This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരുവന്നൂര്‍പ്പുഴ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കരുവന്നൂര്‍പ്പുഴ

തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം, തൃശൂര്‍ താലൂക്കുകളില്‍ക്കൂടി ഒഴുകുന്ന നദി. 366 മീ. ഉയരമുള്ള വാണിയമ്പാറ മലകളില്‍ നിന്നുദ്‌ഭവിക്കുന്ന മണലിപ്പുഴയും 1,097 മീ. ഉയരമുള്ള പൂമലയില്‍ നിന്നുദ്‌ഭവിക്കുന്ന ചീമോനി, മുപ്ലി എന്നീ ആറുകള്‍ ചേര്‍ന്നുണ്ടാകുന്ന കുറുമാലിപ്പുഴയും മുകുന്ദപുരം താലൂക്കിലെ നെമ്മിണിക്കരയില്‍ വച്ചു സംഗമിച്ച്‌ കരുവന്നൂര്‍ പുഴയായി ഒഴുകുന്നു. നെമ്മിണിക്കരയില്‍ നിന്നും പനങ്കുളം എന്ന സ്ഥലത്തുകൂടി തെക്കുപടിഞ്ഞാറോട്ടാണ്‌ ഈ പുഴയുടെ ഗതി. പതനസ്ഥലത്തിനു‌ കുറേ മുകളില്‍ വച്ച്‌ കരുവന്നൂര്‍പ്പുഴ രണ്ടായി പിരിയുന്നു. ഇതില്‍ തെക്കോട്ടൊഴുകുന്ന ശാഖ കൊടുങ്ങല്ലൂരിനടുത്തുവച്ച്‌ പെരിയാറിലും വടക്കോട്ടൊഴുകുന്ന ശാഖ (ഇതിനു കനോലിപ്പുഴയെന്നും പേരുണ്ട്‌) ചേറ്റുവാ അഴിയിലൂടെ അറബിക്കടലിലും പതിക്കുന്നു. പുഴയുടെ ആകെ നീളം 64 കി.മീ. ആണ്‌.

ഇരിങ്ങാലക്കുടനിന്ന്‌ 8 കി.മീ. ദൂരെ മുകുന്ദപുരം താലൂക്കില്‍പ്പെട്ട പൊറത്തിശ്ശേരി വില്ലേജില്‍ കരുവന്നൂര്‍ എന്ന ഒരു ഗ്രാമവുമുണ്ട്‌. ഓട്‌ഇഷ്ടിക വ്യവസായങ്ങള്‍ക്ക്‌ പ്രസിദ്ധമായ ഈ സ്ഥലം "കരുവാന്റെ ഊര്‌' എന്നതിന്റെ ചുരുക്കരൂപമാവാം.

തൃശൂര്‍, ഒല്ലൂര്‍, പുതുക്കാട്‌, ആമ്പല്ലൂര്‍ (അളകപ്പനഗര്‍) എന്നീ വ്യവസായ പ്രദേശങ്ങള്‍ കരുവന്നൂര്‍പ്പുഴയുടെ തീരത്താണ്‌. തുണി, ഓട്‌ മില്ലുകളും തീപ്പെട്ടിക്കമ്പനികളും ഈ നദീതടങ്ങളെ സമ്പന്നമാക്കുന്നു. മണ്‍പാത്ര നിര്‍മാണം, കയറുപിരിക്കല്‍, എണ്ണയാട്ട്‌, നൂല്‍നൂല്‍പ്പ്‌, മത്സ്യവ്യവസായം തുടങ്ങിയവയും തീരപ്രദേശങ്ങളില്‍ നടക്കുന്നു. ഉയര്‍ന്ന പര്‍വതപ്രദേശങ്ങളൊഴിച്ചുള്ള നദീതടങ്ങള്‍ കൃഷിസമൃദ്ധമാണ്‌. നെല്ല്‌, ചോളം, തെങ്ങ്‌, കമുക്‌, വാഴ, മരച്ചീനി എന്നിവയും റബ്ബര്‍ത്തോട്ടങ്ങളും ഇവിടങ്ങളിലുണ്ട്‌. വേനല്‍ക്കാലത്ത്‌ നദിയിലെ വെള്ളം വറ്റിപ്പോകും. ആറുമാസക്കാലത്തോളം 24 കി.മീ. നദീമാര്‍ഗം ഗതാഗതയോഗ്യമാണ്‌. വര്‍ഷകാലങ്ങളില്‍ സഹ്യപര്‍വതനിരകളില്‍ നിന്നും ഈ നദിയിലൂടെ തടിവെട്ടി ഇറക്കിക്കൊണ്ടുവരാറുണ്ട്‌. മണലിപ്പുഴയിലാണ്‌ പീച്ചി അണക്കെട്ട്‌ നിര്‍മിച്ചിരിക്കുന്നത്‌. ഈ പദ്ധതിമൂലം 20,000 ഹെ. ഭൂമിക്ക്‌ ജലസേചനസൗകര്യം ലഭിക്കുന്നു. 1947ല്‍ ആരംഭിച്ച ഈ പദ്ധതി പിന്നീട്‌ ഒന്നാം പഞ്ചവത്സരപദ്ധതിയില്‍ ഉള്‍പ്പെടുത്തി. തൃശൂര്‍ നഗരത്തിനാവശ്യമായ വെള്ളം ഇവിടെ നിന്നാണ്‌ കൊണ്ടു പോകുന്നത്‌.

(വിളക്കുടി രാജേന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍