This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗൂഡ്റിക്ക്, ജോണ്‍ (1764 - 86)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗൂഡ്റിക്ക്, ജോണ്‍ (1764 - 86)
Goodricke, John
ഡച്ച്-ബ്രിട്ടീഷ് ജ്യോതിശ്ശാസ്ത്രജ്ഞന്‍. 1764 സെപ്. 17-ന് നെതര്‍ലന്‍ഡിലെ ഗ്രോനിന്‍ഗനില്‍ (Groningen) ജനിച്ചു. 22-ാം വയസ്സില്‍ മൃതിയടഞ്ഞ ഇദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങള്‍ നക്ഷത്രജ്യോതിശ്ശാസ്ത്രത്തില്‍ ഒരു പുതുശാഖയ്ക്ക് തുടക്കം കുറിച്ചു. ഇദ്ദേഹത്തിന്റെ ബാല്യകാലത്തെപ്പറ്റി മതിയായ രേഖകളൊന്നും ലഭ്യമല്ല. ജന്മനാതന്നെ മൂകനും ബധിരനും ആയിരുന്ന ഗൂഡ്റിക്ക്, വാറിങ്ടണ്‍ അക്കാദമിയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 18-ാം വയസ്സുമുതല്‍ ചരനക്ഷത്രങ്ങളെക്കുറിച്ചുള്ള പഠനങ്ങളില്‍ മുഴുകി. തന്റെ നിരീക്ഷണഫലങ്ങള്‍ വെളിപ്പെടുത്തുന്ന പല പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചുവെങ്കിലും ഒരു നൂറ്റാണ്ടിനുശേഷം മാത്രമേ ജ്യോതിശ്ശാസ്ത്രകാരന്മാര്‍ക്കിടയില്‍ ഇവയ്ക്കു അംഗീകാരം ലഭിച്ചുള്ളൂ. വരാഹസമൂഹ (Perseus)ത്തിലെ ആല്‍ഗോള്‍ (Algol, β Persei) എന്ന നക്ഷത്രം ഒരു ഗ്രഹണ ഇരട്ടയാണെന്നും, അവ അന്യോന്യം പരിക്രമണം ചെയ്യുമ്പോള്‍ ഒന്നു മറ്റതിനെ മറയ്ക്കുന്നതുമൂലമാണ് ചരനക്ഷത്രമായി കാണപ്പെടുന്നതെന്നും കണ്ടെത്തിയത് ഗൂഡ്റിക്ക് ആണ്. ഈ നക്ഷത്രത്തിന്റെ പരിക്രമണകാലം 2 ദി. 20 മ. 49 മി. 9 സെ. എന്ന് ഏതാണ്ടു കൃത്യമായി നിര്‍ണയിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. പിന്നീട് ഇദ്ദേഹം ബീറ്റാ ലൈറെ (β Lyrae), ഡെല്‍റ്റാ സെഫി (γ Cephei) എന്നീ നക്ഷത്രങ്ങളുടെയും ചരകാലം (veriability) കണ്ടുപിടിച്ചു.
റോയല്‍ സൊസൈറ്റിയുടെ കോപ്ളി മെഡലിന് അര്‍ഹനായ ഗൂഡ്റിക്ക് 1786 ഏ.-ല്‍ സൊസൈറ്റിയുടെ ഫെലോഷിപ്പിനു തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ, രണ്ടാഴ്ച കഴിഞ്ഞ് 1786 ഏ. 20-ന് ഇംഗ്ലണ്ടിലെ യോര്‍ക്കില്‍ ഇദ്ദേഹം അകാലമൃത്യു വരിച്ചു.