This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉത്പ്രേക്ഷ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉത്പ്രേക്ഷ
ഭാരതീയ കാവ്യമീമാംസയിലുള്പ്പെട്ട ഒരു അർഥാലങ്കാരം. അപ്പുറത്തേക്കുള്ള അല്ലെങ്കിൽ അതിക്രമിച്ച നോട്ടം എന്ന് ശബ്ദാർഥമുള്ള ഈ അലങ്കാരം സാമ്യോക്തി വിഭാഗത്തിൽ ഉള്‍പ്പെടുന്നു. വർണ്യത്തിൽ അവർണ്യത്തിന്റെ ധർമത്തിന് ചേർച്ച കാണുകയാൽ അതുതന്നെ ആയിരിക്കാമിത് എന്ന ശങ്കയാണ് ഈ അലങ്കാരത്തിന്റെ കാതൽ.
""മറ്റൊന്നിന് ധർമയോഗത്താൽ അതുതാനല്ലയോ ഇത് എന്നു വർണ്യത്തിലാശങ്ക ഉത്പ്രക്ഷാഖ്യയലംകൃതി.''
എന്നാണ് ഭാഷാഭൂഷണത്തിൽ ഇതിന്റെ നിർവചനം. ലീലാതിലകത്തിൽ "വിഷയനിഗരണേനാഭേദപ്രതിപത്തൗവിഷയിണോങ്കസത്യതയാ പ്രതീതിരുത്പ്രക്ഷാ' എന്നും പറഞ്ഞിരിക്കുന്നു. അതായത്, വിഷയനിഗരണം കൊണ്ടുള്ള അഭേദപ്രതിപത്തിയിൽ വിഷയിയെപ്പറ്റി അസത്യപ്രതീതി ഉണ്ടാക്കുന്നതാണ് ഉത്പ്രക്ഷ. അഭേദമായി തോന്നേണ്ടത് വിഷയിയാണ്. അസത്യപ്രതീതിയും വിഷയിയെപ്പറ്റിയാണ്. അസത്യപ്രതീതി എന്നുവച്ചാൽ വിഷയിയുടെ ഗുണക്രിയാധർമങ്ങള് വിഷയിയിൽ അസംഭാവ്യമാണെന്നുള്ള തോന്നലാണ് എന്നും ലീലാതിലകം വിശദീകരിക്കുന്നു.
രായിരംകണ്ടത്ത് ഗോവിന്ദമേനോന് രചിച്ച കേരളകുവലയാനന്ദം (1883) എന്ന അലങ്കാരശാസ്ത്രകൃതിയിൽ ഉത്പ്രക്ഷയെ താഴെപ്പറയുംപ്രകാരം നിർവചിച്ചിരിക്കുന്നു.
""ഉത്പ്രക്ഷയാം ഭാവനകള്‍ വസ്തുഹേതുഫലങ്ങളായ് ആദ്യാനുക്തോക്തവിഷയാ സിദ്ധാസിദ്ധാസ്പദേ പരേ.''
ഇതിന്റെ വ്യാഖ്യാനം ഇങ്ങനെയാണ്: "ഉത്പ്രക്ഷ എന്നത് ഒരു ഭാവനയാകുന്നു (ഭാവന എന്നാൽ ശങ്ക): ഒരു വസ്തുവിന് അന്യവസ്തുവിന്റെ ധർമസംബന്ധം ഉണ്ടെന്ന ഹേതുവായിട്ട് ആ അന്യവസ്തുവിന്റെ സ്വരൂപത്തെ ശങ്കിക്കുന്നിടത്ത് ഉത്പ്രക്ഷാലങ്കാരം. ഭാഷാഭൂഷണപ്രകാരം നാലുതരം ഉത്പ്രക്ഷകളുണ്ട്.
""ധർമി, ധർമം, ഫലം, ഹേതു- വെന്നുത്പ്രക്ഷാസ്പദത്തിന് ഉള്ള ഭേദങ്ങളൊപ്പിച്ചു നാലുമാതിരിയാമിത്.''
i. ധർമ്യുത്പ്രക്ഷ. സന്ധ്യയാകുമ്പോള്‍ അന്ധകാരം ബാധിക്കുന്നതിനെ, ഇരുട്ടിന്റെയും പുകയുടെയും ധർമികളെ (കറുപ്പുനിറത്തെ) ആധാരമാക്കി കോകസ്ത്രീ വിരഹത്തീയിന്‍ പുകയാണ് തമസ്സ് എന്നുപറയുന്നത് ധർമ്യുത്പ്രക്ഷ.
ii. ധർമോത്പ്രക്ഷ. ഇരുട്ട് വ്യാപിക്കുന്ന പ്രക്രിയയെ (അത്) അംഗങ്ങളിൽ പുരളുന്നു എന്ന് തോന്നുന്നതായി പ്രസ്താവിക്കുന്നത് ധർമോത്പ്രക്ഷ.
iii. ഫലോത്പ്രക്ഷ. താമരയുടെ ശ്രീയെ നശിപ്പിക്കാനാണ് ചന്ദ്രന് കരം (കൈ, രശ്മി) നീട്ടുന്നത് എന്നു പറയുന്നത് ഫലോത്പ്രക്ഷ; അതായത് ചന്ദ്രകര പ്രസരണത്തിന്റെ ഫലമാണ് കമലശ്രീഹരണമെന്ന പ്രസ്താവം (ഇതിൽ ശ്ലേഷവുമുണ്ട്).
iv. ഹേതുത്പ്രക്ഷ. വാരുണീസേവകൊണ്ടാണ് (വരുണനെ സംബന്ധിച്ചത്, മദ്യം എന്ന് രണ്ടർഥം; ഇവിടെയും ശ്ലേഷം ഉണ്ട്) സൂര്യന് പതനം (അസ്തമയവും വീഴ്ചയും) വന്നത് എന്ന് ഉത്പ്രക്ഷിക്കുന്നതാണ് ഹേതുത്പ്രക്ഷ; ഇവിടെ കാര്യകാരണഭാവം സ്പഷ്ടമാണ്.
ഉത്പ്രക്ഷാവാചികളായ ശബ്ദങ്ങള്‍ "പോലെ', "എന്നു തോന്നും', "ഓ', "താനോ', "അല്ലൊ', "ഇവ' തുടങ്ങിയ നിപാതങ്ങളാണ്; എന്നാൽ ഉത്പ്രക്ഷാവാചകശബ്ദമൊന്നും ഇല്ലാതെയും ഈ അലങ്കാരം പ്രകടിപ്പിക്കാവുന്നതാണ്. ഉദാ. ""തപം ചെയ്യുന്നു വെള്ളത്തിൽ നിന്കലൈക്യത്തിനംബുജം.
(നിന്കലൈക്യത്തിന് അംബുജം വെള്ളത്തിൽ തപം ചെയ്യുകയാണോ എന്നു തോന്നും എന്ന് ഉത്പ്രക്ഷ). ക്ലുപ്തവാചകമുള്ളതിനെ വാച്യോത്പ്രക്ഷയെന്നും ഇല്ലാത്തതിനെ ഗമ്യോത്പ്രക്ഷ എന്നും ആലങ്കാരികന്മാർ വ്യവച്ഛേദിച്ചിട്ടുണ്ട്.