This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗപ്പി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗപ്പി

Guppy

ഗപ്പി മത്സ്യങ്ങള്‍

ഒരു ശുദ്ധജല അക്വേറിയ മത്സ്യം. പിസസ് വര്‍ഗത്തിലെ അത്തെറിനിഫോമിസ് ഗോത്രത്തില്‍പ്പെട്ട പോയിസില്ലിഡേ കുടുംബത്തിലാണിവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശാസ്ത്രനാമം പോയിസിലിയ റെറ്റിക്കുലേറ്റ. 1866-ല്‍ റവ. റോബര്‍ട്ട് ഗപ്പി എന്നൊരാള്‍ ട്രിനിഡാഡില്‍ ഈ മത്സ്യത്തെ കണ്ടെത്തി. ആദ്യമായി കണ്ടെത്തപ്പെട്ട ഒരു മത്സ്യയിനം എന്ന ധാരണയോടെ ഇതിന് ഗിരാര്‍ഡിനസ് ഗപ്പി എന്ന പേരും നല്കപ്പെട്ടു. എന്നാല്‍ 1859-ല്‍ തന്നെ ഈ മത്സ്യങ്ങളെ കണ്ടെത്തിയിരുന്നതായും ഇതിന് പോയിസിലിയ റെറ്റിക്കുലേറ്റ എന്ന പേര് ഇട്ടിരുന്നതായും പിന്നീട് മനസ്സിലായി. പക്ഷേ അപ്പോഴേക്കും ഈ മത്സ്യയിനത്തിന് ഗപ്പി എന്ന പേര് പതിഞ്ഞുകഴിഞ്ഞിരുന്നു.

ലോകമെമ്പാടുമുള്ള ശുദ്ധജലാശയങ്ങളില്‍ ഗപ്പികള്‍ വളരുന്നുണ്ട്. ഏറ്റവും കൂടുതലാളുകള്‍ അക്വേറിയങ്ങളില്‍ വളര്‍ത്തുന്ന മത്സ്യവും ഇതുതന്നെ. ഇതിനാലാവാം ആയിരങ്ങളുടെ മത്സ്യം എന്ന പേരിലും ഇതറിയപ്പെടുന്നത്.

ഗപ്പികളിലെ ആണ്‍മത്സ്യങ്ങള്‍ വര്‍ണപ്പകിട്ടേറിയവയാണ്. ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച, വയലറ്റ് എന്നീ നിറങ്ങളും ഇടയ്ക്കിടെ കറുത്ത കുത്തുകളും ഉള്ള പ്രത്യേകയിനം മത്സ്യങ്ങളാണിവ. ഇതിനാല്‍ ഗപ്പികളെ ആകെക്കൂടി മാരിവില്‍ മത്സ്യങ്ങള്‍ എന്നും വിളിക്കാറുണ്ട്. പക്ഷേ പെണ്‍മത്സ്യത്തിന്റെ നിറം വെറും വെള്ളയാണ്.

ജലജീവികളായ ഇന്‍സെക്റ്റുകള്‍, ആല്‍ഗകള്‍ എന്നിവയും മത്സ്യങ്ങളുടെ മുട്ടയും ആണ് ഗപ്പികളുടെ പ്രധാന ആഹാരം. മലേറിയ പരത്തുന്ന കൊതുകുകളുടെ ലാര്‍വയെയും പ്യൂപ്പയെയും ഇവ വന്‍തോതില്‍ തിന്നുനശിപ്പിക്കാറുണ്ട്. ഈ ആവശ്യത്തിനായി ഗപ്പിയിനങ്ങളെ അര്‍ജന്റീന, ഹാവായ്, തഹിതി, ബോര്‍ണിയോ, സിങ്കപ്പൂര്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ ധാരാളമായി വളര്‍ത്തിവന്നിരുന്നു.

ഏതാണ്ട് രണ്ടര സെ.മീ. വളര്‍ച്ചയെത്തുന്നതോടെ ആണ്‍ മത്സ്യം പ്രജനനശേഷിയുള്ളതായിത്തീരുന്നു. അതോടെ ഇതിന്റെ വളര്‍ച്ചയും നിലയ്ക്കും. എന്നാല്‍ പ്രജനനശേഷി കൈവരിച്ചശേഷവും പെണ്‍മത്സ്യം വളര്‍ന്നുകൊണ്ടിരിക്കും. ആന്തരിക ബീജസങ്കലനമാണിവയില്‍ നടക്കുന്നത്. ആണ്‍മത്സ്യത്തിന്റെ ഗുദപത്രത്തിന്റെ ഒരു ഭാഗം പ്രജനനാംഗമായി മാറി ബീജാണുക്കളെ പെണ്‍മത്സ്യത്തിനുള്ളില്‍ നിക്ഷേപിക്കുന്നു. ഇങ്ങനെ ഒരു പ്രാവശ്യം ലഭിക്കുന്ന ബീജാണുക്കളെ എട്ടുപ്രാവശ്യത്തെ ബീജസങ്കലനത്തിനുവരെ ഇവയ്ക്ക് ഉപയോഗിക്കാനാവും. ഗപ്പികള്‍ അണ്ഡ-ജരായുജങ്ങള്‍ (Ovoviviparous) ആണ്. അതായത് മത്സ്യത്തിന്റെ ഉള്ളില്‍വച്ചുതന്നെ മുട്ടകള്‍ വിരിയുകയും കുഞ്ഞുങ്ങള്‍ പുറത്തുവരികയും ചെയ്യും. ഇപ്രകാരം കുഞ്ഞുങ്ങള്‍ പുറത്തുവരാനുള്ള സമയം അടുക്കുന്നതോടെ പെണ്‍മത്സ്യത്തിന്റെ വയര്‍ വീര്‍ത്തുവരികയും ഗുദഫിന്നിടുത്തായി കറുത്ത ഒരു പുള്ളി തെളിയുകയും ചെയ്യും. പെണ്‍മത്സ്യത്തിന്റെ ഉള്ളില്‍നിന്നും കുഞ്ഞുങ്ങള്‍ ശക്തിയായി പുറന്തള്ളപ്പെടുകയാണ് പതിവ്. ഏതാണ്ട് ഇരുപത്തിയെട്ടു ദിവസത്തെ ഇടവേളയ്ക്കുശേഷം അടുത്ത കൂട്ടം കുഞ്ഞുങ്ങള്‍ പുറത്തുവരും. പുറത്തുവരുന്ന കുഞ്ഞുങ്ങള്‍ ജലത്തിന്റെ അടിത്തട്ടിലേക്ക് താഴുന്നതിനുമുമ്പ് ജലോപരിതലത്തിലെത്തി ഒരു കവിള്‍ വായു ഉള്ളിലാക്കും. ഈ വായു ഗ്രസികവഴി വാതാശയത്തിലെത്തിച്ചേരുകയും വാതാശയം വീര്‍ക്കുകയും ചെയ്യുന്നു. കുഞ്ഞുങ്ങള്‍ക്ക് ശരിയായി നീന്തിനടക്കുവാന്‍ ഇതാവശ്യമാണ്. ഗപ്പി മത്സ്യങ്ങളുടെ സാധാരണ ആയുര്‍ദൈര്‍ഘ്യം 2-3 വര്‍ഷമാണ്. എന്നാല്‍ ഏഴു വര്‍ഷംവരെ ജീവിച്ചിരിക്കുന്ന ഗപ്പിയെപ്പറ്റി രേഖകളുണ്ട്.

ഒരു അക്വേറിയ മത്സ്യം എന്നതുപോലെ പരീക്ഷണശാലകളിലെ ഒരു പ്രധാന മത്സ്യയിനംകൂടിയാണിവ. ജനിതകശാസ്ത്രം, ശരീരക്രിയാവിജ്ഞാനം, പ്രജനനസ്വഭാവങ്ങള്‍ എന്നിവയെപ്പറ്റി പഠനം നടത്തുവാന്‍ ഇവയെ വ്യാപകമായി ഉപയോഗപ്പെടുത്തിവരുന്നു. ഇവയുടെ എണ്ണത്തിലെ ബാഹുല്യം, വളര്‍ച്ചയുടെ ത്വരിതഗതി, ക്രിയാശീലത്വം, ചെറിയ അക്വേറിയങ്ങളില്‍പ്പോലും നന്നായി വളരാനുള്ള പ്രാഗല്ഭ്യം, ചെളിവെള്ളത്തില്‍പ്പോലും കഴിഞ്ഞുകൂടാനുള്ള ക്ഷമത, കൂടിയ രോഗപ്രതിരോധശക്തി എന്നീ ഗുണവിശേഷങ്ങള്‍ ആണ് ഇവയെ പരീക്ഷണങ്ങള്‍ക്ക് വിപുലമായി ഉപയോഗിക്കുവാനുള്ള പ്രേരണ ശാസ്ത്രകാരന്മാര്‍ക്ക് നല്കുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍