This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കബീര്‍, ഹുമയൂണ്‍ (1906-69)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കബീര്‍, ഹുമയൂണ്‍ (1906-69)

Kabir, Humayun

ഹുമയൂണ്‍ കബീർ

ഇന്ത്യന്‍ ചരിത്രകാരനും വിദ്യാഭ്യാസ വിചക്ഷണനും രാജ്യതന്ത്രജ്ഞനും. ഹുമയൂണ്‍ കബീര്‍ ഇപ്പോഴത്തെ ബാംഗ്ലദേശിന്റെ ഭാഗമായ ഫരീദ്‌പൂരില്‍ 1906 ഫെ. 22നു ജനിച്ചു. 1928ല്‍ കല്‍ക്കത്താ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ എം.എ. ബിരുദം നേടി. ബംഗാള്‍ ഗവണ്‍മെന്റിന്റെ സ്‌കോളര്‍ഷിപ്പോടുകൂടി ഇദ്ദേഹം ഓക്‌സ്‌ഫഡ്‌ സര്‍വകലാശാലയിലെ എക്‌സീറ്റര്‍ കോളജില്‍ ചേര്‍ന്ന്‌, തത്ത്വശാസ്‌ത്രം, രാഷ്‌ട്രതന്ത്രം, സാമ്പത്തികശാസ്‌ത്രം എന്നീ വിഷയങ്ങളില്‍ പ്രശസ്‌തമായ രീതിയില്‍ എം.എ. ബിരുദം സമ്പാദിച്ചു. "ഓക്‌സ്‌ഫഡ്‌ മജ്‌ലിസി'ന്റെ പ്രസിഡന്റായും "ഓക്‌സ്‌ഫഡ്‌ യൂണിയന്‍ സൊസൈറ്റി'യുടെ കാര്യദര്‍ശിയായും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. എക്‌സീറ്റര്‍ കോളജിന്റെ "ഓണററി ഫെലോ' ആയി ഇദ്ദേഹം പിന്നീട്‌ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌.

ഔദ്യോഗിക ജീവിതമാരംഭിക്കുന്നതിനു മുമ്പുതന്നെ ഇദ്ദേഹം രാഷ്‌ട്രീയത്തിലാകൃഷ്ടനായി. 1931ല്‍ കോണ്‍ഗ്രസ്സില്‍ അംഗമായി. ഡോ. രാധാകൃഷ്‌ണന്റെ കീഴില്‍ 1932-33 വരെ ആന്ധ്ര യൂണിവേഴ്‌സിറ്റിയിലും 1933-45 വരെ കല്‍ക്കത്താ യൂണിവേഴ്‌സിറ്റിയിലും ഹുമയൂണ്‍ കബീര്‍ അധ്യാപകനായിരുന്നു. 1948 മുതല്‍ 52 വരെ ഇന്ത്യാഗവണ്‍മെന്റിന്റെ സഹ വിദ്യാഭ്യാസോപദേഷ്ടാവായും ജോലി നോക്കി.

1955-56 കാലത്ത്‌ ഇദ്ദേഹം സര്‍വകലാശാലാധനസഹായക്കമ്മീഷന്റെ അധ്യക്ഷസ്ഥാനവും വഹിച്ചിരുന്നു. 1956ല്‍ ഡല്‍ഹിയില്‍ വച്ചു നടന്ന അഖിലഭാരത സാഹിത്യസമ്മേളനത്തിന്റെ അധ്യക്ഷന്‍ ഇദ്ദേഹമായിരുന്നു. 1956ല്‍ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഹുമയൂണ്‍ കബീര്‍ 1962 വരെ രാജ്യസഭാംഗമായിരുന്നു. ഇതോടെ ഉദ്യോഗം രാജിവയ്‌ക്കുകയും സജീവ രാഷ്‌ട്രീയത്തില്‍ പ്രവേശിക്കുകയും ചെയ്‌തു. ഇദ്ദേഹം കേന്ദ്രഗവണ്‍മെന്റില്‍ സിവില്‍ വ്യോമയാന വകുപ്പില്‍ സ്റ്റേറ്റ്‌ മന്ത്രിയായും (1957-58), പിന്നീട്‌ ശാസ്‌ത്രീയ ഗവേഷണ സാംസ്‌കാരിക വകുപ്പുമന്ത്രിയായും (1958-63), പെട്രാളിയവും കെമിക്കല്‍സും വകുപ്പുകളുടെ മന്ത്രിയായും (1963-66) തുടര്‍ന്നു. പിന്നീട്‌ കോണ്‍ഗ്രസ്സ്‌ അംഗത്വം രാജിവച്ച ഹുമയൂണ്‍ കബീര്‍ "ഭാരതീയ ക്രാന്തിദള്‍' എന്ന രാഷ്‌ട്രീയ കക്ഷി സ്ഥാപിക്കുന്നതിന്‌ നേതൃത്വം നല്‌കി. അതിനുശേഷം ഇദ്ദേഹം ലോക്‌ദള്‍ എന്നൊരു സംഘടന രൂപവത്‌കരിച്ചു. ഈ പാര്‍ട്ടികള്‍ പൊതുജന സേവനത്തില്‍ നിന്ന്‌ വ്യതിചലിക്കുന്നുവെന്നു മനസ്സിലാക്കിയ ഇദ്ദേഹം പ്രസ്‌തുത സംഘടനകളില്‍ നിന്നു പിന്മാറി. 1962ല്‍ ബംഗാളില്‍ കോണ്‍ഗ്രസ്‌ വമ്പിച്ച വിജയം നേടിയതിന്റെയും 1967ല്‍ കോണ്‍ഗ്രസ്‌ ദയനീയമായി പരാജയപ്പെട്ടതിന്റെയും പിന്നില്‍ കബീറിന്റെ സംഘടനാസാമര്‍ഥ്യമുണ്ടായിരുന്നുവെന്നു പറയപ്പെടുന്നു. 1967ല്‍ ബംഗ്ലാകോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയായി മത്സരിച്ച്‌ ഇദ്ദേഹം ലോക്‌സഭാംഗമായി.

വിദ്യാഭ്യാസകാര്യങ്ങളില്‍ കബീര്‍ അത്യധികമായ ശ്രദ്ധ ചെലുത്തിയിരുന്നു. നെഹ്‌റു ഗവണ്‍മെന്റില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന അബുല്‍ കലാം ആസാദിന്റെ വലംകൈയായി ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. കബീറിന്റെ എ നാഷണല്‍ പ്ലാന്‍ ഒഫ്‌ എഡ്യൂക്കേഷന്‍ ഫോര്‍ ഇന്ത്യ, എഡ്യൂക്കേഷന്‍ ഇന്‍ ന്യൂ ഇന്ത്യ, ഇന്ത്യന്‍ ഫിലോസഫി ഒഫ്‌ എഡ്യൂക്കേഷന്‍, എഡ്യൂക്കേഷന്‍ ഫോര്‍ ടുമാറോ എന്നീ ഗ്രന്ഥങ്ങള്‍ വിദ്യാഭ്യാസ വിഷയത്തില്‍ ഇദ്ദേഹത്തിനുണ്ടായിരുന്ന താത്‌പര്യവും ഗഹനമായ അറിവും വ്യക്തമാക്കുന്നവയാണ്‌.

കബീര്‍ ഇംഗ്ലീഷിലും ബംഗാളിയിലും നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. കവിത, നോവല്‍, ബാലസാഹിത്യം, ജീവചരിത്രം, നിരൂപണം, തത്ത്വചിന്ത, വിദ്യാഭ്യാസം എന്നിങ്ങനെ സാഹിത്യത്തിന്റെ വിവിധ തുറകളില്‍ ഇദ്ദേഹം കനത്ത സംഭാവനകള്‍ നല്‌കിയിട്ടുണ്ട്‌. ഇദ്ദേഹത്തിന്‍െറ മെന്‍ ആന്‍ഡ്‌ റിവേഴ്‌സ്‌ (1945) എന്ന നോവല്‍ കിഴക്കന്‍ ബംഗാളിലെ മുക്കുവരുടെ ജീവിതരീതിയെ ആധാരമാക്കിയുള്ളതാണ്‌. മെര്‍സീനാ ഒരു സാമുദായിക നോവലാണ്‌. ചാന്ദ്‌ബീവി, റസിയ, സിറാജുദ്‌ദൗല, രാജാറാം മോഹന്‍റോയ്‌ എന്നിവ കബീര്‍ ബംഗാളിയില്‍ രചിച്ച ബാലസാഹിത്യകൃതികളാണ്‌. മഹാത്മാ ആന്‍ഡ്‌ അദര്‍ പോയംസ്‌ എന്ന ഇംഗ്ലീഷ്‌ കവിതാ സമാഹാരത്തിനു പുറമേ നദീഓനാരീ എന്ന കാവ്യവും അഞ്ച്‌ കവിതാ സമാഹാരങ്ങളും ഇദ്ദേഹം ബംഗാളിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. സ്റ്റഡീസ്‌ ഇന്‍ ബംഗാളി പോയട്രി ബംഗാളി കവിതകളുടെ ആസ്വാദനപരമായ ഒരു പഠനമാണ്‌.

ഇദ്ദേഹത്തിന്റെ മറ്റു സുപ്രധാന പഠനങ്ങള്‍ സയന്‍സ്‌ ഡെമോക്രസി ആന്‍ഡ്‌ ഇസ്‌ലാം, ദി ഇന്ത്യന്‍ ഹെറിറ്റേജ്‌, ലെസന്‍സ്‌ ഒഫ്‌ ഇന്ത്യന്‍ ഹിസ്റ്ററി, മുസ്‌ലിം പൊളിറ്റിക്‌സ്‌ (1906 47) എന്നിവയാണ്‌. ഇന്ത്യന്‍ രാഷ്‌ട്രീയരംഗത്തു കൊടുങ്കാറ്റ്‌ സൃഷ്ടിച്ച മൗലാനാ അബുല്‍ കലാം ആസാദിന്റെ ഇന്ത്യ സ്വാതന്ത്യ്രം നേടുന്നു (India Wins Freedom) എന്ന ഗ്രന്ഥം ആസാദിന്‍െറ കുറിപ്പുകളില്‍ നിന്നു തയ്യാറാക്കിയത്‌ കബീര്‍ ആയിരുന്നു. കൂടാതെ പല ഉര്‍ദു ഗ്രന്ഥങ്ങളും ഇദ്ദേഹം ബംഗാളിയിലേക്കും ഇംഗ്ലീഷിലേക്കും വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌. 1969 ആഗ. 18നു ഹുമയൂണ്‍ കബീര്‍ ന്യൂഡല്‍ഹിയില്‍ വച്ച്‌ നിര്യാതനായി.

(ഡോ. എ.പി. ഇബ്രാഹിം കുഞ്ഞ്‌;, എന്‍.കെ. ദാമോദരന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍