This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോഴിവളര്‍ത്തല്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കോഴിവളര്‍ത്തല്‍
ഇന്ത്യയുടെ ഗ്രാമീണസമ്പദ് വ്യവസ്ഥയില്‍ സുപ്രധാന സ്ഥാനമുള്ള ഒരു കുടില്‍ വ്യവസായം. ഉടനടി വരുമാനം നല്കുന്ന ഒരു തൊഴില്‍ എന്നനിലയില്‍ വളരെ പെട്ടെന്ന് ജനശ്രദ്ധപിടിച്ചെടുത്ത ഒരു വ്യവസായവുമാണിത്. ഇന്ന് ലോകത്തെമ്പാടുമായി കാണപ്പെടുന്ന കോഴികളുടെ പൂര്‍വികഗൃഹം ഇന്ത്യയും അയല്‍രാജ്യങ്ങളുമാണ്. അതുകൊണ്ടുതന്നെ കോഴിവളര്‍ത്തലിന്റെ ചരിത്രവും ഇന്ത്യയില്‍ നിന്നു തന്നെയാണ് ആരംഭിക്കുന്നത്. അയ്യായിരത്തിലേറെ വര്‍ഷങ്ങളായി ഇന്ത്യയില്‍ കോഴിവളര്‍ത്തല്‍ നടന്നു വരുന്നു. എങ്കിലും ഇതു സംബന്ധിച്ച ശാസ്ത്രീയ വിജ്ഞാനത്തിന്റെ നല്ലൊരപങ്കും കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ ഗവേഷണഫലമായി ഉരുത്തിരിഞ്ഞുവന്നവയാണ്. കോഴിവളര്‍ത്തലിന്റെ പ്രാരംഭദിശയില്‍ നിരവധിയിനം കോഴിജനുസുകളെ ഇന്ത്യയില്‍ വളര്‍ത്തിയെടുത്തിരുന്നു. എന്നാല്‍ ഈ ഇനങ്ങള്‍ ഉത്പാദനക്ഷമത കുറഞ്ഞവയും ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്ക് ഉതകാത്തവയും ആയതിനാല്‍ ഇന്ന് പ്രദര്‍ശനാവശ്യങ്ങള്‍ക്കു മാത്രമായി മാറ്റപ്പെട്ടിരിക്കുന്നു. ശാസ്ത്രീയ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി പ്രയോജനകാരികളായ പുതിയ ജനുസുകളെ വളര്‍ത്തിയെടുക്കുന്നതില്‍ വിജയം കണ്ടെത്തിയതോടെ കോഴിവളര്‍ത്തല്‍ ആദായകരമായ ഒരു വ്യവസായമായി ഉയര്‍ന്നിരിക്കുന്നു. സാധാരണ ജനങ്ങളുടെ ഉപജീവനോപാധി എന്ന നിലയില്‍നിന്ന് ഇന്ന് മുട്ടക്കോഴിവളര്‍ത്തല്‍, ഇറച്ചിക്കോഴിവളര്‍ത്തല്‍ എന്നിങ്ങനെ അതിബൃഹത്തായ രണ്ടുവാണിജ്യസംരംഭങ്ങളായി ഇത് രൂപാന്തരപ്പെട്ടിട്ടുണ്ട്.
ഇന്ത്യയുടെ തനതു ജനുസുകളിലുള്ള നാടന്‍ കോഴികള്‍ ഉത്പാദനക്ഷമത തീരെ കുറഞ്ഞവയാണ്. ഇവയ്ക്ക് പ്രത്യേക ശ്രദ്ധയോ ശ്രുശ്രൂഷയോ കിട്ടാറുമില്ല. നാടന്‍ കോഴികളുടെ എണ്ണവും വളരെ കുറവാണ്. ജനസംഖ്യാനുപാതികമായുള്ള ഇന്ത്യന്‍ കോഴികളുടെ സംഖ്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ ശുഷ്കമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. നഗരവത്കരണവും വ്യവസായവത്കരണവുംമൂലം രാജ്യത്ത് മുട്ടയ്ക്കും കോഴിയിറച്ചിക്കും ആവശ്യം പെട്ടെന്ന് വര്‍ധിച്ചു. ഇത് നല്ലയിനം കോഴികളെ ഇറക്കുമതി ചെയ്യാനും ശാസ്ത്രീയ പ്രജനനമാര്‍ഗങ്ങളിലൂടെ നല്ലയിനങ്ങളെ വികസിപ്പിച്ചെടുക്കാനും കോഴിവളര്‍ത്തല്‍ തന്നെ തികച്ചും ശാസത്രീയമാക്കാനും പ്രേരണ നല്കുകയുണ്ടായി.
ഇന്ത്യയിലെ കോഴിവളര്‍ത്തലില്‍ ഒരു മുന്നേറ്റം ഉണ്ടായത് നല്ലയിനം കോഴികളെ വിദേശരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തതോടെയാണ്. ഇതിന്റെ തുടക്കം കുറിച്ചത് യു.എസ്സില്‍ നിന്നാണ്. യു.എസ്. എ.ഐ.ഡി പരിപാടിയിലൂടെ ഇന്ത്യ മേല്‍ത്തരം പ്രജനനസ്റ്റോക്ക് ആദ്യമായി ഇറക്കുമതി ചെയ്തു (1957). ആ വര്‍ഷം ആദ്യം അമേരിക്കയില്‍ നിന്ന് പൂവന്‍-പിട ഇനം തിരിച്ചതും ഒരു ദിവസം പ്രായമായതുമായ 30,000 നല്ല ജനുസിലുള്ള കോഴിക്കുഞ്ഞുങ്ങളെയും വൈറ്റ്ലഗോണ്‍, റോഡ് ഐലന്‍ഡ് റെഡ്, ന്യൂ ഹാമ്ഷയര്‍, വൈറ്റ് കോര്‍ണിഷ് എന്നീ മേല്‍ത്തരം ഇനത്തില്‍പ്പെട്ട കോഴികളുടെ 5,000 മുട്ടകളും ഇറക്കുമതിചെയ്തു. ഇതാണ് ഇന്ത്യയില്‍ നല്ല ജനുസിലുള്ള കോഴികളുടെ വളര്‍ത്തലിന് അടിസ്ഥാനമിട്ടത്. തുടര്‍ന്ന് 1959-ല്‍ കന്‍സാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി യു.എസ്.എ.ഐ.ഡി. ഇന്ത്യാപരിപാടിയുടെ അടിസ്ഥാനത്തില്‍ ഇസ്രയേലില്‍ നിന്ന് 4,500 ഇറച്ചിയിനം വൈറ്റ്റോക്ക് കോഴികളെ ഇറക്കുമതി ചെയ്തു. റോമിലെ ഒരു വൈറ്റ്റോക്ക് പ്രജനനകേന്ദ്രം ഹൈദരാബാദിലെ ഐ.സി.എ.ആര്‍. ബ്രോയ്ലര്‍ പദ്ധതിക്കുവേണ്ടി 2,500 കോഴിക്കുഞ്ഞുങ്ങളെ സൌജന്യമായി നല്കി. 1962-ല്‍ കന്‍സാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി-യു.എസ്.എ.ഐ.ഡി ഇന്ത്യാ പരിപാടിയിലൂടെ റോമില്‍ നിന്ന് 2,500 വൈറ്റ്ലഗോണ്‍ നല്ലയിനം ജനുസുകളെ ഉസ്മാനിയ വെറ്റിനറി കോളജ് ഇറക്കുമതി ചെയ്തു. ഇതേ കോളജിന് പടിഞ്ഞാറന്‍ ജര്‍മനി സങ്കരയിനം വൈറ്റ്ലഗോണിന്റെ 300 സാമ്പിള്‍ കോഴിക്കുഞ്ഞുങ്ങളെയും നല്കുകയുണ്ടായി. ലുധിയാന കാര്‍ഷികകോളജിന് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി കോണ്‍ട്രാക്റ്റ് ടീമിന്റെ മേല്‍നോട്ടത്തില്‍ മറ്റൊരു പ്രധാനയിനം മുന്നൂറു കോഴികളെ ലഭിച്ചു. ഇതോടൊപ്പം വിശപ്പുമോചന പരിപാടിയുടെ ഭാഗമായി ഐക്യരാഷ്ട്രസഭയുടെ എഫ്.എ.ഒ.യും ആസ്റ്റ്രേലിയന്‍ സ്റ്റോക്കിനെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ തുടങ്ങി. അമേരിക്കയിലെ മൂന്നു വന്‍കിട പൌള്‍ട്രി പ്രജനന സംഘക്കാര്‍ ഡല്‍ഹി, പൂണെ, കര്‍നാല്‍ എന്നിവിടങ്ങളില്‍ പൌള്‍ട്രി പ്രജനന ഫാമുകളും ആരംഭിച്ചു. ഇതെല്ലാം ഇന്ത്യന്‍ കോഴിവളര്‍ത്തല്‍ മേഖലയില്‍ ഒരു വന്‍ വിപ്ളവം തന്നെ സൃഷ്ടിക്കുകയുണ്ടായി. ഉത്പാദനക്ഷമത കുറഞ്ഞ നാടന്‍ കോഴികളുടെ സ്ഥാനത്ത് ശാസ്ത്രീയ പ്രജനന മാര്‍ഗങ്ങളിലൂടെ ഉരുത്തിരിഞ്ഞുവന്ന പുതിയ ജനുസുകള്‍ എത്തിയതോടെ ഈ രംഗം സജീവമാവുകയും ചെയ്തു.
ഇന്ത്യന്‍ കോഴിവളര്‍ത്തല്‍ വ്യവസായത്തെ വികസിപ്പിച്ചെടുക്കുവാന്‍ ഒന്നാം പഞ്ചവത്സരപദ്ധതിക്കാലം മുതലേ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും പ്രയത്നിച്ചിരുന്നു. ആദ്യത്തെ പഞ്ചവത്സരപദ്ധതിക്കാലത്ത് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ആഭിമുഖ്യത്തില്‍ വൈറ്റ് ലഗോണ്‍, റോഡ് ഐലന്‍ഡ് റെഡ് എന്നീ ഇനങ്ങളില്‍പ്പെട്ട പൂവന്‍കോഴികളെ നാടന്‍ പിടക്കോഴികളുമായി ഇണച്ചേര്‍ത്ത് പൌള്‍ട്രി വംശോന്നതി നടത്തിയെടുക്കുവാനുള്ള പരിപാടികള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഫലമായി മുട്ടകളുടെ എണ്ണത്തിലും വലുപ്പത്തിലും കോഴികളുടെ തന്നെ വലുപ്പത്തിലും അഭിവൃദ്ധി ഉണ്ടായി. ഇതോടൊപ്പം ശുദ്ധജാത പൗള്‍ട്രി വ്യാപാരം ത്വരിതപ്പെടുത്തുവാനായി ഡല്‍ഹി, സിംല, ഭുവനേശ്വര്‍, മുംബൈ എന്നീ സ്ഥലങ്ങളില്‍ വന്‍കിട സര്‍ക്കാര്‍ ഫാമുകളും ആരംഭിച്ചു. ഈ ഫാമുകളും സംസ്ഥാനസര്‍ക്കാരുകളുടെ പൗള്‍ട്രിഫാമുകളും ആണ് ആയിരക്കണക്കിന് വൈറ്റ് ലഗോണ്‍, റോഡ് ഐലന്‍ഡ് റെഡ് കോഴികളുടെയും കുഞ്ഞുങ്ങളുടെയും മുട്ടകളുടെയും വിതരണച്ചുമതല നിര്‍വഹിക്കുന്നത്. ഇന്ന് സംസ്ഥാന പൗള്‍ട്രി ഫാമുകളുടെ സംഖ്യയും പ്രവര്‍ത്തനമേഖലയും വര്‍ധിച്ചിരിക്കുന്നു. കോഴികളുടെ ഗുണപരമായ മേന്മ നിലനിര്‍ത്താനും മെച്ചപ്പെടുത്താനും വേണ്ടിയുള്ള ആസൂത്രിത പ്രജനന പരിപാടികള്‍ നടപ്പിലാക്കി വരുന്നുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പൌള്‍ട്രി വ്യാപന കേന്ദ്രങ്ങളിലൂടെയുള്ള തീവ്ര പൗള്‍ട്രി വികസന പദ്ധതികള്‍ കോഴിവളര്‍ത്തല്‍രംഗത്ത് ആശാവഹമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നു.
കഴിഞ്ഞ രണ്ടു ദശകത്തിനുള്ളില്‍ ഇന്ത്യയില്‍ കോഴിവളര്‍ത്തല്‍ മേഖലയില്‍ വമ്പിച്ച പുരോഗതി ഉണ്ടായിട്ടുണ്ടെന്നു സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു. 1951-ല്‍ മൊത്തം ഉത്പാദനം 1800 ദശലക്ഷം മുട്ടകളായിരുന്നു. എന്നാല്‍ 1986-87-ല്‍ ഇത് 15,900 ദശലക്ഷം ആയി ഉയര്‍ന്നു. ബ്രോയ്ലര്‍ കോഴികളുടെ എണ്ണത്തിലും അഭൂതപൂര്‍വമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 1961-ല്‍ ബ്രോയ്ലര്‍ ഉത്പാദനം നാമമാത്രമായ തോതിലേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ 1986-87-ല്‍ ഇത് 80 ദശലക്ഷമായി വര്‍ധിച്ചു. കോഴിവളര്‍ത്തല്‍ രംഗത്ത് സ്വയംപര്യാപ്തത നേടിയിട്ടില്ലെങ്കിലും ഇന്ത്യയില്‍ നിന്ന് കോഴി ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ടെന്നതു ശ്രദ്ധേയമാണ്. മികച്ച സങ്കരയിനം കോഴികളുടെ ഉത്പാദനത്തിന് മുംബൈ, ഭുവനേശ്വര്‍, ഹെസ്സാര്‍ഘട, ചണ്ഡീഗഢ് എന്നിവിടങ്ങളിലെ കേന്ദ്ര പള്‍ട്രി ബ്രീഡിങ് ഫാമുകള്‍ പ്രവര്‍ത്തിക്കുന്നു. ഹെസ്സാര്‍ഘടയിലെ സെന്‍ട്രല്‍ ഡക്ക് ബ്രീഡിങ്ഫാം, ഹെസ്സാര്‍ഘടയിലെ സെന്‍ട്രല്‍ പൗള്‍ട്രി ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ചണ്ഡീഗഡിലെയും ഭുവനേശ്വറിലെയും റീജിയണല്‍ ഫീഡ് അനലിറ്റിക്കല്‍ ലബോറട്ടറികള്‍ എന്നിവയും പ്രശസ്തസേവനം അനുഷ്ഠിക്കുന്നു. കോഴി ഉത്പന്നങ്ങളുടെ വിപണനത്തിനു നേതൃത്വം നല്കുന്നത് നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍-നാഫെഡ്-ആണ്.
ജനുസ് തിരഞ്ഞെടുക്കല്‍. 175 ഇനം കോഴികളെ 12 വ്യത്യസ്ത വര്‍ഗങ്ങളായാണ് തരംതിരിക്കുന്നത്. ഇവയില്‍, ഉദ്ദേശം 69 ജനുസുകളെ മനുഷ്യനു പ്രയോജനപ്പെടുന്നതിന്റെ അടിസ്ഥാനത്തില്‍ മുട്ട ഇടുന്നവ, ഇറച്ചിക്കുള്ളവ, രണ്ടുരീതിയിലും ഉപയോഗമുള്ളവ എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. ഒന്നോ രണ്ടോ നിര്‍ധാരിത ജനുസുകളെമാത്രം തെരഞ്ഞെടുത്ത് വളര്‍ത്തുകയാണ് വ്യാപാരവിജയത്തിന് ഏറ്റവും ലാഭകരമായ മാര്‍ഗം. വളര്‍ത്തുന്ന ജനുസുകളുടെ എണ്ണം പരിമിതമാകുന്നതോടെ അവയെ വളര്‍ത്താനുള്ള പ്രശ്നങ്ങളിലും കുറവനുഭവപ്പെടും. ശരീരവളര്‍ച്ചയുടെ തോതിലും മുട്ടയുത്പാദനത്തിലും ഒരേ വര്‍ഗത്തിലെ തന്നെ കോഴികള്‍ക്കിടയില്‍ വലിയ വ്യത്യാസങ്ങള്‍ കണ്ടുവരുന്നുണ്ട്.
മുട്ടക്കോഴികളെ തെരഞ്ഞെടുക്കല്‍. മുട്ടയ്ക്കുവേണ്ടിയുള്ള കോഴിവളര്‍ത്തലിന് വൈറ്റ് ലഗോണ്‍ ജനുസിന്റെ പൂര്‍വനിര്‍ധാരിതമായ വിഭേദങ്ങള്‍ തമ്മിലുള്ള സങ്കരണഫലമായി ലഭിക്കുന്ന കോഴികളാണ് ഏറ്റവും ഉചിതം. താഴെപ്പറയുന്ന അടിസ്ഥാന ഘടകങ്ങള്‍ ഈ തിരഞ്ഞെടുപ്പിന് പ്രത്യേകം ശ്രദ്ധിക്കേണ്ടവയാണ്. (1) ഉച്ചിപ്പൂവിന്റെയും തൂവല്‍ഘടനയുടെയും നില (2) കണ്ണിന്റെ തിളക്കം (3) ഉടല്‍ഭാരവും ക്ഷമതയും (4) ഉടലിന്റെ സ്ഥിതി (5) ഗുദദ്വാരനില (6) നിറം (7) തൂവല്‍കൊഴിയല്‍നില (8) ആരോഗ്യവും ഓജസ്സും.
നല്ലയിനം മുട്ടക്കോഴിയുടെ ഉച്ചിപ്പൂവ് ചുവന്നു തിളങ്ങുന്നതായിരിക്കും. ഇതില്‍ രക്തചംക്രമണം നല്ല നിലയില്‍ നടക്കുന്നതിനാല്‍ ഇതിന്റെ താപനിലയും ഉയര്‍ന്നതായിരിക്കും. അതുപോലെതന്നെ കണ്ണിന്റെ വലുപ്പവും പ്രാമുഖ്യവും തിളക്കവും കൂടിയിരുന്നാല്‍ അത് നല്ല മുട്ടക്കോഴിയുടെ ലക്ഷണമായി കണക്കാക്കാം. കോഴിയുടെ ആരോഗ്യത്തിന്റെ ഒരു സൂചകമായി കണ്ണിന്റെ തിളക്കത്തെയും വലുപ്പത്തെയും എടുക്കാവുന്നതാണ്.
മുട്ടക്കോഴിയുടെ ഉദരത്തിനു നല്ല വ്യാപ്തിയുണ്ടാവണം. ജഘനാസ്ഥികള്‍ തമ്മിലുള്ള അകലം മനസ്സിലാക്കി ഉദരത്തിന്റെ ക്ഷമത കണക്കാക്കാനാവും. നല്ല മുട്ടക്കോഴിക്ക് ജഘനാസ്ഥികളുടെയും മറ്റെല്ലുകളുടെയും ഇടയ്ക്ക് മൂന്നു നാലു വിരലിട അകലം ഉണ്ടായിരിക്കണം. ഈ അകലം കുറഞ്ഞിരുന്നാല്‍ കോഴിയുടെ ഉത്പാദനക്ഷമതയും കുറയുന്നതായിട്ടാണ് കണ്ടുവരുന്നത്. അതുപോലെതന്നെ ഉടല്‍ മൃദുവും വഴങ്ങുന്നതുമായിരിക്കുകയും വേണം. മുട്ടക്കോഴിയുടെ ഉദരഭാഗത്ത് അധികം കൊഴുപ്പ് ഉണ്ടാവുകയില്ല. ഗുദദ്വാരവും ജഘനാസ്ഥികളും തമ്മിലുള്ള ദൂരം കണക്കാക്കിയും നല്ല മുട്ടക്കോഴിയെ തിരിച്ചറിയാവുന്നതാണ്. നല്ല മുട്ടക്കോഴിയുടെ ഗുദദ്വാരം വലുതും ദീര്‍ഘചതുരാകൃതിയുള്ളതുമായിരിക്കും.
നിറത്തിന്റെ അടിസ്ഥാനത്തിലും മുട്ടക്കോഴികളെ മനസ്സിലാക്കാവുന്നതാണ്. സാധാരണ ജനുസ് കോഴികള്‍ക്ക് കണ്ണിനു ചുറ്റും കൊക്കിന് മേലും ഗുദദ്വാരത്തിനു ചുറ്റും കണങ്കാലിലും മഞ്ഞനിറമായിരിക്കും കാണപ്പെടുക. കോഴി മുട്ടയിട്ടു തുടങ്ങുമ്പോള്‍ ഈ മഞ്ഞയും തീറ്റയിലെ മഞ്ഞവര്‍ണകങ്ങളും ചേര്‍ന്ന് മുട്ടയിലെ മഞ്ഞയെ ഉത്പാദിപ്പിക്കുന്നു. ഉത്പാദനനിരക്ക് വര്‍ധിക്കുന്നതിനനുസരിച്ച് മഞ്ഞവര്‍ണകം കുറഞ്ഞുകുറഞ്ഞുവരികയും ചെയ്യും. ഈ വര്‍ണകം സൂക്ഷമമായി നിരീക്ഷിച്ചാല്‍ കോഴി എത്രകാലമായി മുട്ടയിടുന്നു എന്നു മനസ്സിലാക്കാം.
കോഴികള്‍ക്ക് ഓരോ വര്‍ഷവും പുതിയ തൂവല്‍ മുളച്ചുവരും. നല്ലയിനം കോഴിയുടെ തൂവല്‍ വേഗത്തില്‍ കൊഴിയുന്നു. നല്ല കോഴികള്‍ക്ക് ആണ്ടു പകുതിയാകുമ്പോള്‍ തന്നെ തൂവല്‍ കൊഴിഞ്ഞു തുടങ്ങും. നല്ല മുട്ടക്കോഴികളെ തെരഞ്ഞെടുക്കുവാന്‍ തൂവല്‍ കൊഴിച്ചിലിന്റെ നില ഒരു പ്രധാന മാനദണ്ഡമായി എടുക്കാവുന്നതാണ്. ഈ പ്രത്യേകതകളോടൊപ്പം നന്നായി മുട്ടയിടുന്ന ഇനം കോഴികള്‍ക്ക് നല്ല വലുപ്പവും ഊര്‍ജസ്വലതയും ഉണ്ടായിരിക്കുകയും ചെയ്യും. ലഗോണ്‍, മിനോര്‍ക്ക, അങ്കോണ, കാംപൈന്‍ എന്നീ ജനുസ്സുകളെയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും ഏറ്റവും പൊതുജനപ്രീതി ആര്‍ജിച്ചിട്ടുള്ളത് ലഗോണ്‍ ആണ്.
ഇറച്ചിക്കോഴികളെ തെരഞ്ഞെടുക്കല്‍. ഇറച്ചിവ്യവസായത്തിനുള്ള കോഴികളെയാണ് വളര്‍ത്തുന്നതെങ്കില്‍ ത്വരിതവളര്‍ച്ചയുള്ള ജനുസുകളെ തെരഞ്ഞെടുക്കണം. ഈയിനം കോഴികളുടെ വളര്‍ച്ചയ്ക്കായിട്ടായിരിക്കും തീറ്റ ഉപയോഗപ്പെടുത്തുന്നത്. വൈറ്റ് കോര്‍ണിഷ് ജനുസിലെ നിര്‍ധാരിതങ്ങളായ പൂവന്‍കോഴികളെ വൈറ്റ് പ്ളിമത്ത്റോക്ക് അല്ലെങ്കില്‍ ന്യൂഹാമ്ഷയര്‍ ജനുസിലെ തെരഞ്ഞെടുത്ത പിടകളുമായി സങ്കരണം നടത്തി ലഭിക്കുന്ന ബ്രോയ്ലര്‍ ഇനങ്ങള്‍ നന്നെന്ന് കരുതപ്പെടുന്നു.
ധാരാളം മാംസം വയ്ക്കാനുള്ള പ്രവണതയുള്ളവയും വലുപ്പം കൂടിയവുമായതിനാല്‍, ഇറച്ചിക്കോഴികള്‍ക്ക് വാണിജ്യപകമായ പ്രാധാന്യമുണ്ട്. തൂവലുകള്‍ അയഞ്ഞ രീതിയിലായതിനാല്‍ ഉടലിന് ഉരുണ്ട ആകൃതിയാണുള്ളത്. മൃദുവായ ഈ ഇറച്ചിയുടെ ഏറിയ പങ്കും നെഞ്ച്, തുട, മുതുക് എന്നീ ഭാഗങ്ങളിലാണ്. ബ്രഹ്മ, കൊച്ചിന്‍, ലാങ്ഷാന്‍, കോര്‍ണിഷ്, അസീല്‍, ചിറ്റഗോങ്, ജഴ്സി ജയന്റ് എന്നിവയാണ് മികച്ചയിനങ്ങള്‍.
രണ്ടുരീതിയിലും ഉപയോഗമുള്ളവ. ഈ വിഭാഗത്തിലുള്ളവ നല്ല ഇറച്ചിയ്ക്കും സാമാന്യം മെച്ചമായ രീതിയില്‍ മുട്ട ഇടുന്നതിനും പറ്റിയതാണ്. ഒരു വയസ്സു പൂര്‍ത്തിയാകുന്നതിനിടയ്ക്ക് ധാരാളം മുട്ട ഇടുന്നതിനാല്‍ അതിനുശേഷം ഇറച്ചിയ്ക്കുപയോഗിക്കാം. നല്ലരീതിയില്‍ പരിപാലിച്ചാല്‍ എല്ലാ കാലത്തും ഇവയില്‍നിന്ന് മുട്ട ലഭിയ്ക്കും. റോഡ് ഐലന്റ് റെഡ്, പ്ലിമത്ത് റോക്ക്, ന്യൂബാംഷെയര്‍, വിയന്‍ഡോട്ട്, ആസ്ട്രലോപ്, ഓര്‍പിങ്ടണ്‍ എന്നിവയാണ് മികച്ചയിനങ്ങള്‍.
കോഴിവളര്‍ത്തല്‍ രീതികള്‍. കോഴിവളര്‍ത്തലിന്റെ ആദ്യനാളുകളില്‍ ഇന്ത്യയില്‍ കോഴികളെ പകല്‍സമയം തുറസ്സായ സ്ഥലങ്ങളില്‍ തുറന്നുവിടുകയും രാത്രികാലങ്ങളില്‍ കൂട്ടിലടയ്ക്കുകയും ആയിരുന്നു ചെയ്തുവന്നിരുന്നത്. ഇന്നും ഗ്രാമങ്ങളില്‍ ഈ സമ്പ്രദായമാണ് സ്വീകരിച്ചുവരുന്നത്. ഈ രീതിയെ ഫ്രീറേന്‍ജ് രീതി എന്നു പറഞ്ഞുവരുന്നു. കോഴികളെ തുറസ്സായസ്ഥലങ്ങളില്‍ സ്വതന്ത്രമായി വിടുന്നതുമൂലം അവയ്ക്ക് വേണ്ടത്ര സൂര്യപ്രകാശവും ശുദ്ധവായുവും ആവശ്യത്തിനു വ്യായാമവും ലഭിക്കുന്നു എന്നൊരു നേട്ടം ഉണ്ട്. പ്രകൃതിദത്തമായി പുല്ലും പുഴുക്കളും ഒക്കെ ആഹാരമായി ലഭ്യമാവുന്നുമുണ്ട്. പക്ഷേ തീറ്റയിലും മറ്റും യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ സാധിക്കുന്നില്ല. ഗൃഹങ്ങളുമായി ബന്ധപ്പെട്ട് നാട്ടിന്‍പുറങ്ങളില്‍ ചെറിയതോതില്‍ നടത്താറുള്ള കോഴിവളര്‍ത്തലിന് ഈ രീതി ഫലപ്രദമാണെങ്കിലും ശാസ്ത്രീയമായും വന്‍തോതിലും ഉള്ള കോഴിവളര്‍ത്തലിന് ഇന്ന് മറ്റു മാര്‍ഗങ്ങളാണ് അവലംബിച്ചുവരുന്നത്.
ഡീപ്പ് ലിറ്റര്‍ രീതി. വാണിജ്യാടിസ്ഥാനത്തില്‍ വന്‍തോതിലുള്ള കോഴിവളര്‍ത്തലിന് ഇന്ന് വ്യാപകമായി ഉപയോഗപ്പെടുത്തിവരുന്ന രീതിയാണിത്. ഏറ്റവും ആദായകരവും ശാസ്ത്രീയവുമാണിത്. നല്ല പ്രകാശവും വായുസഞ്ചാരവും ഉള്ളതും ഈര്‍പ്പത്തിന്റെ ഉപദ്രവം ഇല്ലാത്തതുമായ ഒരു മുറിയില്‍ 8-12 സെ.മീ. കനത്തില്‍ ഇട്ടിട്ടുള്ള വിരിപ്പിന് (ലിറ്ററിന്) മുകളില്‍ കോഴികളെ വളര്‍ത്തുന്ന രീതിയാണ് ഡീപ്പ് ലിറ്റര്‍ എന്നറിയപ്പെടുന്നത്. അറക്കപ്പൊടി, ചിന്തേരുപൊടി, കരിമ്പിന്‍ചണ്ടി, നിലക്കടലത്തോട് എന്നിവ ലിറ്ററായി ഉപയോഗിക്കാം. ഇതില്‍ ഈര്‍പ്പം ഒട്ടുംതന്നെ ഉണ്ടാവാന്‍ പാടില്ല. സാര്‍വത്രികമായി ഇന്ന് ഉപയോഗപ്പെടുത്തിവരുന്ന ഈ രീതി ആദായകരമാണെന്നതിനു പുറമേ കുറച്ചുമാത്രം അധ്വാനം ആവശ്യപ്പെടുന്നതുമാണ്.
ഡീപ്പ് ലിറ്റര്‍ രീതിയില്‍ ഉള്ള കൂടുകളില്‍ ഓരോ കോഴിക്കും 90-92 ചതുരശ്രസെന്റിമീറ്റര്‍ സ്ഥലം ലഭിച്ചിരിക്കണം. തുടക്കത്തില്‍ 8-12 സെ.മീ. കനത്തിലാണ് ലിറ്ററെങ്കിലും കോഴികള്‍ക്ക് മൂന്നുമാസം പ്രായമാകുമ്പോഴേക്ക് ലിറ്റര്‍ 16 സെ.മീ. കനത്തില്‍ എത്തിയിരിക്കണം. രണ്ടുമൂന്നുമാസത്തിനിടയ്ക്ക് പഴയ ലിറ്ററിനോടൊപ്പം പുതിയ ലിറ്റര്‍ ഇട്ടുകൊടുക്കാവുന്നതാണ്. ഇടയ്ക്കിടയ്ക്ക് ലിറ്റര്‍ ഇളക്കിക്കൊണ്ടിരിക്കുകയും വേണം. ഒരു വര്‍ഷം കഴിയുമ്പോള്‍ ഈ ലിറ്റര്‍ നല്ല വളമായി മാറിക്കഴിയും എന്ന മെച്ചവും ഉണ്ട്. ഇതില്‍ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ ധാരാളമായി അടങ്ങിയിരിക്കും.
ഡീപ്പ് ലിറ്റര്‍ രീതികൊണ്ട് നിരവധി മെച്ചങ്ങള്‍ ഉണ്ട്. ഇത് കാലാവസ്ഥയില്‍ ഉണ്ടാവുന്ന മാറ്റങ്ങളില്‍ നിന്നും കോഴികള്‍ക്ക് രക്ഷ നല്കുന്നു. കോഴിയുടെ താപം നിലനിര്‍ത്താനും സഹായമേകും. കോഴികള്‍ യഥേഷ്ടം ഓടിനടന്ന് ഊര്‍ജം പാഴാക്കാനുള്ള അവസരവും ലഭിക്കുന്നില്ല. നിയന്ത്രിതരൂപത്തിലുള്ള സമീകൃതാഹാരം കോഴികള്‍ക്ക് ലഭ്യമാക്കാനും ഡീപ്പ് ലിറ്റര്‍ രീതി പ്രയോജനപ്പെടുന്നു. കോഴികള്‍ കൂടിനുള്ളില്‍ത്തന്നെ സുരക്ഷിതമായി കഴിയുന്നതിനാല്‍ പകര്‍ച്ചരോഗബാധ ലഭിക്കാനുള്ള സാഹചര്യം കുറയുന്നുമുണ്ട്. ഇതിനോടൊപ്പം പരിപാലനത്തിന് അധ്വാനം കുറച്ചുമതി എന്ന നേട്ടവും ഉണ്ട്. ഒരു ഉപോത്പന്നം എന്ന രീതിയില്‍ മേല്‍ത്തരം ലിറ്റര്‍ വളം ലഭിക്കുകയും ചെയ്യും. നാല്പതു കോഴികള്‍ വളരുന്ന ഒരു ഡീപ്പ് ലിറ്റര്‍ കൂടില്‍ നിന്നും ഒരു വര്‍ഷം ഒരു ടണ്‍ വളം വരെ ലഭിക്കാറുണ്ട്. തുറന്നുവിട്ട് വളര്‍ത്തുന്നതിനേക്കാള്‍ വേഗത്തില്‍ വളര്‍ച്ച പ്രാപിച്ച് മുട്ടയിടുന്നു. കൂടാതെ കോഴികളെ ലിറ്ററിനുള്ളില്‍ വിട്ട് കുറച്ചുമാസങ്ങള്‍ക്കുള്ളില്‍ അണുജീവികളുടെ പ്രവര്‍ത്തനഫലമായി വിറ്റാമിന്‍ ബി ഉണ്ടാവുകയും ഇത് അധികമായി കോഴികള്‍ക്ക് ലഭ്യമാവുകയും ചെയ്യുന്നു.
കേജു രീതി. ഡീപ്പ് ലിറ്റര്‍ രീതിയെക്കാള്‍ ആധുനികമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു വളര്‍ത്തല്‍ രീതിയാണിത്. അമേരിക്കയില്‍ 1950-ഓടുകൂടി ആവിര്‍ഭവിച്ച ഈ രീതി ഇന്ന് പല രാഷ്ട്രങ്ങളിലും പ്രചാരത്തിലായിക്കഴിഞ്ഞിട്ടുണ്ട്. കേജുകള്‍ അഥവാ കമ്പികള്‍ കൊണ്ടുണ്ടാക്കിയ കൂടുകള്‍ ഉപയോഗിച്ച് കോഴികളെ വളര്‍ത്തുന്നതിനാലാണിതിന് കേജു രീതി എന്ന പേര്ലഭിച്ചത്.
ഡീപ്പ് ലിറ്റര്‍ രീതിയെക്കാള്‍ കേജു രീതിക്ക് ചില മേന്മകള്‍ ഉണ്ടെന്നു കരുതപ്പെടുന്നു. ഡീപ്പ് ലിറ്ററിനെക്കാളും കുറഞ്ഞ അധ്വാനം ഇതിനു മതിയാവും. ഡീപ്പ് ലിറ്റര്‍ രീതിയില്‍ 100 കോഴികളെ വളര്‍ത്തുന്ന സ്ഥലത്ത് കേജ് രീതികൊണ്ട് 400-500 കോഴികളെ വളര്‍ത്താനാവും. കൂടുതല്‍ ടൂ ടയര്‍, ത്രീ ടയര്‍ രീതിയില്‍ തട്ടുകളായി ഒന്നിനുമുകളില്‍ മറ്റൊന്ന് എന്ന രീതിയില്‍ ഉണ്ടാക്കാം. ഡീപ്പ് ലിറ്റര്‍ രീതിയില്‍ കൊടുക്കുന്നതിനെക്കാള്‍ കോഴി ഒന്നിന് പത്തുഗ്രാം തീറ്റ ഈ രീതിയില്‍ ലാഭിക്കാനാവും. മുട്ടകള്‍ ശേഖരിക്കാന്‍ എളുപ്പമാണ്. രോഗബാധകളും കേജു രീതിയില്‍ കുറവായിട്ടാണ് കണ്ടുവരുന്നത്.
പക്ഷേ കേജു രീതിക്ക് ചില ദോഷവശങ്ങളും ഉണ്ട്. ഈ രീതിയില്‍ വളര്‍ത്തുന്ന കോഴികള്‍ക്ക് മുട്ട ഇട്ടു തുടങ്ങി രണ്ടു മാസമാകുമ്പോഴേക്ക് കാലുകള്‍ക്ക് ബലഹീനതയും ക്ഷീണവും ഉണ്ടാകുന്നു കേജ്ലേയര്‍ ഫറ്റീഗ് എന്നാണ് ഈ രോഗത്തിന്റെ പേര്. ഇതിന്റെ ചികിത്സയ്ക്കായി കാത്സ്യവും ഫോസ്ഫറസും നല്കാറുണ്ട്.
കോഴിത്തീറ്റ. കോഴികളെ സ്വയം തീറ്റ തേടാന്‍ വിടുന്ന പതിവായിരുന്നു കോഴിവളര്‍ത്തലിന്റെ ആദ്യഘട്ടങ്ങളിലുണ്ടായിരുന്നത്. എന്നാല്‍ ശാസ്ത്രീയമാര്‍ഗങ്ങളിലൂടെ കോഴിവളര്‍ത്തല്‍ ഒരു വ്യവസായമായി വികസിച്ചതോടെ സമീകൃതാഹാരം കോഴികള്‍ക്ക് നല്കുവാന്‍ തുടങ്ങി. മുട്ടയും മാംസവും നല്കുന്നതിനുള്ള കോഴിയുടെ ശേഷിവര്‍ധിപ്പിക്കണമെങ്കില്‍ അവയെ വേണ്ടവിധത്തില്‍ തീറ്റിപ്പോറ്റേണ്ടതുണ്ട് എന്ന് മനസ്സിലാക്കി. കോഴിയുടെ ദഹനേന്ദ്രിയത്തിന് ചില പ്രത്യേകതകളുണ്ട്. അവയ്ക്ക് എപ്പോഴും വിശപ്പനുഭവപ്പെടുന്നതായി തോന്നും. അതുകൊണ്ടാണ് അവ എപ്പോഴും തീറ്റയ്ക്കായി ചുറ്റും പരതാറുള്ളത്. കോഴിവളര്‍ത്തലിന്റെ ഏറ്റവും ചെലവുകൂടിയ ഇനവും അതിനാല്‍ തീറ്റതന്നെയാണ്. കോഴിയുടെ ജനുസ്, ഉടലിന്റെ വലുപ്പം, മുട്ടയുത്പാദനം, ചുറ്റുപാടുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് കോഴിക്കാവശ്യമായ തീറ്റയുടെ അളവ് നിശ്ചയിക്കുന്നത്. ഒന്നിടവിട്ട് ദിവസം ഓരോ മുട്ട തരുന്ന ഒരു കോഴി അതിന്റെ തീറ്റയുടെ മുക്കാല്‍ ഭാഗവും ദേഹം പുലര്‍ത്താനും പേശീ പ്രവര്‍ത്തനങ്ങള്‍ക്കും താപനില (42°C) നിലനിര്‍ത്താനുമാണ് ചെലവഴിക്കാറുള്ളത്. കഴിക്കുന്ന തീറ്റയുടെ കാല്‍ഭാഗം മാത്രമേ മുട്ടയുത്പാദനത്തിനായി ഉപയോഗിക്കാറുള്ളൂ. അതിനാല്‍ എന്തിനുവേണ്ടിയാണോ കോഴിയെ വളര്‍ത്തുന്നത് അതിനു യോജിച്ച തീറ്റ തെരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കണം.
സമീകൃതമായ തീറ്റനല്കിയാല്‍ മാത്രമേ കോഴിക്കുഞ്ഞുങ്ങളുടെ വളര്‍ച്ച ശരിയായി നടക്കുകയുള്ളൂ. പ്രധാനമായും പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ഫാറ്റ്, വൈറ്റമിന്‍, മിനറല്‍സ്, ജലം എന്നിവ ആഹാരത്തില്‍ വേണ്ട അളവില്‍ അടങ്ങിയിരിക്കണം. ഇതില്‍ ഏതെങ്കിലും ഒരു പോഷക ഘടകത്തിന്റെ അഭാവം കൊണ്ടു മാത്രം വളര്‍ച്ച മുരടിച്ചു പോവാനിടയുണ്ട്. മുട്ട വിരിഞ്ഞ് പുറത്തുവന്നശേഷം ഏതാണ്ട് 36 മണിക്കൂര്‍ നേരത്തേക്ക് കോഴിക്കുഞ്ഞുങ്ങള്‍ക്ക് തീറ്റയൊന്നും ആവശ്യമില്ല. അതിനുശേഷം ക്രമമായി തീറ്റ നല്കിയാല്‍ മതിയാവും. ഇറച്ചിക്കോഴിക്കും മുട്ടക്കോഴിക്കും പ്രത്യേകം പ്രത്യേകം തീറ്റ നല്കുന്നതാണ് നല്ലത്.
ഇറച്ചിക്കോഴിക്ക് ബ്രോയിലറേഷന്‍ നല്കേണ്ടതാണ്. വേഗം വളര്‍ന്ന് തൂക്കം വര്‍ധിക്കാനും ഇറച്ചിക്ക് ആകര്‍ഷകമായ നിറവും ആകൃതിയും കിട്ടാനും ഇത്തരം തീറ്റ ആവശ്യമാണ്. കോഴിക്കുഞ്ഞുങ്ങള്‍ക്ക് അഞ്ചാഴ്ചപ്രായമാകുന്നതോടെ 22 ശതമാനത്തില്‍ കുറയാതെ പ്രോട്ടീന്‍ അംശമുള്ള സ്റ്റാര്‍ട്ടര്‍ തീറ്റയും അതിനുശേഷം 18 ശതമാനം പ്രോട്ടീന്‍ അംശമുള്ള ബ്രോയിലര്‍ ഫിനിഷര്‍ തീറ്റയും നല്കേണ്ടതാണ്. ഈ തീറ്റകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസം അവയുടെ മാംസ്യഊര്‍ജഘടനയിലാണ്. എട്ടാഴ്ച പ്രായമാകുന്നതോടെ ഇറച്ചിക്കോഴിയെ വിപണിയിലെത്തിക്കാം. നമ്മുടെ നാട്ടില്‍ സുലഭമായുള്ള തീറ്റസാധനങ്ങള്‍ ചേര്‍ത്ത് തീറ്റമിശ്രിതം തയ്യാറാക്കാവുന്നതാണ്. ഇറച്ചിക്കോഴിക്കു കൊടുക്കേണ്ട തീറ്റമിശ്രിതം താഴെ കൊടുത്തിരിക്കുന്നവിധം തയ്യാറാക്കാം.
മുട്ടക്കോഴിക്ക് അല്പം കൂടി വ്യത്യസ്ത രീതിയിലുള്ള തീറ്റയാണവശ്യം. ഇവയ്ക്ക് 5 ആഴ്ച പ്രായമാകുന്നതുവരെ 17 ശതമാനം പ്രോട്ടീന്‍ ഉള്ള സ്റ്റാര്‍ട്ടര്‍ തീറ്റയും അതുകഴിഞ്ഞ് 10 ആഴ്ച പ്രായമാകുന്നതുവരെ വളരുന്നതിനാവശ്യമായ ഗ്രോയര്‍ തീറ്റയും 10 ആഴ്ചയ്ക്കുശേഷം പുള്ളറ്റ് ഡെവലപ്പര്‍ തീറ്റയും നല്കണം. ഇതിനു ശേഷം മുട്ടയിടുന്നതിനുള്ള ലേയര്‍ മാഷ് നല്കാവുന്നതാണ്. മുട്ടക്കോഴിക്ക് നല്കാവുന്ന സ്റ്റാര്‍ട്ടര്‍ തീറ്റ താഴെ കൊടുത്തിരിക്കുന്നവിധം തയ്യാറാക്കാം:
ഈ ആഹാരമിശ്രിതത്തോടൊപ്പം വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി2, വിറ്റാമിന്‍ ഡി3, എന്നിവയും ചേര്‍ക്കുന്നത് നല്ലതാണ്.
കോഴിയുടെ ശരീരഭാഗത്തിന്റെ പകുതിയിലേറെ ജലമാണ്. അതിനാല്‍ ആവശ്യാനുസരണം ശുദ്ധജലം നല്കാനുള്ള സംവിധാനവും ഉണ്ടായിരിക്കേണ്ടതാണ്. വേനല്‍ക്കാലത്ത് തിന്നുന്ന ഓരോ കി.ഗ്രാം തീറ്റയ്ക്കും മൂന്നു കി.ഗ്രാം വീതമോ അതിലധികമോ വെള്ളം കോഴികള്‍ കുടിക്കാറുണ്ട്.
കോഴിരോഗങ്ങള്‍. കോഴികള്‍ക്കുണ്ടാകുന്ന രോഗങ്ങളെ നിയന്ത്രിക്കാന്‍ ശുചിത്വമുള്ള പരിസ്ഥിതി നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. സാംക്രമിക രോഗവിമുക്തമായ ഫാമുകളില്‍ നിന്ന് ആരോഗ്യമുള്ള കോഴിക്കുഞ്ഞുങ്ങളെ മാത്രം തിരഞ്ഞെടുക്കണം. വൃത്തിയുള്ള കൂടും ഉപകരണങ്ങളും ഉണ്ടാക്കല്‍, കോഴിക്കൂട്ടില്‍ കയറുമ്പോള്‍ കാലുകള്‍ അണുവിമുക്തമാക്കല്‍, ലിറ്റര്‍ ഈര്‍പ്പരഹിതമാക്കല്‍, വെള്ളത്തിനുള്ള പാത്രങ്ങള്‍ നിത്യേന കഴുകി വൃത്തിയാക്കല്‍, ദിവസേന കോഴികളെ നിരീക്ഷിക്കല്‍, കോഴിവളം കൂട്ടില്‍നിന്നു ദൂരെ സൂക്ഷിക്കല്‍, വന്യപക്ഷികള്‍, ക്ഷുദ്രജന്തുക്കള്‍ എന്നിവ കൂട്ടിനുള്ളില്‍ കടക്കാതെ സൂക്ഷിക്കല്‍, നനഞ്ഞ ലിറ്റര്‍ മാറ്റല്‍, തൃപ്തികരമായ വളര്‍ച്ചയില്ലാത്തവയെ ഉപേക്ഷിക്കല്‍, കാലാകാലങ്ങളില്‍ വിരയിളക്കല്‍, രോഗപ്രതിരോധ കുത്തിവയ്പു നടത്തല്‍ എന്നിവയാണ് രോഗം വരാതിരിക്കാനായി പ്രത്യേകമായി ശ്രദ്ധിക്കേണ്ടത്. ഉയര്‍ന്ന താപനില, മാന്ദ്യം, വിശപ്പില്ലായ്മ, ക്ഷീണം, ഉച്ചിപ്പൂവിലും കഴുത്തിലും ഞാത്തിലും വരുന്നനിറം മാറ്റം എന്നിവ രോഗബാധയുള്ള കോഴികള്‍ പ്രകടിപ്പിക്കുന്ന സാധാരണ ലക്ഷണങ്ങളാണ്. രോഗം ബാധിച്ച കോഴി ഒറ്റയ്ക്കു കൂനിക്കൂടിയിരിക്കും.
കോഴിക്കുഞ്ഞുങ്ങളെ ആരോഗ്യത്തോടെ വളര്‍ത്താനായി അവയ്ക്ക് കാലാകാലങ്ങളില്‍ രോഗപ്രതിരോധ കുത്തിവയ്പ്പ് നടത്തേണ്ടതാണ്. പ്രധാന പ്രതിരോധകുത്തിവയ്പ്പുകളുടെ വിവരം താഴെ കൊടുക്കുന്നു:
സാധാരണഗതിയില്‍ ഈ പ്രതിരോധ കുത്തിവയ്പുകള്‍ യഥാകാലം എടുത്താല്‍ മിക്കവാറും കോഴിരോഗങ്ങളില്‍ നിന്ന് കോഴികളെ രക്ഷിക്കാനാവും.
ഇന്ത്യയില്‍ സാധാരണയായി കാണപ്പെടുന്ന കോഴിരോഗമാണ് കോഴിവസന്ത (റാനിക്കെറ്റ്). വൈറസ് ബാധയാണ് കാരണം. ഈ സാംക്രമികരോഗത്തിന് കോഴിക്കുഞ്ഞുങ്ങളില്‍ വിശപ്പില്ലായ്മ, മാന്ദ്യം, മയക്കം, ചിതറിയ തൂവലുകള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. തുമ്മലും ചീറ്റലും ചുണ്ടുകള്‍ പിളര്‍ത്തുക, വിറയ്ക്കുക, ആടിയാടി നടക്കുക, തളര്‍ന്നു കിടക്കുക എന്നിവയും ലക്ഷണങ്ങളാണ്. 1-6 ദിവസം പ്രായമുള്ളവയ്ക്ക് എഫ് 1 സ്ട്രെയിന്‍ വാക്സിനും 8-12 ആഴ്ച പ്രായമുള്ളവയെ ആര്‍ 2 ബി മുക്തേശ്വര്‍ സ്ട്രെയിന്‍ വാക്സിനും ഫലപ്രദം. മുതിര്‍ന്ന കോഴികളില്‍ ആന്റിബയോട്ടിക് ചേര്‍ന്ന കുഴച്ച തീറ്റ നല്കണം.
ഇന്ത്യയില്‍ സാധാരണ കാണപ്പെടുന്ന മറ്റുചില കോഴിരോഗങ്ങളാണ് ഏവിയന്‍ എന്‍സെഫലോമൈലെറ്റിസ്, ഇന്‍ഫെക്ഷ്യസ് ബഴ്സല്‍ ഡിസീസ്, കോഴിവസൂരി (ഫൗള്‍പോക്സ്), ഇന്‍ഫെക്ഷ്യസ്, ഏവിയന്‍ ലൂക്കോസിസ് കോംപ്ളെക്സ് (A.L.C), മാരക്സ് രോഗം (എ.ഡി), ഏവിയന്‍ ഇന്‍ഫ്ളുവന്‍സ, ഇന്‍ഫെക്ഷ്യസ് ലാരിന്‍ജിയോട്രക്കിയൈറ്റിസ്, ഇന്‍ഫെക്ഷ്യസ് സൈനൊവൈറ്റിസ്, ഏവിയന്‍ മോണോസൈറ്റോസിസ്, ഏവിയന്‍ നെഫ്രോസിസ്, ബോട്ടുലിസം, ബംബിന്‍ ഫുട്ട്, ക്രോണിക് റെസ്പിറേറ്ററി രോഗം (C.R.D.), ഇഷെറിക്കിയ കോളി ഇന്‍ഫെക്ഷന്‍, ഫൗള്‍ കോളറ (കോഴി വിഷസൂചിക), ഉംഫലൈറ്റിസ്, സാള്‍മൊണെല്ലാബാധ, കോഴിജ്വരം, ഏവിയന്‍ റ്റ്യൂബര്‍കുലോസിസ്, ഇന്‍ഫെക്ഷ്യസ് കൊറൈസ, ആസ്പെര്‍ജിലോസിസ്, ഫേവസ്, കോക്സിഡിയോസിസ് (രക്താതിസാരം), സ്പൈ റോക്കീറ്റോസിസ് എന്നിവ.
പേന്‍, ഉണ്ണി, ചാഴി, ചെള്ള് തുടങ്ങിയ കീടങ്ങളും കോഴികളെ ബാധിക്കാറുണ്ട്. കീടബാധയുണ്ടായാല്‍ വളര്‍ച്ച മുരടിക്കുകയും മുട്ടയിടാനുള്ള ശേഷി കുറയുകയും ചെയ്യും. കോഴികളുടെ ഏറ്റവും വലിയ കീടശത്രു ചെള്ളുണ്ണിയാണ്. അതുപോലെ കോഴികളുടെ കുടലില്‍ വിരബാധയും ഉണ്ടാവാറുണ്ട്. വിരബാധകൊണ്ട് ഉത്പാദനക്ഷമത കുറയുന്നു. വിരബാധ അധികമായാല്‍ കോഴിക്ക് മരണവും സംഭവിക്കാറുണ്ട്. ഒരു വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശപ്രകാരം മാസന്തോറും കോഴികള്‍ക്ക് ഒരു നിശ്ചിത തോതില്‍ വിരമരുന്ന് നല്കേണ്ടതാണ്. നോ. പക്ഷിപ്പനി