This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏകപാദന്മാർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഏകപാദന്മാര്‍

മഹാഭാരതം സഭാപര്‍വത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള, ഏകപാത്‌ എന്ന ജനപദത്തിലെ നിവാസികള്‍. അവിടത്തെ രാജാവും ജനങ്ങളും യുധിഷ്‌ഠിരന്റെ രാജസൂയയാഗത്തില്‍ പങ്കെടുക്കാന്‍ എത്തിയെന്നും തിരക്കുനിമിത്തം പടിവാതില്‍ക്കല്‍ അവരെ തടഞ്ഞു നിര്‍ത്തി എന്നുമാണ്‌ മഹാഭാരതത്തിലെ കഥ.

ഔഷ്‌ണീക, രന്തവാസന്മാര്‍,
പുരുഷാദകര്‍, രോമകര്‍,
ഏകപാദന്മാരിവരെ
ദ്വാരേരോധിച്ചു കണ്ടു ഞാന്‍.
 

ഏകപാദത്തോടുകൂടിയവരാണ്‌ ഏകപാദന്മാര്‍ എന്ന്‌ വ്യുത്‌പത്തികൊണ്ടു സിദ്ധിക്കുന്നു.

"ചതുരാത്മാചതുര്‍ ഭാവഃ ചതുര്‍ വേദവിദേകപാത്‌' എന്ന വിഷ്‌ണുസഹസ്രനാമമനുസരിച്ച്‌ നാല്‌ രൂപത്തോടും ഭാവത്തോടും കൂടിയവനും നാല്‌ വേദങ്ങള്‍ അറിയുന്നവനുമായ വിഷ്‌ണുവിന്‌ ഏകപാദന്‍ എന്നൊരു പര്യായംകൂടി ഉള്ളതായി സിദ്ധിക്കുന്നു. വിഷ്‌ണു ഏകപാദനാണ്‌. പരമേശ്വരനില്‍നിന്നും ഭിന്നനല്ല എന്ന നിലയിലോ ഒരു പാദത്തോടുകൂടിയവന്‍ എന്ന നിലയിലോ ഏകപാദശബ്‌ദം ശിവപര്യായമായി പ്രയോഗിക്കപ്പെട്ടിട്ടുണ്ട്‌; ഇത്‌ രുദ്രന്റെയും നാമധേയമാണെന്നു ചുരുക്കം. അജന്‍, ഏകപാദന്‍, വിരൂപാക്ഷന്‍, ബഹുരൂപന്‍, ത്യ്രംബകന്‍ തുടങ്ങിയ പതിനൊന്നുപേര്‍ അപരാജിതന്മാരായി വിരാജിക്കുന്നുവെന്ന്‌ വിഷ്‌ണുധര്‍മോത്തര പുരാണത്തില്‍ പറഞ്ഞിരിക്കുന്നു.

"ഏകപാദാഭിധോ വിപ്ര:
ക്ഷേ്വാഡിഭ: സ്യാദ്‌ബഹൂന്‍ശരം
ചക്രം, ഡമരുംഗം, ശൂലം,
മുദ്‌ഗരം തദധോവരാന്‍
അക്ഷം, സൂത്രം, മേഖലാവാന്‍
ഖട്വാംഗവാംശ്‌ചമസ്‌തകേ.
ധനുര്‍ഘണ്ടാം കപാലഞ്ച
കൗമുദീം തര്‍ജനീ ഘടം
പരശും ചക്രമാദത്തേ
ക്രമാദ്‌വാമാഷ്‌ടകേ കരേ
അനേകഭോഗസമ്പത്തിം
കുരുതേയജ്വന: സദാ'.
 

എന്നിങ്ങനെ വിഷ്‌ണൂധര്‍മോത്തരപുരാണത്തില്‍ ഏകപാദധ്യാനാനന്തരധ്യാനത്തെപ്പറ്റി പ്രസ്‌താവിച്ചിരിക്കുന്നു. ഏകപാദന്മാരായ പുരുഷന്മാര്‍ കേരളത്തിലെ ഒരുതരം വനവാസികളാണെന്ന്‌ (ഏകപാദാംശ്ച പുരുഷാന്‍ കേരളാന്‍ വനവാസിന:) മഹാഭാരതം സഭാപര്‍വത്തില്‍ പ്രസ്‌താവമുണ്ട്‌. ഏകപാദശബ്‌ദം അസുരന്‍ എന്ന അര്‍ഥത്തിലും പ്രയോഗമുണ്ട്‌. "ഏകപാദമഹോദരൗ' എന്നു മഹാഭാരതം സഹദേവദിഗ്‌വിജയത്തില്‍

"ഏകപാദാംശ്‌ചതത്രാഹം
അപശ്യം ദ്വാരഹരിതാന്‍'
 

എന്നിങ്ങനെ പറഞ്ഞിരിക്കുന്നതില്‍ നിന്ന്‌ അവര്‍ ജനപദവാസികളായിരിക്കുന്നുവെന്നത്‌ വ്യക്തമാണ്‌.

(അരുമാനൂര്‍ നിര്‍മലാനന്ദന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍