ അനുവാദം നല്കിയിരിക്കുന്നു. കോട്ടയ്ക്കുള്ളില്‍ പൂര്‍ണ സുരക്ഷിതത്വം ലഭ്യമാക്കുന്നതിനാല്‍ സമാധാന ജീവിതം നയിക്കാന്‍ കഴിയും എന്നതാണ് പ്രത്യേകത. വിലയേറിയ വൈരങ്ങളുടെ കലവറയുമാണ് ഗോല്‍ക്കൊണ്ട കോട്ട. ഈ കോട്ടയ്ക്കുള്ളില്‍ പ്രശസ്തമായ ഗോല്‍ക്കൊണ്ട വൈരങ്ങള്‍ കച്ചവടത്തിനായി സൂക്ഷിച്ചിരിക്കുന്നു. ഗോല്‍ക്കൊണ്ട കോട്ടയ്ക്കുള്ളില്‍ കാണപ്പെടുന്ന വാസ്തുശില്പകലാരൂപങ്ങള്‍ വടക്കേ ഇന്ത്യയിലുള്ളവയില്‍ നിന്ന് വ്യത്യസ്തമായ ശൈലിയില്‍ തീര്‍ത്തവയാണ്.

പാശ്ചാത്യനാടുകളില്‍ ഒരു വജ്രഖനന കേന്ദ്രമായാണ് ഗോല്‍ക്കൊണ്ട അറിയപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവിടെ വജ്രഖനികളൊന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല. മുന്‍പ് വജ്രഖനികള്‍ ഉണ്ടായിരുന്നതിന് തെളിവുകളുമില്ല. ഗോല്‍ക്കൊണ്ടയ്ക്കു സമീപത്തുള്ള 'നീലമുള്ളാ' പര്‍വതത്തിന്റെ താഴ്വാരത്തിലെ സമതലത്തില്‍ പെന്ന, കൃഷ്ണ എന്നീ നദീതീരപ്രദേശങ്ങളിലടിയുന്ന എക്കല്‍മണ്ണിലാണ് പ്രശസ്തമായ ഗോല്‍ക്കൊണ്ട വൈരഖനികള്‍ സ്ഥിതിചെയ്യുന്നത്. പ്രകൃതിയില്‍ നിന്നു ലഭിക്കുന്ന വജ്രങ്ങള്‍ മിനുസപ്പെടുത്തുന്നതിനും രൂപപ്പെടുത്തുന്നതിനുമായി ഗോല്‍ക്കൊണ്ടയില്‍ കൊണ്ടുവരുന്നതിനാലാകാം ഇവയ്ക്ക് ഗോല്‍ക്കൊണ്ട വൈരങ്ങള്‍ എന്ന പേരു ലഭിച്ചത്. പ്രശസ്തമായ ഈ വജ്രങ്ങള്‍ വളരെയധികം വിലപിടിപ്പുള്ളതും നല്ല ഗുണനിലവാരമുള്ളതുമാണ്. ഈ വജ്രങ്ങളുടെ ഉദ്ഭവം ഖനികള്‍ക്കു സമീപമുള്ള കണ്‍ഗ്ളോമറേറ്റ് ശിലകളില്‍ നിന്നാകുന്നു.

(ജെ.കെ. അനിത)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍