This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉദ്ദാലകന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉദ്ദാലകന്‍
ഒരു പുരാണേതിഹാസ കഥാപാത്രം. യഥാർഥനാമം ആരുണി. വേദതത്ത്വശാസ്‌ത്രങ്ങളിൽ നിപുണനും മഹർഷിയുമായിരുന്നു ഉദ്ദാലകന്‍. പാഞ്ചാലത്തിലെ അരുണനായിരുന്നു ഇദ്ദേഹത്തിന്റെ പിതാവ്. ധൗമ്യ മഹർഷിയുടെ പ്രസിദ്ധരായ രണ്ടു ശിഷ്യന്മാരാണ് ഉദ്ദാലകനും ഉത്തങ്കനും. ആരുണിക്ക് ഉദ്ദാലകന്‍ എന്ന പേരുണ്ടായതിനെക്കുറിച്ച് ഒരൈതിഹ്യമുണ്ട്. ഒരിക്കൽ ഒരു വയലിലുണ്ടായ ജലപ്രവാഹം തടയാന്‍ ഗുരു ആരുണിയോട് കല്‌പിച്ചു. തടയുന്നതിന് മറ്റു മാർഗമൊന്നും കാണാതെ ആരുണി തന്റെ ശരീരംകൊണ്ടുതന്നെ വെള്ളംവരുന്ന വിടവ് അടച്ചുവത്ര. ഗുരു ആരുണിയെ അന്വേഷിച്ച് അവിടെച്ചെന്നപ്പോള്‍ ആരുണി വരമ്പു പിളർന്ന് പുറത്തുവന്നു എന്നാണ് കഥ. അന്നുമുതൽ ആരുണിക്ക് ഉദ്ദാലകന്‍ (ഉദ്ദലനം ചെയ്യുന്നവന്‍; പിളർക്കുന്നവന്‍) എന്നു പേരുണ്ടായി (മ.ഭാ. ആദിപർവം 3,21-33).
ഉദ്ദാലകന് ശ്വേതകേതു, നചികേതസ് എന്ന് രണ്ടു പുത്രന്മാരും സുജാത എന്നൊരു പുത്രിയും ഉണ്ടായിരുന്നു. പ്രിയപ്പെട്ട ശിഷ്യനായ കഹോഡകനെക്കൊണ്ട് സുജാതയെ വിവാഹം കഴിപ്പിച്ചു. അവരുടെ പുത്രനാണ് അഷ്‌ടാവക്രന്‍ എന്ന മുനി. നോ. അഷ്‌ടാവക്രന്‍
ഉദ്ദാലകപുത്രനായ ശ്വേതകേതുവാണ് സ്‌ത്രീകള്‍ക്ക് പാതിവ്രത്യനിഷ്‌ഠ വേണമെന്ന് ആദ്യമായി നിഷ്‌കർഷിച്ചത്.
ഒരിക്കൽ ഉദ്ദാലകന്‍ പുഷ്‌പങ്ങളും കുടവും മറ്റും നദിക്കരയിൽ വച്ചുമറന്നു. അവ വീണ്ടെടുക്കാന്‍ നചികേതസ് അവിടെ ചെന്നപ്പോള്‍ പുഷ്‌പങ്ങളും കുടവും മറ്റും പുഴയിൽ ഒഴുകിപ്പോയതായിക്കണ്ടു. ഈ വിവരം അറിയിച്ച മകനെ കുപിതനായ പിതാവ് ശപിച്ചുകൊന്നു. ദർഭയിൽ കിടത്തിയ പുത്രന്റെ ജഡം കണ്ട് പിതാവ് വാവിട്ടുകരഞ്ഞു. ആ കച്ചീർവീണ് പുത്രന്‍ പുനർജീവിച്ചുവത്ര. നചികേതസ് മരണാനന്തരജീവിതത്തെക്കുറിച്ച് ഉദ്ദാലകനു പറഞ്ഞുകൊടുക്കാനുണ്ടായ സന്ദർഭം ഇതാണ് (മ.ഭാ. അനു. അധ്യാ. 71).
ഉദ്ദാലകന്‍ ഒരിക്കൽ തന്റെ യാഗസ്ഥലത്തേക്ക് സരസ്വതീനദിയെ വരുത്തിയതായി ഒരു കഥയുണ്ട്. അന്നുമുതൽ സരസ്വതിക്ക് മനോരമ എന്നു പേരുണ്ടായി.
ബ്രഹ്മവിദ്യയിൽ പ്രസിദ്ധിപെറ്റയാളും സത്യാന്വേഷകരിൽ പ്രമുഖനും ആയിരുന്നു ഉദ്ദാലകന്‍. വിദേഹരാജാവായ ജനകന്‍ വിളിച്ചുകൂട്ടിയ ദാർശനികസമ്മേളനത്തിൽ കുരുപാഞ്ചാലത്തിൽനിന്ന് ക്ഷണിക്കപ്പെട്ട എട്ടുപണ്ഡിതന്മാരിൽ പ്രധാനി ഉദ്ദാലകനായിരുന്നു. ഉപനിഷദ്‌ദർശനത്തിന് ഉദ്ദാലകന്‍ ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്. ജനമേജയന്റെ സർപ്പസത്രത്തിൽ ഉദ്ദാലകനും ഉള്‍പ്പെട്ടിരുന്നു.