This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊട്ടിയൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊട്ടിയൂര്‍

കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി താലൂക്കില്‍ പശ്ചിമഘട്ടത്തോടു ചേര്‍ന്നുകിടക്കുന്ന സ്ഥലം. തലശ്ശേരിയില്‍ നിന്നു 64 കി.മീ. കിഴക്കായി സ്ഥിതി ചെയ്യുന്നു. ഐതിഹ്യപ്രസിദ്ധമായ കൊട്ടിയൂര്‍ ശിവക്ഷേത്രമാണ് ഈ സ്ഥലത്തിനു പ്രസിദ്ധി നല്‍കുന്നത്. നാലുവശവും വനങ്ങളാല്‍ ചുറ്റപ്പെട്ട ക്ഷേത്ര സങ്കേതമാണിത്. പേരാവൂര്‍ വികസനബ്ലോക്കിന്റെ പരിധിയിപ്പെടുന്നതാണ് കൊട്ടിയൂര്‍ പഞ്ചായത്ത്. കിഴക്കും വടക്കും കുടകു ജില്ലയും പടിഞ്ഞാറ് കേളകം പഞ്ചായത്തും തെക്ക് മാനന്തവാടി താലൂക്കും ആണ് അതിര്‍ത്തികള്‍.

കൊട്ടിയൂര്‍ ക്ഷേത്രം

ദക്ഷിണകാശി, വടക്കീശ്വരം, വടക്കുംകാവ് എന്നിങ്ങനെ പല പേരുകളില്‍ വിശേഷിപ്പിക്കപ്പെടുന്ന കൊട്ടിയൂര്‍ ക്ഷേത്രം ബാവലിപ്പുഴയുടെ കൈവഴിയായ തിരുവഞ്ചിറയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ദക്ഷയാഗം നടന്ന സ്ഥലമാണ് ഇതെന്ന് ഐതിഹ്യം പറയുന്നു.

ക്ഷേത്രോത്പത്തി സംബന്ധിച്ച ഒരു കഥ ഇപ്രകാരമാണ്: ദക്ഷന്റെ യാഗസ്ഥലമായിരുന്ന ഇവിടേക്ക് പുത്രിയായ സതിയെയോ ജാമാതാവായ ശിവനെയോ ക്ഷണിച്ചില്ല. അച്ഛന്‍ നടത്തുന്ന യാഗത്തിനു ക്ഷണിക്കപ്പെടാതെ തന്നെ സതി വന്നെത്തി. ദക്ഷന്‍ അവളെ പരിഗണിച്ചതേയില്ല. അപമാനിതയായ അവള്‍ അവിടെവച്ച് ആത്മാഹൂതി ചെയ്തു. വിവരമറിഞ്ഞ ശിവന്‍ ഭൂതഗണങ്ങളെ നിയോഗിച്ച് ദക്ഷന്റെ തലയറുത്തു. ഭൂതഗണങ്ങള്‍ യാഗസ്ഥലത്തു കയറി കണ്ണില്‍ക്കണ്ടതെല്ലാം നശിപ്പിച്ചു. മൂന്നുലോകങ്ങളും ഭയവിഹ്വലമായി. ഋഷികളും വിഷ്ണുവും ഇന്ദ്രാദി ദേവന്മാരും മറ്റും കൊട്ടിയൂരെത്തി ശിവകോപം ശമിക്കുവാന്‍ പ്രാര്‍ഥിച്ചു. മനസ്സലിഞ്ഞ ശിവന്‍ ഒരു ആടിന്റെ തല ചേര്‍ത്തു ദക്ഷനു പുനര്‍ജീവന്‍ നല്‍കി. അജശീര്‍ഷനായ ദക്ഷന്‍ അങ്ങനെ യാഗം മുഴുമിപ്പിച്ചു. പുരാണപ്രസിദ്ധമായ ഈ കഥയുമായി ബന്ധപ്പെടുത്തിയുള്ള പല പേരുകളും കൊട്ടിയൂരിനും ചുറ്റുമുള്ള സ്ഥലങ്ങള്‍ക്കും ലഭ്യമായിട്ടുണ്ട്. ഈ വനത്തില്‍ വേട്ടയാടിക്കൊണ്ടിരുന്ന കുറിച്യാരുടെ അമ്പേറ്റ് ഒരു ശിലയില്‍ നിന്നും രക്തപ്രവാഹമുണ്ടായെന്നും അവര്‍ വിവരം അടുത്തുള്ള പടിഞ്ഞാറ്റു നമ്പൂതിരിയെ അറിയിച്ചെന്നും നമ്പൂതിരിയുടെ നിര്‍ദേശപ്രകാരം മണത്തന അംശത്തിലെ നാലു നായര്‍കുടുംബനായകന്മാരുടെ നേതൃത്വത്തില്‍ രക്തംകണ്ട സ്ഥലം കുഴിച്ചുനോക്കിയപ്പോള്‍ ഒരു ശിവലിംഗം കണ്ടെത്തിയെന്നും പ്രശ്നവിചാരത്തില്‍ ദക്ഷയാഗസ്ഥലമാണിതെന്നു വ്യക്തമായെന്നും ഐതിഹ്യം ഉദ്ഘോഷിക്കുന്നു. ദക്ഷയാഗം കഴിഞ്ഞ് കോപിഷ്ഠനായ ശിവന്‍ കൊട്ടിയൂരില്‍ പാര്‍വതിക്കു പുറംതിരിഞ്ഞിരിക്കുന്നു എന്നത്രേ വിശ്വാസം.

ബാവലിപ്പുഴയുടെ കിഴക്കേക്കരയിലും (അക്കരെകൊട്ടിയൂര്‍) പടിഞ്ഞാറേക്കരയിലും (ഇക്കരകൊട്ടിയൂര്‍) ഉള്ള രണ്ട് ആരാധനാ സ്ഥലങ്ങള്‍ ചേര്‍ന്നതാണ് കൊട്ടിയൂര്‍ ക്ഷേത്രസങ്കേതം. അക്കരെ കൊട്ടിയൂരാണ് പ്രധാന പ്രതിഷ്ഠ. എന്നാല്‍ ഇവിടെ ക്ഷേത്രം നിര്‍മിച്ചിട്ടില്ല. 'ഇവിടെ ക്ഷേത്രം പണിയുകയാണെങ്കില്‍ ശ്രീകോവിലിന്റെ ഇറവെള്ളം നാലുസമുദ്രത്തിലും വീഴണം' എന്ന് പ്രശ്നവിചാരത്തില്‍ ദേവന്റെ അരുളപ്പാടുണ്ടായതിനാലാണ് ക്ഷേത്രനിര്‍മാണം ഉപേക്ഷിച്ചതെന്ന് പഴമക്കാര്‍ പറയുന്നു. ഇക്കരെ കൊട്ടിയൂരില്‍ ചെറിയൊരു ക്ഷേത്രമുണ്ട്. ശിവലിംഗവും സതീദേവി ദേഹത്യാഗം ചെയ്ത സ്ഥലമായി വിശ്വസിച്ചാരാധന നടത്തുന്ന അമ്മാറക്കല്‍ത്തറയുമാണ് പ്രതിഷ്ഠകള്‍. ഇടവത്തിലെ ചോതി മുതല്‍ 28 ദിവസത്തെ ഉത്സവം കഴിഞ്ഞാല്‍ അക്കരെ കൊട്ടിയൂരിലെ ക്ഷേത്രം അടയ്ക്കും. പിന്നീട് അടുത്ത കൊല്ലത്തെ ആണ്ടുത്സവത്തിനേ നട തുറക്കുകയും നിത്യപൂജകള്‍ അനുഷ്ഠിക്കുകയും ചെയ്യാറുള്ളൂ. ഈ ക്ഷേത്രം അടഞ്ഞുകിടക്കുന്ന പതിനൊന്നു മാസവും ഇക്കരെ കൊട്ടിയൂരില്‍ നിത്യപൂജയുണ്ട്.

വടക്കന്‍ കേരളത്തിലെ ശബരിമല എന്നു പറയാവുന്ന ഈ ക്ഷേത്രത്തില്‍ 41 ദിവസത്തെ വ്രതമനുഷ്ഠിച്ചാണ് ജനങ്ങള്‍ ആരാധനയ്ക്കെത്തുന്നത്. തീര്‍ഥാടകരില്‍ നല്ലൊരു പങ്ക് സ്ത്രീകളാണ്. മുതിരേരിക്കാവില്‍ (മാനന്തവാടി താലൂക്കിലെ തവിഞ്ഞാല്‍ വില്ലേജില്‍) നിന്നുള്ള വാള്‍വരവും കുറ്റ്യാടിയിലെ ജാതിയൂര്‍ മഠത്തില്‍ നിന്നുള്ള തീവരവും മണത്തനച്ചപ്പാരത്തില്‍ ഭഗവതിയുടെ വാള്‍വരവും കരിമ്പന ഗോപുരത്തില്‍ നിന്നുള്ള ഭണ്ഡാര എഴുന്നള്ളിപ്പും നെയ്യാട്ടം, ഇളന്നീരാട്ടം, രോഹിണി ആരാധന, തൃക്കലശാട്ടം, മുത്തപ്പന്‍ വരവ് എന്നിവയുമാണ് ഉത്സവച്ചടങ്ങുകളില്‍ പ്രധാനം. ക്ഷേത്ര ഊരാണ്മക്കാരായ മണത്തന നാലുവീട്ടുകാരുടെ നേതൃത്വത്തിലാണ് ഭണ്ഡാരം എഴുന്നള്ളിപ്പു നടക്കുന്നത്. ഇരന്നീരാട്ടാത്തിന് പ്രത്യേക പ്രധാന്യമുണ്ട്. 'ഹരിഗോവിന്ദാ ഹരി ഗോവിന്ദാ ഹരി' കീര്‍ത്തനങ്ങളും പാടി ഇളന്നീരുമേന്തി വ്രതശുദ്ധിയോടെ എത്തുന്ന ഭക്തന്മാര്‍ ബാവലിപ്പുഴയില്‍ കുളിച്ചു അക്കരെ കൊട്ടിയൂരെത്തി ഇളന്നീര്‍വയ്പു നടത്തുന്നു. പിറ്റേദിവസം രാവിലെ ഇളനീര്‍ചെത്തും ഇളന്നീരാട്ടാവും നടക്കുന്നു.

(വിളക്കുടി രാജേന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍