This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാഡ്ഗില്‍, നരഹര്‍ വിഷ്ണു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗാഡ്ഗില്‍, നരഹര്‍ വിഷ്ണു

Gadgil,Narhar Vishnu (1896 - 1966)

ഇന്ത്യന്‍ രാഷ്ട്രീയനേതാവ്. 1896 ജനു. 10-ന് മധ്യപ്രദേശിലെ റത്ലനി(Ratlan)ല്‍ ജനിച്ചു. പാരമ്പര്യമായ മതാഭ്യസനത്തിലൂടെയാണ് വിദ്യാഭ്യാസം ആരംഭിച്ചത്. 1906-ല്‍ വേദിക് പാഠശാലയില്‍ ചേര്‍ന്നു. അതിനുശേഷം പൂണെയിലെ നൂതന്‍ മറാത്തി വിദ്യാലയത്തില്‍ അധ്യായനം നടത്തി. 1914-ല്‍ മെട്രിക്കുലേഷന്‍ പരീക്ഷ പാസായി; പിന്നീട് ബറോഡ കോളജില്‍ ചേര്‍ന്നു. പൂണെയിലെ ഫെര്‍ഗൂസന്‍ കോളജില്‍ നിന്നും 1918-ല്‍ ബിരുദം സമ്പാദിച്ചു. 1920-ല്‍ മുംബൈയില്‍ നിന്നും നിയമബിരുദവും നേടി.

കുറച്ചുകാലം പൂണെയിലെ തിലക് മഹാവിദ്യാലയത്തില്‍ അധ്യാപകവൃത്തി നോക്കിയിരുന്ന ഗാഡ്ഗില്‍ 1920-ല്‍ ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. നിരവധി തവണ ജയില്‍വാസമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം, പാര്‍ലമെന്റംഗം (1934-57) മഹാരാഷ്ട്രാ പ്രദേശ് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം എന്നീ നിലകളിലെല്ലാം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഖിലാഫത്ത് പ്രസ്ഥാനത്തെ എതിര്‍ക്കുകയും കോണ്‍ഗ്രസ് ക്രിപ്സ് മിഷനെ നിരസിച്ച നടപടിയെ വിമര്‍ശിക്കുകയും ചെയ്തു.

1946-ല്‍ ഇദ്ദേഹം കേന്ദ്രശമ്പളക്കമ്മിഷന്‍ അംഗമായി നിയമിതനായി. 1947 മുതല്‍ 52 വരെ കേന്ദ്ര കാബിനറ്റ് മന്ത്രിയായിരുന്നു. 1958 മുതല്‍ 62 വരെ ഗാഡ്ഗില്‍ പഞ്ചാബ് ഗവര്‍ണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1964-ല്‍ പൂണെ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി. നിരവധി സാമൂഹിക സംഘടനകളുമായി ബന്ധപ്പെട്ടും ഗാഡ്ഗില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ അനുയായി ആയിരുന്നെങ്കിലും പാശ്ചാത്യവിദ്യാഭ്യാസത്തെയും വ്യവസായവത്കരണത്തെയും ഇദ്ദേഹം അനുകൂലിച്ചിരുന്നു. 1966-ല്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍