This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ഷീരസന്നി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ഷീരസന്നി

ഒരിനം കാലിരോഗം. ഹൈപ്പോകാത്സീമിയാ, പാര്‍ച്ചുറിയന്റ് പാരസീസ് എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. ക്ഷീരോത്പാദനശേഷി കൂടിയയിനം പശുക്കളില്‍ പ്രസവത്തെത്തുടര്‍ന്ന് സാധാരണമായി ഈ രോഗം വരാറുണ്ട്.

അയോണീകൃത കാത്സ്യത്തിന്റെ കുറവുമൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. പശുക്കളുടെ രക്തത്തില്‍ പ്രസവത്തോടടുത്ത് സീറംകാത്സ്യത്തിന്റെ അളവ് ഗണ്യമായി കുറയുന്നു. പാലുത്പാദനത്തിന് ആവശ്യമായ കാത്സ്യം കൂടിയ അളവില്‍ രക്തത്തില്‍ നിന്നും ഉപയുക്തമാക്കേണ്ടതായി വരുന്നതിലാണിത് സംഭവിക്കുന്നത്. പാരാതൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനമാന്ദ്യം മൂലവും ഇപ്രകാരം സീറംകാത്സ്യത്തിന്റെ തോത് രക്തത്തില്‍ കുറയാനിടയാവും. ഇപ്രകാരം ഏതെങ്കിലും കാരണംമൂലം സംഭവിക്കുന്ന ന്യൂനകാല്‍സിയ നിലയാണ് ക്ഷീരസന്നിക്ക് നിദാനമായിത്തീരുന്നത്.

പ്രസവത്തിനു മുമ്പായും കന്നുകാലികളില്‍ ക്ഷീരസന്നി ഉണ്ടാകാറുണ്ട്. ഗര്‍ഭകാലത്തിന്റെ അവസാനനാളുകളിലാണ് ഇത് സംഭവിക്കാറുള്ളത്.

സാധാരണയായി മൂന്നു ഘട്ടങ്ങളിലായാണ് രോഗലക്ഷണങ്ങള്‍ പ്രകടമാവുന്നത്. മാംസപേശികളുടെ സ്വതസ്സിദ്ധമായ ടോണ്‍ നിലനിര്‍ത്തുവാന്‍ കാത്സ്യം അയോണുകളുടെ സാന്നിധ്യം ആവശ്യമാണ്. കാത്സ്യത്തിന്റെ അളവില്‍ കുറവനുഭവപ്പെട്ടാല്‍ മാംസപേശികള്‍ക്ക് ക്ഷീണം അനുഭവപ്പെടും. തലയിലെയും കൈകാലുകളിലെയും പേശികളില്‍ ഒരുതരം വിറയല്‍ വരാം. ഇതോടൊപ്പം തീറ്റയില്‍ വിരക്തി, ഇടയ്ക്കിടെയുള്ള തല കുടയല്‍, പല്ലുകടി, പിന്‍കാലുകളുടെ ശക്തിമാന്ദ്യം എന്നീ ലക്ഷണങ്ങളും ഉണ്ടാവും. ക്രമേണ പിന്‍കാലുകളുടെ ശക്തി വളരെ കുറയും. രോഗം ബാധിച്ച പശുവിന് എഴുന്നേല്ക്കാനാവാത്ത സ്ഥിതി വന്നുചേരും. തുടര്‍ന്ന് ശരീരതാപം കുറയുകയും നാഡീസ്പന്ദനം ദുര്‍ബലമാവുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്യും. ക്രമേണ പശു മയക്കത്തിലാവും, ഏതാനും ദിവസത്തെ രോഗലക്ഷണങ്ങള്‍ക്കുശേഷം ചില പശുക്കള്‍ ചികിത്സ ലഭിച്ചില്ലെങ്കിലും രോഗവിമുക്തി നേടാറുണ്ട്. രോഗാവസ്ഥയില്‍ ക്ഷീരോത്പാദനം ഗണ്യമായി കുറയുന്നതായിരിക്കും.

സിരകളിലൂടെ കാത്സ്യം കുത്തിവയ്ക്കുക എന്നതാണ് ക്ഷീരസന്നിക്കുള്ള പ്രധാന ചികിത്സാവിധി. കാത്സ്യം ബോറോഗ്ളൂക്കണേറ്റിന്റെ 20 ശതമാനം മുതല്‍ 30 ശതമാനം വരെയുള്ള ലായനി 400-800 മില്ലിലിറ്റര്‍ വരെ കുത്തിവയ്ക്കാറുണ്ട്. പാരാതൈറോയിഡ് സത്ത് ചികിത്സയും ഫലപ്രദമെന്നു കണ്ടിട്ടുണ്ട്. കാത്സ്യം ലവണങ്ങള്‍ ധാരാളമുള്ള ആഹാരം നല്കുകയാണ് രോഗം വരാതിരിക്കുന്നതിനുള്ള പ്രധാന മാര്‍ഗം. ഗര്‍ഭമുള്ള പശുക്കളുടെ കാര്യത്തില്‍ ഇത് പ്രത്യേകം ശ്രദ്ധിക്കുകയും വേണം.

(ഡോ. ബി.ആര്‍. കൃഷ്ണന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍