This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ക്ലിയറിങ് ഹൗസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ക്ലിയറിങ് ഹൗസ്
Clearing House
ചെക്കുകളും മറ്റു 'നെഗോഷ്യതാപ്രമാണങ്ങളും' കൈമാറുന്നതിന് ബാങ്കുകളുടെ സമൂഹം രൂപവത്കരിക്കുന്ന സ്ഥാപനം. ലോകത്തെമ്പാടുമുള്ള വന്‍നഗരങ്ങളില്‍ ക്ലിയറിങ് ഹൗസുകള്‍ വിജയകരമായി പ്രവര്‍ത്തിച്ചുവരുന്നു. ഓരോ ബാങ്കിനും മറ്റു ബാങ്കുകളിന്മേല് കിട്ടിയിട്ടുള്ള ചെക്കുകള്‍ അന്നന്ന് ക്ലിയറിങ് ഹൗസില്‍ കൊണ്ടുവന്ന് അന്യോന്യം തട്ടിക്കിഴിക്കുന്നു. അങ്ങനെ തട്ടിക്കിഴിക്കപ്പെട്ട ചെക്കുകള്കൊണ്ടു നടത്തുന്ന കൈമാറ്റങ്ങള്ക്കൊന്നും തന്നെ കറന്സിനോട്ടുകള് ഉപയോഗിക്കേണ്ടിവരുന്നില്ല. ഈ രീതിയില്‍ തട്ടിക്കിഴിച്ചശേഷം ബാക്കിവരുന്ന അടവുകള്ക്കുപോലും കറന്‍സി ഉപയോഗിക്കാറില്ല. ബാങ്ക് 'എ', ബാങ്ക് 'ബി'ക്കു ഒരു ദിവസത്തെ ഇടപാടുകള്‍ തീര്‍ക്കാനായി കൊടുക്കേണ്ട തുക കേന്ദ്ര ബാങ്കിനുള്ള ഒരു ചെക്കായിട്ടാണ് കൊടുക്കുന്നത്. കേന്ദ്ര ബാങ്കില്‍ ബാങ്ക് 'എ'യുടെ കണക്കില്‍ ആ സംഖ്യ കുറവുചെയ്യുകയും ബാങ്ക് ബിയുടെ കണക്കില്‍ ആ തുക ചേര്ത്തുകൊണ്ടുമാണ് അന്നത്തെ പണമിടപാടുകള്‍ തീര്‍ക്കുന്നത്. വികസിത രാജ്യങ്ങളില്‍, വ്യാപാരങ്ങളുടെ സിംഹഭാഗവും കറന്‍സിനോട്ടുകളുടെ ഉപയോഗം കൂടാതെ നെഗോഷ്യതാ പ്രമാണങ്ങളുടെ കൈമാറ്റംമൂലം നടക്കുന്നു. ഒരു ക്ലിയറിങ് ഹൗസ് ഒരു പ്രദേശത്തുണ്ടായാല്‍ ബാങ്കുകള്‍ തമ്മിലുള്ള പണമിടപാടുകള്‍ കാലതാമസംകൂടാതെ തീര്‍ക്കുവാന്‍ സാധിക്കും.
സുസംഘടിതമായ ക്ലിയറിങ് ഹൗസിന്റെ അഭാവത്തില്‍ ഇടപാടുകള്‍ തീര്‍ക്കുന്നതിനു ബാങ്കുകള്‍ക്കു കാലതാമസവും വിഷമവും നേരിടും; ബാങ്കുകള്‍ക്കു കൂടുതല്‍ തുകകള്‍ കൈയില്‍ വയ്ക്കേണ്ടിവരികയും ചെയ്യും. ക്ലിയറിങ് ഹൗസുകള്‍ നിലവിലുള്ള ഇടങ്ങളിലെ ബാങ്കുകള്‍ക്ക് രൊക്കം പണം അധികമായി കൈയില്‍ കരുതേണ്ട ആവശ്യമില്ല.
ലണ്ടനിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലിയറിങ് കേന്ദ്രം ലണ്ടന്‍ ബാങ്കേഴ്സ് ക്ലിയറിങ് ഹൗസാണ്. ഇതിന്റെ നിയന്ത്രണം വഹിക്കുന്നത് ലണ്ടനിലെ ക്ലിയറിങ് ബാങ്കുകളുടെ ഒരു കമ്മിറ്റിയാണ്. ഈ ക്ലിയറിങ് ഹൗസിനെക്കൂടാതെ ഇംഗ്ലണ്ടില്‍ പന്ത്രണ്ട് പ്രൊവിന്‍ഷ്യല്‍ ക്ലിയറിങ് ഹൗസുകളുണ്ട്. ഇവ സ്ഥാപിച്ചിരിക്കുന്നത് ബര്‍മിങ് ഹാം, ബ്രിസ്റ്റള്‍, ലീഡ്സ്, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, ന്യൂകാസില്‍, സൌത്ത്ഹാംപ്ടണ്, ബ്രാഡ്ഫോര്‍ഡ്, ഹള്‍, ലെസ്റ്റര്‍, നോട്ടിങ്ഹാം, ഷെഫീല്‍ഡ് എന്നിവിടങ്ങളിലാണ്. ഇന്ത്യയില്‍ കേന്ദ്ര ബാങ്കായ 'റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ'യുടെ ആഫീസുകളുള്ള സ്ഥലങ്ങളില്‍ ആ ബാങ്കാണ് ക്ലിയറിങ് ഹൗസുകളെ നിയന്ത്രിക്കുന്നത്. മറ്റു സ്ഥലങ്ങളില്‍ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയോ അതിന്റെ കീഴ്ഘടകങ്ങളോ ആണ് മേല്‍നോട്ടം വഹിക്കുന്നത്. ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും ക്ലിയറിങ് ഹൗസുകള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
(എസ്. കൃഷ്ണയ്യര്‍)