This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഖ്വാജാഹസന് നിസാമി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഖ്വാജാഹസന് നിസാമി
Khwajahasan Nizami (1878 - 1955)
ഉര്ദുഗ്രന്ഥകാരനും മുസ്ലിം ദാര്‍ശനികനും. ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയായുടെ അനന്തരഗാമിയായിരുന്ന ഇദ്ദേഹം 1878-ല്‍ ഡല്‍ഹിയില്‍ ജനിച്ചു. 24-ാം വയസ്സില്‍ നിസാമുദ്ദീന്‍ ഔലിയായുടെ ദര്ഗാഷരീഫിന്റെ ഭരണച്ചുമതല ഇദ്ദേഹത്തില്‍ നിക്ഷിപ്തമായി.
ഉര്‍ദു, അറബി, പേര്‍ഷ്യന്‍ തുടങ്ങിയ ഭാഷകളില്‍ പ്രാവീണ്യം നേടിയിട്ടുള്ള ഇദ്ദേഹം ഒരു ആത്മീയവാദിയായിരുന്നു. ആധ്യാത്മിക വിദ്യയെയും ദാര്‍ശനികതയെയും, പ്രതിപാദിക്കുന്ന അഞ്ഞൂറിലധികം ഗ്രന്ഥങ്ങള്‍ ഉര്‍ദു ഭാഷയില്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഉര്‍ദു മാസികയായ മുനാദിയിലും മറ്റു നിരവധി പത്രങ്ങളിലും പത്രാധിപരായിരുന്നിട്ടുണ്ട്. മതപരമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 1923-24 ല്‍ 'ശുദ്ധിപ്രസ്ഥാന'ത്തിനെതിരെ പൊരുതി ഇദ്ദേഹം 'തബ്ലീഗ് പ്രസ്ഥാന'ത്തിന്റെ വക്താവെന്ന നിലയില്‍ മഹാത്മാഗാന്ധി, മൗലാനാമുഹമ്മദലി തുടങ്ങിയവരോടും ആര്യസമാജം നേതാക്കളോടും രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടത്തിയിട്ടുണ്ട്.
മുസ്ലിങ്ങള്‍ക്കു മാത്രമായി ഒരു സ്വതന്ത്ര മാതൃരാജ്യം എന്ന ആശയത്തോട് ഇദ്ദേഹത്തിന് എതിര്‍പ്പായിരുന്നു. ഇന്ത്യാ-പാകിസ്താന് വിഭജനത്തിനെതിരെ പൊതുജനാഭിപ്രായം സംഘടിപ്പിക്കുന്നതിനായി 1946-ല്‍ 'ആള് ഇന്ത്യാ ചിസ്തി പാര്‍ട്ടി'ക്ക് ഇദ്ദേഹം രൂപം നല്കി.
1955 ജൂല. 31-ന് നിസാമി അന്തരിച്ചു.