This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉദ്‌ബുദ്ധതാപ്രസ്ഥാനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉദ്‌ബുദ്ധതാപ്രസ്ഥാനം

Enlightenment

ലെസ്സിങ്‌, മെന്‍ഡൽസണ്‍, റേയ്‌മാറസ്‌ തുടങ്ങിയവരുടെ ദർശനങ്ങളുടെ സ്വാധീനതമൂലം 18-ാം നൂറ്റാണ്ടിൽ ജർമനിയിൽ ഉടലെടുത്ത പ്രസ്ഥാനം. വിദ്യാഭ്യാസത്തിനും സംസ്‌കാരത്തിനും കൂടുതൽ പ്രാധാന്യം നല്‌കുന്ന ബുദ്ധിപരമായ പ്രവർത്തനങ്ങള്‍ കാഴ്‌ചവച്ച ഒരു കാലഘട്ടമായിരുന്നു അത്‌.

ജോണ്‍ ലോക്ക്‌, ന്യൂട്ടണ്‍ തുടങ്ങിയവരുടെ കാലത്തെ ഇംഗ്ലണ്ടിനെയും കോണ്‍ഡില്ലാക്‌, ദീദറോ, വോള്‍ട്ടയർ തുടങ്ങിയവരുടെ കാലത്തെ ഫ്രാന്‍സിനെയും ഇക്കൂട്ടത്തിൽ ചിലപ്പോള്‍ പെടുത്താറുണ്ട്‌.

അന്ധവിശ്വാസങ്ങളിൽനിന്നും ആചാരങ്ങളിൽനിന്നും സ്വയം മോചനം നേടുന്നതിനുള്ള ഒരു മാർഗംകൂടിയായിരുന്നു ഉദ്‌ബുദ്ധതാപ്രസ്ഥാനം (Enlightenment). പ്രപഞ്ചരഹസ്യം മനുഷ്യബുദ്ധിക്കതീതമല്ലെന്നും പ്രപഞ്ചത്തെ കീഴടക്കാന്‍ മനുഷ്യനു സാധിക്കുമെന്നുമാണ്‌ ഈ പ്രസ്ഥാനത്തിന്റെ അടിസ്ഥാനതത്ത്വം. ആ കാലഘട്ടം വ്യാപകമായ വിജ്ഞാനപ്രബോധനംകൊണ്ട്‌ വളർച്ച നേടിയിരുന്നു. സാംസ്‌കാരികവികാസത്തിൽ തത്ത്വശാസ്‌ത്രം ഏറ്റവും കൂടുതൽ സ്വാധീനിച്ചിരുന്നു എന്നതാണ്‌ ആ കാലഘട്ടത്തിന്റെ സവിശേഷത. തത്ത്വശാസ്‌ത്രത്തിന്റെ സ്വാധീനത വിദ്യാഭ്യാസത്തിലും ഭരണകൂടത്തിലും മതവിശ്വാസങ്ങളിലും വളരെ വ്യക്തമായിരുന്നു. 18-ാം നൂറ്റാണ്ടിലെ എല്ലാ തത്ത്വചിന്തകന്മാരെയും ഉദ്‌ബുദ്ധതയുടെ ദാർശനികരായി കണക്കാക്കാമെങ്കിലും ലോക്ക്‌, ബർക്ക്‌ലെ, ഹ്യൂം, കാന്റ്‌ എന്നിവരുടെ ദർശനങ്ങളാണ്‌ വിദ്യാസമ്പന്നരിൽ ഏറ്റവും കൂടുതൽ സ്വാധീനത ചെലുത്തിയിരുന്നതും തത്ത്വാധിഷ്‌ഠിതമായ ഒരു സംസ്‌കാരം കെട്ടിപ്പടുക്കാന്‍ സഹായിച്ചതും. തത്ത്വചിന്തകന്മാരുടെ ദൃഷ്‌ടിയിൽ ഇതൊരു മഹാപ്രസ്ഥാനമാണ്‌. 1690-ലാണ്‌ ഈ പ്രസ്ഥാനത്തിന്‌ ആരംഭം കുറിച്ചത്‌. 1781-ൽ ഈ പ്രസ്ഥാനം വളർച്ചയിലെത്തിയെന്നു പറയാം.

നവോത്ഥാനത്തിനും കാന്റ്‌ മുതൽ ഹെഗൽ വരെയുള്ള ജർമന്‍ ആശയസത്താവാദത്തിനും ഇടയ്‌ക്കുള്ള ഘട്ടം ഉദ്‌ബുദ്ധതയെ സംബന്ധിച്ചിടത്തോളം പ്രാധാന്യമർഹിക്കുന്നതാണ്‌. എല്ലാ സാമൂഹ്യകാര്യങ്ങളിലും ദേവാലയങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കുമാണ്‌ പരമാധികാരം എന്ന അവകാശവാദത്തെ ഈ കാലഘട്ടത്തിലെ തത്ത്വചിന്തകന്മാർ നിഷേധിക്കുകയുണ്ടായി. രാഷ്‌ട്രീയസ്വാതന്ത്യ്രം, സാമ്പത്തികസ്വാതന്ത്യ്രം, അഭിപ്രായപ്രകടന സ്വാതന്ത്യ്രം, സാമൂഹ്യോന്നമനം ലക്ഷ്യമാക്കിക്കൊണ്ടുള്ള ഉത്‌കൃഷ്‌ട വിദ്യാഭ്യാസം എന്നിവ സാധ്യമാക്കുന്നതിൽ ഉദ്‌ബുദ്ധതാപ്രസ്ഥാനം വളരെ സഹായകമായിട്ടുണ്ട്‌. എല്ലാവിധ അന്ധവിശ്വാസങ്ങളും മനുഷ്യമനസ്സിൽനിന്നും മാറ്റാന്‍വേണ്ടി പ്രബുദ്ധരായ ചിന്തകന്മാർ ശ്രമിച്ചിരുന്നു. പഴയ വിശ്വാസപ്രമാണങ്ങളും അവയുടെ തെറ്റായ വ്യാഖ്യാനങ്ങളും യുക്തിവാദത്തിന്റെയും അനുഭവസത്താവാദത്തിന്റെയും വെളിച്ചത്തിൽ പുതിയ രൂപം പ്രാപിച്ചു. ജർമന്‍ ചിന്തകന്മാർ ഈ കാലത്തെ ശുദ്ധീകരണഘട്ടം എന്നാണ്‌ വിശേഷിപ്പിച്ചത്‌.

ഈ കാലഘട്ടത്തിലെ എല്ലാ തത്ത്വചിന്തകന്മാരെയും നവോത്ഥാനകാലഘട്ടത്തിലെ യുക്തിചിന്തകന്മാരായ ദെക്കാർത്ത്‌, സ്‌പിനോസ, ലൈബ്‌നിറ്റ്‌സ്‌ എന്നിവർ സ്വാധീനിച്ചിരുന്നുവെങ്കിലും അവരുടെ പ്രധാന തത്ത്വദർശനം അനുഭവസത്താവാദമായിരുന്നു. ഇക്കാലത്ത്‌ രണ്ടുവലിയ ചിന്താധാരകള്‍ പ്രത്യേകം പ്രാധാന്യം നേടി. ലോക്ക്‌, ബർക്ക്‌ലെ, ഹ്യൂം, കാന്റ്‌ എന്നിവരുടെ പരിലാളനയിൽ വിജ്ഞാനസിദ്ധാന്ത(epistemology)ത്തിന്റെ പുതിയ നാമ്പുകള്‍ ഉദ്‌ബുദ്ധതാപ്രസ്ഥാനമായി വളർന്നു. ഈ രണ്ടു ധാരകളിൽ ആദ്യത്തേത്‌ രാഷ്‌ട്രീയ ദർശനമണ്ഡലത്തിൽ ഹോബ്‌സിൽ തുടങ്ങി ലോക്ക്‌, റൂസ്സോ എന്നിവരിലൂടെ വികാസം പ്രാപിച്ച "സാമൂഹ്യക്കരാർ' (social contract)എന്ന തത്ത്വചിന്തയാണ്‌. ഇതിന്‌ വ്യാപകമായ പ്രചാരണം ലഭിച്ചു. സ്ഥായിയായ സാമൂഹ്യക്രമം ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ ഒരു പക്ഷേ കാടന്മാരായിരുന്ന മനുഷ്യർ തമ്മിൽ ഒരു കരാറിൽ ഏർപ്പെടുകയും അതിന്റെ ഫലമായി സാമൂഹ്യക്രമം, ഭരണകൂടം എന്നിവയുണ്ടാകുകയും ചെയ്‌തിരിക്കാം എന്ന തത്ത്വചിന്തയുടെ പ്രധാന ഉപജ്ഞാതാക്കളാണ്‌ ഹോബ്‌സ്‌, ലോക്ക്‌, റൂസ്സോ എന്നിവർ. വിശദാംശങ്ങളിലേക്കു കടക്കുമ്പോള്‍ ഇവരുടെ ചിന്തകള്‍ തമ്മിൽ വ്യത്യാസമുള്ളതായി കാണാം. ഈ വ്യത്യാസങ്ങള്‍ ഈ തത്ത്വചിന്തകന്മാരുടെ പ്രത്യേക സാഹചര്യങ്ങളെയും വീക്ഷണത്തെയുമാണ്‌ പ്രതിഫലിപ്പിക്കുന്നത്‌.

രണ്ടാമതായി, പൗരാണികകാലത്ത്‌ ആരംഭിച്ച്‌ ലോക്ക്‌, ബർക്ക്‌ലെ, ഹ്യൂം, കാന്റ്‌ തുടങ്ങിയവരിലൂടെ തുടർച്ചയായ വികാസപരിണാമങ്ങള്‍ക്കു വിധേയമായ വിജ്ഞാനസിദ്ധാന്തം പണ്ഡിതന്മാരിൽ വലിയ പ്രഭാവം ചെലുത്തി. ഉദ്‌ബുദ്ധതയുടെ കാലത്ത്‌ ലോകവീക്ഷണഗതിയെ രൂപപ്പെടുത്തുന്നതിൽ ലോക്ക്‌ വഹിച്ച പങ്ക്‌ അവിതർക്കിതമാണ്‌. അദ്ദേഹം കൈകാര്യംചെയ്‌ത  ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങള്‍ മനുഷ്യരാശിയുടെ തുടക്കം, വ്യാപ്‌തി, പരിമിതി, സത്യം എന്നിവയാണ്‌. മനുഷ്യമനസ്‌ ജനനത്തിൽ യാതൊരുവിധ അറിവുമില്ലാത്ത ശൂന്യമായ ഒരു ഫലകം (tabula rasa) മാത്രമാണെന്ന്‌ അദ്ദേഹം പറയുന്നു. ജന്മസിദ്ധമായ ആശയങ്ങളെ (innate ideas) നിഷേധിച്ച ലോക്കിന്റെ അനുഭവസത്താവാദം ബർക്ക്‌ലെയിലും ഹ്യൂമിലും, ഹ്യൂമിൽക്കൂടെ കാന്റിലും പ്രരണചെലുത്തി. മാത്രമല്ല, അപഗ്രഥനതത്ത്വശാസ്‌ത്ര(analytic philosophy)ത്തിന്‌ മുന്നോടിയായി ചില ആശയങ്ങള്‍ ലോക്കിന്റെ ജ്ഞാനസിദ്ധാന്തത്തിൽ ഉള്ളതായി ഇന്നത്തെ പല ചിന്തകന്മാരും കരുതുന്നു. ലോക്കിന്റെ അനുഭവസത്താവാദം കുറേക്കൂടി വികസിച്ച നിലയിൽ ബർക്ക്‌ലെയിലും അതിൽക്കൂടുതലായി ഹ്യൂമിലും പ്രത്യക്ഷപ്പെട്ടു. പ്രപഞ്ചത്തിലുള്ള വസ്‌തുക്കളിൽ ഇന്ദ്രിയഗോചരമല്ലാത്ത ഗുണങ്ങള്‍ ഇല്ല എന്ന പക്ഷക്കാരായിരുന്നു ഇവർ. ഗുണങ്ങ(qualities)ക്ക് സ്വയം നിലനില്‌പില്ലായെന്നും എല്ലാ ഗുണത്തിനും ഒരു ഗുണാധാരം അതായത്‌ പദാർഥം(substance) ആവശ്യമാണ്‌ എന്നുമുള്ള ലോക്കിന്റെ വാദത്തെ ബർക്ക്‌ലെയും ഹ്യൂമും നിശിതമായി വിമർശിച്ചു. തികച്ചും അനുഭവസത്താവാദിയായിരുന്നതുകൊണ്ട്‌ ഹ്യൂമിന്‌ മനുഷ്യാത്മാവി(self)നെയും ഈശ്വരനെയും കാര്യകാരണവാദ(causality)ത്തെയും നിഷേധിക്കേണ്ടിവന്നു. ഈ കാരണത്താൽ അദ്ദേഹത്തെ ഒരു സംശയവാദി(sceptic) ആയിപ്പോലും പല ചിന്തകന്മാരും കരുതി. സംശയവാദപരവും നിഷേധാത്മകവും നിരൂപണാത്മകവുമായ വാദഗതികള്‍ അദ്ദേഹം തന്റെ തത്ത്വശാസ്‌ത്രത്തിൽ ഉപയോഗിച്ചതും, സ്വയം ഉന്നയിച്ച സംശയങ്ങള്‍ക്ക്‌ ഉത്തരം കണ്ടുപിടിക്കാന്‍ തന്റെ ദർശനത്തിനു കഴിയാതെ പോയതും അദ്ദേഹം ഒരു സംശയവാദിയാണ്‌ എന്നുള്ള അഭിപ്രായഗതിക്ക്‌ ശക്തിനൽകി. എന്നാൽ സംശയവാദം ഹ്യൂമിന്റെ അനുഭവസത്താവാദത്തിന്റെ പരിണതഫലം മാത്രമാണ്‌. ഇന്ദ്രിയാനുഭവാതീതമായ ഒന്നുംതന്നെ അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ആ നിലയ്‌ക്ക്‌ ആത്മാവിനെയും ദൈവത്തിനെയും അതുപോലെ ഇന്ദ്രിയാനുഭവാതീതമായ എല്ലാറ്റിനെയും നിഷേധിക്കേണ്ടിവന്നു. അങ്ങനെ ചെയ്‌തത്‌ അദ്ദേഹം ഒരു സംശയാലുവായതുകൊണ്ടല്ല. ഇന്ന്‌ ഹ്യൂം പാശ്ചാത്യ തത്ത്വശാസ്‌ത്രത്തിലെ പ്രഗല്‌ഭനായ ഒരു അനുഭവസത്താവാദിയായി കരുതപ്പെട്ടുവരുന്നു.

ഉദ്‌ബുദ്ധതാപ്രസ്ഥാനത്തിലെ എല്ലാ തത്ത്വചിന്തകന്മാരും തുടർന്നുള്ള തത്ത്വചിന്തയെ വളരെയധികം സ്വാധീനിച്ചിരുന്നുവെന്നു കാണാം. തത്ത്വദർശനങ്ങളായ "പ്രയോഗിതാവാദ'(pragmatism)ത്തിനും "ലോജിക്കൽ പോസിറ്റിവിസ'(logical positivism)ത്തിനും അപഗ്രഥന തത്ത്വദർശന(analytic philosophy)ത്തിനും ഉദ്‌ബുദ്ധതാപ്രസ്ഥാനത്തിലെ ചിന്തകന്മാരായ ലോക്ക്‌, ബർക്ക്‌ലെ, ഹ്യൂം, കാന്റ്‌ മുതലായ ചിന്തകന്മാരോട്‌ കടപ്പാടുള്ളതായിക്കാണാം.

(ഡോ. കെ. ശരത്‌ചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍