This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗംഗ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗംഗ

Ganga

ലോകത്തിലെ മഹാ നദികളില്‍ ഒന്ന്. ഹിന്ദുക്കളുടെ പുണ്യനദിയായ ഗംഗ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നദിയാണ്.

ഗംഗ നദി

ഇന്ത്യന്‍ സംസ്കാരത്തിലും ചരിത്രത്തിലും ജനജീവിതത്തിലും അദ്വിതീയമായ സ്ഥാനമാണ് ഗംഗയ്ക്കുള്ളത്. ഹിമാലയത്തിന്റെ ഏതാണ്ടു മധ്യഭാഗത്തു തുടങ്ങി, പൊതുവായി തെക്കു കിഴക്കന്‍ ദിശയില്‍ സുമാര്‍ 2,500 കി.മീ. ദൂരം സഞ്ചരിച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്ന ഗംഗയുടെ ഡെല്‍റ്റാപ്രദേശം ബ്രഹ്മപുത്രയുടേതുകൂടിയാണ്. ഗംഗയുടെ വിസ്തൃതമായ തടപ്രദേശം-ഗംഗാസമതലം-ഇന്ത്യയില്‍ ഹിമാലയം മുതല്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെയും, നേപ്പാളിലും, ബംഗ്ളാദേശിലും, തിബത്തിന്റെ തെക്കതിരിലുമായി വ്യാപിച്ചുകിടക്കുന്നു. 300 മുതല്‍ 650 കി.മീ. വരെ വീതിയുള്ള ഗംഗാതടം ഉത്തരേന്ത്യയിലെ സുമാര്‍ 10,30,000 ച.കി.മീ. സ്ഥലമുള്‍ക്കൊള്ളുന്നതാണ്. ഏറ്റവും ഫലപുഷ്ടിയുള്ള മണ്ണാണ് ഇവിടത്തേത്. ഇന്ത്യയിലെയും ബംഗ്ളാദേശിലെയും ജനലക്ഷങ്ങളെ തീറ്റിപ്പോറ്റുന്നതില്‍ ഗംഗാസമതലത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന അരിയും ഗോതമ്പും ധാന്യങ്ങളും ഒരു വലിയ പങ്കുവഹിക്കുന്നു. ഒരു സുപ്രധാന വാണിജ്യമാര്‍ഗം കൂടിയാണ് ഗംഗ.

ഉത്തര്‍പ്രദേശില്‍, ഹിമാലയത്തിന്റെ തെക്കുഭാഗത്തായുള്ള ചരിവുകളില്‍, 4,000 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഒരു ഹിമഗുഹയില്‍ നിന്നാണ് ഗംഗയുടെ ഉദ്ഭവം. ഗംഗോത്രി ക്ഷേത്രത്തിന്റെ ആസ്ഥാനമാണിവിടം. ഈ ഹിമഗുഹയില്‍ നിന്നാരംഭിക്കുന്ന ഭാഗീരഥി താഴേക്കൊഴുകി ഹിമാലയത്തിന്റെ അടിവാരക്കുന്നുകളില്‍വച്ച്, ഇന്തോ-തിബത്തന്‍ അതിര്‍ത്തിയില്‍ നന്ദാദേവിക്കൊടുമുടിക്കടുത്തുനിന്നുദ്ഭവിക്കുന്ന അളകനന്ദയുമായി യോജിച്ച് ഗംഗയ്ക്കു ജന്മമേകുന്നു. ഉദ്ഭവസ്ഥാനത്തുനിന്ന് സുമാര്‍ 320 കി.മീ. ദൂരത്ത് ഹരിദ്വാരില്‍വച്ച് ഗംഗ ഹിമാലയത്തില്‍ നിന്നു മുക്തയായി, സമതലങ്ങളിലൂടെ ഒഴുകാന്‍ തുടങ്ങുന്നു. തെക്കു കിഴക്കു ദിശയിലുള്ള ഈ പ്രയാണം, കാണ്‍പൂര്‍ നഗരം കടന്ന് അലഹബാദിലെത്തി പ്രധാന പോഷകനദിയായ യമുനയുമായി ചേരുന്നതുവരെ തുടരുന്നു. യമുന വലതുഭാഗത്തുനിന്ന് വന്നാണ് ഗംഗയുമായി യോജിക്കുന്നത്. സംഗമത്തോടെ ഗംഗയുടെ പ്രവാഹദിശ കിഴക്കായി മാറുന്നു. പുണ്യനഗരമായ വാരാണസി (ബനാറസ്-കാശി) കടന്നുപോകുന്ന ഗംഗ പാറ്റ്നാനഗരത്തിനു തൊട്ടുമുകളില്‍വച്ച് മറ്റൊരു പോഷകനദിയായ ഘാഘരയെ (ഗോഗ്ര) സ്വീകരിച്ചശേഷം ബിഹാറിലൂടെ പ്രവഹിക്കുന്നു. ഗാണ്ഡകി ഗംഗയുമായി ചേരുന്നത് പാറ്റ്നയില്‍വച്ചാണ്. ബിഹാറിലെത്തിയശേഷം 'സ്വര്‍ണ'നദി ഗംഗയിലെത്തുന്നു. കുറേദൂരംകൂടി ഗംഗ കിഴക്കോട്ടുതന്നെയാണൊഴുകുന്നത്. ഇതിനിടെ പ്രക്ഷുബ്ധസ്വഭാവമുള്ള കോസി ഇടതുഭാഗത്തുനിന്ന് ഗംഗയോടു ചേരുകയും, ഗംഗ ഗതിമാറ്റി ഇന്ത്യന്‍ ഉന്നതതടത്തെച്ചുറ്റി വീണ്ടും തെക്കു കിഴക്കു ദിശയിലേക്കൊഴുകിത്തുടങ്ങുകയും ചെയ്യുന്നു. പശ്ചിമബംഗാളിനു കുറുകെ ഒഴുകിയാണ് ഗംഗ ഡെല്‍റ്റയിലെത്തുന്നത്.

ഗംഗയുടെ പല കൈവഴികളില്‍ ആദ്യത്തേതായ ഭാഗീരഥി-ഹൂഗ്ളിയുടെ സ്ഥാനം ഡെല്‍റ്റയുടെ ശിഖരത്തിലാണ്. കൊല്‍ക്കത്താനഗരത്തിന്റെ ആസ്ഥാനവും ഇതുതന്നെ. ഇന്ത്യന്‍ ഉന്നതതടത്തില്‍നിന്ന് കിഴക്കോട്ടൊഴുകിയെത്തുന്ന പല അരുവികളും ഹൂഗ്ളിനദിയുടെ ജലസമ്പത്ത് വര്‍ധിപ്പിക്കുന്നു. ബംഗ്ളാദേശില്‍വച്ച് ഗംഗ പല കൈവഴികളായി പിരിയുകയും ബ്രഹ്മപുത്രയുടെ ശാഖകളുമായി ചേരുകയും ചെയ്യുന്നു. ഇതില്‍ പലതും വീണ്ടും ഒന്നിച്ചുചേര്‍ന്ന് ഗംഗ-ബ്രഹ്മപുത്രാതടങ്ങളിലൂടെയൊഴുകി ബംഗാള്‍ ഉള്‍ക്കടലിലെത്തുന്നു. ഡെല്‍റ്റയുടെ കിഴക്കുഭാഗത്തായി കാണുന്ന പ്രധാന കൈവഴിയാണ് പദ്മ. ബ്രഹ്മപുത്രയുടെ പ്രധാന കൈവഴിയായ യമുന പദ്മയിലവസാനിക്കുന്നു. കടലിനോടടുക്കുമ്പോഴേക്കും പദ്മ, മേഘന എന്നറിയപ്പെട്ടു തുടങ്ങുന്നു. ഹൂഗ്ളിക്കും മേഘനയ്ക്കും ഇടയിലായി, തീരത്തോടടുത്ത് പരന്നുകിടക്കുന്ന 320 കി.മീ. വിസ്തൃതിയുള്ള ചതുപ്പാണ് സുപ്രസിദ്ധമായ 'സുന്ദരവനം' (Sunderbans).

പൂര്‍വാഭിമുഖമായി ഒഴുകുന്ന ഗംഗ ബംഗാള്‍ ഉള്‍ക്കടലില്‍ ചെന്നെത്തുന്നു. നദീമുഖം വിസ്തൃതമായ ഒരു ഡെല്‍റ്റയാണ്. ദക്ഷിണാഭിമുഖമായി ഒഴുകിവരുന്ന ബ്രഹ്മപുത്ര ഈ നദീമുഖത്തുവച്ച് ഗംഗയുമായി സംഗമിക്കുന്നു. ഈ രണ്ടു നദികളുടെയും ഒത്തുചേര്‍ന്നുള്ള ഡെല്‍റ്റാപ്രദേശം ലോകത്തിലെതന്നെ ഏറ്റവും വലുപ്പമേറിയതാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ 320 കി.മീറ്ററിലേറെ അകലെ നിന്നാരംഭിക്കുന്ന ഈ ഡെല്‍റ്റയുടെ സിംഹഭാഗവും ബംഗ്ളാദേശിലാകുന്നു.

ഭൗതികസ്വഭാവങ്ങള്‍. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മറ്റു നദികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗംഗ പര്‍വതപംക്തികളിലൂടെ ഒഴുകുന്നത് ഏറ്റവും കുറഞ്ഞ ദൂരമാണെന്നു കാണാം. വേനല്‍ക്കാലത്തും ഹേമന്തത്തിലും വെള്ളപ്പൊക്കമുണ്ടാകുന്നു. വേനലില്‍ പര്‍വതസാനുക്കളിലെ മഞ്ഞ് ഉരുകിയിറങ്ങി വെള്ളം പെരുകുന്നു; ഹേമന്തത്തില്‍ മഴയിലൂടെയും. കൂലംകുത്തിപ്പായുന്ന സംഹാര രുദ്രയായ നദി പെട്ടെന്ന് ആഴംകുറഞ്ഞ തടങ്ങളും മണല്‍ത്തിട്ടകളുമുള്ള ശാന്തപ്രകൃതിയായി മാറുന്നത് പതിവാണ്. ഒരുദിവസം ഗംഗ വഹിക്കുന്ന അവസാദപദാര്‍ഥങ്ങളുടെ അളവ് സുമാര്‍ 9 ലക്ഷം ടണ്ണാണ്. അതിവിസ്തൃതമായ സമതലങ്ങളിലെത്തുമ്പോഴേക്ക് ഈ എക്കല്‍ മുഴുവന്‍ നദിയുടെ അടിത്തട്ടില്‍ ഏതാണ്ട് കോണാകൃതിയില്‍, ചരിഞ്ഞിറങ്ങുന്നതുപോലെയുള്ള തട്ടുകളായിത്തീരുന്നു. 'എക്കല്‍ വിശറി'കള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്.

യമുനാസംഗമത്തിനുശേഷം ഗംഗ വീതിയേറി വളഞ്ഞൊഴുകാനാരംഭിക്കുന്നു. ഈ ഭാഗത്തിന് 16 കി.മീ. വരെ വീതിയുണ്ടാകും. 'ഫ്ളഡ് പപ്ലെയിന്‍' എന്നറിയപ്പെടുന്ന ഈ ഭാഗത്ത് എക്കല്‍ത്തിട്ടുകളില്‍ നൈസര്‍ഗിക ചാനലുകള്‍ രൂപംകൊണ്ട് ജലപ്രവാഹമുണ്ടാകുന്നു. മണ്ണിന്റെ ഗുണവും മറ്റും ഈ ചാനലുകളെ ആശ്രയിച്ചിരിക്കുന്നതിനാല്‍ ഇവയുടെ പ്രാധാന്യം ഏറെയാണ്. പാറ്റ്ന കഴിഞ്ഞാലുടനെയാണ് ജലോഢസമതലം. ഇതിന് 30 കി.മീ. വരെ വീതിയുണ്ടാകും. ഈ ഭാഗത്ത് സമുദ്രത്തിലേക്കുള്ള നദിയുടെ ചരിവും വളരെ ലഘുവായിരിക്കുന്നു; കി.മീറ്ററിന് 8 സെ.മീറ്റര്‍.

ലോകത്ത് ഏറ്റവുമധികം കൃഷിചെയ്യപ്പെടുന്ന, ഫലപുഷ്ടിയുള്ള ഗംഗാസമതലത്തിന് സാമ്പത്തികപ്രാധാന്യമുണ്ട്.

ധാരാളം അണകള്‍ നിര്‍മിച്ചിട്ടുള്ളതിനാല്‍ ഗംഗയില്‍ ജലഗതാഗതസൗകര്യം പരിമിതമാണ്. ഗതാഗതത്തിനും ചരക്കുകടത്തലിനും നാടന്‍ വള്ളങ്ങളും ചെറിയ ബോട്ടുകളും ധാരാളമായി ഉപയോഗിച്ചുവരുന്നു.

ഗംഗയുടെ കരകളിലുള്ള പ്രധാന നഗരങ്ങളാണ് കൊല്‍ക്കത്ത, ഹൌറ, വാരാണസി, അലഹബാദ്, കാണ്‍പൂര്‍ എന്നിവ. 'പുണ്യനഗര'ങ്ങളായ വാരാണസിയുടെയും അലഹബാദിന്റെയും നദിക്കരകള്‍ നിറയെ ക്ഷേത്രങ്ങളാണ്. ക്ഷേത്രങ്ങളില്‍ നിന്നാരംഭിച്ച് ജലവിതാനത്തിലവസാനിക്കുന്ന പടവുകളിറങ്ങി തീര്‍ഥാടകര്‍ കുളിക്കുകയും 'പുണ്യജലം' ശേഖരിക്കുകയും ചെയ്യും. ചില പടവുകള്‍ ശവദാഹത്തിനുള്ളതാണ്. മൃതദേഹം ഗംഗയില്‍ മുക്കുന്നതും ഭൌതികാവശിഷ്ടങ്ങള്‍ (ചിതാഭസ്മം) ഗംഗയില്‍ വിതറുന്നതും പരമപാവനമാണെന്നു കരുതപ്പെടുന്നു.

മതം, പുരാണം. ഹിന്ദുപുരാണപ്രകാരം ഹിമവത് പുത്രിയായ ഗംഗാ ദേവിയാണ്. ഭഗീരഥന്‍ കഠിനതപം ചെയ്ത് സ്വര്‍ഗത്തില്‍നിന്ന് ഭൂമിയിലേക്ക് കൊണ്ടുവരുന്നതുവരെ ഗംഗ ദേവന്മാരുടെ സ്വത്തായിരുന്നുവത്രെ. കപിലമഹര്‍ഷിയുടെ നേത്രാഗ്നിയില്‍ കരിഞ്ഞു ചാമ്പലായ 60,000 സഗരപുത്രന്മാര്‍ക്ക് ആത്മശാന്തി നല്കുന്നതിനായി ഭഗീരഥന്‍ ഗംഗയെ ഭൂമിയിലേക്കു കൊണ്ടുവന്നുവെന്നാണ് പുരാണസങ്കല്പം. ഇപ്രകാരം ഗംഗ മനുഷ്യര്‍ക്കാകമാനം മോക്ഷദായിനിയായിത്തീര്‍ന്നു.

ഹരിദ്വാര്‍ തീരത്തെ ആരതി അര്‍ച്ചന

ഗംഗയുടെ ഉദ്ഭവസ്ഥാനത്തിനടുത്ത് ഹരിദ്വാരും (ഹരിദ്വാര്‍) യമുനയും മറ്റുമായുള്ള സംഗമസ്ഥാനങ്ങളും പരമപാവനമായി കരുതപ്പെടുന്നു. അലഹബാദിലെ (പ്രയാഗ) 'ത്രിവേണീസംഗമം' പ്രത്യേകിച്ചു പവിത്രമാണെന്നാണ് വിശ്വാസം. ത്രിവേണീസംഗമത്തില്‍ നടത്തുന്ന പുണ്യസ്നാനമായ കുംഭമേള പ്രസിദ്ധമാണ്.

ഭാരതീയ പുരാണേതിഹാസങ്ങളായ രാമായണം, മഹാഭാരതം, ഭാഗവതം, ദേവീഭാഗവതം, ബ്രഹ്മാണ്ഡപുരാണം, അഗ്നിപുരാണം തുടങ്ങിയവയിലെല്ലാം ദേവാംശജയായ ഗംഗ പരാമൃഷ്ടയാകുന്നു. ഗംഗയെക്കുറിച്ച് അനേകം ഐതിഹ്യങ്ങളുമുണ്ട്. ആകാശഗംഗ, ഭാഗീരഥി, ശൈലരാജസുത, ദേവനദി, ഹൈമവതി, ജാഹ്നവി, ത്രിപഥഗാമിനി, വിഷ്ണുപദി, സുരനിമ്നഗ, സമുദ്രമഹിഷി തുടങ്ങി വിവിധ നാമങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന ഗംഗാദേവിയെ, കൈകളില്‍ കുംഭവും താമരപ്പൂവും ധരിച്ച് മകരമത്സ്യത്തിന്റെ പുറത്തുസ്ഥിതിചെയ്യുന്ന ശ്വേതവര്‍ണയായി അഗ്നിപുരാണം വര്‍ണിക്കുന്നു. കുരുവംശപിതാമഹനായ ഭീഷ്മര്‍ ഗംഗാദേവിയുടെ പുത്രനാണ്.

മലിനീകരിക്കപ്പെടുന്ന ഗംഗ

സാഹിത്യത്തില്‍. വരാനുഗ്രഹങ്ങളുടെ പ്രതീകമാണ് ഗംഗ. കുമാരസംഭവത്തിന്റെ പശ്ചാത്തലം തന്നെ ഹിമവത്സാനുക്കളിലുള്ള ഗംഗാതീരങ്ങളാണ്. രഘുവംശത്തിലും ഗംഗ കാളിദാസന്റെ പ്രത്യേകവര്‍ണനയ്ക്കു പാത്രീഭവിക്കുന്നു. മേഘസന്ദേശത്തിലെ വിരഹാര്‍ത്തനായ യക്ഷനും 'സ്വര്‍ഗസോപാനപംക്തി'യായ ഗംഗയെപ്പറ്റി പറയാതെ വയ്യ. ശിവപത്നിമാരായി കരുതപ്പെടുന്ന പാര്‍വതിയും ഗംഗയും തമ്മിലുള്ള സപത്നീമത്സരം പല സാഹിത്യ-കലാരൂപങ്ങള്‍ക്കും വിഷയമായിട്ടുണ്ട്.

ഗംഗയെ പ്രകീര്‍ത്തിക്കുന്ന കൃതികളാല്‍ സമ്പന്നമാണ് മലയാളസാഹിത്യവും. മാന്തിട്ട കുഞ്ചുനമ്പൂതിരിയുടെ ഗംഗാതരംഗിണി, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ഗംഗാവതരണം, കുട്ടിക്കുഞ്ഞു തങ്കച്ചിയുടെ ഗംഗാസ്നാനം എന്നിവ പരാമര്‍ശിക്കുന്നു. മഹാകവികളായ ഉള്ളൂരും (മാതൃഭൂമി), വള്ളത്തോളും (എന്റെ ഗുരുനാഥന്‍) ഗംഗയെ വാഴ്ത്തിപ്പാടിയിട്ടുണ്ട്.

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു ഇന്ത്യയെ കണ്ടെത്തല്‍ എന്ന ഗ്രന്ഥത്തില്‍ ഗംഗയെ പലയിടത്തും പരാമര്‍ശിക്കുന്നുണ്ട്. തന്റെ ചിതാഭസ്മത്തില്‍നിന്ന് ഒരു പിടി 'ത്രിവേണി'യിലൊഴുക്കണമെന്ന് അദ്ദേഹം ഒസ്യത്തില്‍ പ്രത്യേകം നിര്‍ദേശിച്ചിരുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജിക്കും എന്നും സമാദരണീയയായിരുന്നു ഗംഗ.

ഗംഗയിലെ ഒരു പുലര്‍ക്കാലം

ഗംഗാ ആക്ഷന്‍ പ്ലാന്‍. ഗംഗയിലെ മാലിന്യം നിര്‍മാര്‍ജനം ചെയ്ത് ശുദ്ധീകരിക്കുന്നതിനുവേണ്ടി മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ ഒരു ആക്ഷന്‍പ്ളാന്‍ ആരംഭിക്കുകയുണ്ടായി. ഈ പദ്ധതിയുടെ ഭാഗമായി നദിയുടെ പല ഭാഗങ്ങളിലും മാലിന്യസംസ്കരണ പ്ളാന്റുകള്‍ സ്ഥാപിച്ചു. ഈ പദ്ധതിപ്രകാരം ജലമലിനീകരണം നടത്തുന്ന വ്യവസായശാലകള്‍ക്കെതിരെ പിഴ ഈടാക്കാനും തീരുമാനമുണ്ടായി.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ (1985) പ്രതിദിനം 882 മില്യണ്‍ ഘനമീറ്റര്‍ ജലം ശുദ്ധീകരിച്ച്, ജലത്തിന്റെ ഗുണനിലവാരം സാധാരണ ജനജീവിതത്തിന് പര്യാപ്തമാക്കി മാറ്റുകയായിരുന്നു ലക്ഷ്യം. ആദ്യഘട്ടം 2000-ത്തില്‍ അവസാനിച്ചു. 2000 മാര്‍ച്ചില്‍ ആരംഭിച്ച രണ്ടാംഘട്ട ശുദ്ധീകരണം ഗംഗയുടെ കൈവഴികളായ യമുന, ഗോമതി, ദാമോദര്‍ എന്നിവയിലേക്കു കൂടി വ്യാപിപ്പിച്ചു. രണ്ടാം ഘട്ടം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഗംഗയുടെ തീരത്ത് സ്ഥിതിചെയ്യുന്ന വ്യവസായശാലകളില്‍ 82 മാലിന്യസംസ്കരണ പ്ളാന്റുകള്‍ (Effluent treatment plant) സ്ഥാപിച്ചിട്ടുണ്ട്. 1974-ലെ ജലനിയമം [181(b)] അനുസരിച്ച് കേന്ദ്രമലിനീകരണ നിയന്ത്രണബോര്‍ഡ്, വിവിധ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ക്ക് വ്യവസായശാലകളിലെ മാലിന്യസംസ്കരണ പ്ളാന്റുകളുടെ പ്രവര്‍ത്തനശേഷി പരിശോധിക്കാനും അനുയോജ്യമല്ലാത്തവ നിര്‍ത്തലാക്കാനും വേണ്ട നിര്‍ദേശങ്ങള്‍ നല്കിയിട്ടുണ്ട്.

2008 ജൂണില്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ 249.68 കോടി രൂപ ഗംഗ-ആക്ഷന്‍പ്ളാനിനു വേണ്ടി നിക്ഷേപിച്ചു. സംസ്ഥാനത്തെ 31 നഗരസഭകളുടെയും സഹകരണത്തോടുകൂടി ഗംഗാനദിയെയും സമീപ പ്രദേശങ്ങളെയും മലിനീകരണ വിമുക്തമാക്കാനാണ് ഈ തുക മാറ്റി വച്ചിട്ടുള്ളത്. നാഷണല്‍ റിവര്‍ കണ്‍സര്‍വേഷന്‍ ഡെവലപ്മെന്റിനാണ് പദ്ധതിയുടെ ചുമതല. നഗരമാലിന്യങ്ങള്‍ സംഭരിക്കുക, മാലിന്യ സംസ്കരണ പ്ളാന്റുകള്‍ സ്ഥാപിക്കുക, മൃതശരീരങ്ങള്‍ സംസ്കരിക്കുന്നതിന് പ്രത്യേക സൌകര്യം സജ്ജീകരിക്കുക, മരങ്ങള്‍ നട്ടു പിടിപ്പിക്കുക തുടങ്ങിയ പരിപാടികള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B4%82%E0%B4%97" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍