This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏലീശാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഏലീശാ

Elisha

ഉത്തരയിസ്രായേലിലെ ഒരു ഹീബ്രൂ പ്രവാചകന്‍. "ദൈവം രക്ഷയാകുന്നു' എന്നാണ്‌ "എലീശാ' ശബ്‌ദത്തിന്റെ അര്‍ഥം. പശ്ചിമ ജോര്‍ദാന്‍ താഴ്‌വരയിലെ ആബേല്‍ മെഹോല ഗ്രാമമാണ്‌ ഇദ്ദേഹത്തിന്റെ ജന്മസ്ഥലം എന്നു കരുതപ്പെടുന്നു. ഹോരേബ്‌ മലയില്‍നിന്നു വന്ന ഏലിയാവ്‌ പ്രവാചകന്റെ ഉത്തമ ശിഷ്യനായിരുന്നു ഇദ്ദേഹം. ഏലിയാവിന്റെ സ്വര്‍ഗാരോഹണത്തിനുശേഷം ഇദ്ദേഹം ഇസ്രായേലിലെ പ്രവാചകന്മാരില്‍ പ്രധാനിയായി (2 രാജാ. 2: 15).

യോരാം, യേഹൂ, യോവാശ്‌, യെഹോവാശ്‌ എന്നീ രാജാക്കന്മാരുടെ ഭരണകാലത്ത്‌ (ബി.സി. 851-797) ഏലീശാ ഇസ്രായേല്‍ ജനതയ്‌ക്കായി പ്രവചനങ്ങള്‍ നടത്തി. ജൊവാഷിന്റെ ഭരണകാലത്ത്‌ ഇദ്ദേഹം മരിച്ചു. ഇസ്രായേല്‍, ജൂദാ, ഏദോം, മൊവാബ്‌, സിറിയ തുടങ്ങിയ ചെറുരാജ്യങ്ങള്‍ അന്യോന്യം കലഹങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന കാലമായിരുന്നു അത്‌. രാഷ്‌ട്രീയ സംഭവവികാസങ്ങളുമായും ഏലീശാ ബന്ധപ്പെട്ടിരുന്നു.

ഇസ്രായേല്‍, ജൂദാ, ഏദോം എന്നിവരില്‍നിന്ന്‌ മൊവാബിയര്‍ക്കു നേരിട്ട പരാജയത്തെക്കുറിച്ചായിരുന്നു ഏലീശായുടെ ആദ്യത്തെ പ്രവചനം (2 രാജാ. 3:11-19). ദാഹിച്ചുവലഞ്ഞ ഇസ്രായേല്‍ സൈന്യത്തിന്‌ ജലം നല്‌കി രക്ഷിച്ചതും (2 രാജാ. 3:1-20) അരാമ്യരുടെ ആക്രമണകാലത്ത്‌ തക്ക സമയം മുന്നറിയിപ്പു നല്‌കി ഇസ്രായേലിനെ വിപത്തുകളില്‍നിന്ന്‌ ഒഴിവാക്കിയതും ഗിലേയാദിലെ രാമോത്തില്‍വച്ച്‌ യെഹോശാഫാത്തിന്റെ മകന്‍ യഹൂവിനെ ഇസ്രായേല്‍ രാജാവായി അഭിഷേകം ചെയ്യിച്ചതും ഏലീശായുടെ രാഷ്‌ട്രീയസേവനങ്ങളായിരുന്നു.

അദ്‌ഭുതങ്ങള്‍ കാണിക്കുന്നവനായും പ്രവാചകപുത്രന്മാരുടെ ബഹുമാന്യനേതാവായും ഏലീശാ അറിയപ്പെട്ടിരുന്നു. ഒരിക്കല്‍ ഒരു അരുവി ശുദ്ധീകരിച്ച്‌ ശുദ്ധജലം വരുത്തിയതും വിഷലിപ്‌തമായ ഒരു പാത്രം വിഷരഹിതവും ശുദ്ധവുമാക്കിയതും പ്രവാചകപുത്രന്മാര്‍ക്ക്‌ പട്ടിണിക്കാലത്ത്‌ ഭക്ഷണം നല്‌കിയതും സൂര്യാഘാതം ഏറ്റു മരിച്ച ഒരു ശിശുവിന്‌ ജീവന്‍ നല്‌കിയതും (4:42-44) ഏലീശായുടെ അദ്‌ഭുതങ്ങളില്‍ ചിലതു മാത്രമാണ്‌. ഇസ്രായേലില്‍ മറ്റാര്‍ക്കും തന്നെ ഇത്തരം അദ്‌ഭുത കൃത്യങ്ങള്‍ കാണിക്കുവാന്‍ സാധിച്ചിട്ടില്ല.

ഏലീശായുടെ വ്യക്തിത്വത്തിന്റെ മറ്റുചില അംശങ്ങളിലേക്ക്‌ വെളിച്ചം വീശുന്ന നിരവധി സംഭവങ്ങളും സുവിദിതങ്ങളാണ്‌. തന്നെ പരിഹസിച്ച്‌ ചിരിച്ച ബാലന്മാരെ ഏലീശാ ശപിച്ചു എന്നും കരടികള്‍ വന്ന്‌ അവരെ കൊന്നുതിന്നു എന്നുമുള്ള (2 രാജാ. 2:23-24) ഒരു കിംവദന്തിക്ക്‌ വളരെ പ്രചാരം സിദ്ധിച്ചിട്ടുണ്ട്‌. സിറിയയിലെ ബെന്‍ഹദദ്‌ രണ്ടാമന്റെ കൊലപാതകത്തില്‍ ഏലീശായ്‌ക്ക്‌ നേരിട്ട്‌ പങ്കുണ്ടായിരുന്നു (8:7-15) എന്നും ഐതിഹ്യങ്ങള്‍ ഘോഷിക്കുന്നു. ആഹാബിന്റെ പുത്രന്മാരെയും ബന്ധുക്കളെയും കൊലപ്പെടുത്തുന്നതില്‍നിന്ന്‌ ജെഹുവിനെ ഏലീശ പിന്തിരിപ്പിക്കാതിരുന്നതും ബാലിന്റെ ആരാധകരെ നശിപ്പിച്ചതും ഏലീശായുടെ സ്വഭാവ വൈരുധ്യത്തിനു മകുടോദാഹരണങ്ങളാണ്‌.

യോവാശിന്റെ ഭരണകാലത്ത്‌ ഏലീശാ ചരമമടഞ്ഞു. ഇപ്പോഴും എല്ലാ ജൂണ്‍ 14-ാം തീയതിയും ഇദ്ദേഹത്തിന്റെ പെരുന്നാള്‍ ആഘോഷിച്ചുവരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8F%E0%B4%B2%E0%B5%80%E0%B4%B6%E0%B4%BE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍