This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാംഗുലി, ഉപേന്ദ്രനാഥ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗാംഗുലി, ഉപേന്ദ്രനാഥ്

Ganguli, Upendranath (1881-1960)

ബംഗാളി നോവലിസ്റ്റും ചെറുകഥാകൃത്തും പത്രാധിപരും. 1881 ഒ. 11-ന് ഭഗല്‍പ്പൂരില്‍ ജനിച്ചു. കല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന് ഉന്നതവിദ്യാഭ്യാസം നേടി. തുടര്‍ന്ന് വക്കീല്‍പ്പണി സ്വീകരിച്ചു. ദേശബന്ധു ചിത്തരഞ്ജന്‍ദാസുമൊത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് ഇദ്ദേഹം മുഴുവന്‍സമയ പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായി. ഉപേന്ദ്രനാഥ് ആരംഭിച്ച വിചിത്ര (1925-37) മാസികയിലൂടെയാണ് ബിഭൂതിഭൂഷണ്‍ ബന്ദോപാധ്യായ, മണിക് ബാനര്‍ജി, അന്നദാശങ്കര്‍ റായ് എന്നിവര്‍ സാഹിത്യത്തില്‍ പ്രതിഷ്ഠ നേടിയത്. ബിഭൂതിഭൂഷന്റെ പഥേര്‍ പാഞ്ചാലി വിചിത്രയിലൂടെയാണ് ആദ്യം പുറത്തു വന്നത്. ജീവിതാന്ത്യത്തില്‍ 8 വര്‍ഷത്തോളം ഗല്‍പ്പഭാരതി എന്ന മാസികയും ഉപേന്ദ്രനാഥ് എഡിറ്റു ചെയ്തിട്ടുണ്ട്.

25-ലധികം കൃതികളുടെ കര്‍ത്താവായ ഉപേന്ദ്രനാഥ് പ്രധാനമായും ഒരു നോവലിസ്റ്റായിരുന്നു. കാലത്തിനൊത്ത പ്രേമസങ്കല്പങ്ങളും അനുരാഗവര്‍ണനകളും കൊണ്ട് ഇദ്ദേഹം വായനക്കാരെ ആകര്‍ഷിച്ചു. ശരത്ചന്ദ്രചാറ്റര്‍ജി(1876-1938)യുടെ ബന്ധുവായിരുന്ന ഇദ്ദേഹം ശരത്ചന്ദ്രന്റെ പ്രഭാവലയത്തില്‍ പെട്ടെങ്കിലും തനതായ ഒരു ശൈലി കണ്ടെത്തുന്നതില്‍ വിജയിച്ചു. ശശിനാഥ് (1912), രാജ് പഥ് (1925), അസ്തരാഗ് (1932), ചാന്ദ്മാവേശി , അഭിജ്ഞന്‍ (1951-52, നാല് ഭാഗം) എന്നിവയാണ് ഉപേന്ദ്രയുടെ പ്രസിദ്ധ നോവലുകള്‍. പത്രപ്രവര്‍ത്തനരംഗത്തെയും വക്കീല്‍ ജീവിതത്തെയും പറ്റിയുള്ള ഓര്‍മകളുടെ ശേഖരമാണ് നാല് വാല്യങ്ങളിലുള്ള ഇദ്ദേഹത്തിന്റെ ആത്മകഥയായ സ്മൃതികഥ. ഉപേന്ദ്രയുടെ മറ്റ് പ്രശസ്ത കൃതികള്‍, ബിഗ്താദിന്‍ (1957), ശേഷ്ബൈതക് (1958) എന്നിവയാണ്. കല്‍ക്കത്ത, ഡല്‍ഹി എന്നീ സര്‍വകലാശാലകളുടെ ബഹുമതികളും നരസിംഹദാസ് പുരസ്കാരവും (1958) ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1960-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍