This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗാന്റ് ചാര്‍ട്ട്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗാന്റ് ചാര്‍ട്ട്
സമയം, അളവ് എന്നിവയുടെ അടിസ്ഥാനത്തില്‍ ഉത്പാദനത്തിന്റെ ആസൂത്രണവും നിയന്ത്രണവും മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാനേജ്മെന്റ് സങ്കേതം. പ്രശസ്ത അമേരിക്കന്‍ വ്യാവസായിക-മാനേജ്മെന്റ് എന്‍ജിനീയറായ ഹെന്റി ലാറന്‍സ് ഗാന്റ് (1861-1919) ആണ് ഇതിന്റെ ഉപജ്ഞാതാവ്. ശാസ്ത്രീയ മാനേജ്മെന്റിന്റെ പിതാവെന്നറിയപ്പെടുന്ന ഫ്രെഡറിക്ക് വിന്‍സ്ളോ ടെയ്ലറുടെ (1856-1915) സമകാലികനും സഹപ്രവര്‍ത്തകനുമായിരുന്ന ഗാന്റ്, മിഡ്വേല് സ്റ്റീല്‍ കമ്പനി(ഫിലാഡെല്‍ഫിയ)യില്‍ പ്രവര്‍ത്തിച്ച കാലത്താണ് ഗാന്റ് ചാര്‍ട്ടിനു രൂപം നല്‍കിയത്. വ്യവസായങ്ങളില്‍ മനുഷ്യബന്ധങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു വാദിച്ച ആദ്യകാല മാനേജ്മെന്റ് വിദഗ്ധരില്‍ ഒരാളായിരുന്നു ഗാന്റ്. വേതന വിതരണത്തിന് ടാസ്ക് ആന്‍ഡ് ബോണസ് സമ്പ്രദായം അവതരിപ്പിച്ചുവെന്നതാണ് ഇദ്ദേഹത്തിന്റെ പ്രധാന സംഭാവന. ഉത്പാദനത്തിന്റെ ആസൂത്രണത്തിലും നിയന്ത്രണത്തിലും കാല-മൂല്യസംയോഗപ്രഭാവം പ്രതിഫലിപ്പിക്കാന്‍ ഗ്രാഫികമാര്ഗങ്ങള് ആവിഷ്കരിക്കുന്നതാണ് ഗാന്റ് ചാര്‍ട്ട്. ആധുനിക സങ്കേതങ്ങളായ പെര്ട്ടിന്റെയും (പ്രോഗ്രാം എവാല്യുവേഷന്‍ റിവ്യു ടെക്നിക്ക്) സി.പി.എമ്മിന്റെയും (ക്രിട്ടിക്കല്‍ പാത്ത് മെത്തേഡ്) മുന്‍ഗാമിയാണ് ഗാന്റ് ചാര്‍ട്ട്.
ഉത്പാദന പ്രക്രിയയിലെ ആസൂത്രണം, നിയന്ത്രണം എന്നീ ഭരണച്ചുമതലകള്‍ വിജയപ്രദമാക്കുന്നതിനുള്ള ഒരു ഉപകരണമെന്നനിലയില്‍ ജോലികളുടെ അടുക്കും ചിട്ടയും ക്രമീകരിക്കുന്നതിനും അവയുടെ യഥാകാല പുരോഗതി ചിത്രീകരിക്കുന്നതിനും ഗാന്റ് ചാര്‍ട്ട് ഉപയോഗപ്പെടുന്നു. ഗാന്റ് ചാര്‍ട്ടിലെ ഒരു കാലയളവ് (division of space) ജോലിസമയത്തെയും ആ സമയംകൊണ്ട് ചെയ്തുതീര്‍ക്കേണ്ട ജോലിയുടെ അളവിനെയും പ്രതിനിധാനം ചെയ്യുന്നു.
സമയത്തിന്റെ സ്ഥാനത്ത് ഓരോ ജോലിയും ഒരു തിരശ്ചീന ബാറിലൂടെ സൂചിപ്പിക്കപ്പെടുന്നു. ആരംഭസമയം, പൂര്‍ത്തീകരണ സമയം എന്നിവ രേഖപ്പെടുത്തുമ്പോള്‍ ഈ ബാറിന്റെ ദൈര്‍ഘ്യം ജോലിസമയത്തിന്റെ ദൈര്‍ഘ്യത്തിന് ആനുപാതികമായിരിക്കും. വിവിധസമയങ്ങളില്‍ ചെയ്യേണ്ട വിവിധ ജോലികള്‍ക്ക് വിവിധ ബാറുകളുണ്ടാകും. ജോലി നിര്‍വഹണത്തിന്റെ പുരോഗതി തൊട്ടുതാഴെ മറ്റൊരു സെറ്റ് തിരശ്ചീന ബാറുകളിലൂടെ വ്യക്തമാക്കപ്പെടും. വിവിധ ജോലികളുടെ ലക്ഷ്യവും നിര്‍വഹണവും താരതമ്യപ്പെടുത്താന്‍ ഗാന്റ് ചാര്‍ട്ട് സഹായിക്കുന്നു. ഒരു ജോലിയുടെ പൂര്‍ത്തീകരണം നിര്‍ദിഷ്ടമായ അളവില്‍നിന്ന് എത്രകണ്ട് മുന്നോട്ടോ പിന്നോട്ടോ പോയി എന്നറിയുവാന്‍ സാധിക്കുന്ന ഒരു ദ്വിമാന ചിത്രോപകരണമാണ് ഗാന്റ് ചാര്‍ട്ട്.
ഈ ചാര്‍ട്ട് അനുസരിച്ച് 'എ' എന്ന ജോലിയുടെ തിങ്കളാഴ്ചത്തെ 75 ശ.മാ.മാത്രവും 'ബി'യുടെ തിങ്കളാഴ്ചത്തെ മുഴുവനും ചൊവ്വാഴ്ചത്തേക്കുള്ളതിന്റെ 25 ശ.മാ.വും തിങ്കളാഴ്ച തീര്‍ന്നിരിക്കുന്നതായി കാണുന്നു; ഒന്ന് നിശ്ചിതസമയത്തിന് പിന്നിലും മറ്റേത് മുന്നിലും. ബുധനാഴ്ച തുടങ്ങുവാനുള്ളതാണ് ജോലികള്‍ 'സി'യും 'ഡി'യും.
ശ്രദ്ധേയവും ഒതുക്കമുള്ളതുമായ ഒരുപാധിയാണ് ഗാന്റ് ചാര്‍ട്ട്. സമയത്തിന്റെ ഗ്രാഫികപ്രതിപാദനവും വിശകലനവും അലസതയെയും സമയനഷ്ടത്തെയും കുറയ്ക്കാന്‍ ഉപകരിക്കും. ഗാന്റ് ചാര്‍ട്ടിന് ചില ന്യൂനതകളുമുണ്ട്. എ,ബി,സി,ഡി എന്നീ ജോലികള്‍ എത്രത്തോളം പരസ്പരാശ്രയത്വമുള്ളവയാണെന്ന് ഈ ചാര്‍ട്ടില്‍ വ്യക്തമല്ല. ഉത്പാദനവ്യവസ്ഥ അനുവദിക്കുന്നപക്ഷം 'സി' എന്ന ജോലി 'എ' യോടൊപ്പം തുടങ്ങാമോ? 'എ' യിലെ പൂര്‍ത്തീകരിക്കപ്പെട്ട ഭാഗം 'സി'ക്ക് ഉപയുക്തമാണോ? 'സി' തുടങ്ങണമെങ്കില്‍ 'എ' തീര്ന്നിരിക്കണമോ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് ഗാന്റ് ചാര്ട്ടിനാവില്ല. ഈ ന്യൂനത പരിഹരിക്കാനാണ് പെര്‍ട്ട്, സി.പി.എം. എന്നിവ നിലവില്‍ വന്നത്.
(പ്രൊഫ. കെ. ചന്ദ്രശേഖരന് നായര്‍)