This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉമ്മിണിത്തങ്ക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉമ്മിണിത്തങ്ക

എ.ഡി. 1729-58(കൊ.വ. 904-33) വരെ വേണാടു വാണിരുന്ന അനിഴം തിരുനാള്‍ മാർത്താണ്ഡവർമയുടെ മാതുലനായ രാമവർമയ്‌ക്ക്‌ (1724-28) അഭിരാമി എന്ന ഉത്തരേന്ത്യന്‍ സ്‌ത്രീയിൽ ജനിച്ച പുത്രി. ഉമ്മിണിത്തങ്കയുടെ സഹോദരന്മാരാണ്‌ പദ്‌മനാഭന്‍ തമ്പിയും രാമന്‍തമ്പിയും. അവരെ കുഞ്ചുത്തമ്പിമാർ എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഇവർ മാർത്താണ്ഡവർമ രാജാവിന്റെ അംഗരക്ഷകന്മാർ എന്ന നില വഹിച്ചിരുന്നതായി കാണുന്നു. മാർത്താണ്ഡവർമ രൂപവതിയായ ഉമ്മിണിത്തങ്കയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചപ്പോള്‍, ഉമ്മിണിത്തങ്കയിൽ ജനിക്കുന്ന പുത്രന്‌ രാജ്യാവകാശം നൽകാമെങ്കിൽ സമ്മതമാണെന്ന്‌ കുഞ്ചുത്തമ്പിമാർ മറുപടി നല്‌കി. ഇത്‌ മഹാരാജാവിന്‌ അതിയായ വൈരത്തിനിടയാക്കി. (ദായക്രമമനുസരിച്ച്‌ മക്കള്‍ക്ക്‌ രാജ്യാവകാശത്തിന്‌ അവകാശമില്ലായിരുന്നു.) പ്രതികാരത്തിന്‌ മുതിർന്ന രാജാവ്‌ തമ്പിമാരുടെ സകല അവകാശങ്ങളും ഇല്ലാതാക്കാന്‍ ഒരുമ്പെട്ടു. മാർത്താണ്ഡവർമയുടെ മാതുലന്റെ വക സാധനങ്ങള്‍ ഇരണിയലിൽ നിന്നും കൽക്കുളത്തേക്കു മാറ്റാന്‍ അയച്ച വാല്യക്കാരെ തമ്പിമാർ തടഞ്ഞതിന്റെ ഫലമായി തമ്പിമാർ അനുഭവിച്ചിരുന്ന വസ്‌തുവകകള്‍ പണ്ടാരവകയിലേക്കെടുക്കാന്‍ മഹാരാജാവ്‌ കല്‌പന പുറപ്പെടുവിച്ചു. തന്നിമിത്തം അവർ മധുരനായ്‌ക്കന്റെ സഹായം തേടി. തമ്പിമാരെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ടത്‌ അഴകപ്പമുതലിയാർ എന്ന സൈന്യാധിപനായിരുന്നു. ഉദയഗിരിയിൽവച്ച്‌ മാർത്താണ്ഡവർമയുടെ സൈന്യത്തെ മുതലിയാർപട തോല്‌പിച്ചെങ്കിലും മഹാരാജാവിന്റെ പ്രതിപുരുഷന്മാരിൽനിന്നും തിരുവിതാംകൂറിലെ ദായക്രമം മനസ്സിലാക്കാനിടയായ മുതലിയാർ തനിക്കു നൽകപ്പെട്ട പാരിതോഷികങ്ങളുമായി മടങ്ങിപ്പോയതായി പറയപ്പെടുന്നു. തമ്പിമാരെയും സഹായികളെയും ഉന്മൂലനാശം ചെയ്യാനായിരുന്നു മാർത്താണ്ഡവർമയുടെ പിന്നീടുള്ള ഉദ്യമം. ഈ ലക്ഷ്യത്തോടെയാണ്‌ നാഗർകോവിൽ കൊട്ടാരത്തിൽ തമ്പിമാരെ വരുത്തിയതും തുടർന്നുണ്ടായ സംഘട്ടനത്തിൽ തമ്പിമാർ വധിക്കപ്പെട്ടതും. കുഞ്ചുത്തമ്പിമാർ പാട്ടു പ്രകാരം ഉമ്മിണിത്തങ്കയും മാതാവും നാവുപിഴുത്‌ ആത്മഹത്യ ചെയ്യുകയാണുണ്ടായത്‌.

(വി.ആർ. പരമേശ്വരന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍