This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉദയംപേരൂർ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉദയംപേരൂർ
എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ പട്ടണം. ടോളമിയുടെ ഗ്രന്ഥങ്ങളിൽ പരാമൃഷ്ടമായിട്ടുളള ഉദംപെറോറ (Udamperora) ഉദയംപേരൂർ ആണെന്ന് അനുമാനിക്കപ്പെടുന്നു. ഇവിടെയുള്ള ശിവക്ഷേത്രം വളരെ പ്രസിദ്ധമാണ്. ക്ഷേത്രവളപ്പിൽ രണ്ടു ശിലാലിഖിതങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ഒരെച്ചം ചേരചക്രവർത്തിയായിരുന്ന കോതരവിവർമ (917-44) യുടെ വിളംബരമാണ്.
1599-ൽ സിറിയന്‍ ക്രിസ്ത്യാനികളെ നെസ്റ്റോറിയന്‍ വിശ്വാസങ്ങളിൽനിന്നും തജ്ജന്യമായ ദൈവദൂഷണപാപത്തിൽനിന്നും വിമോചിപ്പിച്ച് റോമിലെ പരിശുദ്ധമാർപ്പാപ്പയുടെ അനുയായികളാക്കിത്തീർക്കുവാന് ഉദ്ദേശിച്ച് ആർച്ച്ബിഷപ്പ് അലക്സ് ദെ മെനെസിസ് വിളിച്ചുകൂട്ടിയ സൂനഹദോസ് ഉദയംപേരൂരിലെ റോമന്‍ കത്തോലിക്കാ പള്ളിയിൽ വച്ചാണു നടന്നത്. ഈ പള്ളി 510-ൽ പണി തീർത്തതാണ്. ഈ പള്ളിയിൽ പഴക്കംചെന്ന ഏതാനും ശിലാലിഖിതങ്ങള്‍ പരിരക്ഷിക്കപ്പെട്ടു വരുന്നു. ഇതിലെ ദാരുശില്പങ്ങളും പല വിധത്തിൽ സവിശേഷതയുള്ളവയാണ്. ക്രിസ്തുമതാനുയായികളായിത്തീർന്ന വില്ലാർവട്ടം രാജവംശത്തിലെ അവസാനത്തെ രാജാവിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഈ പള്ളിയിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. നാലു പുരോഹിതന്മാർക്ക് ഒരേയവസരം കുർബാന അർപ്പിക്കാവുന്ന വിധത്തിൽ സംവിധാനം ചെയ്തിട്ടുള്ള ഇവിടത്തെ കരിങ്കൽക്കുരിശ് ആരാധകസഹസ്രങ്ങളെ ആകർഷിച്ചു വരുന്നു. 18-ാംശതകത്തിൽ കൊച്ചിയുമായി യുദ്ധത്തിലേർപ്പെട്ടപ്പോള്‍ തിരുവിതാംകൂർ യുവരാജാവായിരുന്ന രാമവർമ (പില്ക്കാലത്തെ ധർമരാജാ)പട നടത്തി ഉദയംപേരൂരിൽ താവളമടിക്കുകയുണ്ടായി.