This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉപയോഗിത
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉപയോഗിത
Utility
ഒരു സാധനമുപയോഗിക്കുമ്പോള് ലഭിക്കുന്ന തൃപ്തി. ധനതത്ത്വശാസ്ത്രരംഗത്ത് 1780 മുതൽ നാളിതുവരെ വളരെയധികം ചർച്ചയ്ക്കു വിഷയമായ ഒരു സംജ്ഞയാണ് "ഉപയോഗിത'. ഉപയോഗിത എന്ന സങ്കല്പത്തിന്റെ പ്രണേതാവ് തത്ത്വചിന്തകനായ ജെറേമി ബന്താം ആയിരുന്നു. ഒരു സാധനം അഥവാ ചരക്ക് നാം ഉപയോഗിക്കുമ്പോള്‍ അത് തൃപ്തിതരുന്നു. ആ തൃപ്തിയെ ഉപയോഗിത എന്നു വിളിക്കാം. ഒരു ചരക്കിൽനിന്നും കിട്ടുന്ന ഉപയോഗിത കാലഭേദങ്ങള്‍, ഉപഭോക്താവിന്റെ അഭിരുചികള്‍ മുതലായ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഉദാ. കൊടും തണുപ്പുള്ള കാലത്ത് കമ്പിളി വസ്ത്രങ്ങള്‍ വർധിച്ച ഉപയോഗിത നല്കുമ്പോള് ഉഷ്ണകാലത്ത് അവ ഉപയോഗിത ഒട്ടുംതന്നെ നല്‍കുന്നില്ല. മദ്യപാനിക്ക് മദ്യം ഉപയോഗിത നല്കുമ്പോള് മദ്യവിരോധിക്ക് അത് അതൃപ്തിയും വേദനയും നല്കുന്നു. അതുപോലെ വിശക്കുന്നവനു മാത്രമേ ഭക്ഷണം ഉപയോഗിത നല്‍കുന്നുള്ളൂ.
പ്രസിദ്ധ ധനശാസ്ത്രജ്ഞനായ ആൽഫ്രഡ് മാർഷൽ ഉപയോഗിതയെക്കുറിച്ച് വിശദമായ പഠനങ്ങള്‍ നടത്തി. മാർഷലിനുമുമ്പ് ആസ്ട്രിയന്‍ ധനശാസ്ത്രജ്ഞനായ ഹെന്റിക് ഗോസ്സന് രൂപം കൊടുത്ത തൃപ്തിയുടെ നിയമങ്ങളായിരുന്നു അവയുടെ അടിസ്ഥാനം. ഉപയോഗിതയാണ് മൂല്യത്തിന്റെ ഉറവിടമെന്ന് ഗോസ്സന് വാദിച്ചു. ഒരു വ്യക്തിക്ക് ഒരു ചരക്കിന്റെ ഉപഭോഗത്തിൽനിന്നും കിട്ടുന്ന ഉപയോഗിത അയാളുടെ കൈവശമുള്ള അതിന്റെ സ്റ്റോക്ക് വർധിക്കുന്തോറും വർധിക്കുന്നുവെങ്കിലും, സ്റ്റോക്ക് വർധിക്കുന്ന അതേ തോതിൽ ചരക്കിന്റെ ഉപയോഗിത വർധിക്കുന്നില്ലായെന്നു ഗോസ്സന്റെ തൃപ്തിനിയമം പറയുന്നു. കൂടാതെ നിരവധി ചരക്കുകള്‍ വാങ്ങി ഉപയോഗിക്കുമ്പോള്‍ ഓരോ ചരക്കിന്റെയും അവസാനത്തെ ഘടകത്തിൽനിന്നും കിട്ടുന്ന ഉപയോഗിത ആ ഘടകത്തിനുകൊടുക്കുന്ന വിലയുമായി പരസ്പരം ആനുപാതികമായിരുന്നാൽ മാത്രമേ ഉപഭോഗത്തിൽനിന്നും കിട്ടുന്ന മൊത്തം ഉപയോഗിത പരമാവധിയാകുകയുള്ളുവെന്നും ഈ തൃപ്തിനിയമങ്ങള് അനുശാസിക്കുന്നു. മാർഷൽ ഈ നിയമങ്ങള്‍ ക്രാഡീകരിച്ച് ഒരു ചരക്കിന്റെ ഉപഭോഗം അനുക്രമമായി വർധിക്കുമ്പോള്‍ അതിൽനിന്നും കിട്ടുന്ന സീമാന്ത ഉപയോഗിത (marginal utility) ക്രമമായി കുറയുമെന്നും അതുകൊണ്ട് ആ ചരക്കിന്റെ നിലവിലുള്ള വില കുറഞ്ഞാൽ അതിന്റെ ചോദനവും ഉപഭോഗവും വർധിക്കുമെന്നും വാദിച്ചു. സന്തുലിതാവസ്ഥയിൽ ചരക്കിന്റെ സീമാന്ത ഉപയോഗിതയും സീമാന്ത വിലയും പരസ്പരം ആനുപാതികമായി നിലനിൽക്കുമ്പോള് മൊത്തം ഉപയോഗിത പരമാവധിയാകും.
ഒരു ചരക്കിനോടുള്ള ഉപഭോക്താവിന്റെ അഭിനിവേശം ആ ചരക്കിൽനിന്നും കിട്ടുന്ന ഉപയോഗിതയെ ആശ്രയിച്ചിരിക്കുന്നു. ഉപയോഗിത ഒരു മാനസികാവസ്ഥയായതുകൊണ്ട് അത് ആത്മനിഷ്ഠപ്രധാനമായ ഒരു സംജ്ഞയാണെന്നുവാദിക്കുന്നവരുമുണ്ട്. പരസ്പര വ്യക്തിഗതതാരതമ്യം ഉപയോഗിതയുടെ കാര്യത്തിൽ സാധ്യമല്ല. ഉഷ്ണമാപിനികൊണ്ട് താപനിലയളക്കുന്നതുപോലെ ഉപയോഗിതയെ കൃത്യമായി അളക്കുവാന്‍ സാധ്യമല്ലെന്നാണ് ഇക്കൂട്ടരുടെ വാദം.
ഉപയോഗിത അളക്കാനുള്ള ശ്രമത്തിന് മുന്‍കൈയെടുത്തത് ഇർവിങ് ഫിഷർ ആണ്. ഓരോ കഷണം റൊട്ടിയിൽ നിന്നും കിട്ടുന്ന ഉപയോഗിതയ്ക്ക് സമാനമായ ഉപയോഗിത കിട്ടാന്‍ എത്ര പാൽ വേണമെന്ന് നിർണയിക്കാം. ഇത്തരത്തിലുള്ള ചർച്ച കാർഡിനൽ ഉപയോഗിത (cardinal utility), ഓർഡിനൽ ഉപയോഗിത(ordinal utility) പ്രതീക്ഷിത ഉപയോഗിത (expected utility) എന്നീ സംജ്ഞകള്‍ക്ക് രൂപംനല്കി. 1, 2, 3 എന്നീ അക്കങ്ങള്‍ കാർഡിനൽ രൂപങ്ങളാണ്. അവയുപയോഗിച്ച് കൂട്ടൽ, കുറയ്ക്കൽ, ഗുണനം, ഹരണം എന്നീ ഗണിതക്രിയകള്‍ ചെയ്യാം. പണത്തിന്റെ സീമാന്ത ഉപയോഗിത സ്ഥിരമായി സങ്കല്പിച്ച് ചരക്കിന്റെ ഉപയോഗിത അളക്കാന്‍ കാർഡിനൽ നമ്പരുകള്‍ ഉപയോഗിക്കാമെന്ന് ചിലർ വാദിച്ചു. എന്നാൽ പാരേറ്റോ, ഹിക്സ് എന്നിവർ ഓർഡിനൽ തത്ത്വമനുസരിച്ച് 1, 2, 3 എന്നതിനുപകരം ഒന്നാമത്തേത്, രണ്ടാമത്തേത്, മൂന്നാമത്തേത് എന്ന തരത്തിൽ മുന്‍ഗണനാക്രമം കാണിച്ച് ഉപയോഗിതയെ തരംതിരിക്കാമെന്നു പറഞ്ഞു. ചരക്കുകളുടെ തെരഞ്ഞെടുപ്പ് സുഗമമാക്കാന്‍ ഉപയോഗിതയെ കൃത്യമായി കണക്കാക്കുകയോ മുന്‍ഗണനാക്രമമനുസരിച്ച് തരംതിരിക്കുകയോ വേണം. ഉപഭോക്താവിന്റെ ലക്ഷ്യം യഥാർഥ ഉപയോഗിതയ്ക്കു പകരം പ്രതീക്ഷിത ഉപയോഗിത പരമാവധിയാക്കുകയാണ് എന്നു വാദിച്ച ഫൊണ്‍ ന്യൂമാന്‍, ഒസ്കാർ മോർഗെന്‍സ്റ്റേണ്‍ എന്നിവർ സംഭാവ്യതാസിദ്ധാന്ത(theory of probability)ത്തിന്റെ അടിസ്ഥാനത്തിൽ പ്രതീക്ഷിത ഉപയോഗിത കൃത്യമായി കണക്കാക്കാമെന്നു തെളിയിച്ചതു കൂടാതെ ഉപഭോക്താവിന്റെ ഭാവി പെരുമാറ്റങ്ങള്കൂടി മുന്‍കൂട്ടി ഗണിച്ചുപറയാന്‍ ഉതകുന്ന ഒരു ഉപയോഗിതാസൂചകം(utility index) നിർമിച്ചുകാണുന്നു.
സാധാരണ ഉപഭോക്താക്കളുടെ ചോദനവും ഉപഭോഗപെരുമാറ്റങ്ങളും വിശദീകരിക്കാന്‍ പ്രത്യേക സ്വഭാവമുള്ള ഒരു മൊത്ത ഉപയോഗിതാധർമം(total utility function) മാർഷൽ സങ്കല്പിച്ചു. ചരക്കിന്റെ ഉപഭോഗം വർധിപ്പിക്കുമ്പോള്‍, മൊത്ത ഉപയോഗിത ആദ്യഘട്ടത്തിൽ വർധിച്ച നിരക്കിൽ വർധിക്കുകയും മധ്യഘട്ടത്തിൽ സ്ഥിരമായ നിരക്കിൽ വർധിക്കുകയും അവസാനഘട്ടത്തിൽ ചുരുങ്ങിയ നിലയിൽ വർധിക്കുകയും ചെയ്യുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഉപഭോഗത്തിൽനിന്നും കിട്ടുന്ന സീമാന്ത ഉപയോഗിത ഉപഭോഗത്തിന്റെ അളവ് വർധിക്കുമ്പോള്‍ ആദ്യഘട്ടത്തിൽ വർധിച്ച് മധ്യഘട്ടത്തിൽ സ്ഥിരമായിനിന്ന്, അവസാനഘട്ടത്തിൽ ചുരുങ്ങുന്നു. എന്നാൽ ഇത്തരത്തിലുള്ള ഉപയോഗിതാധർമം ചൂതുകളി, ഇന്‍ഷ്വറന്‍സ്, ലോട്ടറി എന്നിവയിൽ വ്യക്തികള്‍ക്കുള്ള അഭിനിവേശം വിശദമാക്കാന്‍ സഹായിക്കുന്നില്ല. സെന്റ് പീറ്റേഴ്സ് പാരഡോക്സ് എന്ന വിരോധാഭാസത്തിൽ ചൂതുകളിക്കു തയ്യാറാകാത്ത ഒരു വ്യക്തി വിജയത്തിന്റെ സംഭാവ്യതാനിരക്ക് മെച്ചപ്പെട്ടുവെന്നു തോന്നിയാലുടന്‍ ചൂതുകളിയിൽ വ്യഗ്രത കാണിക്കുന്നു. സീമാന്ത ഉപയോഗിത ഒരു നിശ്ചിതസമയത്ത് ചുരുങ്ങുന്നതിനു പകരം വർധിക്കുന്നതുകൊണ്ടാണിത് സംഭവിക്കുന്നത് എന്ന് ഡാനിയൽ ബർണൗളി വ്യക്തമാക്കി.
ഡൂപിറ്റ് എന്ന ഫ്രഞ്ചുകാരന് മൊത്ത ഉപയോഗിത, സീമാന്ത ഉപയോഗിത, സീമാന്തവില, പ്രതീക്ഷിത ഉപയോഗിത എന്നിവയുടെ അടിസ്ഥാനത്തിൽ ഉപഭോക്തൃ മിച്ചം (consumer's surplus) എന്ന സിദ്ധാന്തത്തിനു രൂപം കൊടുത്തു. ഒരു ചരക്കിന് ഉപയോഗിതയുടെ അടിസ്ഥാനത്തിൽ ഒരു വ്യക്തി നൽകാന് തയ്യാറാകുന്ന പരമാവധി വിലയുടെ അടിസ്ഥാനത്തിൽ, ആ വ്യക്തി നല്കാന് തയ്യാറാകുന്ന പരമാവധി വിലയും, യഥാർഥത്തിൽ ആ സാധനത്തിന് കമ്പോളത്തിൽ അയാള്‍ കൊടുക്കുന്ന വിലയും തമ്മിലുള്ള വ്യത്യാസമാണ് ഉപഭോക്തൃമിച്ചം. പില്ക്കാലത്ത് നികുതി പിരിവിനും നഷ്ടപരിഹാരനിർണയത്തിനും ഒരു അടിസ്ഥാനമായി ഈ സിദ്ധാന്തം സ്വീകരിക്കപ്പെട്ടു. (ഡോ. കെ.രാമചന്ദ്രന് നായർ)