This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗലീഷ്യ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗലീഷ്യ

Galicia

മധ്യ-പൂര്‍വ യൂറോപ്പിലെ ചരിത്രപ്രധാനമായ ഒരു മേഖല. നീസ്റ്റര്‍നദിക്കരയിലെ 'ഗാലിഷ്' എന്ന പട്ടണമാണ് (പോളിഷ് ഭാഷയില്‍ ഹാലിക്സ്; യുക്രെയ്നിയനില്‍ ഹാലിക്) ഗലീഷ്യ എന്ന പേരിനു കാരണമായത്. തെക്കുകിഴക്കന്‍ പോളണ്ടിന്റെയും പശ്ചിമ-യുക്രെയ്നിയന്‍ റിപ്പബ്ലിക്കിന്റെയും ഭാഗമാണിത്. കാര്‍പ്പേതിയന്‍ മലനിരകളുടെയും തൊട്ടുകിടക്കുന്ന സമതലത്തിന്റെയും വടക്കേച്ചരിവിലാണിതിന്റെ സ്ഥാനം. ഗലീഷ്യയുടെ പടിഞ്ഞാറുഭാഗം പോളണ്ടിന്റേതാണ്. വിസ്തുലാനദിയുടെ പോഷകനദികളായ ദുനാജെക്, വിസ്ലോകാ, സാന്‍ എന്നിവയാണ് ഇവിടത്തെ പ്രധാന നദികള്‍. പോളിഷ് പ്രവിശ്യകളായ ക്രാക്കോവ്, റ്സെസോവ്, റഷ്യന്‍ 'ഒബ്ളാസ്റ്റു'കളായ (പ്രദേശങ്ങള്‍) ല്വോവ്, സ്റ്റാനിസ്ളാവ്, ടേര്‍ണൊപോള്‍ എന്നിവയും ഗലീഷ്യയില്‍പ്പെടുന്നു. ക്രാക്കോവും ല്വോവുമാണ് പ്രധാനനഗരങ്ങള്‍.

ഒരു പ്രധാന കാര്‍ഷികമേഖലയായ ഗലീഷ്യയില്‍ വരക്, ഉരുളക്കിഴങ്ങ്, ഗോതമ്പ്, ചോളം എന്നിവ സമൃദ്ധമായി കൃഷിചെയ്യുന്നു. വാണിജ്യവിളകളായ ഫ്ലാക്സ് (ചണം), മധുരക്കിഴങ്ങ്, പുകയില, ഹോപ്പ് (ബിയറും മറ്റും സ്വാദിഷ്ഠമാക്കുന്നതിനായി ചേര്‍ക്കുന്ന ഒരിനം കായുണ്ടാകുന്ന വള്ളിച്ചെടി) തുടങ്ങിയവയും മുഖ്യോത്പന്നങ്ങള്‍ തന്നെ. പര്‍വതസാനുക്കള്‍ വിവിധ ലോഹനിക്ഷേപങ്ങളാല്‍ സമ്പന്നമാണ്. ഗന്ധകം, പൊട്ടാഷ് എന്നിവ വന്‍തോതില്‍ ഖനനം ചെയ്തെടുക്കുന്നു. പെട്രോളിയവും പ്രകൃതിവാതകങ്ങളുമാണ് മറ്റു പ്രധാന ഉത്പന്നങ്ങള്‍.

ഗലീഷ്യര്‍ പ്രധാനമായും സ്ലാവ് വംശജരാണ്. പടിഞ്ഞാറേ പകുതിയിലെ പോളിഷ്ജനത, റോമന്‍ കത്തോലിക്കരും കിഴക്കന്‍ പകുതിയിലെ യുക്രെയ്നിയര്‍, റഷ്യന്‍ ഓര്‍ത്തഡോക്സ് വിശ്വാസികളുമാണ്. രണ്ടാംലോകയുദ്ധകാലത്ത് ഗലീഷ്യ കുറച്ചുകാലം ജര്‍മനിയൂടെ അധീനതയിലായിരുന്നു. അന്ന് ഇവിടെയുണ്ടായിരുന്ന ഒരു നല്ല പങ്ക് ജൂതന്മാര്‍ ഭൂരിഭാഗവും വധിക്കപ്പെട്ടു.

9-11 ശതകങ്ങളിലായിരുന്നു ഗലീഷ്യയുടെ വളര്‍ച്ച. അന്ന് ഇത് റഷ്യയുടെ (Kievan Russia) ഭാഗമായിരുന്നു. 1300-കളുടെ മധ്യത്തോടെ പൂര്‍വഗലീഷ്യ പോളണ്ടിന്റെ അധീനതയിലായി. 1772-ല്‍ ഗലീഷ്യയുടെ മിക്കഭാഗങ്ങളും ആസ്ട്രിയ സ്വന്തമാക്കി. എന്നാല്‍ ഒന്നാം ലോകയുദ്ധത്തോടെ വീണ്ടും ഇത് പോളണ്ടിന്റെതായിത്തീര്‍ന്നു. 1920-ഓടെ ഗലീഷ്യയുടെ പൂര്‍വഭാഗത്തിന്റെ അവകാശത്തെച്ചൊല്ലി പോളണ്ടും റഷ്യയുമായി യുദ്ധമുണ്ടായി. 1921-ലെ റീഗാ ഉടമ്പടി ഗലീഷ്യയുടെ മേലുള്ള പോളണ്ടിന്റെ അവകാശം അംഗീകരിച്ചു. രണ്ടാം ലോകയുദ്ധത്തിനുശേഷമാണ് പൂര്‍വഗലീഷ്യ റഷ്യയ്ക്കു നല്കപ്പെട്ടത്.

(എ. മിനി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B4%B2%E0%B5%80%E0%B4%B7%E0%B5%8D%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍