This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എക്ലാംസിയ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എക്ലാംസിയ
Eclampsia
ഗര്ഭസന്നി. ഗുരുതരമായ ഒരു ഗര്ഭകാലവൈഷമ്യമാണ് ഇത്. ഏതു പ്രായത്തിലുള്ള ഗര്‍ഭിണികള്‍ക്കും ഉണ്ടാകാമെങ്കിലും പ്രായം കുറഞ്ഞ സ്ത്രീകളുടെ കടിഞ്ഞൂല്പ്രസവങ്ങളിലാണ് എക്ലാംസിയ സാധാരണ ഉണ്ടാകാറുള്ളത്. ഗര്‍ഭകാലത്തിന്റെ രണ്ടാംപകുതിയിലോ പ്രസവസമയത്തോ എക്ലാംസിയ ഉണ്ടാകാം. ഗര്‍ഭകാലത്തുണ്ടാകുന്ന ടോക്സീമിയ എക്ലാംസിയയ്ക്കു കാരണമാകാം.
മൂത്രത്തില്‍ അല്ബുമിന്റെ സാന്നിധ്യം, അവയവങ്ങളിലോ ശരീരം ആസകലമോ ഉണ്ടാകാറുള്ള നീര്‍ക്കെട്ട് (എഡിമ), രക്തസമ്മര്‍ദം, ശരീരഭാരത്തില്‍ പെട്ടെന്നുണ്ടാകുന്ന വര്‍ധനം എന്നിവ എക്ലാംസിയയുടെ പ്രാരംഭലക്ഷണങ്ങളാണ്. ജഠരോര്ധ്വഭാഗത്ത് (epigastrium) വേദനയും തലവേദനയും ചിലപ്പോള്‍ ഛര്‍ദിയും ഉണ്ടാകാറുണ്ട്. ഇത് എക്ലാംസിയയുടെ പൂര്‍വഘട്ടം (pre-eclampsia) ആണ്. ശരിയായ പരിശോധനയോ വൈദ്യസഹായമോ ഉണ്ടാകാത്ത പക്ഷം ഈ സ്ഥിതി എക്ലാംസിയയിലേക്കു നയിക്കും. പ്രീ-എക്ലാംസിയ ഘട്ടത്തില്‍ രോഗിക്ക് പരിപൂര്‍ണവിശ്രമമാണ് ആവശ്യം. ആഹാരത്തില്‍ മാംസ്യം, കൊഴുപ്പ്, ഉപ്പ് എന്നിവ കുറയ്ക്കണം; കാര്‍ബോഹൈഡ്രറ്റ് ധാരാളം അടങ്ങിയ ആഹാരം കഴിക്കാവുന്നതാണ്. കഠിനമായ സന്നി, ബോധക്ഷയം എന്നിവയോടുകൂടിയാണ് എക്ലാംസിയ ആരംഭിക്കുക. ശ്വാസോച്ഛ്വാസത്തിനുണ്ടാകുന്ന തടസ്സംമൂലം മുഖം കരുവാളിക്കുന്നു (cyanosis). കണ്ണു ചിമ്മിയും മുഖത്തെ മാംസപേശികള്‍ വലിഞ്ഞും ആരംഭിക്കുന്ന കോച്ചിപ്പിടിത്തം ക്രമേണ ശരീരത്തിലുള്ള പേശികളിലേക്കാകെ പകരുന്നു. കഴുത്തു വഴങ്ങാതെയാവുകയും വായില്‍നിന്നു നുരയും പതയും വരികയും ചെയ്യും. ശരീരത്തിന്റെ താപനില 39ബ്ബഇ മുതല്‍ 40ബ്ബഇ വരെ ഉയര്‍ന്നേക്കാം. രോഗി മിക്കപ്പോഴും നാക്കു കടിച്ചു മുറിക്കാന്‍ ഇടയുള്ളതിനാല്‍ വായില്‍ രക്തവും ഉണ്ടാകും. കൃഷ്ണമണികള്‍ വികസിക്കുക, കാഴ്ചശക്തി കുറയുക എന്നിവയും അനുഭവപ്പെടാം. കോച്ചിപ്പിടിത്തം 30-60 സെക്കന്‍ഡുകള്‍ നീണ്ടുനിന്നേക്കാം. അതിനുശേഷം രോഗി ശ്വസിക്കുകയും സന്നിയില്നിന്ന് മോചിതയാവുകയും ചെയ്യും. ഇടവിട്ടിടവിട്ട് സന്നിലക്ഷണങ്ങള് ആവര്‍ത്തിച്ചാല്‍ രോഗിക്കു മരണം സംഭവിക്കാം. ചിലപ്പോള്‍ ബോധം വീണ്ടുകിട്ടാതെതന്നെ മരണം സംഭവിക്കാറുണ്ട്. പ്രസവവും മറുപിള്ള (പ്ലാസന്റ) നീക്കം ചെയ്യലും കഴിയുന്നതോടെ മിക്കരോഗികളുടെയും എക്ലാംസിയ മാറാറുണ്ട്. അതിനാല്‍ എക്ലാംസിയ ബാധിച്ച രോഗിയുടെ പ്രസവം പെട്ടെന്ന് നടത്തുവാന്‍ ഡോക്ടര്‍മാര്‍ ശ്രമിക്കുന്നു. അപൂര്‍വമായി പ്രസവത്തിന് തൊട്ടുപിമ്പും എക്ലാംസിയ ഉണ്ടാകാറുണ്ട്.
രോഗിയുടെ കേന്ദ്രസിരാവ്യൂഹം വളരെവേഗം ഉത്തേജിതമാകുന്നതിനാല് ശബ്ദം, പ്രകാശം, വേദന തുടങ്ങിയവയെല്ലാം രോഗിക്ക് അസഹ്യമാണ്. അവയൊക്കെത്തന്നെയും രോഗലക്ഷണങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണവുമാകുന്നു. അതിനാല്‍ എക്ലാംസിയ ബാധിച്ച രോഗികള്‍ക്കുവേണ്ടി പ്രത്യേകം സജ്ജീകരിച്ച വാര്‍ഡുകള്‍ പ്രസവാശുപത്രികളില്‍ സൗകര്യപ്പെടുത്താറുണ്ട്. നോ. ഓബ്സ്റ്റട്രിക്സ്