This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ക്ഷേമനിധി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ക്ഷേമനിധി
Welfare Fund
തൊഴിലുടമ (സര്‍ക്കാരോ, വ്യക്തിയോ, സംഘടനയോ) തനിക്കു കീഴില്‍ തൊഴില്‍ ചെയ്തിരുന്ന വ്യക്തിക്ക് തൊഴിലില്‍നിന്നും വിരമിച്ചശേഷമോ, തൊഴില്‍ ചെയ്യാന്‍ നിര്‍വാഹമില്ലാത്ത അവസ്ഥയിലോ തുടര്‍ന്നു നല്കുന്ന വേതനത്തിനായി ഉപയോഗിക്കുന്ന ഫണ്ട്.
തൊഴിലാളി സമൂഹത്തിന്റെ സാമ്പത്തിക ഭദ്രതയും സുരക്ഷയും മുന്‍നിര്‍ത്തി കേരള സര്‍ക്കാര്‍ വിവിധ ക്ഷേമനിധികള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇതില്‍ ചില ക്ഷേമനിധികള്‍ നിയമത്തിന്റെ പ്രാബല്യമുള്ളവയും മറ്റു ചില പദ്ധതികള്‍ സര്‍ക്കാരിന്റെ ഉത്തരവുകളെ (executive orders) ആധാരമാക്കിയുള്ളവയു മാണ്.
തൊഴിലാളി ക്ഷേമനിധി എന്ന വാക്ക് തൊഴിലാളികളുടെ ക്ഷേമത്തിനുമാത്രം ഉപയോഗിക്കേണ്ട ആസ്തികള്‍ (ഫണ്ട്) എന്ന അര്‍ഥത്തിലും ഈ ആസ്തികള്‍ നിയന്ത്രിക്കുന്ന സ്ഥാപനം എന്ന അര്‍ഥത്തിലും ഉപയോഗിക്കാറുണ്ട്. കേരളത്തിലെ ഒട്ടുമിക്ക ക്ഷേമനിധികളും നിയന്ത്രിക്കുന്നതിന് പ്രത്യേകം സ്ഥാപനങ്ങള്‍-ബോര്‍ഡുകള്‍ സ്ഥാപിതമായിട്ടുണ്ട്.
ക്ഷേമനിധികള്‍ അവയിലെ അംഗങ്ങളായുള്ള തൊഴിലാളികളുടെ സാമ്പത്തികഭദ്രത (social security) ഉറപ്പുവരുത്തുവാന്‍ ശ്രമിക്കുന്നു. തൊഴിലാളികളുടെ വരുമാനത്തിനു ആനുപാതികമായി അംശാദായം പിറക്കുന്ന നിധികള്‍ പ്രോവിഡന്റ് ഫണ്ട് എന്ന നിലയ്ക്കാണ് വിതരണം ചെയ്യുന്നത്. ഇവയുടെ ആനുകൂല്യങ്ങള്‍ സര്‍ക്കാരിന്റെ വിവേചനാധികാരത്തില്‍ വരുന്നവയാണ്. തൊഴിലാളി, പീടിക, സഹകരണ ജീവനക്കാരുടെ ക്ഷേമനിധി എന്നിവകളില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ കൂടുതലും ഏതെങ്കിലും പ്രത്യേക സംഭവം (ഉദാ. വിവാഹം) നടക്കുമ്പോള്‍ ആകയാല്‍ അവയ്ക്കു ഇന്‍ഷുറന്‍സിന്റെ പരിവേഷമാണുള്ളത്. എല്ലാ ക്ഷേമനിധികള്‍ക്കും മൂന്നു വരുമാന സ്രോതസ്സുകള്‍ ഉണ്ട്. അവ യഥാക്രമം തൊഴിലാളികളുടെയും തൊഴിലുടമകളുടെയും സര്‍ക്കാരിന്റെയും അംശാദായ വിഹിതമാകുന്നു. കെട്ടിട നിര്‍മാണതൊഴിലാളി, മത്സ്യതൊഴിലാളി പോലുള്ള ക്ഷേമനിധികള്‍ക്ക് പ്രത്യേക നികുതി-സെസ്സ്-എന്ന വരുമാനവും ഉണ്ട്. അബ്കാരി, മോട്ടോര്‍, കള്ള് എന്നീ ക്ഷേമനിധികള്‍ അംശാദായം നിശ്ചയിക്കുന്നത് തൊഴിലാളിയുടെ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. മറ്റ് എല്ലാ ക്ഷേമനിധികളിലും തൊഴിലാളികളുടെ അംശാദയം നിശ്ചിത തുകയാണ്.
കേരളത്തില്‍ ചുമട്ടുതൊഴിലാളി ക്ഷേമനിധിയുടെ ശ്രദ്ധേയമായ പ്രത്യേകത ഈ സ്ഥാപനം ഒരു പോലെ ക്ഷേമനിധിയും തൊഴിലുടമയുമാണ് എന്നതാണ്. ചുമട്ടുതൊഴിലാളി നിയമപ്രകാരം നിര്‍ദിഷ്ട പ്രദേശങ്ങളിലെ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ഒരു സാധാരണ ക്ഷേമനിധി മാത്രമാണ്.
ക്ഷേമ പെന്‍ഷനുകള്‍. ചുരുക്കം ക്ഷേമ പദ്ധതികളൊഴികെ മിക്ക ക്ഷേമപദ്ധതികളിലും നിശ്ചിത മാനദണ്ഡങ്ങള്‍ പാലിക്കുന്നു. അവയിലെ അംഗങ്ങള്‍ക്ക് വാര്‍ധക്യകാല പെന്ഷണുകള് ബന്ധപ്പെട്ട ക്ഷേമനിധികള്‍ നേരിട്ടാണ് വിതരണം ചെയ്യുന്നത്. വാര്ധക്യപെന്ഷന്, വിധവാ പെന്ഷന് തുടങ്ങി ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ മുഖാന്തിരമാണ്.