This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒലിവിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഒലിവിന്‍

Olivine

ഇരുമ്പ്‌, മഗ്നീഷ്യം എന്നീ മൂലകങ്ങള്‍ പ്രമുഖ ഘടകങ്ങളായുള്ള ഒരു ശിലാകാരക സിലിക്കേറ്റ്‌ ധാതുസമൂഹം. ഫോര്‍മുല (MgFe)2 SiO4. ആപേക്ഷിക സാന്ദ്രത 3.08-4.39. കാഠിന്യം 5.5-7.0. കാചാഭദ്യുതിയും സമചതുര്‍ഭുജാകൃതിയുമുള്ള പരലുകള്‍ക്ക്‌ ഒലീവ്‌ ഹരിതനിറമായതിനാലാണ്‌ ഈ പേര്‌ സിദ്ധിച്ചത്‌. പരലുകള്‍ പാരഭാസകമോ പാരദര്‍ശകമോ ആയിരിക്കും.

മൗലികമായി മഗ്നീഷ്യം ഓര്‍തോസിലിക്കേറ്റ്‌ ധാതു ആണെങ്കിലും ഒലിവിന്‍ മഗ്നീഷ്യത്തിന്റെയും ഇരുമ്പിന്റെയും അനുപാതം പ്രസക്തമായി വ്യതിചലിക്കുന്നതിനുപുറമേ കാല്‍സിയം, മാന്‍ഗനീസ്‌, കറുത്തീയം, നാകം എന്നീ സദൃശ ധന-അയോണുകളും കാണപ്പെടുന്നു. തന്മൂലം R2SiO4 എന്ന പൊതു ഫോര്‍മുലയോടുകൂടിയ നിയോസിലിക്കേറ്റുകളായ ഒരു ശിലാകാരക സിലിക്കേറ്റു ഖനിജ സമൂഹമെന്നാണ്‌ പേരിന്‌ വിവക്ഷ; ഞ മഗ്നീഷ്യം, ഫെറസ്‌ ഇരുമ്പ്‌ തുടങ്ങി മേല്‌പറഞ്ഞ മൂലകങ്ങളെ പ്രതിനിധീകരിക്കുന്നു.

ഫോര്‍സ്റ്റെറൈറ്റ്‌ (Mg2SiO4), ഫായലൈറ്റ്‌ (Fe2SiO4) എന്നീ അന്ത്യാംഗങ്ങളാല്‍ പൂര്‍ണമാക്കപ്പെട്ടിരിക്കുന്ന ഒരു ഘനലായനിശ്രണി (solid solution series)ഉള്‍ക്കൊള്ളുന്ന ക്രസൊലൈറ്റ്‌, ഹയ്‌ലോസിഡെറൈറ്റ്‌, ഹോര്‍ട്ടൊണലൈറ്റ്‌; ഫെറോഹോര്‍ട്ടൊണലൈറ്റ്‌ എന്നിവയാണ്‌ പ്രമുഖ ഒലിവിന്‍ ധാതുക്കള്‍. മാധ്യമിക ഖനിജങ്ങളിലുള്ള ഫായലൈറ്റ്‌ ഘടകത്തിന്റെ വ്യത്യാസമനുസരിച്ചാണ്‌ ഇവ വേര്‍തിരിക്കപ്പെട്ടിരിക്കുന്നത്‌. ഒലിവിന്‍ എന്നുമാത്രം പറഞ്ഞാല്‍ 10-30 ശ.മാ. ഫായലൈറ്റ്‌ ഉള്‍ക്കൊള്ളുന്ന ക്രസോലൈറ്റ്‌ എന്നാണ്‌ അര്‍ഥം. സവര്‍ണ സുതാര്യ ക്രസോലൈറ്റ്‌ ഒലിവിന്‍, പെരിഡോട്ട്‌ എന്നുകൂടി അറിയപ്പെടുന്ന രത്‌നക്കല്ലാണ്‌. ഇതിനുപുറമെ രാസപരമായി വ്യത്യസ്‌തമായ ടെഫ്രായിറ്റ്‌ (Mn2 SiO24); മോണ്ടിസെലൈറ്റ്‌ (Ca Mg SiO4); ഗ്ലാകോക്രായിറ്റ്‌ (Ca Mn SiO4); കിര്‍സ്റ്റെനൈറ്റ്‌ (Ca Fe SiO4); ലാര്‍സെനൈറ്റ്‌ (Pb Zn SiO4)എന്നീ ധാതുക്കളും ഘടനാപരമായി മുമ്പു പറഞ്ഞവയോട്‌ സദൃശമായതിനാല്‍ ഒലിവിന്‍ സമൂഹത്തില്‍ പെടുന്നു. ഫായലൈറ്റ്‌, ടെഫ്രായിറ്റ്‌ എന്നിവ ചേര്‍ന്നുള്ള മറ്റൊരു സമ്പൂര്‍ണഘനലായനി ശ്രണിയില്‍ നെബിലൈറ്റ്‌ (Fe Mn SiO4)ഒരു മാധ്യമിക ധാതുവാണ്‌.

ഒലിവിന്‌ 1,5000ഇല്‍ കൂടിയ ഊഷ്‌മാവുപോലും താങ്ങുവാനുള്ള കഴിവുള്ളതിനാല്‍ ഉച്ചതാപസഹമായി ഉപയോഗിക്കുന്നു. ഉന്നതമര്‍ദത്തില്‍ ഭാരം കൂടിയ സ്‌പൈനല്‍ധാതുവായി രൂപാന്തരം പ്രാപിക്കുന്നതിനാല്‍ ഭൗമപ്രാവാര(mantle)ത്തിനുള്ളില്‍, 350 കിലോമീറ്ററില്‍ കൂടിയ ആഴത്തില്‍, ഒലിവിന്റെ അസ്‌തിത്വം നശിക്കുന്നു. താഴ്‌ന്ന താപനിലകളില്‍ ജലവുമായി പ്രതിപ്രവര്‍ത്തിച്ച്‌ സെര്‍പെന്റൈന്‍ എന്ന ജലയോജിത മഗ്നീഷ്യം സിലിക്കേറ്റായി എളുപ്പത്തില്‍ പരിവര്‍ത്തിതമാകുന്നതിനാല്‍ ബൃഹത്തായ സെര്‍പെന്‍റ്റൈന്‍ ശിലാപിണ്ഡങ്ങള്‍ നൈസര്‍ഗികരൂപത്തില്‍ തന്നെ കാണപ്പെടുന്നു.

സിലിക്കണിന്റെ അംശം കുറഞ്ഞ്‌ ഒപ്പം മഗ്നീഷ്യത്തിന്റെ ആധിക്യമുള്ള മാഗ്മയില്‍ നിന്ന്‌ ഉരുത്തിരിയുന്ന ഗാബ്രാ, നോറൈറ്റ്‌, ബസാള്‍ട്ട്‌ പെരിഡൊട്ടൈറ്റ്‌ തുടങ്ങിയ അല്‌പസിലിക-അത്യല്‌പസിലികശിലകളിലെ പ്രമുഖധാതുവെന്നതിനു പുറമെ, പ്രാവാരവും, ഭൂവല്‌കത്തിലെ സിമ(sima) പടലവും മുഖ്യമായി ഒലിവിന്‍ ഉള്‍ക്കൊള്ളുന്നു. ഊഷ്‌മാവു കുറയുന്നതനുസരിച്ച്‌ ദ്രവമാഗ്മയില്‍ നിന്നു പരല്‍രൂപം പ്രാപിക്കുന്ന ധാതുശ്രണിയിലെ ആദ്യാംഗമാണ്‌ ഒലിവിന്‍; പ്രതേ്യകിച്ചും ഫോര്‍സ്റ്റെറൈറ്റ്‌. പ്രത്യേക പരിതഃസ്ഥിതികളില്‍ ഇരുമ്പിന്റെ അംശം കൂടുതലായുള്ളവ സ്വതന്ത്രരൂപത്തിലുള്ള സിലിക്കയോടനുബന്ധിച്ച്‌ അവസ്ഥിതമാകാമെങ്കിലും, ഒലിവിന്‍ സിലികാപരമായി ഒരു അപൂരിത ധാതുവായതിനാല്‍ ഇത്‌ സാധാരണമല്ല. ഉല്‍ക്കാശിലയിലും സ്ലാഗിലും ചാന്ദ്രശിലയിലും ഒലിവിന്‍ ധാതുക്കള്‍ കാണപ്പെടുന്നു.

മാലിന്യം കലര്‍ന്ന ഡോളമൈറ്റ്‌, SiO2 കുറഞ്ഞ MgO4 ന്റെ ആധിക്യമുള്ള അവസാദശിലകള്‍ എന്നിവയുടെ കായന്തരണംമൂലം രൂപം കൊള്ളുന്നതിനാല്‍, ഡോളമിറ്റിക്‌ മാര്‍ബിള്‍, ഷിറ്റ്‌സ്‌ തുടങ്ങിയവയിലും ഒലിവിന്‍ കാണപ്പെടുന്നു.

രാസാപക്ഷയത്തിനു എളുപ്പം വിധേയമാവുന്നതിനാല്‍ അവസാദങ്ങളില്‍ കാണപ്പെടാറില്ല. എങ്കിലും ബലകൃത അപക്ഷയംമൂലം ഒലിവിന്‍ പരലുകള്‍ ശിലകളില്‍ നിന്നു സ്വതന്ത്രമാക്കപ്പെട്ട്‌, മണല്‍രൂപത്തില്‍ സഞ്ചയിക്കപ്പെടാം; ഹാവായ്‌ തീരങ്ങളില്‍ ഇത്തരം ഒലിവിന്‍ നിക്ഷേപങ്ങള്‍ കാണാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍