This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉങ്ങ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉങ്ങ്
Indian beech
ഒരു ചെറുവൃക്ഷം. പൊങ്ങ്, പുങ്ങ് എന്നീ പേരുകളിലും അറിയപ്പെടുന്നു. ലെഗുമിനോസീ സസ്യകുടുംബത്തിലെ പാപ്പിലിയൊണേസീ ഉപകുടുംബത്തിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശാ.നാ.: പോങ്ഗാമിയ ഗ്ളാബ്ര (Pongamia glabra). നദികളുടെയും അരുവികളുടെയും സമീപത്താണ് ഇത് ധാരാളമായി കാണപ്പെടുന്നത്. ചോലമരങ്ങളായി ഇത് നട്ടുവളര്‍ത്താവുന്നതാണ്. കേരളത്തില്‍ സമുദ്രനിരപ്പില്‍നിന്ന് 1250 മീ. വരെ ഉയരമുള്ള പ്രദേശങ്ങളില്‍ ഇതു വളരുന്നു. എന്നാല്‍ ഹിമാലയസാനുക്കളില്‍ 1000 മീറ്ററിലേറെ ഉയരമുള്ളിടത്തു കാണാറില്ല. ശ്രീലങ്ക, മലയ, ഫീജീദ്വീപുകള്, ആസ്റ്റ്രലിയ എന്നിവിടങ്ങളിലും ഈ വൃക്ഷം സമൃദ്ധിയായി കാണപ്പെടുന്നുണ്ട്.
ഇതിന്റെ തടിക്ക് കടുപ്പം കുറവാണ്. മഞ്ഞകലര്ന്ന വെള്ള നിറമാണ് തടിക്കുള്ളത്; ഇലകള്‍ക്ക് കടുംപച്ച നിറവും. ഇലകള്‍ അസമപക്ഷാകാര(imparipinnate)ക്രമത്തില്‍ വിന്യസിച്ചിരിക്കുന്നു. ഇവയ്ക്ക് 15-25 സെ. മീ. വരെ നീളമുണ്ടാവും. അഞ്ചോ ഏഴോ ഒമ്പതോ പര്‍ണകങ്ങള്‍ (leaflets)ചേര്‍ന്ന ഘടനയാണ് ഇലകള്ക്കുള്ളത്. പര്‍ണകങ്ങളുടെ അഗ്രം കൂര്‍ത്തിരിക്കും. പത്രകക്ഷ്യങ്ങളില്‍ നിന്നാണ് പൂക്കള്‍ ഉദ്ഭവിക്കുന്നത്. നീണ്ട പൂങ്കുലയുടെ അഗ്രത്തായി വെള്ളയോ നീലലോഹിതമോ നിറമുള്ള പൂക്കള്‍ കൂട്ടമായി കാണപ്പെടുന്നു. ഓരോ പുഷ്പത്തിനും അഞ്ചുദളങ്ങളും കപ്പുപോലെയുള്ള ബാഹ്യദളപുഞ്ജവും (calyx) ഉണ്ട്. കായയുടെ നീളം 5 സെ.മീ. വരും. കട്ടിയുള്ള തോടിനുള്ളിലായാണ് കായ്കള്‍ കാണപ്പെടുന്നത്. കായ്കളില്‍നിന്ന് ചുവപ്പുനിറമുള്ള എച്ച ലഭിക്കുന്നു. ത്വഗ്രാഗങ്ങള്ക്ക് ഈ എച്ച ഒരു ഔഷധമായി ഉപയോഗിക്കാറുണ്ട്. ഉങ്ങിന്റെ വേര് പിഴിഞ്ഞെടുത്ത നീര് മുറിവുകളുണക്കാനും പല്ലു വൃത്തിയാക്കാനും ഉപയോഗപ്പെടുത്താറുണ്ട്. മാലക്കച്ചിന് ഉങ്ങിന്‍കുരു മോരിലരച്ച് എഴുതുന്നത് ഉത്തമമാണെന്ന് യോഗാമൃതം എന്ന വൈദ്യഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നു. വിഷശമനത്തിനും ഉങ്ങ് പ്രയോജനപ്പെടുത്താറുണ്ട്.
ഉങ്ങിന്റെ തടിക്ക് കട്ടി കുറവായതിനാല്‍ വിറകായാണ് കൂടുതലും ഉപയോഗപ്പെടുത്തുന്നത്; കാളവണ്ടിച്ചക്രങ്ങള്‍, ചില കാര്‍ഷികോപകരണങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനും അപൂര്‍വമായി ഉപയോഗിക്കുന്നുണ്ട്.