This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗാര്‍ബോ, ഗ്രെറ്റാ (1905 - 90)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗാര്‍ബോ, ഗ്രെറ്റാ (1905 - 90)
Garbo, Greta
സ്വീഡന്കാരിയായ യു.എസ്. ചലച്ചിത്രനടി. സ്റ്റോക്ഹോമിലെ (സ്വീഡന്) ഒരു ദരിദ്ര കുടുംബത്തില്‍ 1905 സെപ്. 18-ന് ഗ്രെറ്റാലോവിസാ ഗുസ്താഫ്സണ്‍ ജനിച്ചു. ഒരു സഹകരണസ്റ്റോറില് ക്ലാര്‍ക്കായി സേവനമനുഷ്ഠിച്ചുവരവേ, 14-ാം വയസ്സില്‍, സ്ഥാപനത്തിന്റെ പരസ്യത്തില്‍ ഗ്രെറ്റായുടെ ഫോട്ടോ ചേര്‍ത്തതോടെയാണ് അവര്‍ കൂടുതല്‍ പ്രസിദ്ധയായത്. ഇതോടെ രണ്ടു പരസ്യചിത്രങ്ങളില്‍ അഭിനയിക്കാനുള്ള ക്ഷണം കിട്ടി. തുടര്‍ന്ന് ഇ.എ. പെറ്റ്ഷലെറുടെ 'ദ് വഗബോണ്ട് ബാരണ്‍' എന്ന ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചു. 1923-ല്‍ സ്റ്റോക്ഹോമിലെ റോയല്‍ ഡ്രമാറ്റിക് തിയെറ്റര്‍ ട്രെയിനിങ് സ്കൂളില്‍ ചേര്‍ന്ന് അഭിനയം അഭ്യസിച്ചു. ജര്‍മനിയില്‍പ്പോയി, ജി.ഡബ്ള്യു. പാബ്സ്റ്റിന്റെ 'ജോയ്ലെസ് സ്ട്രീറ്റ്' എന്ന ചിത്രത്തിലും ഗാര്‍ബോ ഇക്കാലത്ത് അഭിനയിക്കുകയുണ്ടായി. മൗറിറ്റ്സ് സ്റ്റില്ലര്‍ എന്ന സംവിധായകന്റെ 'ഗോസ്താ ബേര്ലിങ്സ് സാഗ' (1924) എന്ന ചിത്രത്തിലെ അഭിനയമാണ് ഗാര്‍ബോയുടെ സിനിമാജീവിതത്തിലെ സര്‍വൈശ്വര്യങ്ങള്‍ക്കും നിദാനം. ഗാര്‍ബോയുടെ കഴിവുകള്‍ മനസ്സിലാക്കിയ സ്റ്റില്ലര്‍ അടുത്തവര്‍ഷംതന്നെ അവരെ ഹോളിവുഡില്‍ എത്തിച്ചു. ആകാരസൗഷ്ഠവവും അഭിനയശേഷിയും ആത്മാര്ഥതയുംഉണ്ടായിരുന്നതിനാല് വളരെ ചുരുങ്ങിയ സമയം കൊണ്ട് ഹോളിവുഡില്‍ ഗാര്‍ബോ ഉന്നതസ്ഥാനം നേടി. 'ദ് ടോറന്റ്' (1926) ആണ് ആദ്യത്തെ ഹോളിവുഡ് ചിത്രം. 1927-ല്‍ ക്ലാറന്‍സ് ബ്രൌണ്‍ സംവിധാനം ചെയ്ത 'ദ് ഫ്ളഷ് ആന്‍ഡ് ദ് ഡെവിള്‍' ഗാര്‍ബോയെ ലോകപ്രശസ്തയാക്കി. സിനിമയിലും ജീവിതത്തിലും വളരെക്കാലത്തേക്കു സഹകാരിയായിരുന്ന ജോണ്‍ ഗില്‍ബര്‍ട്ടുമായി ഇവര്‍ പരിചയപ്പെടുന്നത് ഈ ചിത്രത്തിലൂടെയാണ്. 23-ാമത്തെ വയസ്സില്‍ത്തന്നെ ഒന്നാംകിട താരമായി ഗ്രെറ്റാ ഗാര്‍ബോ ഉയര്‍ന്നു.
മാമോലിയന്‍ സംവിധാനം ചെയ്ത, യൂജിന്‍ ഒനീലിന്റെ അന്നാ ക്രിസ്റ്റി(1930)യാണ് ഗാര്‍ബോയുടെ ആദ്യത്തെ സംസാരിക്കുന്ന ചിത്രം. പ്രിയന്റെ ചേതനയറ്റ ശരീരം കാണേണ്ടിവന്നപ്പോള്‍ രാജ്ഞിക്കുണ്ടായ ശൂന്യതാബോധം പ്രതിഫലിപ്പിക്കുന്ന ഇതിലെ രംഗം ഗാര്‍ബോയുടെ അദ്വിതീയമായ അഭിനയസിദ്ധിക്കു നിദര്‍ശനമായി നിരൂപകര്‍ എടുത്തുകാട്ടിയിട്ടുണ്ട്. തുടര്‍ന്നുവന്ന 'ഗ്രാന്‍ഡ് ഹോട്ടല്‍' (1932), 'ആസ് യു ഡിസയര്‍ മി' (1932), 'ക്വീന്‍ ക്രിസ്റ്റീനാ' (1933), 'ലവ്' (അന്നാ കരിനീന, 1935), 'കാമിലി' (1937) എന്നിവ ഇവരുടെ യശസ്സ് വര്‍ധിപ്പിച്ചു. 'നിനോച്കാ' (1939) എന്ന ഹാസ്യചിത്രം, 'ഗാര്‍ബോ ചിരിക്കുന്നു' എന്ന പരസ്യത്തോടെയാണ് പ്രകാശനം ചെയ്തത്. 1941-ല്‍ 'ടൂ-ഫെയ്സ്ഡ് വുമണ്‍' എന്ന ചിത്രത്തിലെ അഭിനയത്തിനുശേഷം, പ്രശസ്തിയുടെ നെറുകയില്‍ നില്‍ക്കെ ഏകാകിനിയായിരിക്കാന് കൊതിച്ച ഗാര്‍ബോ ചലച്ചിത്രരംഗം ഉപേക്ഷിക്കുകയും ന്യൂയോര്‍ക്കില്‍ ഒറ്റയ്ക്കു വാസമുറപ്പിക്കുകയും ചെയ്തു.
14 സംസാരിക്കുന്ന ചിത്രങ്ങളിലും 13 നിശ്ശബ്ദ ചിത്രങ്ങളിലും ഗ്രെറ്റാ ഗാര്‍ബോ അഭിനയിച്ചിട്ടുണ്ട്. ഹോളിവുഡിലെ എം.ജി.എം. സ്റ്റുഡിയോയുടെ വളര്‍ച്ചയില്‍ ഗാര്‍ബോ വഹിച്ച പങ്കു നിസ്തുലമാണ്. 1937-ല്‍ ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്സിന്റെ നല്ല നടിക്കുള്ള അവാര്‍ഡ് ഇവര്‍ക്കു ലഭിച്ചു. 1951-ല്‍ യു.എസ്. പൗരത്വം നേടിയ ഗ്രെറ്റായ്ക്ക് 1956-ല്‍ സ്പെഷ്യല്‍ ഓസ്കാര്‍ അവാര്‍ഡും ലഭിച്ചു. 1990 ഏ. 15-ന് അന്തരിച്ചു.