This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉപാംഗക്രിയകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉപാംഗക്രിയകള്‍

നാട്യശാസ്‌ത്രവിധിപ്രകാരം മനുഷ്യശരീരത്തിൽ തോളിന്‌ മുകളിലുള്ള ഭാഗത്തിന്‌ ഉപാംഗം എന്നു പറയും; തല (ശിരസ്‌), കച്ച്‌, കണ്‍പോള, പുരികം, മൂക്ക്‌, കവിള്‍, അധരം, താടി, കഴുത്ത്‌ എന്നിവ ഇതിൽ ഉള്‍പ്പെടുന്നു. ഇവയുടെ ചലനവ്യാപാരങ്ങളാണ്‌ ഉപാംഗക്രിയകള്‍ എന്നപേരിൽ അറിയപ്പെടുന്നത്‌. ശിരോവ്യാപാരങ്ങള്‍. സമം, ഉദ്വാഹിതം, അധോമുഖം, ആലോളിതം, ധുതം, കമ്പിതം, പരാവൃത്തം, ഉത്‌ക്ഷിപ്‌തം, പരിവാഹിതം എന്നിങ്ങനെ 9 വിധമുണ്ട്‌ ശിരസ്സുകൊണ്ടുള്ള ചലനങ്ങള്‍; ശിരസ്‌ അനക്കാതെ സാധാരണനിലയിലുള്ളത്‌ സമം; മുഖം മേല്‌പോട്ട്‌ ഉയർത്തുന്നത്‌ ഉദ്വാഹിതം; കീഴ്‌പോട്ട്‌ കുനിക്കുന്നത്‌ അധോമുഖം; വൃത്താകൃതിയിൽ ചുറ്റുന്നത്‌ ആലോളിതം, ഇടത്തോട്ടും വലത്തോട്ടും തിരിക്കുന്നത്‌ ധുതം; മേല്‌പോട്ടും കീഴ്‌പോട്ടും ഇളക്കുന്നത്‌ കമ്പിതം; പുറകോട്ട്‌ തിരിക്കുന്നത്‌ പരാവൃത്തം; ഒരു വശത്തുനിന്നും മുകളിലേക്ക്‌ ഇളക്കുന്നത്‌ ഉത്‌ക്ഷിപ്‌തം; രണ്ടുവശത്തേക്കും വെഞ്ചാമരമെന്നപോലെ ഇളക്കുന്നത്‌ പരിവാഹിതം. നൃത്ത-നൃത്യ-നാട്യാദികളിൽ ഇവ ഓരോന്നും പ്രയോഗിക്കേണ്ടതായ സന്ദർഭങ്ങള്‍ വിശേഷവൈദുഷ്യം നേടിയവർ നിർദേശിച്ചിട്ടുണ്ട്‌. ദൃഷ്‌ടിവ്യാപാരങ്ങള്‍. ഭ്രമണം, വലനം, പതനം, ചലനം, സംപ്രവേശനം, നിവർത്തനം, സമദ്‌വൃത്തം, നിഷ്‌ക്രാമം, പ്രാകൃതം എന്നിങ്ങനെ 9 വിധമാണ്‌ കൃഷ്‌ണമണികളുടെ ചലനങ്ങള്‍.

ഇരുപോളകളുടെയും ഉള്ളിൽ നിർത്തി കൃഷ്‌ണമണികളെ വൃത്താകൃതിയിൽ ചുഴറ്റുന്നതിന്‌ ഭ്രമണമെന്നും മൂന്നു കോണായി നയിക്കുന്നതിന്‌ വലനമെന്നും കീഴ്‌പോട്ടു ചലിപ്പിക്കുന്നതിന്‌ പതനമെന്നും ധൃതഗതിയിൽ ഇളക്കുന്നതിന്‌ ചലനമെന്നും ഉള്ളിലേക്ക്‌ ആകർഷിക്കുന്നതിന്‌ സംപ്രവേശനമെന്നും കടാക്ഷമായി നോക്കുന്നതിന്‌ നിവർത്തനമെന്നും ഒരു വശത്തുനിന്നും മറ്റുവശത്തേക്കു വിലങ്ങനെ ഇളക്കുന്നതിന്‌ സമദ്‌വൃത്തമെന്നും ശക്തിയോടുകൂടി കൃഷ്‌ണമണികളെ തുറിപ്പിക്കുന്നതിന്‌ നിഷ്‌ക്രാമമെന്നും സ്വാഭാവികമായുള്ളതിന്‌ പ്രാകൃതമെന്നും നാമകരണം ചെയ്‌തിരിക്കുന്നു.

ഭ്രമണം, ചലനം, സമദ്‌വൃത്തം, നിഷ്‌ക്രാമം എന്നിവ വീര-രൗദ്രഭാവങ്ങള്‍ക്കും നിഷ്‌ക്രാമം, ചലനം എന്നിവ ഭയാനകത്തിനും പ്രവേശനം ഹാസ്യത്തിനും ബീഭത്സത്തിനും പതനം ദുഃഖത്തിനും, നിഷ്‌ക്രാമം അദ്‌ഭുതത്തിനും, നിവർത്തനം ശൃംഗാരത്തിനും, പ്രാകൃതം മറ്റുഭാവങ്ങള്‍ക്കും പ്രകടിപ്പിക്കുന്നു. കണ്‍പോളകള്‍. ഉന്മേഷം, നിമേഷം, പ്രസൃതം, കുഞ്ചിതം, സമം, വിവർത്തിതം, സ്‌ഫുരിതം, പിഹിതം, വിലോളിതം, എന്ന്‌ 9 വിധമുണ്ട്‌ കണ്‍പോളകളുടെ പ്രവർത്തികള്‍.

പോളകള്‍ തമ്മിൽ അകന്നുള്ളത്‌ ഉന്മേഷം; തമ്മിൽ ചേർന്നുള്ളത്‌ നിമേഷം; നീളം വരുത്തിക്കൊണ്ടുള്ളത്‌ പ്രസൃതം; അല്‌പം കുറുതാക്കിക്കൊണ്ടുള്ളത്‌ കുഞ്ചിതം; സ്വാഭാവികമായുള്ളത്‌ സമം; പോളകള്‍ പൊക്കിക്കൊണ്ടുള്ളത്‌ വിവർത്തിതം; ഇളക്കിക്കൊണ്ടുള്ളത്‌ സ്‌ഫുരിതം; മറച്ചുകൊണ്ടുള്ളത്‌ പിഹിതം; പോളകള്‍ തമ്മിൽ അടിച്ചുകൊണ്ടുള്ളത്‌ വിലോളിതം. ഉന്മേഷം, നിമേഷം, വിവർത്തിതം എന്നീ മൂന്നും ക്രാധത്തിലും, പ്രസൃതം എന്നത്‌ വിസ്‌മയം, വീരം, സന്തോഷം എന്നിവയിലും, കുഞ്ചിതം മുമ്പ്‌ അനുഭവിച്ചിട്ടില്ലാത്ത ഗന്ധരസസ്‌പർശങ്ങളിലും, സമം ശൃംഗാരത്തിലും, സ്‌ഫുരിതം ഈർഷ്യയിലും പിഹിതം ഉറക്കം, മോഹാലസ്യം, കാറ്റ്‌, ചൂട്‌, നേത്രരോഗം, മഴ എന്നിവയിലും വിലോളിതം അടിയേല്‌ക്കുന്നതിലുമാണ്‌ പ്രയോഗിക്കേണ്ടത്‌. പുരികക്രിയകള്‍. ഉത്‌ക്ഷേപം, പാതനം, ഭ്രുകുടി, ചതുരം, കുഞ്ചിതം, രേചിതം, സഹജം എന്നിങ്ങനെ 7 വിധമാണ്‌ പുരികക്രിയകള്‍. പുരികം ഓരോന്നായോ ഒന്നിച്ചോ മേല്‌പോട്ടു പൊക്കുന്നത്‌ ഉത്‌ക്ഷേപവും കീഴ്‌പോട്ടു പിടിക്കുന്നത്‌ പാതനവും കടപൊക്കുന്നത്‌ ഭ്രുകുടിയും, ഭംഗിയിൽ നീട്ടി സ്വല്‌പം പൊക്കുന്നത്‌ ചതുരവും ഒരു പുരികമോ രണ്ടുമോ അല്‌പം കുനിക്കുന്നത്‌ കുഞ്ചിതവും, ഒരു പുരികം മാത്രം ഭംഗിയായി പൊക്കുന്നത്‌ രേചിതവും സ്വഭാവികമായത്‌ സഹജവുമാകുന്നു.

ക്രാധം, സംശയം, ലീല, നർമചേഷ്‌ട, സ്വാഭാവികലീല, ദർശനം, കേള്‍വി എന്നിവയിൽ ഒരു പുരികംമാത്രം പൊക്കിയിട്ടുള്ള ഉത്‌ക്ഷേപമാണ്‌ പ്രയോഗിക്കേണ്ടത്‌. വിസ്‌മയം, സന്തോഷം, കോപം എന്നിവയിൽ രണ്ടുപുരികവും പൊക്കിയിട്ടുള്ള ഉത്‌ക്ഷേപവും അസൂയ, അറപ്പ്‌, ചിരി, ഘ്രാണനം എന്നിവയിൽ പാതനവും വമ്പിച്ച കോപത്തിൽ ഭ്രുകുടിയും ശൃംഗാരം, ലാളിത്യം, സൗമ്യം, സ്‌പർശം എന്നിവയിൽ ചതുരവും മോട്ടായിതം, കുട്ടമിതം, വിലാസം, കിലികിഞ്ചിതം എന്നിവയിൽ കുഞ്ചിതവും നൃത്തത്തിൽ രേചിതവും സാധാരണനിലയിൽ സഹജവും പ്രയോഗിക്കാം. (മോട്ടായിതം = ഇഷ്‌ടജനത്തെപ്പറ്റി സംസാരിക്കുമ്പോഴും അയാളെ കാണുമ്പോഴും നേരംപോക്കായിട്ട്‌ അയാളുടെ ഭാവങ്ങളെ അനുകരിക്കുക, കുട്ടമിതം = കേശം, സ്‌തനം, അധരം മുതലായവയെ ഗ്രഹിക്കുമ്പോള്‍ അതിഹർഷത്താലും സംഭ്രമത്താലും ഉണ്ടാകുന്നതും സുഖമാണെങ്കിലും ദുഃഖമാണെന്നു നടിക്കുന്നതുമായ ഭാവം; വിലാസം = നില്‌പ്‌, നടപ്പ്‌, ഇരിപ്പ്‌, കച്ച്‌, മുഖം, പുരികം എന്നിവയുടെ ചേഷ്‌ടയ്‌ക്കുണ്ടാകുന്ന യോജിച്ച വിശേഷത; കിലികിഞ്ചിതം = പുഞ്ചിരി, ചിരി, കരച്ചിൽ, ദുഃഖം, ഗർവം, ശ്രമം, അഭിലാഷം എന്നിവയെ ഇടകലർത്തി പ്രയോഗിക്കുക) മോട്ടായിതം, കുട്ടമിതം, വിലാസം, കിലികിഞ്ചിതം എന്നീ നാലും സ്‌ത്രീവേഷങ്ങള്‍ക്കുള്ളതാണ്‌.

നാസികാപ്രയോഗം. നതാ, മന്ദാ, വികൃഷ്‌ടാ, സോച്ഛ്വാസാ, വിക്രൂണിതാ, സ്വാഭാവികി എന്ന്‌ 6 വിധമുണ്ട്‌ നാസികാചലനങ്ങള്‍. മൂക്കിന്റെ സുഷിരങ്ങള്‍ ഇടയ്‌ക്കിടെ ചേർത്താൽ നതാ; നിശ്ചലമായിരുന്നാൽ മന്ദാ; വിടർത്തിപ്പിടിച്ചാൽ വികൃഷ്‌ടാ; കുഴിച്ചുപിടിച്ചാൽ സോച്ഛ്വാസാ; ചുരുക്കിപ്പിടിച്ചാൽ വിക്രൂണിതാ. സാധാരണയിലുള്ളത്‌ സ്വാഭാവികി. ശോകത്തിൽ നതയും വെറുപ്പ്‌, ഔസ്‌തുക്യം, വിചാരം എന്നിവയിൽ മന്ദയും കടുത്ത നാറ്റം, ശ്വാസംവലിക്കൽ, കോപം, ഭയം എന്നിവയിൽ വികൃഷ്‌ടവും സൗമ്യമായ ഗന്ധം, നെടുവീർപ്പ്‌ എന്നിത്യാദികളിൽ സോച്ഛ്വാസായും ഹാസ്യം, അറപ്പ്‌, അസൂയ എന്നിവയിൽ വിക്രൂണിതയും മറ്റ്‌ സന്ദർഭങ്ങളിൽ സ്വാഭാവികിയും പ്രയോഗിക്കുന്നു.

കവിള്‍. ക്ഷാമം, ഫുല്ലം, പൂർണം, കമ്പിതം, കുഞ്ചിതം, സമം എന്ന്‌ 6 വിധമാണ്‌ കവിള്‍വ്യാപാരങ്ങള്‍ ഒടിച്ചിട്ടുള്ള കവിളിന്‌ ക്ഷാമമെന്നും, വിടർന്ന കവിളിന്‌ ഫുല്ലമെന്നും, ഉയർന്നതിന്‌ പൂർണമെന്നും, ഇളക്കപ്പെട്ടതിന്‌ കമ്പിതമെന്നും, സങ്കോചിക്കപ്പെട്ടതിന്‌ കുഞ്ചിതമെന്നും, സ്വാഭാവികമായതിന്‌ സമമെന്നും പറയാം.

ദുഃഖം നടിക്കുമ്പോള്‍ ക്ഷാമവും, സന്തോഷത്തിൽ ഫുല്ലവും ഉത്സാഹം, ഗർവ്‌ എന്നിവയിൽ പൂർണവും രോമാഞ്ചം നടിക്കുമ്പോള്‍ കമ്പിതവും വിറ, തണുപ്പ്‌, ഭയം, ജ്വരം എന്നിവയിൽ കുഞ്ചിതവും മറ്റുള്ളിടത്തെല്ലാം സമവും ആണ്‌ പ്രയോഗിക്കേണ്ടത്‌.

അധരകർമങ്ങള്‍. വികർത്തനം, കമ്പനം, വിസർഗം, വിനിഗൂഹനം, സംദഷ്‌ടകം, സമുൽഗകം എന്ന്‌ 6 തരത്തിലാണ്‌ ചുണ്ടിന്റെ പ്രവർത്തികള്‍. ചുണ്ട്‌ ചെറുതായി വളച്ചുപിടിക്കുന്നത്‌ വികർത്തനവും വിറപ്പിക്കുന്നത്‌ കമ്പനവും, പുറത്തേക്ക്‌ തള്ളുന്നത്‌ വിസർഗവും ഉള്ളിലേക്ക്‌ പിടിക്കുന്നത്‌ വിനിഗൂഹനവും പല്ലുകൊണ്ട്‌ ചുണ്ടിൽ കടിക്കുന്നത്‌ സംദഷ്‌ടകവും വട്ടത്തിൽ ചുണ്ടുപിടിക്കുന്നത്‌ സമുൽഗകവുമാകുന്നു.

അസൂയ, വേദന, അനാദരം, ആലസ്യം മുതലായവയിൽ വികർത്തനവും കോപം, തണുപ്പ്‌, ഭയം, രോഗം, ജയം എന്നിവയിൽ കമ്പനവും സ്‌ത്രീകളുടെ വിലാസം, വിണ്ണോകം, സുരതം എന്നിവയിൽ വിസർഗവും ബുദ്ധിമുട്ടിൽ വിനിഗൂഹനവും കോപത്തിൽ സംദഷ്‌ടകവും വലിയ വിറ, ശരീരം കുടയൽ, അഭിനന്ദനം മുതലായവയിൽ സമുൽഗകവും ഉപയോഗിക്കുന്നു. ഈർഷ്യാജനകങ്ങളായ സംഗതികള്‍ നേരിടുന്ന സന്ദർഭങ്ങളിലും സ്‌ത്രീകള്‍ക്ക്‌ അഭിമാനത്തിൽനിന്നും ഗർവത്തിൽനിന്നും ഉണ്ടാകുന്ന അനാദരപ്രകടനമാണ്‌ "വിണ്ണോകം'.

ചിബുകർമങ്ങള്‍. കുട്ടനം, ഖണ്ഡനം, ഛിന്നം, ചികിതം, ലേഹനം, സമം, ദഷ്‌ടം എന്ന്‌ 7 വിധമാണ്‌ താടിയുടെ പ്രവൃത്തികള്‍. ഇവ പ്രകടമാക്കുന്നത്‌ പല്ല്‌, ചുണ്ട്‌, നാവ്‌ എന്നിവയുടെ വ്യാപാരങ്ങള്‍കൊണ്ടാണ്‌. പല്ലുകള്‍ തമ്മിൽ ഇറുമ്മിക്കൊണ്ടുള്ളത്‌ കുട്ടനം; പല്ലുകള്‍ തുടിപ്പിച്ചുകൊണ്ടുള്ളത്‌ ഖണ്ഡനം; മുറുക്കംവരുത്തി പിടിക്കുന്നത്‌ ഛിന്നം; പല്ലുകള്‍ കഴിയുന്നത്ര പൊക്കുന്നത്‌ ചികിതം; നാവുകൊണ്ട്‌ പല്ല്‌ നനയ്‌ക്കുന്നത്‌ ലേഹനം; സ്വല്‌പം നക്കുന്നത്‌ സമം; പല്ലുകള്‍കൊണ്ട്‌ ചുണ്ടിനെ കടിക്കുന്നത്‌ ദഷ്‌ടം.

ഭയം, ശീതം, ജ്വരം, വ്യാധി എന്നിവയാലുണ്ടാകുന്ന പീഡയിൽ കുട്ടനവും ജപം, അധ്യയനം, സന്താപം, ഭക്ഷണം, വരവ്‌ എന്നിവയിൽ ഖണ്ഡനവും, രോഗഭയം, തണുപ്പ്‌, നിവർന്നുനില്‌ക്കൽ, കൂകൽ, മരണം എന്നിത്യാദികളിൽ ഛിന്നവും കോട്ടുവാ ഇടുമ്പോള്‍ ചികിതവും കാഴ്‌ചയിൽ ലേഹനവും സ്വാഭാവികത്തിൽ സമവും ക്രാധത്തിൽ ദഷ്‌ടവും പ്രയോഗിക്കുന്നു.

കണ്‌ഠവ്യാപാരങ്ങള്‍. സമം, നതം, ഉന്നതം, ത്യ്രസ്രം, രേചിതം, കുഞ്ചിതം, അഞ്ചിതം, വലിതം, നിവൃത്തം എന്ന്‌ 9 വിധമുണ്ട്‌ കഴുത്തിന്റെ പ്രവൃത്തികള്‍. സ്വാഭാവികമായത്‌ സമവും മുഖംകുനിക്കുന്ന അവസ്ഥയിൽ നതവും മേല്‌പോട്ടു പിടിക്കുമ്പോള്‍ ഉന്നതവും കഴുത്ത്‌ ഒരു വശത്തേക്ക്‌ ചായിക്കുന്നത്‌ ത്യ്രസ്രവും ഇരുവശത്തേക്കും ഭംഗിയിൽ വെട്ടിക്കുന്നത്‌ രേചിതവും സ്വല്‌പം കുനിക്കുന്നത്‌ കുഞ്ചിതവും കഴുത്ത്‌ സ്വല്‌പം മുന്നോട്ടു നീട്ടുന്നത്‌ അഞ്ചിതവും ഒരുഭാഗത്തേക്ക്‌ കഴുത്ത്‌ തിരിക്കുന്നത്‌ വലിതവും കഴുത്ത്‌ മുമ്പോട്ട്‌ ഇളക്കുന്നത്‌ നിവൃത്തവുമാകുന്നു.

ധ്യാനം, സ്വഭാവം, ജപം എന്നിവയിൽ സമവും അലങ്കാരം, ബന്ധനം, കണ്‌ഠാവലംബനം മുതലായവയിൽ നതവും കണ്‌ഠാഭരണമിടൽ, മേല്‌പോട്ടുനോക്കൽ എന്നിവയിൽ ഉന്നതവും, തോളിൽ ചുമടേറ്റുക, ദുഃഖിക്കുക എന്നിത്യാദികളിൽ ത്യ്രസ്രവും വിലാസം, കടയൽ, നൃത്തം മുതലായവയിൽ രേചിതവും തലയിൽ ഭാരം വഹിക്കുക, കഴുത്ത്‌ രക്ഷിക്കുക എന്നിവയിൽ കുഞ്ചിതവും തലമുടി കോതുക, നോക്കിക്കാണുക എന്നിവയിൽ അഞ്ചിതവും തിരിഞ്ഞുനോക്കുമ്പോള്‍ വലിതവും നേരിട്ടുള്ള കാഴ്‌ചയിൽ നിവൃത്തവുമാണ്‌ പ്രയോഗിക്കുന്നത്‌.

ഭാവപ്രകടനങ്ങള്‍ക്ക്‌ കഴുത്തിന്റെ ക്രിയകള്‍ അത്യന്താപേക്ഷിതമാണ്‌. കഴുത്തിന്റെ പ്രവൃത്തികളെല്ലാം ശിരസ്സിന്റെ വ്യാപാരമനുസരിച്ച്‌ വന്നുകൂടുന്നു. മുഖരാഗം. ഉപാംഗക്രിയകളിൽ മുഖ്യം മുഖരാഗമാണ്‌. ഇത്‌ സ്വാഭാവികം, പ്രസന്നം, രക്തം, ശ്യാമം എന്നു നാലുവിധമുണ്ട്‌. സഹജമായിട്ടുള്ളത്‌ സ്വാഭാവികവും സന്തോഷത്തോടുകൂടി മുഖം വികസിക്കുന്നത്‌ പ്രസന്നവും മുഖത്ത്‌ രക്തം നിറച്ചുകൊണ്ടുള്ളത്‌ രക്തവും സകലശക്തിയും മുഖത്തുനിന്ന്‌ കുറച്ചുകൊണ്ടുള്ളത്‌ ശ്യാമവുമാകുന്നു. മുഖത്തുള്ള വായുവിനെ നിയന്ത്രിച്ചാണ്‌ മുഖരാഗം വെളിപ്പെടുത്തേണ്ടത്‌. ശൃംഗാരാദി നവരസങ്ങളെ എന്നുമാത്രമല്ല മനസ്സിലുള്ള ഏതു വിചാരവികാരങ്ങളെയും പ്രകടിപ്പിക്കുന്നതിന്‌ ഉപാംഗക്രിയകളുടെയും മുഖരാഗത്തിന്റെയും സഹായം അത്യന്താപേക്ഷിതമാണ്‌. അംഗപ്രത്യംഗ-ഉപാംഗങ്ങളെക്കൊണ്ട്‌ അഭിനയം ശരിയായി ചെയ്‌താലും മുഖരാഗമില്ലെങ്കിൽ അതു ശോഭിക്കുകയില്ല.

(ഗുരു ഗോപിനാഥ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍