This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗിര്‍ വനങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗിര്‍ വനങ്ങള്‍

ഗുജറാത്തിലെ ജൂനഗഡ് ജില്ലയിലുള്ള സംരക്ഷിത വനപ്രദേശം. 'ഏഷ്യന്‍ സിംഹഗൃഹം' എന്നു പ്രസിദ്ധമായ ഗീര്‍വനം 1965-ലാണ് ഒരു വന്യമൃഗസങ്കേതമായി മാറിയത്. ഇപ്പോള്‍ ഇത് സാസന്‍ ഗിര്‍ നാഷണല്‍ പാര്‍ക്ക് എന്നറിയപ്പെടുന്നു. അഹമ്മദാബാദില്‍നിന്ന് 373 കി.മീറ്ററും രാജ്കോട്ടില്‍നിന്ന് 166 കി.മീറ്ററും അകലത്തില്‍ സ്ഥിതിചെയ്യുന്ന ഇത് ഇന്ത്യയിലെ പ്രധാന നാഷണല്‍ പാര്‍ക്കുകളിലൊന്നാണ്.

ഗിര്‍ വനത്തിലെ സിംഹവും കുഞ്ഞും

ഏകദേശം 1250 ച.കി.മീ. വിസ്തൃതിയുള്ള ഈ സംരക്ഷിതവനപ്രദേശത്ത് ഇരുനൂറോളം സിംഹങ്ങളുണ്ട്. സിംഹത്തിനു പുറമേ പുള്ളിപ്പുലി, കാട്ടുപന്നി, കഴുതപ്പുലി, മാന്‍ തുടങ്ങിയ അനേകം മൃഗങ്ങളും കാണപ്പെടുന്നു. ഉള്ളിലേക്കു പോകുന്തോറും ഇടതിങ്ങിയ വനപ്രദേശമായതിനാല്‍ തീക്ഷ്ണമായ കാലാവസ്ഥയാണ് അനുഭവമാകുന്നത്. ഉഷ്ണകാലത്ത് 36oC മുതല്‍ 41oC വരെ ചൂട് അനുഭവപ്പെടുമ്പോള്‍ ജനുവരിയില്‍ 7oC മുതല്‍ 14oC വരെയാണ് താപനില. ജൂണ്‍ മധ്യം മുതല്‍ ഒ. മധ്യംവരെ തെ. പടിഞ്ഞാറന്‍ മണ്‍സൂണ്‍മൂലം മഴ സമൃദ്ധമായി കിട്ടുന്നു. ഇവിടത്തെ താരതമ്യേന വരണ്ട ഭൂമിയും, എന്നാല്‍ വെള്ളം തീരെ വറ്റിപ്പോകാത്ത അരുവികളും നിബിഡമായ കാടും പാറക്കെട്ടുകളും സിംഹങ്ങളുടെ താമസത്തിനും സ്വൈരവിഹാരത്തിനും അനുയോജ്യമാണ്.

നൈസര്‍ഗികാവാസകേന്ദ്രങ്ങളില്‍ വസിക്കുന്ന സിംഹങ്ങളെ യാതൊരു തടസവുമില്ലാതെ കാണാന്‍ കഴിയും. അതൊരപൂര്‍വദൃശ്യമാണ്. ഗിര്‍ വനങ്ങള്‍ക്കു പുറമേ ഇപ്രകാരം സിംഹങ്ങളെ കാണാനുള്ള സൗകര്യം ലോകത്തില്‍ കിഴക്കന്‍ ആഫ്രിക്കയിലാണുള്ളത്. വംശനാശത്തിനിരയായേക്കാമായിരുന്ന ഏഷ്യന്‍ സിംഹങ്ങളെ സംരക്ഷിക്കുന്നതിനും അവയുടെ വംശവര്‍ധനവിനു സഹായിക്കുന്നതിനും വേണ്ടിയാണ് ഈ വനപ്രദേശത്തെ വന്യമൃഗസങ്കേതമാക്കി മാറ്റിയത്. ഗിര്‍സിംഹങ്ങളുടെയും ആഫ്രിക്കന്‍ സിംഹങ്ങളുടെയും ഉത്പത്തി ഒരേ വംശത്തില്‍ നിന്നാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ക്കനുസൃതമായി പല മാറ്റങ്ങളും ഈ രണ്ടു സ്ഥലങ്ങളിലെയും സിംഹങ്ങളില്‍ കണ്ടുവരുന്നു.

ഗിര്‍ വനങ്ങളില്‍ കാണപ്പെട്ടിരുന്ന ഒരു പ്രത്യേക കന്നുകാലി വര്‍ഗമാണ് 'ഗിര്‍'. ക്ഷയിച്ചു തുടങ്ങിയ ഈ വര്‍ഗം ഇന്ന് ഇന്ത്യയില്‍ ഏതാനും സ്ഥലങ്ങളിലേ കാണുന്നുള്ളൂ. ഈ വിഭാഗത്തിലുള്ള കന്നുകാലികള്‍ക്ക് വര്‍ധിച്ച ക്ഷീരോത്പാദനശേഷിയും ശരീരഭാരവും ഉണ്ട്. സബര്‍മതി ആശ്രമം, പൂന, ഷോലാപൂര്‍, നാസിക് തുടങ്ങിയ ചില സ്ഥലങ്ങളില്‍ മാത്രമേ ഇപ്പോള്‍ ഇത്തരം കന്നുകാലികളെ വളര്‍ത്തുന്നുള്ളൂ.

മുള, തേക്ക് തുടങ്ങിയ വൃക്ഷങ്ങളാണ് ഗിര്‍വനത്തിലുള്ളത്. ഔഷധഗുണമുള്ള പല സസ്യങ്ങളും ഇവിടെയുണ്ട്. ഈ വനപ്രദേശത്തു വിവിധയിനം പക്ഷികളും കാണപ്പെടുന്നു.

വന്യമൃഗസങ്കേതമെന്നതിനു പുറമേ ഏതാനും വിശ്രമകേന്ദ്രങ്ങളും ഇവിടെയുണ്ട്. തുളസീശ്യാം എന്ന ഒഴിവുകാലകേന്ദ്രം ഗിര്‍ വനത്തിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു. ഇവിടെയുള്ള ലവണസമ്പുഷ്ടമായ നീരുറവ ഇതിനെ ഒരു ആരോഗ്യപരിപാലനകേന്ദ്രമെന്ന നിലയില്‍ വിശ്രുതമാക്കിയിട്ടുണ്ട്.

(ജെ.കെ. അനിത)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍