This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിഷോർകുമാർ (1930 - 87)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കിഷോര്‍കുമാര്‍ (1930 - 87)

കിഷോര്‍കുമാര്‍

പ്രസിദ്ധ ഹിന്ദി ചലച്ചിത്രപിന്നണിഗായകന്‍. ആഭസ്‌കുമാര്‍ ഗാംഗുലി എന്നായിരുന്നു, 1930-ല്‍ ഖാണ്ഡ്‌വയില്‍ ജനിച്ച ഈ ബഹുമുഖപ്രതിഭയുടെ പേര്‌. സംഗീതം ശാസ്‌ത്രീയമായി അഭ്യസിച്ചിട്ടില്ലെങ്കിലും അസാധാരണമായ വാസനാസമ്പത്തിനാല്‍ അനുഗൃഹീതനായിരുന്ന കിഷോര്‍ 18-ാം വയസുമുതല്‍ അരങ്ങുകളില്‍ പാടാന്‍ തുടങ്ങി. ഇന്ത്യന്‍ സിനിമയിലെ നായകനായി നിരവധി വര്‍ഷം തിളങ്ങിനിന്ന സഹോദരന്‍ അശോക്‌ കുമാറിനോടൊപ്പം മുംബൈയില്‍ താമസിക്കാന്‍ തുടങ്ങിയ ശേഷമാണ്‌ കിഷോര്‍കുമാറിന്‌ സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചത്‌. അനശ്വരഗായകനായ കെ.എല്‍ . സൈഗാളിന്റെ ആലാപനശൈലി അനുകരിച്ചായിരുന്നു തുടക്കമെങ്കിലും ക്രമേണ കിഷോര്‍ സ്വന്തം ശൈലി കണ്ടെത്തി. അഭിനയിക്കുകയും നൃത്തംചെയ്യുകയും അതോടൊപ്പം പാടുകയും ചെയ്‌തിരുന്ന അപൂര്‍വസിദ്ധിയുള്ള കലാകാരനായിരുന്നു ഇദ്ദേഹം.

1948-ല്‍ "സിദ്ദി' എന്ന ഹിന്ദി ചിത്രത്തില്‍ നായകനായ ദേവ്‌ ആനന്ദിനുവേണ്ടി, "മര്‍നേകി ദുവായെന്‍ ക്യോം മാങ്‌ഗൂ' എന്ന പാട്ടായിരുന്നു അദ്ദേഹം ആദ്യമായി പിന്നണിയായി ആലപിച്ച ചലച്ചിത്രഗാനം. തുടര്‍ന്ന്‌ എസ്‌.ഡി.ബര്‍മന്റെ സംവിധാനത്തില്‍ നിരവധി "ഹിറ്റ്‌' ഗാനങ്ങള്‍ പാടി. അദ്ദേഹത്തിന്റെ ചടുലമായ അംഗവിക്ഷേപവും മുഖത്ത്‌ മാറിമറിയുന്ന വ്യത്യസ്‌തവികാരങ്ങളും അടക്കിനിര്‍ത്താനാവാത്ത ഊര്‍ജത്തിന്റെ പ്രവാഹവും പാട്ടിന്റെ താളത്തിലും ഭാവത്തിലും വൈവിധ്യം സൃഷ്‌ടിച്ചു. ഏകസ്വരം, ഏകലയം എന്ന മട്ട്‌ കിഷോറിന്റെ ശൈലിക്ക്‌ അന്യമായിരുന്നു. സിനിമാരംഗത്ത്‌ അത്‌ പുതിയൊരു അനുഭവമായിരുന്നു. "ആശ', "ചല്‍ ത്തികാനാം ഗാഡി' എന്നീ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ പാട്ടിന്റെയും നാട്യത്തിന്റെയും സമുചിതസമ്മേളനം കാണാം. അനിയന്ത്രിതമായ ജീവിതചാപല്യങ്ങള്‍ ഉണ്ടാക്കിയ അസ്വാസ്ഥ്യങ്ങളാല്‍ അറുപതുകളില്‍ ഇദ്ദേഹത്തിന്‌ തിളങ്ങാനായില്ല. എന്നാല്‍ തുടര്‍ന്നുവന്ന "ആരാധന' എന്ന അവിസ്‌മരണീയ ചിത്രത്തില്‍ രാജേഷ്‌ഖന്നയ്‌ക്കുവേണ്ടി കിഷോര്‍ ആലപിച്ച ഗാനങ്ങള്‍ ചലച്ചിത്രഗാനരംഗത്ത്‌ പൂക്കാലം തന്നെ സൃഷ്‌ടിച്ചു. അവസാനകാലം വരെ "ഖന്ന' എന്ന സൂപ്പര്‍സ്റ്റാറിന്റെ അപരശബ്‌ദമായി വെള്ളിത്തിരയില്‍ വിളങ്ങാന്‍ കിഷോറിനെ സഹായിച്ചത്‌ ഈ ചിത്രമായിരുന്നു. "സിന്ദഗീ കേ സഫര്‍ മേം' എന്ന പാട്ടിലെ ശോകരാഗം മുതല്‍ "റാഫ്‌ട റാഫ്‌ട' എന്ന ദ്രുതതാളത്തിലുള്ള പാട്ടുകള്‍വരെ ഈ അനുഗൃഹീതനടന്റെ നാവിന്‌ വഴങ്ങുമായിരുന്നു.

ചലച്ചിത്രരംഗത്തെ നായികമാരായിരുന്ന റൂമാദേവി, മധുബാല, യോഗിതാബാലി, ലീനാ ചന്ദ്രവര്‍ക്കര്‍ എന്നിവരെ ജീവിതസഖികളായി സ്വീകരിച്ച കിഷോര്‍കുമാറിന്റെ സ്വകാര്യജീവിതം ചുഴിയും മലരും കാറ്റും കോളും നിറഞ്ഞതായി മാറി. അദ്ദേഹത്തിന്റെ അവ്യവസ്ഥിത ജീവിതം നിരവധി അപവാദങ്ങള്‍ ഇളക്കിവിട്ടു. എന്നാലും അസ്വാസ്ഥ്യം നിറഞ്ഞ അവസാന നാളുകളിലും ഹിന്ദിസിനിമയിലെ മികച്ച ഭാവഗായകന്‍ എന്ന കീര്‍ത്തി അദ്ദേഹം നിലനിര്‍ത്തി. 1987-ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ഇദ്ദേഹം അന്തരിച്ചു.

(തോട്ടം രാജശേഖരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍