This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാര്‍ഗി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗാര്‍ഗി

ഉപനിഷത്തിലെ ഒരു സ്ത്രീ കഥാപാത്രം. ബ്രഹ്മജ്ഞാനംകൊണ്ടു മഹര്‍ഷിമാരുടെ കൂട്ടത്തില്‍ ഇവര്‍ക്ക് സ്ഥാനം നല്കിയിരിക്കുന്നു. ഗര്‍ഗന്റെ കുലത്തില്‍ ജനിച്ചതുകൊണ്ട് ഗാര്‍ഗി എന്നും വചക്നുവിന്റെ മകളായതുകൊണ്ട് വാചക്നുവി എന്നും ഈ കഥാപാത്രത്തിനു പേരുണ്ട്. ഗാര്‍ഗി എന്നത് യഥാര്‍ഥ പേരാണെന്ന് ശങ്കരാചാര്യര്‍ ഭാഷ്യത്തില്‍ പറയുന്നു. ബൃഹദാരണ്യകോപനിഷത്തില്‍ (മൂന്നാമധ്യായം) ഗാര്‍ഗിയുടെ വൃത്താന്തം വിവരിക്കുന്നുണ്ട്. വിദേഹരാജാവായ ജനകന്‍, താന്‍ നടത്തിയ യാഗത്തിന്റെ അവസാനം, കൊമ്പുകളില്‍ സ്വര്‍ണം കെട്ടിയ ആയിരം ഗോക്കളെ ഒരുക്കി നിര്‍ത്തിയിട്ട്, ഏറ്റവും ഉന്നതനായ ബ്രഹ്മജ്ഞാനിക്ക് അവയെ ദാനം ചെയ്യാമെന്നു കുരുദേശത്തിലെയും പാഞ്ചാലദേശത്തിലെയും വിദ്വാന്മാരുടെ സാന്നിധ്യത്തില്‍ പ്രഖ്യാപിക്കുമ്പോള്‍, എല്ലാവരും ശങ്കിച്ചുനില്ക്കേ, യാജ്ഞവല്ക്യന്‍ പശുക്കളെ കൊണ്ടുപോകാന്‍ ശിഷ്യനോടു നിര്‍ദേശം നല്കുന്നു. ജനകന്റെ പുരോഹിതനായ അശ്വലന്‍ അതുകണ്ട് കുപിതനായി 'അങ്ങ് ഏറ്റവും വലിയ ബ്രഹ്മജ്ഞാനിയാണോ' എന്ന് യാജ്ഞവല്ക്യനോടു ചോദ്യമുയര്‍ത്തുന്നു. തനിക്കു പശുക്കളെ ആവശ്യമുള്ളതുകൊണ്ടാണ് കൊണ്ടുപോകുന്നതെന്നും തന്നെക്കാള്‍ വലിയ ബ്രഹ്മജ്ഞാനിയുണ്ടെങ്കില്‍ താന്‍ അദ്ദേഹത്തെ ബഹുമാനിക്കാമെന്നും യാജ്ഞവല്ക്യന്‍ ഉത്തരം നല്കുന്നു. തുടര്‍ന്ന് അശ്വലനും ആര്‍ത്തഭാഗന്‍, ഭൂജ്യ, ഉഷസ്തന്‍, കഹോളന്‍ എന്നിവരും ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് യാജ്ഞവാല്ക്യന്‍ സമുചിതമായ മറുപടി നല്കുന്നതോടെ ഗാര്‍ഗി തന്റെ ചോദ്യം ആരംഭിക്കുന്നു. ചോദ്യം യുക്തിയുടെ അതിരുകടക്കുന്നുവെന്നു കണ്ടപ്പോള്‍ അങ്ങനെ ചോദിക്കരുതെന്നും ചോദിച്ചാല്‍ തലയറ്റുപോകുമെന്നുമുള്ള യാജ്ഞവല്ക്യന്റെ അഭിപ്രായത്തെ മാനിച്ച് ഗാര്‍ഗി പിന്മാറുന്നു. പിന്നീട് ഉദ്ദാലകന്റെ ചോദ്യങ്ങള്‍ക്കുശേഷം സദസ്യരുടെ അനുമതിയോടെ ഗാര്‍ഗി രണ്ടു ചോദ്യങ്ങള്‍കൂടി യാജ്ഞവല്ക്യനോടു ചോദിക്കുന്നുണ്ട്. അതിനുത്തരമായി യാജ്ഞവല്ക്യന്‍ പരമസത്യമായ ബ്രഹ്മത്തെ അനനു, അഗ്രസ്വം മുതലായ നിഷേധവാക്യങ്ങള്‍കൊണ്ടു വിവരിച്ചുകൊടുക്കുന്നു. തൃപ്തികരമായ മറുപടി ലഭിച്ചപ്പോള്‍ യാജ്ഞവല്ക്യനെ ജയിക്കാന്‍ ആര്‍ക്കും സാധ്യമല്ലെന്നും അദ്ദേഹത്തെ എല്ലാവരും ബഹുമാനിക്കണമെന്നും ഗാര്‍ഗി നിര്‍ദേശിക്കുന്നു.

യാജ്ഞവല്ക്യന്റെ ഭാര്യയാണ് ഗാര്‍ഗി എന്നും ഒരു പരാമര്‍ശം കാണുന്നു. എന്നാല്‍ യാജ്ഞവല്ക്യന് മൈത്രേയീ എന്ന ബ്രഹ്മവാദിനിയും കാത്യായനി എന്ന ഒരു സാധാരണ സ്ത്രീയും ഭാര്യമാരായിട്ടുണ്ടായിരുന്നുവെന്നാണ് ഉപനിഷത്തില്‍ത്തന്നെ കാണുന്നത്.

(പ്രൊഫ. വി. വെങ്കടരാജശര്‍മ)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%97%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍