This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാങ്ടോക്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗാങ്ടോക്ക്

Gangtok

സിക്കിമിന്റെ തലസ്ഥാന നഗരം. സിക്കിമിനെ 4 ഭരണവിഭാഗങ്ങളായി തിരിച്ചിട്ടുള്ളതില്‍ ഒന്നായ ഈസ്റ്റേണ്‍ ബ്ളോക്കിന്റെ ആസ്ഥാനവും ഗാങ്ടോക്ക് ആണ്. സിക്കിമിന്റെ തെക്കുകിഴക്കുഭാഗത്തുള്ള ഈ പട്ടണം ഡാര്‍ജീലിങ്ങില്‍ നിന്ന് 44 കി.മീ വടക്കുകിഴക്ക്, 1,700 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. 'കുന്നിന്‍ നെറുക' എന്നാണ് ഗാങ്ടോക്ക് എന്ന പദത്തിന്റെ അര്‍ഥം. 1962-ല്‍ ഇന്ത്യാ-തിബത്ത് അതിര്‍ത്തി അടയ്ക്കുന്നതുവരെ, നാതുചുരത്തിലൂടെയുള്ള പാതയിലെ ഒരു പ്രധാന ബിന്ദുവായിരുന്നു ഗാങ്ടോക്ക്. ഇവിടെനിന്നുള്ള പ്രധാന പാത ലാചുങ് , ലാചെന്‍ എന്നിവിടങ്ങള്‍ വഴി തിബത്തിന്റെ അതിര്‍ത്തിപ്രദേശത്തെത്തുന്നു. ഈ പട്ടണത്തെ പശ്ചിമബംഗാളിലെ സിലിഗുരിയുമായി 114 കി.മീ. ദൈര്‍ഘ്യമുള്ള ഗതാഗതയോഗ്യമായ ഒരു പാത ബന്ധിപ്പിക്കുന്നു. ജനസംഖ്യ 98,655(2011).

ഒരു രാജഭരണപ്രദേശമായിരുന്ന ഇവിടെ 14-ാം ശതകം മുതല്‍ നങ്ഗ്യാല്‍ രാജവംശമാണ് ഭരണം നടത്തിയിരുന്നത്. 'ചോഗ്യാല്‍' (മതനിയമാനുസൃതമായ രാജഭരണം) എന്ന സമ്പ്രദായം ഇവിടെ നിലനിന്നിരുന്നു. 1975-ല്‍ സിക്കിം ഇന്ത്യയിലെ ഒരു സംസ്ഥാനമായതിനെത്തുടര്‍ന്ന് ഗാങ്ടോക്കില്‍ ഈ സമ്പ്രദായം നിര്‍ത്തലായി.

കുന്നിന്‍ നെറുകയിലുള്ള ഈ പട്ടണം വളരെയധികം വികസിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും നാഗരികതയുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങാത്ത ഗ്രാമീണലാളിത്യം ഇവിടത്തെ പ്രത്യേകതയാണ്. ആശുപത്രികള്‍, സെക്കന്‍ഡറി വിദ്യാലയങ്ങള്‍, ആധുനികരീതിയിലുള്ള കടകള്‍, ഹോട്ടലുകള്‍, സിനിമാശാലകള്‍, ഹൈക്കോടതി മന്ദിരം എന്നിവ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു 'റഫറല്‍' ആശുപത്രിയും ബ്ളഡ് ബാങ്കും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഗാങ്ടോക്കിനടുത്തുതന്നെ 20 കിടക്കകളുള്ള ഒരു കുഷ്ഠരോഗാശുപത്രിയും നിര്‍മിച്ചിട്ടുണ്ട് (1987). സിക്കിമിലെ 2 വന്‍കിട-സിഗററ്റ് ഫാക്ടറികളില്‍ ഒരെണ്ണം ഗാങ്ടോക്കിലാണ്. ഇവിടെ നിന്നു പുറത്തിറങ്ങുന്ന സിക്കിം ഹൊറാള്‍ഡ് എന്ന ദിനപത്രം തിബത്തന്‍, നേപ്പാളീസ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്നു. രണ്ടു ചെറിയ പ്രാദേശിക ജല-വൈദ്യുതോര്‍ജനിലയങ്ങള്‍, എച്ച്.എം.ടിയുമായി കൂട്ടുചേര്‍ന്നുള്ള ഒരു വാച്ച്-അസംബ്ലി യൂണിറ്റ്, ഒരു വൈദ്യുതോപകരണനിര്‍മാണശാല എന്നിവയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

ബുദ്ധമതത്തിന് ഇവിടെ വളരെയധികം പ്രാധാന്യം ലഭിച്ചിരുന്നു. ബുദ്ധമതത്തിലെ മഹായാനവിഭാഗത്തെപ്പറ്റി പഠനം നടത്തുന്നതിനായി നങ്ഗ്യാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് തിബത്തോളജി എന്ന പേരില്‍ ഒരു ഗവേഷണ സ്ഥാപനം തന്നെ ഇവിടെ സ്ഥാപിച്ചിട്ടുണ്ട് (1958). പരവതാനി നിര്‍മാണം, നെയ്ത്ത്, പെയിന്റിങ് എന്നിവയുടെ പ്രോത്സാഹനാര്‍ഥം 1957-ല്‍ ഒരു ചെറുകിട വ്യവസായ ഇന്‍സ്റ്റിറ്റ്യൂട്ടും ടാങ്ടോക്കില്‍ സ്ഥാപിതമായി.

പ്രധാനമായും ഒരു കാര്‍ഷിക മേഖലയായ ഇവിടെ ഏലം, ഉരുളക്കിഴങ്ങ്, ഓറഞ്ച്, ആപ്പിള്‍, ബക്ക്വീറ്റ് എന്നിവയ്ക്കായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നഴ്സറികള്‍ പ്രവര്‍ത്തിക്കുന്നു. സിക്കിമിലെ ഒരു പ്രധാന വ്യാപാരകേന്ദ്രമാണിവിടം. ഏലം, ഫലവര്‍ഗങ്ങള്‍, എന്നിവ ഇവിടെ നിന്നു കയറ്റുമതി ചെയ്യുന്നു. നെല്ല്, ചോളം, വരക്, ഗോതമ്പ്, ബാര്‍ലി എന്നിവയാണ് ജനങ്ങളുടെ പ്രധാന ഭക്ഷണം.

ഇവിടത്തെ ജനങ്ങള്‍ പ്രധാനമായും തിബത്തില്‍ നിന്നും നേപ്പാളില്‍നിന്നും കുടിയേറിപ്പാര്‍ത്തവരാണ്. ലെപാസ് എന്ന വര്‍ഗക്കാരാണിവര്‍.

രാജകൊട്ടാരം, പള്ളികള്‍, സന്ന്യാസിമഠങ്ങള്‍ എന്നിവയാണ് ഗാങ്ടോക്കിലെ പ്രധാന ദൃശ്യങ്ങള്‍. ഇവിടെ നിന്ന് 8 കി.മീ. തെക്കുപടിഞ്ഞാറായുള്ള റും റെക്ക് എന്ന ബുദ്ധസന്ന്യാസിമഠം കൂട്ടത്തില്‍ പ്രധാനമാകുന്നു. 'പള്ളിയടക്ക' സ്ഥലമായ ലുക്ഷിയാമിലെ മൈതാനം ഈ പട്ടണത്തിനടുത്താണ്.

(ജെ.കെ. അനിത)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍