This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുബ്‌ളാഖാന്‍ (1215 - 94)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുബ്‌ളാഖാന്‍ (1215 - 94)

Kublai Khan

കുബ്‌ളാഖാന്‍

പ്രശസ്‌തനായ മംഗോള്‍ ചക്രവര്‍ത്തിയും ചൈനയിലെ യുവാന്‍ വംശ (1279-1368) സ്ഥാപകനും. കുബ്‌ളാഖാന്‍ (കുബ്‌ളേഖാന്‍ എന്നും ഉച്ചാരണമുണ്ട്‌) ചെങ്കിസ്‌ഖാന്റെ പ്രിയ പത്‌നിമാരില്‍ പ്രമുഖയായ ബോര്‍തേയിയുടെ നാലു പുത്രന്മാരില്‍ ഏറ്റവും ഇളയവനായ തുളിയുടെ ദ്വിതീയപുത്രനായി 1215-ല്‍ ജനിച്ചു. കിരൈതിലെ രാജാവായ തോഗ്രുലിന്റെ അനന്തരവളും ചെങ്കിസ്‌ഖാന്റെ വംശപരമ്പരയിലെ ഒരു അംഗവുമായ സ്യൂര്‍ കുക്തേനി ആയിരുന്നു മാതാവ്‌. കുബ്‌ളാഖാന്റെ സഹോദരന്‍ മംഗു 1251-ല്‍ ചക്രവര്‍ത്തിയായി അധികാരമേറ്റപ്പോള്‍ അദ്ദേഹം വടക്കന്‍ ചൈനയില്‍ പിടിച്ചെടുത്ത പ്രദേശങ്ങളുടെ ഭരണച്ചുമതല കുബ്‌ളാഖാനെ ഏല്‌പിച്ചു. 1252-ല്‍ ചൈനാ ആക്രമണം പൂര്‍ത്തീകരിക്കണമെന്നായിരുന്നു മംഗുഖാന്റെ ആഗ്രഹം. ഈ ആക്രമണത്തിനുവേണ്ടുന്ന സൈന്യവിഭാഗങ്ങളുടെ നേതൃത്വം കുബ്‌ളാഖാനിലാണ്‌ നിക്ഷിപ്‌തമായത്‌. കുബ്‌ളാഖാന്‍ സൈന്യസമേതം ഹ്വാങ്‌-ഹോ കടന്ന്‌ ഷെന്‍സി, സെക്‌വാന്‍ എന്നീ പ്രദേശങ്ങള്‍ ആക്രമിച്ചശേഷം 1253-ല്‍ യൂനാന്‍ രാജ്യം കീഴടക്കി. 1258-ല്‍ സുങ്‌രാജാക്കന്മാരുമായി വമ്പിച്ച യുദ്ധം ചെയ്യുന്നതിന്‌ മംഗുഖാന്‍ തയ്യാറെടുത്തു. മംഗുഖാന്‍ ഷെന്‍സി വഴി മുന്നേറിയപ്പോള്‍ കുബ്‌ളാഖാന്‍ ഹുപ്പെയ്‌ വഴി മുന്നോട്ടു നീങ്ങി. ഇളയ സഹോദരന്‍ ഐറിക്‌ ബൂകാ ആസ്ഥാനമായ കാരക്കോറത്ത്‌ നിലയുറപ്പിച്ചു. യുദ്ധത്തിനിടയില്‍ 1259 ആഗസ്റ്റില്‍ മംഗുഖാന്‍ അന്തരിച്ചു. ഈ അവസരത്തില്‍ നയകോവിദനായ കുബ്‌ളാഖാന്‍ സുങ്‌രാജാക്കന്മാരുമായി താത്‌കാലികസന്ധി ചെയ്‌ത്‌ യുദ്ധം നിര്‍ത്തി. 1260 ഏപ്രിലില്‍ തൈപ്പിങ്ങില്‍വച്ച്‌ കുബ്‌ളാഖാന്‍, സ്വയം മംഗോള്‍ ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചു. കാരക്കോറത്തില്‍ പിടിയുറപ്പിച്ചിരുന്ന ഇളയസഹോദരന്‍ ഐറിക്‌ ബൂകായും താനാണ്‌ ചക്രവര്‍ത്തിയെന്ന്‌ സ്വയം വിളംബരം ചെയ്‌തു. അങ്ങനെ സഹോദരന്മാര്‍ തമ്മിലുള്ള ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ടു. കാരക്കോറത്തിനു തെക്കുവച്ചു നടന്ന രണ്ടു യുദ്ധങ്ങള്‍ നിര്‍ണായകങ്ങളായിരുന്നു. 1264-ല്‍ ഐറിക്‌ ബൂകാ കീഴടങ്ങി. കുബ്‌ളായുടെ തടവില്‍ കിടന്ന്‌ രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ഐറിക്‌ അന്തരിച്ചു. ഇതിനിടയില്‍ കുബ്‌ളായുടെ മറ്റൊരു സഹോദരനായ ഹലാഗൂ ദമാസ്‌കസും ബാഗ്‌ദാദും കീഴടക്കിക്കഴിഞ്ഞിരുന്നു. ആ സമയം നോക്കി കുബ്‌ളാഖാന്‍, സുങ്‌ ഭരണാധികാരികളുമായി വീണ്ടും യുദ്ധത്തിനു പുറപ്പെട്ടു. ഈ സംരംഭത്തില്‍ വിജയം വരിക്കുകയും 1279-ഓടുകൂടി ചൈന മുഴുവനും കുബ്‌ളാഖാന്റെ അധീനതയിലാവുകയും ചെയ്‌തു. തന്റെ തലസ്ഥാനം ഇദ്ദേഹം കാരക്കോറത്തുനിന്ന്‌ ചൈനയിലെ യെന്‍ചിങ്ങിലേക്കു മാറ്റി. ഒട്ടും വൈകാതെ യുവാന്‍ രാജവംശം എന്ന പുതിയ ഒരു രാജവംശം (ചൈനയിലെ 20-ാമത്തെ രാജവംശമാണിത്‌) കുബ്‌ളാഖാന്‍ സ്ഥാപിച്ചു. 1267-നും 73-നും ഇടയ്‌ക്ക്‌ ജപ്പാനെ കീഴടക്കി സാമ്രാജ്യവിസ്‌തൃതി വരുത്താനുള്ള തീവ്രശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. എങ്കിലും ജപ്പാനില്‍പ്പെട്ട അന്നാം പിടിച്ചെടുക്കാന്‍ കുബ്‌ളായ്‌ക്കു കഴിഞ്ഞു. ബര്‍മയുടെ ഏതാനും ഭാഗങ്ങളും ഇദ്ദേഹത്തിനധീനമായി. ജാവ ആക്രമിച്ചെങ്കിലും പൂര്‍ണമായി ആ രാജ്യത്തെ കീഴടക്കാന്‍ സാധിച്ചില്ല. ഇതിനിടയ്‌ക്ക്‌ വലിയൊരു ആഭ്യന്തരകലാപവും കുബ്‌ളായ്‌ക്കു നേരിടേണ്ടിവന്നു. മംഗുവിന്റെ പുത്രന്മാരും ഒഗഡായ്‌, ജാഗാതായീ എന്നീ ഖാന്മാരും ഐറിക്‌ ബൂകായുടെ അനന്തരാവകാശികളും കുബ്‌ളാഖാനെതിരായി കലാപം നയിച്ചു. ഈ ആഭ്യന്തരകലാപംമൂലം 74-ാമത്തെ വയസ്സിലും യുദ്ധത്തില്‍നിന്ന്‌ ഒഴിഞ്ഞു നില്‍ക്കുവാന്‍ കുബ്‌ളായ്‌ക്കു കഴിഞ്ഞില്ല.

ശക്തനായ ഒരു ഭരണാധികാരി എന്നതിനു പുറമേ നല്ലൊരു സഹൃദയനും സംസ്‌കാരപ്രമിയും കൂടിയായിരുന്നു കുബ്‌ളാ. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള കലാകാരന്മാരെയും വാസ്‌തുശില്‌പവിദഗ്‌ധന്മാരെയും തന്റെ രാജധാനിയില്‍ വിളിച്ചുവരുത്തി ഉപദേശങ്ങള്‍ സ്വീകരിക്കുകയും സാംസ്‌കാരികനവോത്ഥാനത്തിനുവേണ്ടുന്ന പരിശ്രമങ്ങള്‍ നടത്തുകയും ചെയ്‌തു. കൃഷിയും കുടില്‍വ്യവസായങ്ങളും വികസിപ്പിക്കുന്നതിനുവേണ്ടുന്ന പല പദ്ധതികളും ആവിഷ്‌കരിച്ചു. ജീവിതകാലം മുഴുവന്‍ ജനക്ഷേമകരങ്ങളായ പ്രവൃത്തികളില്‍ കുബ്‌ളാ വ്യാപൃതനായിരുന്നു. 1294 ഫെ. 18-നു കുബ്‌ളാഖാന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍