This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍
ചെറുകിട-ഇടത്തരം വ്യവസായസംരംഭങ്ങള്‍ക്കു സാമ്പത്തികസഹായം നല്കുന്നതിനുവേണ്ടി സര്‍ക്കാര്‍ രൂപീകരിച്ച സ്ഥാപനം. 1951-ലെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ആക്റ്റനുസരിച്ച് 1953 ഡി. 1-ന് ആരംഭിച്ച ഇതിന്റെ ആസ്ഥാനം തിരുവനന്തപുരമാണ്. സ്ഥാപിതസമയത്ത് ട്രാവന്‍കൂര്‍ കൊച്ചിന്‍ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എന്നായിരുന്നു പേര്. പിന്നീട് കേരള സംസ്ഥാന രൂപീകരണാനന്തരം 1956-ലാണ് ഇന്നത്തെ പേര് ഈ സ്ഥാപനത്തിന് ലഭിച്ചത്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ സോണല്‍ ഓഫീസിനുപുറമേ 16 ശാഖകള്‍ കെ.എഫ്.സി.യുടേതായി സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്നു.
ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് വ്യവസായ തത്പരരെ പ്രോത്സാഹിപ്പിക്കുകയും പ്രേരിപ്പിക്കുകയും അതിനാവശ്യമായ ധനസഹായം നല്കുകയുമാണ് കോര്‍പ്പറേഷന്റെ പ്രധാന ലക്ഷ്യം. നിലവിലുള്ള വ്യവസായങ്ങള്‍ വികസിപ്പിക്കുന്നതിനും വിപുലപ്പെടുത്തുന്നതിനും കോര്‍പ്പറേഷന്‍ ധനസഹായം നല്കുന്നുണ്ട്. ചെറുകിട വ്യവസായങ്ങള്‍ക്കാണ് ഈ സ്ഥാപനം മുന്‍ഗണന നല്‍കുന്നത്. റിസോര്‍ട്ടുകള്‍, ആശുപത്രികള്‍ തുടങ്ങിയവയുടെ നവീകരണം, ടെലിവിഷന്‍ സീരിയല്‍ നിര്‍മാണം തുടങ്ങിയ മേഖലകളിലും കെ.എഫ്.സി. ധനസഹായം നല്‍കുന്നുണ്ട്. 40,000-ത്തോളം പദ്ധതികള്‍ക്കായി ഇതുവരെ 3000 കോടി രൂപയോളം കെ.എഫ്.സി. ധനസഹായം നല്‍കിയിട്ടുണ്ട് (2012).
സ്വന്തം നിലയിലോ പങ്കാളിത്തത്തോടെയോ തുടങ്ങുന്ന വ്യവസായങ്ങള്‍ക്ക് 15 ലക്ഷം രൂപവരെയും കമ്പനികള്‍ നടത്തുന്ന വ്യവസായങ്ങള്‍ക്ക് 30 ലക്ഷം രൂപവരെയും ധനസഹായം ലഭിക്കും. സ്ഥലം, കെട്ടിടം, യന്ത്രസാമഗ്രികള്‍ എന്നീ സ്ഥിരം ആസ്തികളുടെ ഈടിന്മേലാണ് കോര്‍പ്പറേഷന്‍ വായ്പ നല്‍കുന്നത്.
ഫാക്ടറി സ്ഥലം, കെട്ടിടം, യന്ത്രങ്ങള്‍ എന്നിവയ്ക്കുള്ള നിക്ഷേപത്തിന്റെ 85 ശതമാനം ചെറുകിട വ്യവസായങ്ങള്‍ക്കും 75 ശതമാനം ഇടത്തരം വ്യവസായങ്ങള്‍ക്കും ദീര്‍ഘകാലവായ്പയായി നല്കും. വ്യവസായ ആസ്തികളുടെ ഈടു സ്വീകരിച്ചുകൊണ്ടായിരിക്കും കോര്‍പ്പറേഷന്‍ വായ്പ അനുവദിക്കുക. വ്യവസായത്തില്‍ നിന്നും പ്രതീക്ഷിക്കുന്ന ആദായം കണക്കാക്കിയാണ് വായ്പ തിരിച്ചടയ്ക്കുന്നതിനുള്ള കാലാവധി, തവണകളുടെ എണ്ണം, ഓരോതവണയിലും അടയ്ക്കേണ്ട സംഖ്യ എന്നിവ നിര്‍ണയിക്കുന്നത്. സാധാരണനിലയില്‍ പത്തുവര്‍ഷത്തേക്കാണ് വായ്പ അനുവദിക്കാറുള്ളത്. പുതിയ വ്യവസായം തുടങ്ങുന്നതിനുള്ള വായ്പയ്ക്ക് ആദ്യത്തെ രണ്ടുവര്‍ഷത്തേക്കു മുതല്‍ തിരിച്ചുകൊടുക്കേണ്ടതില്ല. അര്‍ധവാര്‍ഷിക ഗഡുക്കളായാണ് മുതലും പലിശയും തിരിച്ചടയ്ക്കേണ്ടത്. വായ്പകള്‍ക്ക് പല നിരക്കുകളില്‍ പലിശ ഈടാക്കുന്നു. പിന്നോക്ക ജില്ലകളില്‍ നടന്നുവരുന്ന വ്യവസായങ്ങള്‍ക്കു 10.25 ശതമാനവും മുന്നോക്ക ജില്ലകളിലെ ചെറുകിടവ്യവസായങ്ങള്‍ക്ക് 11.85 ശതമാനവും മറ്റു വ്യവസായങ്ങള്‍ക്കു 13.50 ശതമാനവും, പട്ടികജാതി-പട്ടികഗോത്രത്തില്‍പ്പെട്ട സമാരംഭകര്‍ തുടങ്ങുന്ന വ്യവസായങ്ങളില്‍ പിന്നോക്ക ജില്ലകളിലേതിന് 7.25 ശതമാനവും മുന്നോക്ക ജില്ലകളിലേതിന് 8.85 ശതമാനവും ഗതാഗത വ്യവസായത്തിന് 12.40 ശതമാനവും ആണ് പലിശനിരക്ക്.
എന്‍ജിനീയറിങ്, ടെക്നോളജി, മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ ബിരുദമോ ഡിപ്ലോമയോ നേടിയിട്ടുള്ള വ്യവസായ സമാരംഭകര്‍ക്ക് ഒരു വ്യവസായ യൂണിറ്റിന് പരമാവധി 5 ലക്ഷം രൂപവരെ വായ്പ അനുവദിക്കുന്ന ഒരു പ്രത്യേക പദ്ധതി കോര്‍പ്പറേഷന്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. സ്ഥലം, കെട്ടിടം, യന്ത്രസാമഗ്രികള്‍ എന്നിവയുടെ 90 ശതമാനമാണ് സാങ്കേതിക വിദഗ്ധര്‍ക്ക് ധനസഹായത്തിനുള്ള പദ്ധതിയിലൂടെ വായ്പ അനുവദിക്കുന്നത്.
പട്ടികജാതി-പട്ടികഗോത്രത്തില്‍പ്പെട്ടവര്‍ തുടങ്ങുന്ന വ്യവസായ യൂണിറ്റുകള്‍ക്ക് മുടക്കുമുതലിന്റെ 90 ശ.മാ. വായ്പയായി ലഭിക്കും. ഒരാള്‍ മാത്രമായി തുടങ്ങുന്ന വ്യവസായങ്ങള്‍ക്ക് പരമാവധി 50,000 രൂപയും ഒന്നിലധികം ആളുകള്‍ ചേര്‍ന്നു തുടങ്ങുന്ന യൂണിറ്റുകള്‍ക്ക് ഒരു ലക്ഷം രൂപവരെയും ധനസഹായം ലഭിക്കുന്നതാണ്.
വിനോദസഞ്ചാരികളുടെ ആവശ്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടു നടത്തുന്ന ഹോട്ടല്‍ വ്യവസായത്തിന് കോര്‍പ്പറേഷന്‍ ധനസഹായം നല്‍കുന്നുണ്ട്. വിനോദസഞ്ചാരികളെ ഉദ്ദേശിച്ചുകൊണ്ടുള്ള ഹോട്ടലില്‍ കുറഞ്ഞത് 25 പേര്‍ക്കും മറ്റു ഹോട്ടലുകളില്‍ കുറഞ്ഞതു 40 പേര്‍ക്കും വേണ്ട താമസസൗകര്യങ്ങള്‍ ഉണ്ടായിരിക്കണമെന്നുണ്ട്. എല്ലാമുറികളിലും പ്രത്യേകം കുളിമുറികളുണ്ടായിരിക്കണം; പൊതുവിശ്രമമുറികളും പൊതുഭക്ഷണശാലകളും വേണം.
പുതിയ ട്രക്കുകളും ബസ്സുകളും വാങ്ങുന്നതിനും വിലയുടെ 75 ശതമാനം എന്ന നിരക്കില്‍ കോര്‍പ്പറേഷന്‍ വായ്പ അനുവദിക്കുന്നുണ്ട്. രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷനേഴ്സിന് ധനസഹായത്തിനുള്ള പദ്ധതിയനുസരിച്ച് എക്സ്-റേ ഉപകരണങ്ങള്‍ വാങ്ങുന്നതിനു ധനസഹായം നല്‍കിവരുന്നു. ചെറുകിട വ്യവസായ സമാരംഭകര്‍ പിന്നോക്കജില്ലകളില്‍ പ്രോജക്റ്റ് ചെലവിന്റെ 17.5 ശതമാനവും മറ്റു ജില്ലകളില്‍ 20 ശതമാനവും മൂലധനമായി മുടക്കേണ്ടതാണ്. ചില വ്യവസ്ഥകള്‍ക്കു വിധേയമായി പരിചയവും പ്രാപ്തിയുമുള്ള വ്യവസായ സമാരംഭകര്‍ക്ക് മൂലധനത്തുക മുഴുവന്‍ സഹായമായി നല്‍കുന്ന പതിവുമുണ്ട്.