This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗര്‍ഭനൃത്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗര്‍ഭനൃത്തം

ഗുജറാത്തിലെ സ്ത്രീകള്‍ ചെയ്തുവരുന്ന ഒരു നൃത്തവിശേഷം. നവരാത്രിപൂജാവേളകളിലും ദ്വാരകാക്ഷേത്രത്തിലെ കൃഷ്ണലീലാ ആഘോഷങ്ങളിലും ഗര്‍ഭനൃത്തം നടത്താറുണ്ട്. ഗര്‍ഭനൃത്തം എന്ന പേരുതന്നെ 'ഗര്‍ഭ' എന്ന പദവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ നൃത്തത്തില്‍ പാടാറുള്ള ഗാനത്തിന് 'ഗര്‍ഭ' എന്നാണ് പറഞ്ഞുവരുന്നത്. ഒരു മണ്‍കുടത്തിന്റെ ഒരുവശം ഭംഗിയായി ഉടച്ചുമാറ്റി കുടത്തിനകത്ത് ഒരു ദീപം കൊളുത്തിവയ്ക്കുകയും പൂക്കളും ഇലകളുംകൊണ്ട് കുടത്തെ അലങ്കരിക്കുകയും ചെയ്യും. ഇങ്ങനെ അലങ്കരിച്ച കുടത്തിന് 'ഗര്‍ഭി' എന്നാണ് പേര്. ഓരോ നര്‍ത്തകിയും ഇമ്മാതിരിയുള്ള ഓരോ മണ്‍കുടം തലയില്‍വച്ചുകൊണ്ടാണ് നൃത്തം ചെയ്യുക. 'ഗര്‍ഭ' എന്ന സംസ്കൃതപദത്തിന് ഗര്‍ഭപാത്രമെന്നോ അതിനുള്ളിലെ ശിശുവെന്നോ അര്‍ഥം പറയാം. ദ്വാരകാക്ഷേത്രത്തില്‍ ഗര്‍ഭനൃത്തം ഒരു അനുഷ്ഠാനമാണ്.

വന്ധ്യതയില്‍നിന്നു മോചനം നേടാനാണ് തലയില്‍ വയ്ക്കുന്ന മണ്‍കുടം ഗര്‍ഭപാത്രമായും അതിനുള്ളിലെ ദീപം ഗര്‍ഭപാത്രത്തിലെ ശിശുവായും സങ്കല്പിച്ച് സ്ത്രീകള്‍ ദ്വാരകാക്ഷേത്രത്തില്‍ നൃത്തം ചെയ്യുന്നത്. മരണാനന്തരം ശേഷക്രിയകള്‍ നടത്താന്‍ ഒരു പുത്രനില്ലാതെ വന്നാല്‍ ആത്മാവിന് ശാന്തി ലഭിക്കുകയില്ല എന്ന വിശ്വാസം ഹൈന്ദവരുടെ ഇടയിലുണ്ട്. ദ്വാരകാക്ഷേത്രത്തില്‍ മേല്പറഞ്ഞ രീതിയില്‍ ഗര്‍ഭനൃത്തം ചെയ്യുകയും ക്ഷേത്രപൂജാരിയില്‍നിന്ന് അവരുടെ കൈപ്പടത്തില്‍ ചൂടുവച്ച് പൊളളിച്ച ഒരടയാളം വാങ്ങുകയും ചെയ്താല്‍ അവര്‍ വന്ധ്യ അല്ലെന്നും പുത്രനുണ്ടെന്നുമാണ് അര്‍ഥം. മരണശേഷം യഥാര്‍ഥത്തില്‍ പുത്രനുണ്ടായിരുന്നാലും ഇല്ലെങ്കിലും കൈപ്പടത്തില്‍ പ്രസ്തുത അടയാളം ഉണ്ടായിരുന്നാല്‍ അവരുടെ ശേഷക്രിയ നടത്താന്‍ ആരെയും പുത്രനെന്ന നിലയില്‍ അനുവദിക്കുന്നതുമാണ്. വന്ധ്യകളായ നിരവധി സ്ത്രീകള്‍ ദ്വാരകാക്ഷേത്രത്തില്‍ 'ഗര്‍ഭ'നൃത്തം ചെയ്ത് കൈപ്പടത്തില്‍ അടയാളം വാങ്ങാറുണ്ടത്രേ.

നവരാത്രിപൂജാകാലത്ത് ഓരോ ഭവനത്തിലും മേല്പറഞ്ഞ രീതിയിലുള്ള മണ്‍കുടത്തിനകത്ത് ദീപം കൊളുത്തി, അലങ്കരിച്ച ഒരു മുറിയില്‍ അത് സൂക്ഷിക്കുക പതിവാണ്. ഗര്‍ഭനര്‍ത്തകര്‍ ഓരോരുത്തരും ഇത്തരം ദീപം കൊളുത്തിയമണ്‍കുടങ്ങള്‍ തലയില്‍വച്ചുകൊണ്ട് ഭവനത്തില്‍ സൂക്ഷിച്ചിരിക്കുന്ന മണ്‍കുടത്തെ ചുറ്റി നൃത്തംവയ്ക്കുന്നു. നൃത്തത്തിനുശേഷം പ്രസ്തുത ഗര്‍ഭിക്കുടത്തിന് പൂജ നടത്തുകയും മധുരപലഹാരങ്ങള്‍ പ്രസാദമായി വിതരണം ചെയ്യുകയും ചെയ്യും.

ഗര്‍ഭനൃത്തത്തിലെ ഗാനങ്ങള്‍ വളരെ പഴക്കമുള്ളതും പാരമ്പര്യമായി പാടിവരാറുള്ളതുമാണ്. നൃത്തസംഘത്തിലെ പ്രധാനി ഗാനത്തിന്റെ ആദ്യവരി പാടുകയും മറ്റംഗങ്ങള്‍ ഒന്നിച്ച് അതേറ്റുപാടുകയും താളാനുസൃതമായി കൈകൊട്ടി നൃത്തംവയ്ക്കുകയും ചെയ്യും. രണ്ടു വശത്തേക്ക് ശരീരം വളച്ച് മനോഹരമായ കരവിക്ഷേപങ്ങളോടെ നൃത്തം ചെയ്യുന്നത് കൌതുകകരമായ ഒന്നത്രേ. സമൂഹത്തിലെ എല്ലാ സ്ത്രീകള്‍ക്കും ഇതില്‍ പങ്കെടുക്കാവുന്നതാണ്. പശ്ചാത്തലമേളത്തിന് 'ഡോലക്' എന്നൊരു വാദ്യമാണുപയോഗിക്കുന്നത്. കത്തിയവാര്‍ പ്രദേശങ്ങളില്‍ കൃഷ്ണലീലാനൃത്തങ്ങള്‍ ഗര്‍ഭനൃത്തമാതൃകയില്‍ അവതരിപ്പിക്കുന്നു. പുരുഷന്മാരും ഇതില്‍ പങ്കെടുക്കാറുണ്ട്. മറ്റു ചില പ്രദേശങ്ങളില്‍ ഇത് പുരുഷന്മാരുടെ നൃത്തമായിത്തന്നെ പരിണമിച്ചിട്ടുണ്ട്.

(ഗുരു ചന്ദ്രശേഖരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍