This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐബീരിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഐബീരിയ

Iberia

കാക്കസസ്‌ പര്‍വതനിരകള്‍ക്കു തെക്ക്‌, കരിങ്കടലിനും കാസ്‌പിയന്‍ കടലിനും ഇടയ്‌ക്കുള്ള ഭൂഭാഗത്ത്‌ നിലവിലിരുന്ന ഒരു പുരാതന രാജ്യം. ബി. സി. 6-4 ശതകങ്ങള്‍ക്കിടയ്‌ക്ക്‌ ഇത്‌ സ്ഥാപിതമായി. ബി. സി. 65 വരെ സ്വതന്ത്രാവസ്ഥയില്‍ തുടര്‍ന്ന ഐബീരിയയെ റോമന്‍ സൈന്യാധിപനായിരുന്ന പോംപീ (ബി.സി. 106-48) റോമാസാമ്രാജ്യത്തിന്റെ ആധിപത്യത്തിന്‍ കീഴിലാക്കി. എ. ഡി. 5-6 ശതകങ്ങളിലെ ബൈസാന്തിയന്‍-സസ്സാനിയന്‍ അധികാരവടംവലികളില്‍ ഐബീരിയയും ഭാഗഭാക്കായിരുന്നു. പില്‌ക്കാലത്ത്‌ പേര്‍ഷ്യയിലെ രാജാവായിരുന്ന കോസ്‌റോസ്‌ ക ഐബീരിയയിലെ രാജസ്ഥാനത്തെ അധികാരഭ്രഷ്‌ടമാക്കിയതോടെ ഈ രാജ്യം നാമാവശേഷമായി. 8-ാം ശതകത്തിനുശേഷം ഐബീരിയ പ്രദേശം ജോര്‍ജിയയോടു കൂട്ടിച്ചേര്‍ത്തു; ഐബീരിയയുടെ പില്‌ക്കാല ചരിത്രം ജോര്‍ജിയന്‍ എസ്‌. എസ്‌. ആര്‍. ചരിത്രത്തിന്റെ ഭാഗമാണ്‌.

ഇന്ന്‌ ഐബീരിയ എന്നു വിളിക്കപ്പെടുന്നത്‌ തെക്ക്‌പടിഞ്ഞാറ്‌ യൂറോപ്പിലെ സ്‌പെയിനും പോര്‍ച്ചുഗലും ഉള്‍പ്പെടുന്ന ഉപദ്വീപി (Spanish peninsula) നെയാണ്‌. സ്‌പെയിനിന്റെ ദക്ഷിണപൂര്‍വമേഖലകളെ ചരിത്രാതീതകാലത്ത്‌ അധിവസിച്ചിരുന്ന പ്രാകൃതജനവര്‍ഗ (Pre-Celtish Neolithic race) ത്തിന്‌ നരവംശശാസ്‌ത്രജ്ഞന്‍മാര്‍ ഐബീരിയന്‍ എന്ന പേരാണ്‌ നല്‌കിയിട്ടുള്ളത്‌. ഐബീരസ്‌ (Iberus-Ebros)നദിയില്‍ നിന്നാണ്‌ ഈ പേര്‍ നിഷ്‌പന്നമായിട്ടുള്ളത്‌. ഇക്കാരണത്താല്‍ ഈ മേഖലയുള്‍ക്കൊണ്ട ഭൂഭാഗം ഐബീരിയാ ഉപദ്വീപ്‌ എന്നു വിളിക്കപ്പെട്ടു. വിസ്‌തീര്‍ണം 580000 ചതുരശ്രകിലോമീറ്ററാണ്‌. സ്‌പാനീഷ്‌ പോര്‍ച്ചുഗീസ്‌, കറ്റാലന്‍, ഗലീഷ്യന്‍, ബാസ്‌ക്‌ എന്നിവയാണ്‌ ഇവിടത്തെ പ്രധാനഭാഷകള്‍.

ഐബീരിയാ ഉപദ്വീപിന്റെ അതിര്‍ത്തിയില്‍ 85 ശതമാനത്തോളം അത്‌ലാന്തിക്‌ സമുദ്രവും മെഡിറ്ററേനിയന്‍ കടലുമാണ്‌; വടക്കേ അതിര്‌ പിരണീസ്‌ പര്‍വതനിരയും. ഉപദ്വീപിന്റെ 70 ശതമാനത്തോളം 610 മീറ്ററിലേറെ ഉയരമുള്ള ഉന്നതമേഖലയാണ്‌. മെസീത എന്നു വിളിക്കപ്പെടുന്ന ഈ പീഠഭൂമി പടിഞ്ഞാറോട്ടും തെക്ക്‌പടിഞ്ഞാറോട്ടും ചാഞ്ഞിറങ്ങുന്ന മട്ടിലാണ്‌ കിടക്കുന്നത്‌. ഇവിടെ ഉദ്‌ഭവിച്ചൊഴുകുന്ന സാമാന്യം ദൈര്‍ഘ്യമുളള അഞ്ചു നദീവ്യൂഹങ്ങളുണ്ട്‌. ഉപദ്വീപിന്റെ പകുതിയിലേറെയും സസ്യാവൃതമാണ്‌. തുറസ്സായ കുറ്റിക്കാടുകളും പുല്‍മേടുകളും കുറവല്ല. കേവലം 10 ശതമാനം പ്രദേശങ്ങളാണ്‌ വനങ്ങളായി ഉള്ളത്‌. ഈ ഉപദ്വീപിന്റെ ഭാഗമായ കേപ്‌റോച്ച ആണ്‌ യൂറോപ്പ്‌ വന്‍കരയുടെ പശ്ചിമാഗ്രം.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%90%E0%B4%AC%E0%B5%80%E0%B4%B0%E0%B4%BF%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍