This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കൊരിന്ത്യര്‍ക്കെഴുതിയ ലേഖനം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കൊരിന്ത്യര്‍ക്കെഴുതിയ ലേഖനം
ക്രിസ്തീയ വേദപുസ്തകത്തിലെ 'പുതിയനിയമ'ത്തില്‍ ഉള്‍പ്പെട്ട രണ്ടു ലേഖനങ്ങള്‍ (7-ഉം 8-ഉം പുസ്തകങ്ങള്‍). 'അപ്പോസ്തലനായ പൗലോസ് കൊരിന്ത്യര്‍ക്കെഴുതിയ ഒന്നാം ലേഖനം', 'അപ്പോസ്തലനായ പൗലോസ് കൊരിന്ത്യര്‍ക്ക് എഴുതിയ രണ്ടാം ലേഖനം' എന്നീ പേരുകളില്‍ ഇവ അറിയപ്പെടുന്നു. ഒന്നാമത്തെ ലേഖനം 16 അധ്യായങ്ങളായും രണ്ടാമത്തേതു 18 അധ്യായങ്ങളായും വിഭജിച്ചിരിക്കുന്നു. പൗലോസ് അപ്പോസ്തലന്‍ എഫെസോസ് നഗരത്തില്‍ താമസിച്ച് അവിടെയും സമീപപ്രദേശങ്ങളിലും സുവിശേഷപ്രവര്‍ത്തനം നടത്തിയ കാലത്തായിരിക്കണം (അതായത് ക്രിസ്തുവര്‍ഷം 54 മുതല്‍ 57 വരെ) ഈ ലേഖനങ്ങള്‍ എഴുതിയതെന്ന് ഊഹിക്കപ്പെടുന്നു. അപ്പോസ്തലന്‍ നാലഞ്ചുകൊല്ലം മുമ്പു കൊരിന്തില്‍ ഒരു സഭ സ്ഥാപിച്ചിരുന്നു.
ഫിലിപ്പോനീസിനും ആറ്റിക്കയ്ക്കും മധ്യേ സ്ഥിതിചെയ്യുന്ന വാണിജ്യപ്രധാനമായ ഒരു തുറമുഖപ്പട്ടണമാണ് കൊരിന്ത്. ആഥന്‍സില്‍ നിന്നും 64 കി.മീ. പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഈ പട്ടണം വടക്കന്‍ ഗ്രീസിന്റെയും തെക്കന്‍ ഗ്രീസിന്റെയും ഭൂസന്ധിയാണ്. റോമാ സംസ്ഥാനമായിരുന്ന അഖായയുടെ തലസ്ഥാനനഗരിയും റോമാഗവര്‍ണറുടെ (പ്രൊ. കോണ്‍സല്‍) ആസ്ഥാനവുമായിരുന്നു ഇത്. പ്രാചീന യവനസംസ്കാരത്തിന്റെ ഉറവിടമായ ഈ നഗരത്തില്‍ അനവധി ദേവാലയങ്ങളും നാടകശാലകളും വീതിയേറിയ രാജപാതകളുമുണ്ടായിരുന്നു. ഏകദേശം 2,00,000 പൌരന്മാരും 5,00,000 അടിമകളുമുള്‍പ്പെട്ടവരായിരുന്നു നഗരവാസികള്‍. മെഡിറ്ററേനിയന്‍ രാജ്യങ്ങളുടെ ഒരു പ്രമുഖ വാണിജ്യകേന്ദ്രം കൂടിയായിരുന്ന ഇവിടെ ഒരു കോസ്മോപൊളിറ്റിന്‍ സംസ്കാരമാണ് നിലനിന്നിരുന്നത്; ഇത് നഗരത്തെ വളരെയേറെ ദുഷിപ്പിച്ചിരുന്നു. പ്രാചീന നാഗരികതയുടെയും സമ്പന്നതയുടെയും ഉറവിടമായിരുന്ന നഗരം എല്ലാവിധ ദുഷ്കര്‍മങ്ങളുടെയും കേന്ദ്രമായും വര്‍ത്തിച്ചിരുന്നു. ഒരു ക്രിസ്തുമതപ്രചാരണകേന്ദ്രമായ ഇവിടെ പല മതവിശ്വാസങ്ങളും ഈശ്വരസങ്കല്പങ്ങളും നിലനിന്നിരുന്നു. സൗന്ദര്യത്തിന്റെയും പ്രേമത്തിന്റെയും ദേവതയോടായിരുന്നു ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രിയം. നഗരത്തിനു പിന്നിലുള്ള കുന്നില്‍ സ്ഥിതിചെയ്തിരുന്ന ഈ ദേവതയുടെ ആരാധനാകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന ആയിരക്കണക്കിനുള്ള പുരോഹിതസ്ത്രീകളെ വിശുദ്ധ വേശ്യകളായി അംഗീകരിച്ചിരുന്നു. എല്ലാ ദിവസവും സായംസന്ധ്യകളില്‍ ഇവര്‍ നഗരത്തില്‍ എത്തി വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നു.
അപ്പോസ്തലനായ പൗലോസ് കൊരിന്തിലെ തന്റെ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം എഫേസ്സില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ കൊരിന്തിലെ സ്ഥിതിഗതികള്‍ വഷളായിക്കൊണ്ടിരിക്കുന്നതായി വിവരം ലഭിച്ചു. അതിന്‍പ്രകാരം അവിടത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി അപ്പോസ്തലനായ പൗലോസ് കൊരിന്ത്യര്‍ക്കുള്ള തന്റെ ആദ്യലേഖനം എഴുതി. കൊരിന്ത്യയിലെ ക്രൈസ്തവസമൂഹത്തിലുള്ള ഭിന്നതകള്‍ പരിഹരിച്ച് അവര്‍ സഹവര്‍ത്തിത്വത്തില്‍ കഴിയേണ്ടതിന്റെ ആവശ്യകതയും അതിനുള്ള മാര്‍ഗങ്ങളും ന്യായങ്ങളുമാണ് ഈ കത്തില്‍ പ്രധാനമായും അദ്ദേഹം ഉള്‍ക്കൊള്ളിച്ചിരുന്നത്. അവസാനത്തെ അത്താഴം, ഉയിര്‍ത്തെഴുന്നേല്പും അതിന്റെ മേന്മകളും, നിത്യജീവിതത്തില്‍ അനുഷ്ഠിക്കേണ്ട കര്‍മങ്ങള്‍, സ്ത്രീകളുടെ ചാരിത്ര്യം, വിവാഹം, വിഗ്രഹാരാധന, മാംസനിവേദ്യഭക്ഷണം, മൂടുപടത്തിന്റെ ഉപയോഗം, കൃപാവരങ്ങള്‍ എന്നിവയെക്കുറിച്ച് ദൃഷ്ടാന്തസഹിതം വിവരിച്ചശേഷം വിശ്വാസം, സ്നേഹം, പ്രത്യാശ എന്നിവയെക്കുറിച്ചുള്ള അത്യുദാത്തമായ പ്രതിപാദനവും ഈ കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൊരിന്തിലെ ക്രൈസ്തവ സഭയ്ക്ക് നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടിയിരുന്നു. ക്രൈസ്തവസഭയില്‍ പല വിഭാഗങ്ങള്‍ രൂപവത്കൃതമായി (1 കൊറി. 1:10-12); ക്രിസ്തുവിനെ സ്തുതിക്കുന്നതിനുപകരം ഓരോ വിഭാഗക്കാരും അവരവരുടെ ഗ്രൂപ്പുനേതാവിനെ പ്രകീര്‍ത്തിക്കുന്നതില്‍ വ്യാപൃതരായി. സ്വന്തം ബുദ്ധിയിലും കഴിവിലുമുള്ള അഹന്ത കൊരിന്ത്യര്‍ക്കിടയില്‍ പ്രകടമായിരുന്നു (1 കൊറി. 1:25; 2:16). അസാന്മാര്‍ഗികത കൊടികുത്തിവാണിരുന്നു; ഒരുവന്‍ തന്റെ അച്ഛന്റെ രണ്ടാം ഭാര്യ (രണ്ടാനമ്മ)യുമായിപ്പോലും ലൈംഗികബന്ധം പുലര്‍ത്തിയിരുന്നു (1 കൊറി. 5:1); ശണ്ഠകൂടാനുള്ള ആവേശം എല്ലാ വിഭാഗം ക്രൈസ്തവരിലും മുന്നിട്ടുനിന്നു. ക്രിസ്തുവിന്റെ നാമത്തിലും ക്രിസ്തീയവിശ്വാസത്തിലും സാഹോദര്യം വളര്‍ത്തുന്നതിനു പകരം കോടതികളില്‍ വ്യവഹാരങ്ങള്‍ കൊടുക്കുന്നതിനായി അവര്‍ പരസ്പരം മത്സരിച്ചിരുന്നു (1 കൊറി. 6:1-8); മോക്ഷം കിട്ടാന്‍ ഈശ്വരവിശ്വാസം മാത്രം മതിയെന്നും അതിനാല്‍ നിയമങ്ങളും സദാചാരനിയമങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യമില്ലെന്നും ഒരു വിഭാഗം ജനങ്ങള്‍ വിശ്വസിച്ചു. ഈ വിശ്വാസം എന്തും ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചു. പുണ്യാത്മാവിന്റെ ക്ഷേത്രമാണ് ശരീരമെന്ന് പൗലോസ് തന്റെ കത്തില്‍ അവരെ ഓര്‍മിപ്പിച്ചിരുന്നു. കത്തിന്റെ അവസാനത്തില്‍ ജറൂസലേമിലെ പാവപ്പെട്ടവരെ സഹായിക്കുവാന്‍ സാമ്പത്തികസഹായം ചെയ്യുവാനും അപ്പോസ്തലനായ പൗലോസ് അഭ്യര്‍ഥിച്ചു. ക്രൈസ്തവ സമൂഹത്തിന്റെ ഐകമത്യത്തിന്റെ പ്രതീകമായി അതിനെ അദ്ദേഹം വിശേഷിപ്പിച്ചിരുന്നു.
പൗലോസ് കൊരിന്ത്യര്‍ക്കെഴുതിയ രണ്ടാമത്തെ ലേഖനം രണ്ടു കത്തുകളാകാനാണ് സാധ്യത; ഒടുക്കമെഴുതിയത് ആദ്യം ചേര്‍ത്തുവച്ചിരിക്കുന്നതുപോലെയാണ് ഇതിന്റെ ഉള്ളടക്കം. പൗലോസിന്റെ ആദ്യകത്തുകൊണ്ട് കൊരിന്ത്യര്‍ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ കഴിഞ്ഞില്ല. അവര്‍ പിന്നെയും കലാപം ഉണ്ടാക്കുകയും പൗലോസിന്റെ നേതൃത്വത്തെ ചോദ്യം ചെയ്യുകയും ധിക്കരിക്കുകയുമാണ് ചെയ്തത്. ഇതേത്തുടര്‍ന്ന് വീണ്ടും കൊരിന്ത് സന്ദര്‍ശിച്ച പൗലോസിന് വളരെയേറെ തിക്താനുഭവങ്ങള്‍ നേരിടേണ്ടിവന്നു. കൊരിന്ത്യര്‍ പൌലോസിനെ ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്തു. ഹൃദയവേദനയോടുകൂടി അവിടെനിന്നു മടങ്ങിയെത്തിയശേഷം പൗലോസ് കൊരിന്ത്യര്‍ക്കുള്ള തന്റെ രണ്ടാമത്തെ കത്ത് അയച്ചു. ഈ കത്തിനു കിട്ടിയ പ്രതികരണം ആശാസ്യമായിരുന്നു; കൊരിന്ത്യര്‍ക്കിടയില്‍ അനുരഞ്ജനമനോഭാവവും സമാധാനവും പുനഃസ്ഥാപിക്കുവാന്‍ ഇതുമൂലം കഴിഞ്ഞു. ഇതില്‍ അവരെ അഭിനന്ദിച്ച് പൗലോസ് എഴുതിയതും രണ്ടാമത്തെ കത്തിന്റെ ഉള്ളടക്കത്തില്‍ ഉള്‍പ്പെടുന്നു.
പൗലോസ് കൊരിന്ത്യര്‍ക്കെഴുതിയിട്ടുള്ള ഒന്നും രണ്ടും കത്തുകളില്‍ ഒരു വിശുദ്ധാത്മാവിന്റെ ജീവിതത്തുടിപ്പുകള്‍ സ്പന്ദിച്ചിരുന്നു. ആദ്യകാല ക്രൈസ്തവ സമൂഹത്തിന്റെ വസ്തുനിഷ്ഠമായ ഒരു ചിത്രീകരണവും ഈ കത്തുകളില്‍ അടങ്ങിയിട്ടുണ്ട്.
ഈ ലേഖനങ്ങളില്‍ പല ഭാഗങ്ങളും, പ്രത്യേകിച്ചും സ്നേഹത്തെപ്പറ്റിയുള്ള ഭാഗം, വിശിഷ്ടമായ സാരോപദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നു. വിശ്വസാഹിത്യത്തില്‍ ഗണ്യമായ ഒരു സ്ഥാനം അവ അര്‍ഹിക്കുന്നുണ്ട്. സ്നേഹത്തെപ്പറ്റിയുള്ള ഏതാനും വാക്യങ്ങള്‍ നോക്കുക:
"ഞാന്‍ മനുഷ്യരുടെ ഭാഷകളും ദൈവദൂതന്മാരുടെ ഭാഷകളും സംസാരിച്ചാലും എന്നില്‍ സ്നേഹമില്ല എങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചെമ്പുപാത്രമോ ചിലമ്പുന്ന കൈത്താളമോ അത്രേ. പ്രവചനത്തിനുള്ള വരം എനിക്കു ലഭിച്ചിരിക്കാം; സകല തത്ത്വവും ജ്ഞാനവും ഞാന്‍ ഗ്രഹിച്ചിരിക്കാം; മല മറിക്കുന്ന വിശ്വാസം എനിക്കുണ്ടായിരിക്കാം; എന്നാല്‍ എന്നില്‍ സ്നേഹമില്ല എന്നു വരികില്‍ ഞാന്‍ ഒന്നുമല്ല. ഞാന്‍ എന്റെ സ്വത്തെല്ലാം അന്നദാനത്തിനായി ചെലവഴിച്ചാലും, എന്റെ ശരീരം തന്നെ അഗ്നിയില്‍ ഹോമിച്ചാലും എന്നില്‍ സ്നേഹമില്ലെങ്കില്‍ ഇവ കൊണ്ടൊന്നും എനിക്ക് പ്രയോജനവുമില്ല; സ്നേഹം ദീര്‍ഘക്ഷമ കാണിക്കുന്നു; ദയയോടെ പെരുമാറുന്നു; സ്നേഹത്തില്‍ ഈര്‍ഷ്യയില്ല; സ്നേഹത്തില്‍ ആത്മപ്രശംസയുമില്ല. സ്നേഹം വലിമ ഭാവിക്കുന്നില്ല; നിര്‍മര്യാദം പ്രവര്‍ത്തിക്കുന്നില്ല; സ്വാര്‍ഥം അന്വേഷിക്കുന്നില്ല; ക്രോധിക്കുന്നില്ല; ദോഷം കുറിക്കൊള്ളുന്നില്ല; അനീതിയില്‍ സന്തോഷിക്കുന്നില്ല; നേരുള്ളതില്‍ സന്തോഷിക്കുന്നു; സര്‍വവും പൊറുക്കുന്നു; സര്‍വവും വിശ്വസിക്കുന്നു; സര്‍വവും ആശംസിക്കുന്നു; സര്‍വവും സഹിക്കുന്നു (കൊരിന്ത്യര്‍ 13: 1-7; വിവ. ഡോ. ഫ്രെഡറിക് മൂളിയില്‍).
(എന്‍.കെ. ദാമോദരന്‍; സ.പ.)