This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗിബ്ബണ്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗിബ്ബണ്‍
ഒരിനം ആള്‍ക്കുരങ്ങ്. ദക്ഷിണപൂര്‍വേഷ്യയില്‍, പ്രധാനമായും അസം, മ്യാന്മര്, സയാം, ഇന്തോചൈന, മലയ എന്നിവിടങ്ങളില്‍ ധാരാളമായി കാണപ്പെടുന്നു. ആള്‍ക്കുരങ്ങുകളില്‍ ഏറ്റവും ചെറിയ ഇനമാണിത്. പ്രൈമേറ്റ് എന്ന സസ്തനി വര്‍ഗത്തിലെ പോംഗിഡേ (Pongidae) കുടുംബത്തില്‍പ്പെട്ട ഹൈലോബേറ്റ്സ് (Hylobates) എന്ന ജീനസിലാണ് വാലില്ലാത്ത ഈ കുരങ്ങുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിന്ഡാക്ടൈലസ് (syundactylus -സിയാമങ് ഗിബ്ബണ്‍), ഹോളോക്ക് (hollock), കോണ്‍കോളര്‍ (concolor-കറുത്ത കൈകളുള്ള ഗിബ്ബണ്‍), മോളോക് (molock-ചാരഗിബ്ബണ്), ഏജിലിസ് (agilis-കറുത്ത ഗിബ്ബണ്‍), ക്ലോസി (klossi- കുള്ളന്‍ ഗിബ്ബണ്‍), ലാര്‍ (lar) എന്നിങ്ങനെ ഏഴ് സ്പീഷീസുകളാണ് ഈ ജീനസിലുള്ളത്. ഗൊറില്ല, ചിമ്പാന്‍സി എന്നിവയോളം വലുപ്പമില്ലാത്ത ഗിബ്ബണ്‍ നിവര്‍ന്നു നില്ക്കുമ്പോള് ഏകദേശം 90 സെമീ. പൊക്കം വരും. കൈകള്‍ ഇരുവശത്തേക്കും വിടര്‍ത്തിയാല്‍ ഒന്നരമീറ്ററോളം നീളം കാണും. പൂര്‍ണവളര്‍ച്ചയെത്തിയ ഗിബ്ബണ്‍ 9 കി. ഗ്രാമിലധികം തൂക്കം ഉണ്ടാവാറില്ല. എന്നാല്‍ സിയാമങ് ഇനത്തിന് പൊക്കവും തൂക്കവും ഇതിലും കൂടുതലായിരിക്കും.
വളരെ ശോഷിച്ച ശരീരമാണ് ഇവയ്ക്കുള്ളത്. കൈകാലുകള്‍ നീളമേറിയവയാണ്. സിയാമങ് സ്പീഷീസിലെ ഗിബ്ബണുകളുടെ രണ്ടാമത്തെയും മൂന്നാമത്തെയും വിരലുകള്‍ നേരിയ ചര്‍മത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. എല്ലായിനങ്ങളുടെയും കൈകള്‍ കാലുകളെക്കാള്‍ വളരെ ശോഷിച്ചവയും നീളമേറിയവയുമാണ്. നിവര്‍ന്നു നില്ക്കുന്ന ഗിബ്ബണിന്റെ കൈവിരലുകള്‍ തറയില്‍ തൊട്ടിരിക്കുന്ന സ്ഥിയിലാണ് കാണപ്പെടുക. ഉയര്‍ന്ന മരച്ചില്ലകളില്‍ പക്ഷികളെപ്പോലെ ചാടിപ്പറന്നു നടക്കുവാന്‍ ഇവയ്ക്കു കഴിയും. നീളമേറിയ കൈകള്‍ ഓരോന്നായി മരച്ചില്ലകളില്‍ മാറിമാറിപ്പിടിച്ച് തൂങ്ങിയാണ് ഇവ നീങ്ങുന്നത്. ഒറ്റക്കുതിപ്പിന് ഏഴു മീറ്ററോളം ചാടിക്കടക്കാനും ഇവയ്ക്കു കഴിയും. കൈകള്‍ രണ്ടും ഉയര്‍ത്തിപ്പിടിച്ച് രണ്ടു കാലില്‍ നടക്കാനാണ് ഇവ ഇഷ്ടപ്പെടുന്നത്. എന്നാല്‍ ഓടുമ്പോള്‍ നാല്‍ക്കാലിയായി മാറുകയും ചെയ്യും.
ഗിബ്ബണുകളുടെ മുഖത്തും ഉള്ളംകൈയിലും രോമം ഉണ്ടാവാറില്ല. മറ്റു ശരീരഭാഗങ്ങള്‍ രോമസമൃദ്ധമാണ്. സ്പീഷീസ്, ലിംഗം, പ്രായം എന്നിവയുടെ അടിസ്ഥാനത്തില്‍ ഇവയുടെ നിറം വ്യത്യസ്തമാകാറുണ്ട്. കറുപ്പോ തവിട്ടോ വെള്ളിയുടെ തിളക്കമാര്‍ന്ന ചാരനിറമോ ആണ് സാധാരണ കാണാറുള്ളത്. ശൈശവാവസ്ഥയില്‍ മിക്കയിനത്തിനും ചാരനിറമായിരിക്കും. പ്രായം ഏറുന്നതോടെ നിറത്തിലും നേരിയ വ്യതിയാനം ഉണ്ടാകുന്നു.
ഗിബ്ബണുകള്‍ താഴ്വാരങ്ങളിലാണ് രാത്രികാലം കഴിച്ചുകൂട്ടുന്നത്. എന്നാല്‍ നേരം പുലരുന്നതോടെ കുന്നിന്‍ചരിവിലെ മരങ്ങളില്‍ കയറി ഇരതേടാനാരംഭിക്കും. സസ്യാഹാരമാണ് ഇവയ്ക്കു പഥ്യം. കായ്കനികളും ചിലയിനം ചെടികളുടെ ഇളം തളിരും തണ്ടുമാണ് പ്രധാനാഹാരം. ചെറിയ പക്ഷികളെയും പ്രാണികളെയും ചിലപ്പോള്‍ പിടിച്ചുതിന്നാറുണ്ട്. മറ്റു മൃഗങ്ങള്‍ ചെയ്യുന്നതുപോലെ ഇവ തലകുനിച്ച് വെള്ളം കുടിക്കുകയും സാധാരണമല്ല. വെള്ളത്തില്‍ തങ്ങളുടെ നീണ്ടകൈകള്‍ മുക്കി നനച്ചെടുത്ത് വിരലിലെ ജലാംശം ഊറ്റിക്കുടിക്കുന്ന പതിവാണ് ഗിബ്ബണുള്ളത്.
പ്രത്യേകരീതിയില്‍ ശബ്ദമുണ്ടാക്കുവാനുള്ള ഒരു കഴിവും ഗിബ്ബണുകള്ക്കുണ്ട്. ഇവയുടെ തൊണ്ടയോടുചേര്ന്ന് സഞ്ചിപോലെയുള്ള ഒരുഭാഗമുണ്ട്. ശ്വാസം വലിച്ചെടുത്ത് ഈ സഞ്ചി വീര്‍പ്പിച്ചുകൊണ്ട് ഇവ ഉച്ചത്തില്‍ ശബ്ദം പുറപ്പെടുവിക്കും. പ്രഭാതത്തിലാണ് ഗിബ്ബണ്‍ സാധാരണയായി ഈ 'കൂവല്‍' ആരംഭിക്കുന്നത്. ഒരു ഗിബ്ബണ്‍ തുടങ്ങിവയ്ക്കുന്ന കൂവല്‍ മറ്റു ഗിബ്ബണുകള്‍ ഏറ്റെടുക്കുന്നു. അങ്ങനെ ഇതൊരു സംഘശബ്ദമായി മാറാറുണ്ട്. ഗിബ്ബണുകള്‍ കൂട്ടമായി വസിക്കുന്ന വനപ്രദേശത്തു വെളുപ്പാന്‍ കാലത്ത് ഇത്തരം ശബ്ദകോലാഹലങ്ങള്‍ പതിവാണ്.
ഗിബ്ബണുകള്‍ക്ക് പ്രത്യേക പ്രജനനകാലമില്ല. ഗര്‍ഭകാലം ഏഴുമാസമാണ്. ഒരു പ്രസവത്തില്‍ സാധാരണയായി ഒരു കുട്ടി മാത്രമേ കാണാറുള്ളു. രണ്ടുവര്‍ഷം കൂടുമ്പോള്‍ ഒരു കുട്ടിയെ പ്രസവിക്കുക എന്നതാണ് ഒരു ശ.ശ. കണക്ക്. ജനിക്കുമ്പോള്‍ കുട്ടിയുടെ കണ്ണുകള്‍ തുറന്നിരിക്കും. എന്നാല്‍ ശരീരത്തിലും കൈകാലുകളിലും രോമം ഉണ്ടായിരിക്കുകയില്ല. മാതാവ് കുട്ടിയെ മാറത്ത് അടുക്കിപ്പിടിച്ച് ചൂടുനല്കി സംരക്ഷിക്കും. മുട്ടുമടക്കിവച്ച് നെഞ്ചിനും തുടകള്‍ക്കുമിടയില്‍ തലപൂഴ്ത്തിവച്ചാണ് ഗിബ്ബണുകള്‍ തണുപ്പില്‍ നിന്നും രക്ഷപ്പെടാറുള്ളത്. ശിശുക്കളെ ഇതോടൊപ്പം തന്റെ സമൃദ്ധമായ രോമക്കൂട്ടിനുള്ളില് മാതാവ് സൂക്ഷിക്കുന്നു. ജനിച്ച ദിവസംതന്നെ മറ്റ് സഹായമൊന്നുമില്ലാതെ ശിശു തള്ളയുടെ ശരീരത്തില്‍ അള്ളിപ്പിടിച്ച് കയറുകയും ചെയ്യും. കുഞ്ഞുങ്ങള്‍ക്ക് ആറു വയസ്സാകുന്നതോടെ പ്രായപൂര്ത്തിയാകുമെങ്കിലും ഏതാണ്ട് പന്ത്രണ്ടു വയസ്സുവരെ മാതാവിനോടൊപ്പം തന്നെയാണു ജീവിക്കുന്നത്. അതിനുശേഷം ഒരു ഇണയെ കണ്ടെത്തി മാറിത്താമസിക്കും.
ഗിബ്ബണിന്റെ ശ.ശ. ആയുസ്സ് മുപ്പതുവര്‍ഷമാണ്. ബന്ധനാവസ്ഥയിലും ഇണചേരാനും പ്രസവിക്കാനും ഇവയ്ക്കു സാധിക്കുന്നു. ആള്‍ക്കുരങ്ങുകളുടെ കൂട്ടത്തില്‍ ശരീരവലുപ്പത്തിലും ബുദ്ധിപരമായ കഴിവുകളിലും ഏറ്റവും പിന്നില്‍ നില്ക്കുന്ന വര്‍ഗം കൂടിയാണ് ഇവ.