This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉപയോഗിതാവാദം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉപയോഗിതാവാദം

Utilitarianism

ഒരു പ്രവൃത്തിയുടെ ശരിയും തെറ്റും തത്‌ഫലമായ നന്മതിന്മകളെ ആശ്രയിച്ചിരിക്കുന്നുവെന്ന തത്ത്വസംഹിത. ധർമശാസ്‌ത്രത്തിൽ വളരെ പ്രചാരവും പ്രാധാന്യവുമുള്ള ഒരു സിദ്ധാന്തമാണ്‌ ഉപയോഗിതാവാദം. ഈ വാദത്തെ ഒരു ധർമസിദ്ധാന്തമാക്കിത്തീർത്തത്‌ ചിന്തകനായ ജെറമി ബന്താമാണ്‌. ഈ സിദ്ധാന്തത്തിന്‌ മുന്നോടിയായി അരിസ്റ്റിപ്പസിന്റെയും എപ്പിക്യൂറസിന്റെയും സിദ്ധാന്തങ്ങള്‍ ധർമശാസ്‌ത്രചരിത്രത്തിൽ കാണാം. ജെ.എസ്‌. മിൽ, ഹെന്‌റി സിഡ്‌ജ്‌വിക്‌, ജി.ഇ. മൂർ, ഹേസ്റ്റിങ്‌ റാഷ്‌ഡൽ തുടങ്ങിയവരെല്ലാംതന്നെ ഒരർഥത്തിൽ ഉപയോഗിതാവാദികളാണെന്നു പറയാം. 1963-ൽ കാന്റിയനിസം(Kantianism)എന്ന പേരിൽ ഉപയോഗിതാവാദം ആവിഷ്‌കരിച്ച ബ്രിട്ടീഷ്‌ ധർമശാസ്‌ത്രചിന്തകനാണ്‌ ആർ.എഫ്‌. ഹരോഡ്‌, സമകാലീന ധർമശാസ്‌ത്ര ചിന്തകരായ സ്റ്റീഫന്‍ ടോള്‍മിന്‍, പി.എച്ച്‌. നോവൽസ്‌മിത്ത്‌, ജോണ്‍ റോള്‍സ്‌, കെ.ഇ.എം. ബേയർ, എം.ജി. സൈനർ തുടങ്ങിയവർ ബന്താമിന്റെ സിദ്ധാന്തത്തിനോടു സാദൃശ്യമുള്ള ഉപയോഗിതാവാദത്തിന്റെ വക്താക്കളാണ്‌.

പ്രായോഗികവും നിയമാധിഷ്‌ഠിതവും. ഉപയോഗിതാവാദത്തെ പ്രായോഗികം(fact utilitarianism), നിയമാധിഷ്‌ഠിതം(rule utilitarianism)എന്ന്‌ രണ്ടായി തിരിക്കാം. ഓരോ പ്രവൃത്തിയുടെയും ശരിയും തെറ്റും അതിൽനിന്നുണ്ടാകുന്ന പ്രത്യക്ഷ ഫലങ്ങളുടെ നന്മതിന്മകളെ ആശ്രയിച്ചിരിക്കുന്നുവെന്ന്‌ പ്രായോഗികഉപയോഗിതാവാദം സിദ്ധാന്തിക്കുന്നു. നിയമാധിഷ്‌ഠിത ഉപയോഗിതാവാദം ഓരോ പ്രവൃത്തിയുടെയും ഫലത്തിന്റെ നന്മതിന്മയ്‌ക്ക്‌ പ്രാധാന്യം കല്‌പിക്കുന്നില്ല. എന്നാൽ ഒരു പ്രവൃത്തിയുടെ ഫലത്തെ നിയമത്തിന്റെ വെളിച്ചത്തിൽ അപഗ്രഥിച്ച്‌ ശരിയും തെറ്റും നിർണയിക്കപ്പെടുന്നു. ഉപയോഗിതാവാദത്തിന്റെ ഉപജ്ഞാതാക്കളായ ജെറെമി ബന്താം, ജെ.എസ്‌.മിൽ, സിഡ്‌ജ്‌വിക്‌ മുതലായവർ പ്രായോഗിക ഉപയോഗിതാവാദമാണ്‌ അംഗീകരിച്ചിരുന്നത്‌. എന്നാൽ, മില്ലിന്റെ ഉപയോഗിതാവാദം നിയമാധിഷ്‌ഠിത ഉപയോഗിതാവാദമാണെന്ന്‌ ഒരഭിപ്രായം ഉണ്ടായിട്ടുണ്ട്‌. ഉപയോഗിതാവാദത്തിന്റെ സമകാലീനോപജ്ഞാതാവായ ആർ.എം. ഹേയർ ഫ്രീഡം ആന്‍ഡ്‌ റീസന്‍ എന്ന ഗ്രന്ഥത്തിൽ രണ്ടുതരത്തിലുള്ള ഉപയോഗിതാവാദവും തമ്മിൽ വ്യക്തമായ വ്യത്യാസങ്ങളില്ലെന്നു പ്രസ്‌താവിക്കുന്നു. ഇന്നത്തെ പല ധർമശാസ്‌ത്രചിന്തകരും ഈ അഭിപ്രായത്തോട്‌ യോജിക്കുന്നുമുണ്ട്‌.

സ്വാർഥവാദവും പരാർഥവാദവും. പ്രായോഗിക ഉപയോഗിതാവാദത്തിന്‌ കാലക്രമത്തിൽ സ്വാർഥ(egoistic) ഉപയോഗിതാവാദമെന്നും പരാർഥ(altruistic) ഉപയോഗിതാവാദമെന്നും രണ്ടു ശാഖകളുണ്ടായി. പ്രവൃത്തി ചെയ്യുന്ന വ്യക്തിയുടെ ഗുണത്തെമാത്രം കണക്കിലെടുക്കുന്ന ഉപയോഗിതാവാദത്തെ സ്വാർഥവാദമെന്നു പറയാം. തനിക്കുമാത്രം ഉപയോഗപ്പെടുക എന്നതാണ്‌ ധർമശാസ്‌ത്രത്തിന്റെ പരമപ്രമാണമായി ഇക്കൂട്ടർ കാണുന്നത്‌. ഒരാളുടെ പ്രവൃത്തിയുടെ നന്മതിന്മകള്‍ തീരുമാനിക്കുന്നത്‌ ആ പ്രവൃത്തിയുടെ ഫലംകൊണ്ടാണ്‌; അതിന്റെ ഉപയോഗത്തെ കണക്കിലെടുത്തിട്ടാണ്‌.

പരാർഥ ഉപയോഗിതാവാദത്തിൽ വ്യക്തിയുടെ ഗുണത്തിന്‌ പ്രാധാന്യമില്ല. മനുഷ്യരാശിയുടെ മുഴുവന്‍ ഗുണമാണ്‌ പ്രാവർത്തികതത്ത്വം. ഏറ്റവും കൂടുതൽ മനുഷ്യർക്ക്‌ ഏറ്റവും കൂടുതൽ ഉപയോഗമുള്ള പ്രവൃത്തിയാണ്‌ ധാർമികമെന്ന്‌ പരാർഥവാദം പ്രഖ്യാപിക്കുന്നു. സാഹോദര്യത്തിനും സഹാനുഭൂതിക്കും മനുഷ്യപ്രകൃതിക്കും ഇവർ പ്രഥമസ്ഥാനം നല്‌കുന്നു.

സുഖവാദപരവും ആദർശവാദപരവും. ഉപയോഗിതാ വാദത്തിന്‌ സുഖവാദി(hedonistic) എന്നും ആദർശാധിഷ്‌ഠിതം((ideal) എന്നും വേറെയും രണ്ടു വിഭാഗങ്ങളുണ്ട്‌. ഈ പ്രവൃത്തിയുടെ നന്മതിന്മകളെ ആശ്രയിച്ചിരിക്കുന്നു ആ പ്രവൃത്തിയുടെ ശരിയും തെറ്റും എന്നാണ്‌ ഉപയോഗിതാവാദസിദ്ധാന്തം എന്ന്‌ പൊതുവേ പറയാം. ഒരു പ്രവൃത്തിയുടെ നന്മയും തിന്മയും അതുളവാക്കുന്ന സുഖത്തിന്റെ അളവിനെ മാത്രം ആശ്രയിച്ചിരിക്കുന്നുവെന്ന്‌ " സുഖവാദി' സിദ്ധാന്തിക്കുന്നു. ഒരു സിദ്ധാന്തത്തിനെതിരാണ്‌ ആദർശാധിഷ്‌ഠിതവാദം. ആനന്ദാനുഭവം മാത്രമല്ല ധാർമികമൂല്യത്തിന്റെ അടിസ്ഥാനം. ഒരു പ്രവൃത്തിയുടെ നന്മയും തിന്മയും പ്രധാനമായി അതിന്റെ സദ്‌ഗുണത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന്‌ ആദർശാധിഷ്‌ഠിതവാദികള്‍ വിശ്വസിക്കുന്നു. പല സന്തോഷാനുഭവങ്ങളും തെറ്റായ പ്രവൃത്തികളിലേക്കും, അസുഖാനുഭവങ്ങള്‍ ശരിയായ കർമങ്ങളിലേക്കും നയിക്കുന്നുവെന്ന്‌ പല ഉദാഹരണങ്ങളിലൂടെ ആദർശാധിഷ്‌ഠിതവാദികള്‍ സമർഥിക്കുന്നു. (ഡോ. കെ. ശരത്‌ചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍