This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കഥനകുതൂഹലം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കഥനകുതൂഹലം
കര്‍ണാടക സംഗീതത്തില്‍ പ്രചരിച്ചിട്ടുള്ള ഒരു വക്ര സമ്പൂര്‍ണ ജന്യരാഗം. 29-ാമത്തെ മേളകര്‍ത്താരാഗമായ ധീര ശങ്കരാഭരണത്തിന്റെ ജന്യമാണിത്. കുതൂഹലം എന്ന രാഗത്തില്‍ നിന്നും ആവിര്‍ഭവിച്ച കഥനകുതൂഹലം 19-ാം ശ.ത്തിലാണ് പ്രചാരത്തില്‍ വന്നത്. പട്ടണം സുബ്രഹ്മണ്യയ്യര്‍ (1845 1902) കണ്ടുപിടിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഈ രാഗം വക്രസമ്പൂര്‍ണ ആരോഹണാവരോഹണത്തോടു കൂടിയതാണ്.
ആരോഹണം: സ രി മ ധാ നി ഗ പ സ
അവരോഹണം: സ നി ധ പ മ ഗ രി സ
ഈ രാഗത്തില്‍ ഷഡ്‌ജം, പഞ്ചമം എന്നീ സ്വരങ്ങളെ കൂടാതെ ചതുഃശ്രുതി ഋഷഭം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, ചതുഃശ്രുതി ധൈവതം, കാകളിനിഷാദം എന്നീ സ്വരങ്ങളും പ്രയോഗിക്കുന്നു. കര്‍ണാടകസംഗീതത്തില്‍ മാത്രം പ്രചരിച്ചിട്ടുള്ളതെന്നു കരുതപ്പെടുന്ന ഈ രാഗത്തില്‍ പാശ്ചാത്യസംഗീതത്തിന്റെ ഛായ പ്രതിഫലിപ്പിക്കുന്ന ചില സ്വരസഞ്ചാരങ്ങളും പ്രയോഗിക്കുന്നുണ്ട്. നിഗപ, മധാനിഗപ തുടങ്ങിയ സ്വരപ്രയോഗങ്ങള്‍ അവയില്‍ ചിലതാണ്. കമ്പ (ഗമക) വിഹീനരാഗങ്ങളില്‍ ഒന്നായി ഇതിനെ കണക്കാക്കിയിട്ടുണ്ട്. ജണ്ടവരിശ പ്രയോഗങ്ങളും (സസരിരി, മഗരി, രിരി മമ ധധ, ഗഗപപസാ) വരിശപ്രയോഗങ്ങളും (സരിരിമ മധധനി) ഈ രാഗത്തിന്റെ സവിശേഷതകളാണ്.
വായ്‌പാട്ടിനെക്കാള്‍ വാദ്യവൃന്ദ സംഗീതത്തിലാണ് ഈ രാഗം കൂടുതല്‍ ശോഭിക്കുന്നത്. ഏതവസരത്തിലും പാടാവുന്ന ഈ രാഗം കച്ചേരികളില്‍ സാധാരണയായി പ്രധാനരാഗത്തിന്റെ ആലാപനത്തിനു ശേഷമാണ് പാടാറുള്ളത്. പട്ടണം സുബ്രഹ്മണ്യയ്യരുടെ "രഘുവംശസുധാംബുധി', മുത്തയ്യാഭാഗവതരുടെ "ഗോപാല നന്ദന', ബാലമുരളീകൃഷ്‌ണയുടെ "തില്ലാന' എന്നീ കൃതികള്‍ ഈ രാഗത്തില്‍ രചിക്കപ്പെട്ടിട്ടുള്ളവയും പ്രചാരം സിദ്ധിച്ചവയുമാണ്.
കര്‍ണാടകസംഗീതത്തില്‍ സാങ്കേതികജ്ഞാനം ലഭിച്ചിട്ടില്ലാത്ത ശ്രാതാക്കള്‍ക്കു പോലും കഥനകുതൂഹലം ആസ്വാദ്യമായി തോന്നാറുണ്ട്. കുതൂഹലരാഗത്തിന്റെ ഒരു വിശിഷ്ട ഇനം എന്നര്‍ഥത്തിലുള്ള കഥനകുതൂഹലം എന്ന നാമം ഈ രാഗത്തിന് അന്വര്‍ഥം തന്നെയാണ്. ഉത്സാഹമെന്ന ഭാവത്തെ ഉദ്ദീപിപ്പിക്കാന്‍ കഥനകുതൂഹലത്തിനു കഴിവുണ്ട്.