This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എതൽസ്റ്റാന് (894-939)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എതല്സ്റ്റാന് (894-939)
Aethelstan
ഇംഗ്ലണ്ടിലെ രാജാവ്. എഡ്വേഡ് ദി എല്‍ഡറുടെ പുത്രനായ ഇദ്ദേഹമാണ് ഇംഗ്ലണ്ടുമുഴുവന് അടക്കിഭരിച്ച ആദ്യത്തെ സാക്സന്‍ രാജാവ്; ബ്രിട്ടീഷ് സാമ്രാജ്യാധിപന് എന്ന് അക്കാലത്തെ നാണയങ്ങളില്‍ വിശേഷിപ്പിക്കപ്പെട്ടുകാണുന്നു. 924-ല്‍ പിതാവിന്റെ നിര്യാണത്തെത്തുടര്‍ന്ന് മേര്ഷിയയിലെ രാജാവായി; 925 സെപ്. 4-ന് ഇംഗ്ലണ്ടിലെയും. 937-ല്‍ സ്കോട്ടുകളുടെ രാജാവായ കോണ്സ്റ്റന്റീനും, സ്റ്റ്രാത്ക്ലിഡിലെ ഒവെയിനും യോര്‍ക്കിലെ കിരീടാവകാശിയായിരുന്ന ഒലാഫ് ഗുത്ത്ഫ്രിത്ത്സനും ചേര്‍ന്ന് എതല്സ്റ്റാനെതിരായി ആക്രമണം സംഘടിപ്പിച്ചെങ്കിലും ബ്രുണാന്ബര് എന്ന സ്ഥലത്ത് വച്ച് പശ്ചിമ സാക്സന്കാരും മേര്ഷിയക്കാരും ചേര്‍ന്ന് അവരെ തുരത്തി. എതല്സ്റ്റാന്റെ ഭരണകാലത്തെ ഏറ്റവും പ്രധാന സംഭവം ഇതാണ്.
മികച്ച ഒരു ഭരണാധികാരിയായിരുന്നു എതല്സ്റ്റാന്. അഴിമതി, മോഷണം എന്നിവ അവസാനിപ്പിക്കാന്‍ യത്നിക്കുകയും അനവധി നിയമസംഹിതകള്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ബാലന്മാരായ കുറ്റവാളികളോട് ദയാപൂര്‍വം പെരുമാറണമെന്നും നിഷ്കര്‍ഷിച്ചിരുന്നു. ഭരണപ്രദേശം മുഴുവന്‍ ഒരേ നാണയം പ്രചാരത്തില്‍ വരണമെന്നും നിബന്ധന ചെയ്തു. 939 ഒ. 27-ന് എതല്സ്റ്റാന് നിര്യാതനായി.