This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോണ്‍വാലീസ്‌, ചാള്‍സ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോണ്‍വാലീസ്‌, ചാള്‍സ്‌

Cornwallis, Charles (1738 - 1805)

ചാള്‍സ്‌ കോണ്‍വാലീസ്‌

ബ്രിട്ടീഷിന്ത്യയിലെ രണ്ടാമത്തെ ഗവര്‍ണര്‍ ജനറല്‍. കോണ്‍വാലീസ്‌ പ്രഭു I-ന്റെ മകനായി 1738 ഡി. 31-ന്‌ ലണ്ടനില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ഈറ്റണിലും കേംബ്രിജിലെ ക്ലെയര്‍ കോളജിലും ഉപരി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം സപ്‌തവത്സര (1756-63) യുദ്ധ കാലത്ത്‌ 1757 മുതല്‍ 1762 വരെ ലഫ്‌റ്റനന്റ്‌ കേണലായി ജര്‍മനിയില്‍ സേവനമനുഷ്‌ഠിക്കുകയുണ്ടായി. 1762-ല്‍ പിതാവിന്റെ മരണത്തോടുകൂടി പാരമ്പര്യം വഴിക്ക്‌ ഇദ്ദേഹത്തിന്‌ പ്രഭുസ്ഥാനം ലഭിച്ചു.

1765-ല്‍ രാഷ്‌ട്രീയത്തില്‍ പ്രവേശിച്ച ഇദ്ദേഹം ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്റെ പല നിര്‍ണായക തീരുമാനങ്ങളെയും എതിര്‍ത്തിരുന്നു. യു.എസ്സിലെ പതിമൂന്നു കോളനികളുടെ മേല്‍ ബ്രിട്ടന്‍ നികുതി ചുമത്തിയപ്പോള്‍ അതിനെ നിശിതമായി വിമര്‍ശിച്ചു. ഈ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നിട്ടും 1776-ല്‍ മേജര്‍ ജനറലായി അമേരിക്കയില്‍ ചുമതല ഏറ്റെടുത്ത ഇദ്ദേഹം അടുത്ത വര്‍ഷം സെക്കന്‍ഡ്‌ കമാന്‍ഡ്‌ സ്ഥാനത്തേക്ക്‌ നിയമിതനായി. പിന്നീടുള്ള കാലഘട്ടത്തില്‍ യു.എസ്സിലെ ദക്ഷിണ സംസ്ഥാനങ്ങള്‍ക്കെതിരായ സൈനികനീക്കത്തിലും (1780-81) കോണ്‍വാലീസ്‌ പന്നാളിയായിരുന്നു. ആദ്യകാലങ്ങളില്‍ കംഡനിലും ഗില്‍ഫോര്‍ഡ്‌ കോര്‍ട്ട്‌ ഹൗസിലും വിജയം വരിച്ചെങ്കിലും, 1781 ഒ. 19-ന്‌ യോര്‍ക്ക്‌ ടൗണില്‍ ഇദ്ദേഹത്തിനു കീഴടങ്ങേണ്ടിവന്നു. ഇതോടെ ബ്രിട്ടീഷുകാര്‍ക്ക്‌ യു.എസ്സിലുണ്ടായിരുന്ന ആധിപത്യം നഷ്‌ടപ്പെട്ടുവെങ്കിലും മാതൃരാജ്യത്ത്‌ ഇദ്ദേഹത്തിന്റെ പ്രശസ്‌തിക്കു മങ്ങലേറ്റില്ല.

1786 ഫെ. 23-ന്‌ ഇന്ത്യയുടെ രണ്ടാമത്തെ ഗവര്‍ണര്‍ ജനറലായി നിയമിതനായ കോണ്‍വാലീസ്‌, തന്റെ ഭരണകാലത്ത്‌ വളരെ പ്രധാനപ്പെട്ട പല ഭരണപരിഷ്‌കാരങ്ങളും നടപ്പിലാക്കി. നിയമനിര്‍മാണത്തില്‍ ഇദ്ദേഹം കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ "കോണ്‍വാലീസിന്റെ നിയമസംഹിത' എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. ഈസ്റ്റിന്ത്യാ കമ്പനിയുടെ സര്‍വീസ്‌ ചട്ടങ്ങളെ ഇദ്ദേഹം റവന്യു, നീതിന്യായം, വാണിജ്യം എന്നിങ്ങനെ മൂന്നായി വിഭജിച്ചു. കമ്പനി ഉദ്യോഗസ്ഥന്മാരുടെ സ്വകാര്യക്കച്ചവടം നിരോധിക്കുകയും ഇന്ത്യയിലെ പ്രവിശ്യകളില്‍ അടിസ്ഥാനപരമായ മാറ്റം വരുത്തുകയും പുതിയൊരു സഹകാരി വര്‍ഗത്തെ കമ്പനിയുടെ കീഴില്‍ വളര്‍ത്തിയെടുക്കുകയും ചെയ്‌തു. 1793 മാ. 22-ന്‌ ബംഗാളില്‍ നടപ്പാക്കിയ സ്ഥിര ഭൂനികുതി വ്യവസ്ഥ (പെര്‍മനന്റ്‌ സെറ്റില്‍മെന്റ്‌) പിന്നീട്‌ ബീഹാര്‍, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുകൂടി വ്യാപിപ്പിച്ചു. ഇതിന്റെ ഫലമായി ജമിന്ദാര്‍ എന്ന പുതിയ ഭൂവുടമ ഗ്രാമങ്ങളില്‍ ഒരു പുതിയ സാമൂഹികഘടനയായി വളര്‍ന്നുവരികയും കര്‍ഷകജനവിഭാഗത്തിന്‌ അത്‌ അനുകൂലമായി ഭവിക്കുകയും ചെയ്‌തു. അതേസമയം നീതിന്യായ വകുപ്പിലും റവന്യു സമ്പ്രദായത്തിലും ഇദ്ദേഹം നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ ഏറെ വിമര്‍ശനങ്ങള്‍ക്കു വിധേയമായി. ഔദ്യോഗികമായി "ഇടപെടാതിരിക്കല്‍ നയ'മാണ്‌ ഇദ്ദേഹം സ്വീകരിച്ചതെങ്കിലും അതിനു കടക വിരുദ്ധമായ പ്രവണതകളാണ്‌ പിന്നീട്‌ വളര്‍ന്നുവന്നത്‌. ഉന്നത ശക്തികളെയും ഡെക്കാനിലെ നവാബിനെയും കൂട്ടുപിടിച്ചുകൊണ്ട്‌ മൈസൂറിലെ ടിപ്പുസുല്‍ത്താനെതിരെ യുദ്ധം (മൂന്നാം മൈസൂര്‍ യുദ്ധം 1790-92) പ്രഖ്യാപിച്ച കോണ്‍വാലീസ്‌ 1793 ആഗ. 13-ന്‌ ഇംഗ്ലണ്ടിലേക്കു തിരിച്ചുപോയി.

ജന്മനാട്ടില്‍ മടങ്ങിയെത്തിയ ഇദ്ദേഹം "ഓര്‍ഡ്‌നന്‍സ്‌' മാസ്റ്റര്‍ ജനറലായി ചാര്‍ജെടുക്കുകയും കാബിനറ്റ്‌ പദവി നേടുകയും ചെയ്‌തു. കൂടാതെ മാര്‍ക്വിസ്‌ എന്ന പ്രത്യേക ബഹുമതിയും ഇദ്ദേഹത്തിനു ലഭിച്ചു. തുടര്‍ന്ന്‌ അയര്‍ലണ്ടിലെ വൈസ്രോയി ആയി നിയമിതനായ (1798-1801) കോണ്‍വാലീസ്‌ 1798-ലെ ഐറിഷ്‌ വിപ്ലവം അടിച്ചമര്‍ത്തുകയും ഇതേ വര്‍ഷം സെപ്‌. 9-ന്‌ ഹംബേര്‍ട്ടിന്റെ നേതൃത്വത്തിലുണ്ടായ ഫ്രഞ്ച്‌ മുന്നേറ്റത്തെ പരാജയപ്പെടുത്തുകയും ചെയ്‌തു. 1801-ല്‍ വില്യം പിറ്റ്‌ കൊണ്ടുവന്ന സംയുക്ത പാര്‍ലമെന്റ്‌ നിയമത്തെ പിന്താങ്ങിയ ഇദ്ദേഹം പ്രാട്ടസ്റ്റന്റുകാര്‍ക്കും കത്തോലിക്കര്‍ക്കും നേര്‍ക്കുണ്ടായിരുന്ന കര്‍ശനമായ നടപടികള്‍ പിന്‍വലിക്കാന്‍ ഇംഗ്ലണ്ടിലെ ജോര്‍ജ്‌ III-ാമന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന്‌ രാജിവച്ചു. 1802-ല്‍ ഫ്രാന്‍സിലെ സര്‍വാധികാര നയതന്ത്ര പ്രതിനിധിയായി സ്ഥാനമേറ്റെടുത്തു. ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മില്‍ 1802 മാ. 27-നു ഉണ്ടാക്കിയ അമിയന്‍സ്‌ സമാധാനസന്ധിയില്‍ പങ്കെടുത്തു. ഇതിനുശേഷം 1804-ല്‍ വീണ്ടും ഇന്ത്യയിലെ ഗവര്‍ണര്‍ ജനറലും കമാന്‍ഡര്‍ ഇന്‍-ചീഫുമായി നിയമിതനായി. ജൂല. 19-ന്‌ കൊല്‍ക്കത്തയിലെത്തിയ ഇദ്ദേഹം വടക്കേ ഇന്ത്യയിലേക്കുള്ള വഴിമധ്യേ ഖാസിപൂരില്‍വച്ച്‌ 1805 ഒ. 5-ന്‌ അന്തരിച്ചു.

(രാജന്‍ വേങ്ങര)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍