This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഐസോപ്റ്റെറ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഐസോപ്റ്റെറ
Isoptera
ചിതലുകളുടെ ഗോത്രം. സെലുലോസ് ആഹാരമാക്കിയിട്ടുള്ളതും "വൈറ്റ് ആന്റ്സ്' എന്ന് സാധാരണ അറിയപ്പെടുന്നതുമായ ചിതലുകള്‍, ചെടികളുടെ വളര്‍ച്ചയ്ക്ക് പാകമായ തരത്തില്‍ സസ്യ"സെല്ലുലോസി'നെ വിഘടിപ്പിച്ച് മനുഷ്യന് ഉപകാരികളായിത്തീരുന്നു. വെളുത്ത "ഉറുമ്പ്' എന്നാണ് ഇവ സാധാരണ വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും യഥാര്‍ഥ ഉറുമ്പുകളുമായി ഇവയ്ക്കുള്ള ബന്ധം നാമമാത്രമാണ്. ചിതലുകളുടെ സാമൂഹികസ്വഭാവങ്ങള് പലതും ഉറുമ്പുകളുടേതിനോട് സാദൃശ്യമാണെങ്കിലും ഇവ രണ്ടും സ്വതന്ത്രപരിണാമഫലങ്ങളാകുന്നു. യഥാര്‍ഥത്തില്‍ പാറ്റ(cockroach)യുടെ അടുത്ത ബന്ധുക്കളാണ് ചിതലുകള്‍. നേര്‍ത്തു പാടപോലെയുള്ള രണ്ടുജോടി ചിറകുകളുടെ സാന്നിധ്യം ഓവിപോസിറ്ററിന്റെയും ബാഹ്യ-പും-ജനനേന്ദ്രിയത്തിന്റെയും അഭാവം എന്നീ രണ്ടു ലക്ഷണവിശേഷങ്ങളില് മാത്രമാണ് ചിതലുകള്‍ പാറ്റകളില്‍ നിന്ന് വ്യത്യസ്തമായിരിക്കുന്നത്.
ഉദ്ദേശം 1,900 സ്പീഷീസുകളുള്ള ചിതലുകള്‍ ഭൂമിയില്‍ മിക്കവാറും എല്ലാ പ്രദേശങ്ങളിലും കാണപ്പെടുന്നു. തണുപ്പില്ലാത്ത എല്ലാ ഭൂഭാഗങ്ങളിലും ഇവ ധാരാളമായുണ്ട്. ഉഷ്ണമേഖലയിലെ കാടുകളിലാണ് അംഗസംഖ്യയിലും സ്പീഷീസുകളുടെ എണ്ണത്തിലും ഏറ്റവുമധികം കാണപ്പെടുന്നത്. സുവോറ്റെര്മാപ്സിസ്, റെറ്റിക്കുലറ്റെര്മസ് തുടങ്ങിയവ നൈസര്‍ഗിക സാഹചര്യങ്ങളില്‍ കഴിഞ്ഞിരുന്ന ചിതലുകളാണ്. ഇവ കൂടാതെ പുതിയ ഭൂഭാഗങ്ങളിലേക്ക് കുടിയേറിപ്പാര്‍ത്തിട്ടുള്ള ചിതലുകളും ധാരാളമുണ്ട്. ക്രിപ്റ്റോറ്റെര്മസ്, കോപ്റ്റോറ്റെര്‍മസ് എന്നീ ഇനങ്ങള്‍ ഇക്കൂട്ടത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. മരസാമാനങ്ങള്‍, ഷിപ്പിങ് ക്രറ്റുകള്, തടികള്‍ തുടങ്ങിയവയോടൊപ്പമാണ് ഈ ചിതലുകളും യാത്രചെയ്യുന്നത്. ഉണങ്ങിയ തടിയിലെ ചിതലുകള്‍ (ഉദാ. ക്രിപ്റ്റോറ്റെര്മസ് സ്പീഷീസുകള്‍) തടിക്കുള്ളില്‍ ചെറുകോളനികളായി ജീവിക്കുന്നതിനാല്‍, പണിക്ക് പാകപ്പെടുത്തിയ തടിയിലും മരസാമാനങ്ങളില്പ്പോലും, നാളുകളോളം ജീവിക്കാന്‍ ഇവയ്ക്കു കഴിയും. ഈര്‍പ്പം ഇവയ്ക്കാവശ്യമേയില്ല. എന്നാല്‍ റൈനോറ്റെര്മൈറ്റിഡേ കുടുംബാംഗങ്ങള്‍ (ഉദാ. കോപ്റ്റോറ്റെര്‍മസ്) നനവുതട്ടാന് സൗകര്യമുള്ള തടിപ്പെട്ടികളില്‍ മാത്രമേ കഴിയുകയുള്ളൂ. ശ്രീലങ്ക, പസിഫിക് ദ്വീപുകള്‍, തെക്കേ ആഫ്രിക്ക, കിഴക്കേ ആഫ്രിക്ക, ഹവായ്, യു.എസ്സിന്റെ തെക്കുഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന കോ. ഫോര്മസാനസ് ഇപ്രകാരം എത്തിച്ചേര്‍ന്ന ഇനമാണ്. ജപ്പാന്, തയ്വാന്, ദക്ഷിണ ചൈന എന്നിവിടങ്ങളിലാണ് ഇത് നൈസര്‍ഗികമായി കാണപ്പെടുന്നത്.
"സാമൂഹികജീവിത'സ്വഭാവം ഏറ്റവുമധികം വികസിതമായിരിക്കുന്ന വളരെക്കുറച്ചു ജീവികളില്‍ ഒന്നാണ് ചിതല്. ഏറ്റവും ഭംഗിയായി സംഘടിപ്പിക്കപ്പെട്ട ചെറുഘടകങ്ങളുടെ സമാഹാരമാണ് ചിതല്‍പ്പുറ്റ്. തൊഴില്‍ വിഭജനവും ജാതിവ്യവസ്ഥയും ഈ കോളനികളില്‍ കാണപ്പെടുന്നു. ശരീരഘടനയിലും ധര്‍മത്തിലും വ്യത്യസ്തമായ നാലു വിഭിന്ന ജാതികളെ ഓരോ സമൂഹത്തിലും കണ്ടെത്താം:
(1) പ്രാഥമിക - പ്രത്യുത്പാദകവര്ഗം(primary reproductives പ്രവര്‍ത്തനക്ഷമമായ ചിറകുകള് ഉള്ളതിനാല്‍ സംഘത്തില്‍ നിന്നു പിരിഞ്ഞ്, കൂടിനുവെളിയിലേക്കു പറന്നിറങ്ങി, ഇണചേര്‍ന്ന്, "രാജാവും' "രാജ്ഞിയും' ചേര്‍ന്ന ഓരോ ജോടിയും പുതിയൊരു കോളനിക്കു രൂപം നല്കുന്നു)
(2) പൂരക-പ്രത്യുത്പാദകവര്ഗം (supplementary reproductives വളരെ ചെറിയ കണ്ണുകളും, മാംസളമായതിനാല്‍ ഉപയോഗശൂന്യമായ ചിറകുകളുമുള്ള വെളുത്തു വിളറിയ ചെറുചിതലുകള്; രാജാവും രാജ്ഞിയും നഷ്ടപ്പെട്ട കോളനികളിലെ ഉത്പാദനപ്രക്രിയ ഏറ്റെടുക്കുന്നത് ഇവയാണ്);
(3) ജോലിക്കാര്‍ (വളരെ ചെറുതും ചിറകുകളില്ലാത്തതുമായ ഇവയ്ക്ക് ഉത്പാദനശേഷിയില്ല. പാര്‍പ്പിടനിര്‍മാണം, കൂടു വൃത്തിയാക്കല്‍, ആഹാരസമ്പാദനം, മറ്റംഗങ്ങള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഭക്ഷണം നല്കല് എന്നിവയെല്ലാം ഇവയുടെ ചുമതലകളാണ്);
(4) സൈനികര്‍ (ചിറകുകളോ ഉത്പാദനശേഷിയോ ഇല്ലാത്ത സൈനികര്‍ക്ക് കോളനിയെ ശത്രുക്കളില്‍ നിന്ന് രക്ഷിക്കുക എന്ന ചുമതലയാണുള്ളത്. വലിയ തലയും ബലമുള്ള മാന്‍ഡിബിളുകളും ഇവയുടെ പ്രത്യേകതയാണ്). ആഹാരം ചവച്ചരയ്ക്കുന്നതിനു പറ്റിയ വദനഭാഗമാണ് പണിക്കാരായ ചിതലുകള്‍ക്ക് സാമാന്യമായിട്ടുള്ളത്. ചില സ്പീഷീസുകളില്‍ "മോന്ത' (snout) പോലെ കൂര്‍ത്ത ഒരു രചനാവിശേഷം കാണാന്‍ കഴിയും. ഈ ഭാഗത്തുകൂടി പുറത്തേക്കു വിടുന്ന പശയുള്ള ഒരു ദ്രാവകം ശത്രുവിനെ ബദ്ധാവസ്ഥയില്‍ ആക്കുന്നതിനാല്‍, ഉറുമ്പുകളെപ്പോലെയുള്ള ശത്രുക്കളില്‍ നിന്ന് രക്ഷനേടാന്‍ ഈ രചന സഹായകമാകുന്നു. ഓരോ കോളനിയിലും വിവിധജാതിയില്പ്പെട്ട ചിതലുകള്‍ ഉണ്ടാകുന്നതിനുള്ള യഥാര്‍ഥ കാരണം എന്താണെന്ന് ഇനിയും മനസ്സിലാകേണ്ടിയിരിക്കുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന സമയത്ത് എല്ലാ കുഞ്ഞുങ്ങളുടെയും ജനിതകഘടന ഒന്നുപോലെയാണെന്നു മാത്രമേ ഇപ്പോള്‍ അറിവുള്ളൂ. എല്ലാ അംഗങ്ങള്‍ക്കും ഏതു ജാതിയായി വേണമെങ്കിലും വളരാനുള്ള കഴിവുണ്ട്. സസ്യഭാഗങ്ങള്‍ ഭക്ഷിച്ചു തീര്‍ക്കുന്നത് വേലക്കാരന് ചിതലിന്റെ ജോലിയാണ്. മുറിച്ചിട്ട തടി, വൃക്ഷങ്ങളും ചെടികളും, മരസാമാനങ്ങള്‍, തടികൊണ്ടും "വുഡ് പള്‍പ്പ്'കൊണ്ടും ഉണ്ടാക്കിയിട്ടുള്ള സാധനങ്ങള്‍, കടലാസ്, കാര്‍ഡ്ബോഡ്, പലതരം തുണികള്‍ തുടങ്ങി എന്തും തിന്നു തീര്‍ക്കാന്‍ ചിതലിന് യാതൊരു പ്രയാസവുമില്ല. മണ്ണില്‍ കഴിയുന്നയിനം ചിതലുകള്‍ (subterranean termites) കെട്ടിടങ്ങളിലെ മരംകൊണ്ടുള്ള ഭാഗങ്ങളാണ് സാധാരണയായി തിന്നുന്നത്. ചിലയിനം ചിതലുകള്‍ ഉണങ്ങിയ തടി ഇഷ്ടപ്പെടുമ്പോള്‍ മറ്റു ചിലത് നനവുള്ളതില് മാത്രമേ ജീവിക്കാറുള്ളൂ. ഇനിയും ചില സ്പീഷീസുകള്‍ ഉണക്കപ്പുല്ലും ഇലകളും തിന്നു കഴിയുന്നവയാണ്. മാക്രാറ്റെര്മസ് സ്പീഷീസുകള്‍ "കര്‍ഷക'രാകുന്നു. ഇവ തങ്ങളുടെ കൂടുകള്‍ക്കുള്ളില്‍ ചെറിയ "ഫംഗസ് തോട്ടങ്ങളു'ണ്ടാക്കി വിളവെടുപ്പു നടത്തിയാണ് ഭക്ഷണം ശരിയാക്കുന്നത്. ആഹാരം ചെറുകഷണങ്ങളാക്കിയശേഷം ജോലിക്കാര്‍, തനിച്ച് ഭക്ഷണം തേടാത്ത മറ്റംഗങ്ങളെ ഊട്ടുന്നു.
പരിണാമപരമായി താണ കുടുംബങ്ങളിലുള്ള ചിതലുകള്‍ക്ക് ഒരു "സിംബയോട്ടിക്' പ്രാട്ടസോവയുടെ സഹായത്തോടെ മാത്രമേ സെല്ലുലോസ് ദഹിപ്പിക്കാനാവൂ. ഈ പ്രാട്ടസോവകള്‍ ചിതലിന്റെ കുടലിനുള്ളില്‍ താമസമാക്കി, ചിതല് ഭക്ഷിക്കുന്ന സെല്ലുലോസിനെ കുറേക്കൂടി ലഘുപദാര്ഥങ്ങളായി വിഘടിപ്പിക്കുന്നു. ഈ പദാര്‍ഥങ്ങള്‍ ചിതല് ആഗിരണം ചെയ്തുകൊള്ളും. മേല്പറഞ്ഞ പ്രാട്ടസോവകളെ പരീക്ഷണാര്‍ഥമെങ്കിലും ഈ ചിതലുകളുടെ ഉള്ളില്‍നിന്ന് നീക്കം ചെയ്യുന്ന പക്ഷം ചിതലുകള്‍ക്ക് ജീവഹാനി സംഭവിക്കുന്നതായി കാണാം.
പുതിയ പുതിയ മുട്ടകള്‍ ഇടുന്നതോടെ കോളനിയുടെ വലുപ്പവും വര്‍ധിക്കുന്നു. ചില കോളനികളില്‍ പത്തു ലക്ഷത്തിലധികം അംഗങ്ങളുണ്ടാവുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. നിരവധി വര്‍ഷങ്ങളോളം ഒരു കോളനി നിലനില്‍ക്കുമെന്നും കരുതപ്പെടുന്നു. ഇപ്രകാരം വലുപ്പമേറിയ കോളനികളിലെല്ലാംതന്നെ രാജ്ഞി "മുട്ടയിടുന്ന ഒരു യന്ത്രം' മാത്രമാണ്. അണ്ഡാശയങ്ങളുടെ അമിതമായ വളര്‍ച്ചമൂലം രാജ്ഞിയുടെ ശരീരം വല്ലാതെ വീര്‍ക്കുന്നു. ഒരു രാജകീയ-അറയില്‍, ഏതാണ്ട് നിശ്ചലാവസ്ഥയില്‍ കഴിയുന്ന രാജ്ഞിയുടെ ശുശ്രൂഷയ്ക്ക് ഒരു പറ്റം ജോലിക്കാരുണ്ടായിരിക്കും.
പാറ്റയുമായി അടുത്ത ബന്ധമുള്ള ചിതലിന്റെ പൂര്വികന് പാറ്റയോട് ആകാരസാദൃശ്യമുള്ള ഒരു ജീവിയായിരുന്നിരിക്കാമെന്ന് വിശ്വസിക്കപ്പെടുന്നു. പാറ്റകളില്‍ ഏറ്റവും പ്രാഥമിക രൂപമായ ക്രിപ്റ്റോസെര്ക്കസ് പങ്ചുലേറ്റസിന് ചിതലിനോട് വളരെയധികം സാദൃശ്യ-സാധര്‍മ്യങ്ങള്‍ ഉള്ളതായി കാണാം. ആദിമ ചിതലുകളുടെ കുടലിനുള്ളില്‍ കാണുന്നയിനം പ്രാട്ടസോവകള്‍ ക്രിപ്റ്റോസെര്ക്കസിന്റെ കുടലിനുള്ളിലും ജീവിക്കുന്നുണ്ട്. ആസ്റ്റ്രലിയയിലെ മാസ്റ്റോറ്റെര്മസ് ഡാര്വിനിയന്സിസ് എന്ന ചിതലിന്റെയും ക്രിപ്റ്റോസെര്ക്കസിന്റെയും ഉത്പാദനാവയവങ്ങളും ചില ആന്തരികാവയവങ്ങളും സദൃശ്യങ്ങളായിരിക്കുന്നു.
പ്രാഥമിക പാറ്റകളുമായി ചിതലുകള്‍ക്ക് ബന്ധമുണ്ടായിരുന്നു എന്നതിന് ഉപോദ്ബലകമായ തെളിവുകള്‍, പെര്‍മിയന്റെ അവസാനഘട്ടത്തില്‍ (സു. 23,00,00,000 വര്‍ഷം മുമ്പ്) ചിതലുകള്‍ രൂപമെടുത്തിയിരിക്കാമെന്ന് സൂചിപ്പിക്കുന്നു. എന്നാല്‍ ക്രിട്ടേഷ്യസിന്റെ ആദ്യഘട്ടശേഖരങ്ങള് (സു. 13,00,00,000 വര്‍ഷം മുമ്പ്) തുടങ്ങി മാത്രമേ ചിതലിന്റെ ഫോസിലുകള്‍ കണ്ടുകിട്ടിയിട്ടുള്ളൂ (60 സ്പീഷീസുകള്‍ ഇപ്രകാരം കണ്ടെടുക്കപ്പെട്ടിട്ടുണ്ട്).
വര്‍ഗീകരണം. ഐസോപ്റ്റെറ ഗോത്രത്തെ ആറു കുടുംബാംഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഇതില്‍ ഒന്നൊഴിച്ച് (Termitidae) ബാക്കി എല്ലാറ്റിനെയും ഒന്നായി "ആദിമ ചിതലുകള്‍' (lower termites) എന്നു വിളിക്കാറുണ്ട്.
1. മാസ്റ്റോറ്റെര്മൈറ്റിഡേ. ഏറ്റവും പ്രാകൃതജീവികള്‍. ഇതില്‍ ജീവിച്ചിരിക്കുന്ന ഒരേയൊരു സ്പീഷീസേയുള്ളൂ; ആസ്റ്റ്രലിയയില്‍ കാണപ്പെടുന്ന മാസ്റ്റോറ്റെര്മസ് ഡാര്വിനിയെന്സിസ്. ലോകത്തിന്റ വിവിധഭാഗങ്ങളില്‍ നിന്നായി 13 ഫോസില്‍ സ്പീഷീസുകള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.
2. കാലോറ്റെര്മൈറ്റിഡേ (Dry-wood Termites). തടിയില്‍ ജീവിക്കുകയും തടി തിന്നുകയും ചെയ്യുന്നയിനം. വരള്‍ച്ചയെ അതിജീവിക്കാന്‍ ഇവയ്ക്കു കഴിവുണ്ട്. ജീവിച്ചിരിക്കുന്ന 292 സ്പീഷീസുകളും 11 ഫോസില്‍ സ്പീഷീസുകളും ഇതില്‍ ഉള്ളതായി കരുതപ്പെടുന്നു.
3. ഹോഡോറ്റെര്മൈറ്റിഡേ. ജീവിച്ചിരിക്കുന്ന 30 സ്പീഷീസുകള്‍. 13 ഫോസില്‍ സ്പീഷീസുകള്‍ (ഇന്നുവരെ കിട്ടിയിട്ടുള്ളതില്‍ ഏറ്റവും പഴക്കമേറിയ ഫോസില്‍ കുടുംബത്തില്‍പ്പെടുന്നതാണ്). 2,000-25,00 മീ. ഉയരത്തില്‍ കാണപ്പെടുന്ന സുവോറ്റെര്മോപ്സിസ് വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ചിതലാകുന്നു. ഹിമാലയത്തില്‍ കാണുന്ന ഇനമാണ് ആര്ക്കോറ്റെര്മോപ്സിസ്. ഹോഡോറ്റെര്മസ് സ്പീഷീസുകള്‍ ആഫ്രിക്കന്‍ പുല്പ്രദേശങ്ങള്ക്ക് കനത്ത നാശമുണ്ടാക്കുന്നു.
4. റൈനോറ്റെര്മെറ്റിഡേ(Subterranean Termites)). ഈര്‍പ്പമുള്ള അവസ്ഥയില്‍ മാത്രമേ ഇവയ്ക്ക് ജീവിതം സാധ്യമാകൂ. ജീവിച്ചിരിക്കുന്ന 158-ഉം നാമാവശേഷമായിക്കഴിഞ്ഞ 13-ഉം സ്പീഷീസുകള്‍ ഉണ്ട്. വടക്കേ അമേരിക്കയിലെമ്പാടും മറ്റ് ഉഷ്ണമേഖലാപ്രദേശങ്ങളിലും കാണപ്പെടുന്ന ഉപദ്രവകാരിയായ റെറ്റിക്യുലറ്റെര്മസ് ഇതിലെ ഒരു പ്രധാനാംഗമാണ്. കോപ്റ്റോറ്റെര്‍മസ് ആണ് മറ്റൊരംഗം.
5. സെറിറ്റെര്മൈറ്റിഡേ. തെക്കേ അമേരിക്കയില്‍ കഴിയുന്ന ഒരു സ്പീഷീസുമാത്രമേ ജീവിച്ചിരിക്കുന്നതായുള്ളൂ. റൈനോറ്റെര്മെറ്റിഡേ കുടുംബത്തില്‍ നിന്ന് പരിണമിച്ചുണ്ടായതാണ് ഇത്.
6. റ്റെര്മൈറ്റിഡേ (Higher Termites) ചിതല് കുടുംബങ്ങളില്‍ വച്ച് ഏറ്റവും വലുത്. ആകെയുള്ളതില്‍ മുക്കാല്‍ഭാഗം ചിതലുകളും ഈ കുടുംബത്തില്‍പ്പെടുന്നവയാണ്. ജീവിച്ചിരിക്കുന്ന 1.413 സ്പീഷീസുകളും മൂന്ന് ഫോസില്‍ സ്പീഷീസുകളും ഉള്‍പ്പെടുന്നു. രൂപഘടന (morphology) സാമൂഹികസ്വഭാവം, കൂടുനിര്‍മാണത്തില്‍ ദൃശ്യമാകുന്ന പ്രത്യേകതകള്‍ തുടങ്ങിയ സ്വഭാവസവിശേഷതകളുടെ അടിസ്ഥാനത്തില്‍ നാല് ഉപകുടുംബങ്ങളായി ഇതു വീണ്ടും വിഭജിക്കപ്പെട്ടിട്ടുണ്ട്.