This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉപാസി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉപാസി
Upasi
കേരളം, തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിലെ തോട്ടമുടമകളുടെ സംഘടന. യുണൈറ്റഡ് പ്ലാന്റേഴ്സ് അസോസിയേഷന് ഒഫ് സൗത്ത് ഇന്ത്യ (United Planters' Association of South India) എന്നു പേരുള്ള ഈ സംഘടന ഉപാസി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. 1893-ൽ ആരംഭിച്ച ഇതിന്റെ ആസ്ഥാനം കൂനൂർ ആണ്. തോട്ടമുടമകളുടെ സംഘടനയെന്നനിലയിലും ചേംബർ ഒഫ് കോമേഴ്സ് എന്ന നിലയിലും പ്രവർത്തിക്കുന്ന ഈ സംഘടന 1,05,625 ഹെക്ടർ വിസ്തീർണം വരുന്ന തേയില, കാപ്പി, റബ്ബർ, ഏലം തോട്ടങ്ങളുടെ ഉടമയാണ്. അംഗങ്ങളുടെ കൈവശമുള്ള ഏക്കറൊന്നിന് ഒരു നിശ്ചിതതുക വീതം പിരിച്ചാണ് സംഘടനയുടെ ചെലവുകള്‍ നിർവഹിക്കുന്നത്. 19 അംഗങ്ങളുള്ള ഒരു സമിതിയിൽ ഉപാസിയുടെ ഭരണം നിക്ഷിപ്തമായിരിക്കുന്നു.
തോട്ടക്കൃഷികളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുക, നയങ്ങള്‍ ആവിഷ്കരിക്കുക, തോട്ടക്കൃഷിയുടെ വികസനത്തിനുവേണ്ട പദ്ധതികള്‍ ആസൂത്രണം ചെയ്യുക, തോട്ടക്കൃഷിയെ സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന വേദികളിൽ തോട്ടമുടമകളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുക, തോട്ടക്കൃഷിക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കേണ്ട കാര്യങ്ങളിൽ അംഗങ്ങളെ ഉപദേശിക്കുക, തൊഴിലാളികളുടെയും സ്റ്റാഫംഗങ്ങളുടെയും വേതനം, സേവനവ്യവസ്ഥകള്‍ എന്നീ കാര്യങ്ങള്‍ തൊഴിലാളിസംഘടനകളുമായി ആലോചിച്ചു തീരുമാനിക്കുക എന്നിവയാണ് ഉപാസിയുടെ സാധാരണ പ്രവർത്തനങ്ങള്‍.
ഉപാസിയുടെ നേതൃത്വത്തിൽ ഒരു തേയിലഗവേഷണ വകുപ്പ് പ്രവർത്തിക്കുന്നു. തമിഴ്നാട്ടിലെ ആനമലയിൽ പ്രധാന സ്റ്റേഷനും വണ്ടിപ്പെരിയാറിൽ ഒരു ഉപസ്റ്റേഷനും നീലഗിരി, വയനാട്, ആനമല, മൂന്നാർ എന്നിവിടങ്ങളിൽ ഉപദേശക കേന്ദ്രങ്ങളുമുണ്ട്.
ഇതുകൂടാതെ ഉപാസി മറ്റു ചില പ്രവർത്തനങ്ങളിലേക്കും തിരിഞ്ഞിട്ടുണ്ട്. തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമാക്കി സമഗ്രമായ തൊഴിൽക്ഷേമപരിപാടി നടത്തുന്നു. കുടുംബസംവിധാനം, തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ആരോഗ്യപരിപാലനം, ശിശുസംരക്ഷണം, തൊഴിലധിഷ്ഠിതപരിശീലനം എന്നിവ ഇതിന്റെ ഭാഗമായി നടത്തിവരുന്നു. ബഹുവിധ പരിപാടിയുടെ ഭാഗമായി ഉപാസി "പ്ലാന്റേഴ്സ് ക്രാണിക്കിള്‍' എന്ന മാസികയും പ്രസിദ്ധീകരിക്കുന്നുണ്ട്.
(ബി. ശിവറാം)