This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോണ്‍സ്റ്റബിള്‍, ഹെന്‌റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോണ്‍സ്റ്റബിള്‍, ഹെന്‌റി

Constable, Henry (1562 - 1613)

ഇംഗ്ലീഷ്‌ കവി. ഡയാന എന്ന ഗീതകസമാഹാരത്തിന്റെ കര്‍ത്താവാണ്‌ ഹെന്‌റി കോണ്‍സ്റ്റബിള്‍. 1562-ല്‍ ഇംഗ്ലണ്ടിലെ നെവാര്‍ക്കില്‍ ജനിച്ചു. കേംബ്രിജ്‌ സര്‍വകലാശാലയിലെ സെന്റ്‌ ജോണ്‍സ്‌ കോളജില്‍നിന്ന്‌ 1580-ല്‍ ബി.എ. പാസ്സായ ഹെന്‌റി ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്റെ രഹസ്യവിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചു. റോമന്‍ കത്തോലിക്കനായി മതപരിവര്‍ത്തനം നടത്തിയതിനെ തുടര്‍ന്നു രാജ്യം വിട്ടു. പാരിസിലെത്തി ഫ്രഞ്ചു ഗവണ്‍മെന്റിന്റെ കീഴില്‍ ഉദ്യോഗം സ്വീകരിച്ചു. അനുവാദമില്ലാതെ ഇംഗ്ലണ്ടിലെത്തിയതിന്‌ 1603-ല്‍ ജയില്‍വാസം അനുഭവിക്കേണ്ടിവന്നു.

23 പ്രേമഗീതകങ്ങളുടെ സമാഹാരമാണ്‌ ഡയാന, പെട്രാര്‍ക്കിന്റെ പാരമ്പര്യത്തില്‍ അധിഷ്‌ഠിതമായ പ്രേമസന്ന്‌ലപമാണ്‌ ഈ കൃതിയിലുള്ളത്‌. സ്‌ത്രീകഥാപാത്രം രാജ്ഞിയോ സൂര്യനോ ദേവതയോ ആണ്‌. സൗന്ദര്യം പ്രപഞ്ചസൗന്ദര്യത്തിന്റെതന്നെ അധിഷ്‌ഠാനമാണ്‌. വിശുദ്ധിയും മാധുര്യവും ചാരുതയുമൊത്തിണങ്ങിയ ഈ ഗീതകങ്ങള്‍ ഇദ്ദേഹത്തെ അനശ്വരനാക്കുന്നു.

എലിസബത്ത്‌ രാജ്ഞിയെയും ജയിംസ്‌ രാജാവിനെയും സ്‌തുതിച്ചുകൊണ്ടുള്ള ഗീതകങ്ങളും ഹെന്‌റി രചിച്ചിട്ടുണ്ട്‌. മതപരിവര്‍ത്തനത്തിനുശേഷം ഹെന്‌റി എഴുതിയ ആത്മീയകൃതികള്‍, ഡണ്ണിനുമുമ്പ്‌ ഇംഗ്ലണ്ടിലുണ്ടായ അത്തരം കൃതികളില്‍വച്ച്‌ മികച്ചതായിരുന്നു. 1613 ഒ. 9-ന്‌ ബെല്‍ജിയത്തില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍