This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗജേന്ദ്രമോക്ഷം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗജേന്ദ്രമോക്ഷം

ഇതിഹാസപുരാണങ്ങളില്‍ പ്രതിപാദിക്കുന്ന ഇന്ദ്രദ്യുമ്നന്റെ കഥ. സ്വയംഭൂവായ മനുവിന്റെ വംശത്തിലുണ്ടായ ഇന്ദ്രദ്യുമ്ന രാജാവ് പാണ്ഡ്യരാജ്യം ഭരിച്ചിരുന്നു. വിഷ്ണുഭക്തനായ ഇദ്ദേഹം വാര്‍ധക്യമായപ്പോള്‍ മൂത്തമകനു രാജ്യം നല്കി, മലയാദ്രിയില്‍ തപസ്സിനുപോയി. ഒരുദിവസം ധ്യാനനിഷ്ഠനായിരിക്കേ അഗസ്ത്യമഹര്‍ഷി വന്നത് ഇന്ദ്രദ്യുമ്നന്‍ അറിഞ്ഞില്ല. തന്നെ നിന്ദിച്ചുവെന്നുധരിച്ച് മഹര്‍ഷി ഇന്ദ്രദ്യുമ്നനെ ആനയായിപ്പോകട്ടെ എന്ന് ശപിച്ചു. രാജാവ് ശാപമോക്ഷത്തിനായി പ്രാര്‍ഥിച്ചു. വിഷ്ണു അവതരിച്ച് ആനയെ തലോടുമ്പോള്‍ മോക്ഷം പ്രാപിക്കുമെന്ന് അരുളിച്ചെയ്തിട്ട് അഗസ്ത്യന്‍ മറഞ്ഞു. ആനയായിത്തീര്‍ന്ന ഇന്ദ്രദ്യുമ്നന്‍ അനേകവര്‍ഷം കാട്ടില്‍ അലഞ്ഞുനടന്നു. ഒരിക്കല്‍ ത്രികൂടാചലത്തിലെ സരസ്സില്‍നിന്നു വെള്ളം കുടിക്കുമ്പോള്‍ ഒരു മുതല ആനയുടെ കാലില്‍ പിടികൂടി. പിടിവിടുവിക്കാന്‍ എത്രശ്രമിച്ചിട്ടും സാധിച്ചില്ല. ആയിരം വര്‍ഷം ആനയ്ക്ക് അതേനിലയില്‍ നില്ക്കേണ്ടിവന്നു. ഇന്ദ്രദ്യുമ്നന്‍ വിഷ്ണുഭജനവും തുടങ്ങി. (ഇന്ദ്രദ്യുമ്നനെ പിടികൂടിയ മുതല ശാപവശഗനായ ഹൂഹൂ എന്ന ഗന്ധര്‍വനായിരുന്നു. അയാള്‍ കുറെ അപ്സരസ്ത്രീകളുമായി ആ സരസ്സില്‍ കുളിക്കുമ്പോള്‍ തൊട്ടടുത്ത് തപസ്സുചെയ്തിരുന്ന ദേവലന്‍ എന്ന മഹര്‍ഷിക്ക് ശല്യമായി. ഗന്ധര്‍വന്‍ മുതലയായിപ്പോകട്ടെ എന്ന് ദേവലന്റെ ശാപമുണ്ടായി. ഈ മുതലയാണ് ഗജേന്ദ്രനെ പിടികൂടിയത്.)

വിഷ്ണു പ്രത്യക്ഷനായി ചക്രായുധംകൊണ്ട് മുതലയെക്കൊന്ന് ഗജേന്ദ്രനെ രക്ഷിച്ചു. വിഷ്ണുവിന്റെ കരസ്പര്‍ശമേല്ക്കേ ആന ഇന്ദ്രദ്യുമ്നനായി മാറി മോക്ഷം പ്രാപിച്ചു. ഹൂഹൂ എന്ന ഗന്ധര്‍വനും അതുപോലെ മോക്ഷം കിട്ടി. (ഭാഗവതം അഷ്ടമസ്കന്ധത്തില്‍ ഗജേന്ദ്രമോക്ഷം എന്ന ഉപാഖ്യാനം).

മനുഷ്യമനസ്സിലെയും സമൂഹത്തിലെയും നന്മതിന്മകളുടെ പ്രതീകങ്ങളായി ഗജത്തെയും നക്രത്തെയും സങ്കല്പിച്ച് ഈ കഥയ്ക്ക് ധാര്‍മികമായ അര്‍ഥവ്യാപ്തി പകരുന്ന ധാരാളം സാഹിത്യകൃതികളുണ്ടായിട്ടുണ്ട്. കവിത, ആട്ടക്കഥ, ചമ്പു, നാലുവൃത്തം, തുള്ളല്‍പ്പാട്ട്, പാഠകഗദ്യം എന്നിങ്ങനെ വിവിധ ഇനങ്ങളില്‍ ഇവ ഉള്‍പ്പെടുന്നു. പ്രതീകാത്മക കഥ (allegory) എന്ന നിലയില്‍ സരസ്സ് ലൌകികജീവിതവും മുതല ലൈംഗികാര്‍ഷണവും ആന മനുഷ്യനുമാണെങ്കില്‍, ലക്ഷ്യപ്രാപ്തി നല്‍കുന്ന ആത്മീയശക്തിയാണ് വിഷ്ണു. കായംകുളത്തെ കൃഷ്ണപുരം കൊട്ടാര ത്തില്‍ ഗജേന്ദ്രമോക്ഷം ചുവര്‍ച്ചിത്രമായി വരച്ചിട്ടുണ്ട്. നോ. ചുവര്‍ച്ചിത്രങ്ങള്‍.

(ഡോ. വിജയാലയം ജയകുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍